Current Date

Search
Close this search box.
Search
Close this search box.

മുഹര്‍റം നോമ്പ്

islamic-art.jpg

ചോദ്യം: മുഹര്‍റം നോമ്പിന്റെ വിധിയെന്ത്? മുഹര്‍റം ഒമ്പതിന് നോമ്പെടുക്കാതെ പത്തിന് മാത്രം നോമ്പടുക്കാന്‍ പാടുണ്ടോ?

മുഹര്‍റം നോമ്പ് അഭികാമ്യമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. പ്രവാചകനും സ്വഹാബികളും അത് അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകന്‍ മൂസാ(അ) തന്റെ നാഥന് നന്ദി സൂചകമായി മുഹര്‍റത്തില്‍ നോമ്പെടുത്തതായും റിപ്പോര്‍ട്ടുകളിലുണ്ട്. കാരണം മൂസാ(അ)യെ ഫിര്‍ഔനില്‍ നിന്ന് രക്ഷിച്ച ദിനമായിരുന്നു അത്. അതുകൊണ്ട് അതിന് നന്ദിയായി മൂസായും അനുയായികളും ആ ദിവസം നോമ്പെടുത്തു. പിന്നീട് നബി(സ) അത് പിന്തുടര്‍ന്നു. ജാഹിലിയ്യ അറബികളും ഈ ദിവസം നോമ്പെടുക്കാറുണ്ടായിരുന്നു.

ആദ്യകാലത്ത് റമദാന്‍ വ്രതം നിര്‍ബന്ധമാക്കുന്നതിന് മുമ്പ് പ്രവാചകന്‍ മുഹര്‍റം നോമ്പ് ജനങ്ങളോട് എടുക്കാന്‍ കല്‍പിച്ചിരുന്നു. എന്നാല്‍ റമദാന്‍ വ്രതം നിര്‍ബന്ധമാക്കിയതോടെ പ്രവാചകന്‍ പറഞ്ഞു: ‘ആര്‍ ഉദ്ദേശിക്കുന്നുവോ അവന്‍ നോമ്പെടുക്കട്ടെ, ഉദ്ദശിക്കുന്നവര്‍ ഉപേക്ഷിക്കട്ടെ.’ (ബുഖാരി, മുസ്‌ലിം) അപ്രകാരം അതിന്റെ പ്രതിഫലമായി വലിയ കാര്യങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. മുമ്പ് കഴിഞ്ഞ്‌പോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അതുകൊണ്ട് പൊറുക്കപ്പെടുമെന്ന് പ്രവാചകന്‍ പഠിപ്പിച്ചു.

യഹൂദികളോട് വിയോചിക്കുന്നതിന് വേണ്ടി മുഹര്‍റം പത്തിന്റെ മുമ്പോ ശേഷമോ ഒരു ദിവസം കൂടി നോമ്പെടുക്കേണ്ടതാണെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. മുഹര്‍റം പത്തിന്റെ മുമ്പ് ഒമ്പതിനോ അല്ലെങ്കില്‍ ശേഷം പതിനൊന്നിനോ അല്ലെങ്കില്‍ മൂന്നു ദിവസമോ നോമ്പെടുക്കാവുന്നതാണ്. ഇതിന്റെ ഉദ്ദേശം അല്ലാഹുവിന്റെ ശത്രുക്കളോട് വിയോചിപ്പ് പ്രകടിപ്പിക്കുക എന്നതാണ്.

മുഹര്‍റം ഒമ്പതിന് നോമ്പെടുക്കാതെ പത്തിന് മാത്രം നോമ്പെടുക്കുന്നത് അനുവദനീയമാണ്. ഇമാം ഇബ്‌നുതൈമിയ്യ ഇതിനെ കുറിച്ച് പറഞ്ഞത് കാണക: ‘ഒരു വര്‍ഷത്തെ വീഴ്ചകള്‍ പൊറുക്കുന്ന നോമ്പാണ് മുഹര്‍റം പത്തിലേത്. പത്തില്‍ മാത്രം നോമ്പനുഷ്ടിക്കുന്നത് വെറുക്കപ്പെട്ടതല്ല.’
ഇബ്‌നു ഹജറുല്‍ ഹൈതമി തന്റെ ‘തുഹ്ഫതുല്‍ മുഹ്താജി’ല്‍ പറയുന്നു: ‘മുഹര്‍റം പത്തിന് മാത്രം നോമ്പനുഷ്ഠിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ല.’
അന്താരാഷ്ട്ര പണ്ഡിതസഭയുടെ ഫത്‌വയില്‍ പറയുന്നു: ‘മുഹര്‍റം പത്തിന് ഒരു ദിവസം മാത്രം നോമ്പെടുക്കല്‍ അനുവദനീയമാണ്. പക്ഷെ നല്ലത് ഒമ്പതോ അല്ലെങ്കില്‍ പതിനൊന്നോ അതിന്റെ കൂടെ നോമ്പെടുക്കുന്നതാണ്. അത് പ്രവാചകനില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട സ്ഥിരപ്പെട്ട ഹദീസില്‍ വന്നതാണ്. പ്രവാചകന്‍ പറയുന്നു: ‘ഞാന്‍ അടുത്ത വര്‍ഷം ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒമ്പതിനും നോമ്പനുഷ്ടിക്കും.’ (മുസ്‌ലിം)

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles