Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം സ്ത്രീകളെ പൗരോഹിത്യം വരിഞ്ഞുമുറുക്കുന്നു

muslim-woman.jpg

ഇസ്‌ലാമില്‍ പൗരോഹിത്യം ഇല്ലാ എന്നത് അംഗീകരിക്കപ്പെട്ട സത്യമാകുന്നു. വിശുദ്ധ ഖുര്‍ആന്‍ ബനൂ ഇസ്രാഈലിന്റെ പൗരോഹിത്യത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് മുഹമ്മദീയ ശരീഅത്തില്‍ പണ്ഡിതന്‍മാരല്ലാതെ പുരോഹിതന്മാര്‍ ഇല്ലായെന്ന് അസന്ദിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. (അത്തൗബ: 34) ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി ദൈവിക ദൃഷ്ടാന്തങ്ങള്‍ തുഛ വിലക്ക് വിറ്റ് തുലക്കുന്ന ഇക്കൂട്ടരെ കരുതിയിരിക്കാനും ഖുര്‍ആന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഖേദകരമെന്നു പറയട്ടെ, അല്ലാഹുവും റസൂലും അടച്ചു പൂട്ടിയ ഈ വാതായനം പില്‍ക്കാലത്ത് ചിലര്‍ തല്ലിത്തകര്‍ക്കുകയും അതുവഴി പൗരോഹിത്യം ഇസ്‌ലാമിക ഗാത്രത്തില്‍ വിഷപ്പല്ലുകളാഴ്ത്തുകയും ചെയ്തു. സ്വാഭാവികമായും സ്ത്രീകളാണ് ഇതിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ‘മുസ്‌ലിം സ്ത്രീകളും കര്‍ട്ടനും’ ഇതിന്റെ ഉദാഹരണം മാത്രം. വിഷയത്തിന്റെ മര്‍മം വെറും ഒരു കര്‍ട്ടനല്ല; ഇത്തരം പ്രശ്‌നങ്ങളില്‍ പൗരോഹിത്യത്തിന്റെ നിലപാടുകളാണ്. നമ്മുടെ നാട്ടില്‍ ഹൈന്ദവ  െ്രെകസ്തവ സഹോദരിമാര്‍ക്ക് ക്ഷേത്രങ്ങളിലും ചര്‍ച്ചുകളിലും പ്രവേശിക്കാം. ന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ ഈ ആരാധനാ സ്വാതന്ത്ര്യം വിലക്കപ്പെട്ടിരിക്കുന്നു. ഇതാവട്ടെ വിശുദ്ധ ഖുര്‍ആന്റെ നേര്‍ക്കുനേരെയുള്ള നിഷേധമാണ്. മര്‍യംബീവി(റ)വളര്‍ന്നത് പള്ളിയുടെ കേന്ദ്രസ്ഥാനമായ മിഹ്‌റാബിന്നടുത്താണെന്ന് ഖുര്‍ആന്‍ (3:37) വ്യക്തമാക്കിയിട്ടുണ്ട്. അതിന് പുറമെ സ്ത്രീകള്‍ക്ക് പള്ളി പ്രവേശം നിഷേധിക്കാന്‍ പാടില്ലെന്ന ഒട്ടനവധി ഹദീസുകളും ഉണ്ട്.

പിന്നെ ‘കര്‍ട്ടന്‍ പ്രശ്‌നം’നമ്മുടെ നാട്ടില്‍ പുത്തരിയല്ല. മദ്രസയില്‍ പരിപാടി നടത്തണമെങ്കില്‍ സ്ത്രീകളെ കര്‍ട്ടനിട്ട് മറച്ചേ തീരൂ എന്ന മുസ്‌ല്യാരുടെ വാശിക്കു മുമ്പില്‍ ‘സിജി’യുടെ തുള്‍പ്പെടെ മഹല്ല് ശാക്തീകരണ പരിപാടികള്‍ പലതും ഉപേക്ഷിക്കേണ്ടി വരികയോ ഒരു പ്രഹസനം മാത്രമായി പരിപാടികള്‍ ഒതുക്കേണ്ടി വരികയോചെയ്യാറുണ്ട്. അതേയവസരം ഉറൂസ് മൈതാനങ്ങളില്‍ സ്ത്രീകള്‍ അന്യപുരുഷന്‍മാരുമായി ഇടപഴകുന്നതിലോ, കറങ്ങി നടക്കുന്നതിലോ ഇക്കൂട്ടര്‍ ഒരു തെറ്റും കാണുന്നുമില്ല!

സ്ത്രീകള്‍ക്ക് കയ്യെഴുത്തും ഇംഗ്ലീഷ് ഭാഷയും നിരോധിച്ചത് പൗരോഹിത്യത്തിന്റെ ഇന്നലത്തെ കഥയാണെങ്കില്‍ സാമുദായിക പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് സ്ത്രീകളുടെ പേര് വെട്ടിച്ചത് ഇന്നിന്റെ കഥയാണ്. ‘സ്ത്രീകള്‍ക്ക് പൊതുരംഗത്ത് പ്രവൃത്തിക്കാം, സംഘടിക്കാം’ എന്നൊക്കെ പറഞ്ഞ ഒരു പ്രമുഖ പണ്ഡിതനെക്കൊണ്ട് രായ്ക്കുരാമാനം ആ വാക്കുകള്‍ തിരുത്തിച്ചത് ആരായിരുന്നു?

വസ്ത്രധാരണത്തിന്റെ കാര്യത്തിലുമുണ്ട് ഈ ഇരട്ടത്താപ്പ്. ഓരോ നാട്ടിന്റെയും കാലാവസ്ഥയും സമ്പ്രദായവുനുസരിച്ചാണ് വസ്ത്രവും ഭക്ഷണവും തെരഞ്ഞെടുക്കേണ്ടതെന്നാണ് കര്‍മശാസ്ത്ര വിശാരദന്‍മാര്‍ പറഞ്ഞു വെച്ചിട്ടുള്ളത് (പ്രവാചകന്റെ ‘സുന്നത്തില്‍ നിന്ന് ‘ആദത്ത്’  വേര്‍പെടുത്തിക്കൊണ്ട് ഫുഖഹാക്കള്‍ ഇതിന്ന് അടിത്തറ പണിതിട്ടുണ്ട്)

എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ അതും അട്ടിമറിക്കപ്പെടുന്നു. ഇന്ത്യയില്‍ കേരളത്തിലും കര്‍ണാടകയിലും മാത്രം കണ്ടു വരുന്ന കറുത്ത പര്‍ദകള്‍ പ്രാഗ് ഇസ് ലാമിക ഇറാനിയന്‍ മജൂസി വസ്ത്രമാണെന്നതാണ് വസ്തുത. ഗള്‍ഫ് വഴി കേരളത്തിലേക്ക് കടന്നു വന്ന ഇവ ചിലരുടെ കച്ചവട താല്‍പര്യത്തിന്റെ ബലത്തിലാണ് നമ്മുടെ നാട്ടില്‍ വേരുപിടിച്ചത് (‘313 വര്‍ണങ്ങളില്‍ 786 പര്‍ദകള്‍’ എന്നപഴയ കാല പരസ്യത്തിന്റെ ‘മതടച്ച്’ ഓര്‍ക്കുക)

‘ഫെമിനിസം’ പൊക്കിക്കാട്ടി ഇസ്‌ലാം സ്ത്രീക്ക് നല്‍കിയ അവകാശങ്ങളെ ഭയത്തോടെ വീക്ഷിക്കുന്ന പ്രവണതയും കണ്ടു വരുന്നു. ‘ഫ്‌ളക്‌സ് മൗലാനാമാരു’ള്‍പ്പെടെയുള്ള ഇക്കൂട്ടരുടെ സമവാക്യങ്ങള്‍ക്ക് സംഭവ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ല. ആമിനാ വദൂദിനെ പോലുള്ളവര്‍ (ഖുര്‍ആന്‍ പെണ്‍വായന) നിരൂപിക്കുന്നതു പോലെ പൗരോഹിത്യത്തിന്റെ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ ‘ഇസ്‌ലാമിക ഫെമിനിസം’ എന്ന പ്രയോഗം തന്നെ ഉണ്ടാകുമായിരുന്നില്ല.

ഭൗതിക വിദ്യാഭ്യാസത്തില്‍ മുസ്‌ലിം വനിതകള്‍ ഏറെ പുരോഗമിച്ച ഈ കാലഘട്ടത്തിലും അവരെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രതീകങ്ങളായി ഉറപ്പിച്ചു നിര്‍ത്താനുള്ള പൗരോഹിത്യത്തിന്റെ ഒളിയജണ്ടകള്‍ നാം തിരിച്ചറിഞ്ഞേ പറ്റൂ.

Related Articles