Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയുടെ വിജയത്തോടെ മുബാറക് മരിച്ചു കഴിഞ്ഞു: റാശിദുല്‍ ഗന്നൂശി

ഈജിപ്ഷ്യന്‍ വിപ്ലവത്തെക്കുറിച്ചും, പുതിയ ഭരണകൂടത്തിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുനീഷ്യന്‍ വിപ്ലവ നായകന്‍ റാശിദുല്‍ ഗന്നൂശി സംസാരിക്കുന്നു:-

സൈനുല്‍ ആബിദീന്റെ കാലത്ത് പീഢനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമായ അന്ന്ഹ്ദ പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് ഗന്നൂശി. അറബ് വസന്തത്തിന് തിരികൊളുത്തിയ തുനീഷ്യന്‍ വിപ്ലവത്തിന്റെ സൂത്രധാരന്‍ എന്ന നിലക്കും, ഈജിപ്ഷ്യന്‍-തുനീഷ്യന്‍ വിപ്ലവങ്ങള്‍ക്കിടയിലെ പൊരുത്തവും പൊരുത്തക്കേടുകളും തുലനം നടത്തുന്ന ചിന്തകന്‍ എന്ന നിലക്കും റാശിദുല്‍ ഗന്നൂശിയുടെ സംസാരത്തിന് പ്രസക്തിയുണ്ട്. ഇസ്്‌ലാമിക നാഗരിക-ധൈഷണിക വിഷയങ്ങളില്‍ എണ്ണമറ്റ കൃതികള്‍ക്കുടമ കൂടിയാണ് അദ്ദേഹം.

ബ്രദര്‍ഹുഡ് സ്ഥാനാര്‍ത്ഥി പ്രസിഡന്റ് പദവി ഏറ്റെടുത്തിരിക്കെ ഈജിപ്ഷ്യന്‍ രാഷ്ട്രീയഗതിയെ താങ്കളെങ്ങനെ വിലയിരുത്തുന്നു?
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനം ഈജിപ്തിന്റെ മാത്രം പെരുന്നാളായിരുന്നില്ല. മറിച്ച് അറബ്-ഇസ്്‌ലാമിക ലോകത്തിന്റെ ദിനം കൂടിയായിരുന്നു അത്. അന്നേദിവസം അറബ്-ഇസ്്‌ലാമിക ലോകം തങ്ങളുടെ സമയത്തെ കൈറോ കേന്ദ്രീകരിച്ച് തിട്ടപ്പെടുത്തി. ഹൃദയത്തില്‍ സന്തോഷം നിറച്ചു. ഫലം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആനന്ദാശ്രുക്കള്‍ പൊഴിച്ചു. ബ്രദര്‍ഹുഡ് സ്ഥാനാര്‍ത്ഥി മുര്‍സി വിജയിച്ചത് കൊണ്ടല്ല. ഏറ്റവും വലിയ അറബ് രാഷ്ട്രത്തില്‍ വിപ്ലവം വിജയിച്ചതിനാലായിരുന്നു അത്. ഈജിപ്തിനും അറബ് രാഷ്ട്രങ്ങള്‍ക്കും നവചരിതം രചിക്കുന്നതായിരുന്നു ആ വിജയം.

ബ്രദര്‍ഹുഡുമായും അതിന്റെ നേതാക്കന്മാരുമായും അടുപ്പമുള്ള വ്യക്തിയാണല്ലോ താങ്കള്‍. മുര്‍സിയും ബ്രദര്‍ഹുഡും തമ്മിലുള്ള ബന്ധത്തിന്റെ ഭാവിയെ താങ്കളെങ്ങനെ നോക്കിക്കാണുന്നു?
മുര്‍സി എല്ലാ ഈജിപ്ഷ്യരുടെയും പ്രസിഡന്റാണ്. അദ്ദേഹത്തിന്റെ വിജയത്തോടെ മുബാറക് മരിച്ച് കഴിഞ്ഞു. ഈജിപ്തിന് പുതിയ പ്രസിഡന്റ് പിറവികൊണ്ടു. ബ്രദര്‍ഹുഡിന്റെ നേതാവായല്ല ജനങ്ങള്‍ മുര്‍സിയെ കാണുന്നത്. മറിച്ച് അദ്ദേഹം ഈജിപ്തിന്റെ നേതാവാണ്. ഈജിപ്തിനോടുള്ള സ്‌നേഹവും, ആത്മാര്‍ത്ഥതയും അദ്ദേഹത്തിന്റെ പ്രഥമ അഭിസംബോധനയില്‍ തുളുമ്പി നിന്നിരുന്നു. രാഷ്ട്രത്തെ സേവിക്കാനും, അതിന്റെ പ്രശ്‌നങ്ങള്‍ ചുമലിലേറ്റാനും അദ്ദേഹം തയ്യാറാണെന്ന് അതില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

മുര്‍സിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ബ്രദര്‍ഹുഡ് രാഷ്ട്രത്തിന്മേല്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് ആശങ്കിക്കുന്ന ചിലരുണ്ട്. ഇത്തരം ആശങ്കകളെ വിപാടനം ചെയ്യാന്‍ മുര്‍സി എന്താണ് ചെയ്യേണ്ടി വരിക?
മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന പരിഗണന മാത്രമെ ബ്രദര്‍ഹുഡിന് നല്‍കുന്നുള്ളൂ എന്ന് പ്രസിഡന്റ് മുര്‍സി ഉറപ്പ് വരുത്തണം. എല്ലാവരില്‍ നിന്നും ഒരേ അളവില്‍ അകലം പാലിക്കാന്‍ അദ്ദേഹത്തിന് കഴിയണം. ബ്രദര്‍ഹുഡിന്റെ ഭാരവാഹിത്വങ്ങളില്‍ നിന്നും അംഗത്വത്തില്‍ നിന്നും രാജിവെച്ചതായി അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഈജിപ്തിന്ന് വേണ്ടി, അവിടത്തെ പൗരന്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി, അവര്‍ക്കിടയില്‍ വേര്‍തിരിവ് കല്‍പിക്കാതെ അദ്ദേഹം പണിയെടുക്കേണ്ടതുണ്ട്.

18 മാസത്തോളം ഈജിപ്ത് ഭരിച്ച സൈനിക സഭയോടുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ച് എന്ത് തോന്നുന്നു?
ഈജിപ്ഷ്യന്‍ വിപ്ലവത്തിന്റെ മികച്ച ഫലങ്ങളിലൊന്നാണ് അധികാരം സൈന്യത്തില്‍ നിന്നും ജനങ്ങളിലേക്കെത്തിയെന്നത്. സൈന്യത്തിന് ഭരണത്തില്‍ പങ്ക് വഹിക്കാന്‍ അവകാശമുണ്ടെന്ന ഏതൊരു വാദവും അബദ്ധജഢിലമാണ്. കാരണം സൈന്യത്തിന്റെ ഉത്തരവാദിത്തം രാഷ്ട്ര സംരക്ഷണമായിരുന്നു. അല്ലാതെ ഭരണനിര്‍വഹണമായിരുന്നില്ല. തുനീഷ്യയില്‍ സൈന്യം വിപ്ലവത്തെ സംരക്ഷിച്ചു. പ്രാരംഭം മുതല്‍ വിപ്ലവത്തെ പിന്തുണച്ചു. പക്ഷെ അതിന്റെ പേരില്‍ യാതൊരു രാഷ്ട്രീയ നീക്കുപോക്കുകളും അവര്‍ ആവശ്യപ്പെട്ടില്ല. തങ്ങളുടെ ഉത്തരവാദിത്തത്തിലേക്ക് അഥവാ രാഷ്ടത്തെ ആഭ്യന്തരമായും ബാഹ്യമായും സംരക്ഷിക്കുകയെന്നതിലേക്ക് മടങ്ങുകയാണ് അവര്‍ ചെയ്തത്.

പ്രസിഡന്റിനും സൈന്യത്തിനും ഇടയില്‍ ഭിന്നതയുണ്ടെന്ന്് വിലയിരുത്തുന്നവരുണ്ട്. തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പിലാക്കാന്‍ ബ്രദര്‍ഹുഡ് മുര്‍സിയെ ഉപയോഗപ്പെടുത്തുന്ന പക്ഷം ഈ ഭിന്നത സംഘട്ടനത്തിലേക്ക് വഴിമാറുമെന്നവര്‍ നിരീക്ഷിക്കുന്നു. താങ്കള്‍ക്കെന്ത് തോന്നുന്നു?
ബ്രദര്‍ഹുഡ് സമര്‍ത്ഥരാണ്. അവര്‍ സൈന്യവുമായി ഏറ്റുമുട്ടലിന് തയ്യാറാവില്ല. സൈനിക സഭയുടെ പ്രാധാന്യം അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒറ്റക്ക് ഭരിക്കാനല്ല അവരാഗ്രഹിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാമത് കണ്ടതാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളോട് അവര്‍ കൈകോര്‍ത്തു. ബ്രദര്‍ഹുഡിലേക്ക് ചേരാത്ത എന്റെ ചില സുഹൃത്തുക്കള്‍ (അമീന്‍ ഇസ്‌കന്‍ദര്‍, വഹീദ് അബ്ദുല്‍ മജീദ്, മുഹമ്മദ് സഈദ് ഇദ്‌രീസ്) ഫ്രീഡം ആന്റ് ജ്സ്റ്റിസ് പാര്‍ട്ടിയുടെ ബാനറില്‍ വിജയിച്ചുവെന്നറഞ്ഞപ്പോള്‍ ഞാന്‍ അല്‍ഭുതപ്പെടുകയാണുണ്ടായത്. മഹാന്‍മാരായ ചിന്തകരായിരിക്കെത്തന്നെ ബ്രദര്‍ഹുഡിന്റെ ലേബലില്‍ തങ്ങളുടെ ഇടം കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചു. ഈ പരീക്ഷണം ബ്രദര്‍ഹുഡ് തുടരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

രാഷ്ട്രീയത്തിനും മതത്തിനും ഇടയില്‍ വേര്‍തിരിവ് കല്‍പിക്കണമെന്ന് ചിലര്‍ ബ്രദര്‍ഹുഡിനോട് ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. പക്ഷെ ഇസ്്‌ലാമിന്റെ സമഗ്രത മുന്നില്‍ വെക്കുന്നവരും നമുക്കിടയിലുണ്ട്. അവരാവട്ടെ അവ രണ്ടിനെയും യോജിപ്പിക്കണമെന്ന ആശയക്കാരാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്തുണ്ട് മാര്‍ഗം?
രാഷ്ട്രീയത്തെയും പ്രബോധന പ്രവര്‍ത്തനങ്ങളെയും ചേര്‍ത്ത് വെക്കുന്ന സംവിധാനങ്ങള്‍ രൂപപ്പെടുത്തലാണ് ഇസ്്‌ലാമിന്റെ സമഗ്രതയെന്ന കാഴ്ച്ചപ്പാട് അബദ്ധമാണ്. ഉദ്യോഗങ്ങളില്‍ വേര്‍തിരിവില്ലാതിരിക്കുകയെന്നതല്ല അതിന്റെ അര്‍ത്ഥം. അപ്രകാരം സംഭവിച്ചാല്‍ ഒരുപാട് ദുരന്തഫലങ്ങളുണ്ടാവും. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി മതത്തെ ചൂഷണം ചെയ്യാന്‍ രാഷ്ട്രീയക്കാര്‍ മുന്നിട്ടിറങ്ങാനും ഇത് വഴിവെച്ചേക്കും.
ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയെ ബ്രദര്‍ഹുഡ് രൂപപ്പെടുത്തിയത് തന്നെ രാഷ്ട്രീയത്തെ പൂര്‍ണമായി മറ്റൊരു ചട്ടക്കൂടില്‍ വാര്‍ത്തെടുക്കാന്‍ വേണ്ടിയാണെന്ന് ഞാന്‍ വിചാരിക്കുന്നു. പക്ഷെ അടിസ്ഥാനപരമായ മാറ്റം ഇതുവരെ പൂര്‍ണമായിട്ടില്ല എന്നതാണ് സത്യം.
ഫ്രീഡം ആന്റ് ജസ്റ്റിസ്് പാര്‍ട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പിലും, പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിലും നേടിയ വിജയങ്ങള്‍ ബ്രദര്‍ഹുഡില്‍ നിന്നും അതിനെ കൂടുതല്‍ സ്വതന്ത്രമാക്കുകയാണ് ചെയ്തത്. പാര്‍ട്ടി ഇപ്പോള്‍ ഭരണീയ പാര്‍ട്ടിയാണ്. പ്രശ്‌നങ്ങളില്‍ പ്രഥമ തീരുമാനമെടുക്കേണ്ടത് അവരാണ്. അതിനാല്‍ തന്നെ വരും കാലത്ത് അത് ബ്രദര്‍ഹുഡില്‍ നിന്ന് കൂടുതല്‍ സ്വതന്ത്രമാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

മത സംഘടനകള്‍ക്ക് പൂര്‍ണാര്‍ത്ഥത്തില്‍ ജനകീയ സംഘടനകളാവാന്‍ കഴിയില്ലെന്ന് ചിലര്‍ ആരോപിക്കാറുണ്ട്. ഇസ്്‌ലാമിക വേരുള്ള യഥാര്‍ത്ഥ ജനകീയ സംഘടനകള്‍ എപ്പോഴാണ് രൂപപ്പെടുക?
അത്തരമൊരു സാധ്യതക്ക് കാലമാവുന്നതേയുള്ളൂ. ഇത് വരെ ഇസ്്‌ലാമിക പ്രസ്ഥാനങ്ങള്‍ പീഢിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുകയായിരുന്നു. പീഢനം ജനങ്ങളെ വീഴ്ചയിലേക്കും, മുരടിപ്പിലേക്കുമാണ് നയിക്കുക. എന്നാല്‍ സ്വാതന്ത്ര്യവും സമാധാനവും ചിന്തിക്കാനുള്ള അവസരവും ഇടവും നല്‍കുന്നു. സ്വതന്ത്രചിന്ത പൊതു താല്‍പര്യങ്ങളില്‍പെട്ടതുമാണ്. ഇപ്പോള്‍ രാഷ്ട്രത്തിന്റെ കാര്യത്തിലല്ല ചിലരുടെ ആശങ്ക. നേതൃത്വം നല്‍കുന്ന മുര്‍സി പ്രതിനിധാനം ചെയ്യുന്ന ബ്രദര്‍ഹുഡിന്റെ കാര്യത്തിലാണ് അവരുടെ ഭയം. അതിനാല്‍ തന്നെ ബ്രദര്‍ഹുഡ് തങ്ങളുടെ വഴി മാറ്റിയെന്ന് വന്നേക്കാം. ‘ഒരു കവാടത്തിലൂടെ പ്രവേശിക്കരുത്, വിവിധ കവാടങ്ങള്‍ ഉപയോഗിക്കുക’യെന്ന തത്വം അവര്‍ സ്വീകരിച്ചേക്കാം. രാഷ്ട്രീയവും, പ്രബോധനവും, സാമൂഹിക പ്രവര്‍ത്തനവും വിവിധ കവാടങ്ങളാണ്.

തുര്‍ക്കിയിലുണ്ടായിരുന്ന ‘സൈന്യം-അര്‍ബകാന്‍’ അല്ലെങ്കില്‍ ‘സൈന്യം-ഉര്‍ദുഗാന്‍’ ഇവയിലേതിനോടാണ് മുര്‍സിയും സൈനിക സഭയും തമ്മിലുള്ള ബന്ധം കൂടുതല്‍ യോജിക്കുക?
തുര്‍ക്കി മാതൃകയില്‍ നിന്ന് ഈജിപ്ത് പ്രയോജമെടുക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. തുര്‍ക്കി ഇന്നെത്തി നില്‍ക്കുന്ന അവസ്ഥയിലെത്തുന്നതിന് മുമ്പ് ചില ചവിട്ടുപടികള്‍ കയറേണ്ടതുണ്ട്. തുര്‍ക്കി സമൂഹം ധാരാളം കയറ്റിറക്കങ്ങള്‍ അഭിമുഖീകരിച്ചതിന് ശേഷമാണ് ഒടുവില്‍ സൈന്യം അവര്‍ക്ക് കീഴടങ്ങിയത്. പൂര്‍വകാല അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളാനും ഇത്തരം ചാഞ്ചാട്ടങ്ങളെ അതിജയിക്കാനുമുള്ള അവസരം ഈജിപ്തിലുണ്ട്. ഓരോ വകുപ്പും മറ്റുള്ളവയിലേക്ക് ഇടപെടാതെ സ്വന്തം ഉത്തരവാദിത്തം നിറവേറ്റാന്‍ തയ്യാറാവേണ്ടതുണ്ട്. സൈന്യം രാഷ്ട്രത്തിന്റെ സുരക്ഷയും, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ രാഷ്ട്രഭരണവും കയ്യാളുകയാണ് വേണ്ടത്.

ഇത് അടിസ്ഥാനപരമായ ഉത്തരവാദിത്തം തന്നെയാണ്. പക്ഷെ, ചില അറബ് രാഷ്ട്രങ്ങളില്‍ സൈന്യത്തിന്റെ അധികാരം രാഷ്ട്രത്തിന്റെ സുരക്ഷയില്‍ മാത്രം പരിമിതമല്ലല്ലോ. വിപ്ലവത്തിന് ശേഷം ആഭ്യന്തര വിഷയങ്ങളില്‍ സൈന്യം സുപ്രധാന ദൗത്യം നിര്‍വഹിക്കാറുണ്ടല്ലോ?
വിപ്ലവ സന്ദര്‍ഭത്തില്‍ സൈന്യം നിര്‍വഹിച്ച മഹത്തായ ഉത്തരവാദിത്തം നാം അംഗീകരിക്കുന്നു. പക്ഷെ അധികാരത്തില്‍ പങ്ക് നല്‍കി അവര്‍ക്ക് രാഷ്ട്രീയ പ്രതിഫലം നല്‍കുന്നതിനെ അത് ന്യായീകരിക്കുന്നില്ല.

ഈജിപ്തിന്റെ കാര്യം ഇതില്‍ നിന്നും ഭിന്നമാണല്ലോ. കഴിഞ്ഞ അറുപത് വര്‍ഷമായി സൈന്യത്തിന് ജനകീയ ഉദ്യോഗങ്ങളില്‍ സ്ഥാനമുണ്ടല്ലോ അവിടെ?
അത് ചരിത്രത്തിന്റെ ഭാഗമാണ്. ക്രമേണ അതില്‍ മാറ്റം വരുത്തല്‍ അനിവാര്യമാണ്. ഒറ്റയടിക്ക് അവ മാറ്റണമെന്ന് നമുക്ക് അഭിപ്രായമില്ല.

ഇടക്കാലത്ത് സൈന്യത്തിന്റെ ഉത്തരവാദിത്ത നിര്‍വഹണത്തെക്കുറിച്ച് താങ്കളുടെ വിലയിരുത്തല്‍?
അധികാരം പ്രസിഡന്റിന് ഏല്‍പിക്കുമെന്ന് സൈന്യം വാക്ക് നല്‍കുകയും അത്തരത്തില്‍ പ്രവര്‍ത്തിക്കുകയും, നല്ലവിധത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്തിരിക്കുന്നു. നല്ല ഒരു ഫലത്തിലാണ് നാമെത്തിയിരിക്കുന്നത്. സൈന്യം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഫലം അട്ടിമറിക്കാന്‍ സാധിക്കുമായിരുന്നു. ഈജിപ്ഷ്യന്‍ സൈന്യം സുശക്തമാണ്. മേല്‍പറഞ്ഞ തരത്തിലുള്ള പുരോഗതികള്‍ തടയുവാന്‍ അതിന് സാധിക്കുമായിരുന്നു. എന്നാല്‍ പ്രശ്‌നങ്ങളേതുമില്ലാതെ വിപ്ലവം അതിന്റെ ലക്ഷ്യത്തിലെത്താന്‍ സഹകരിക്കുകയാണ് സൈന്യം ചെയ്തത്. ലിബിയയുടെയും, സിറിയയുടെയും, യമനിന്റെയും പരിണിതി ഈജിപ്തില്‍ ആവര്‍ത്തിക്കാതിരുന്നത് സൈന്യത്തിന്റെ ഇടപെടല്‍ മൂലമാണ്.

മറ്റു രാഷ്ട്രീയ സംഘടനകളോട് സഹകരിക്കാതെ ഒറ്റക്ക് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇസ്്‌ലാമിസ്റ്റുകളെന്ന് ചിലര്‍ ആരോപിക്കുന്നു. അതേ സമയം ഉത്തരവാദിത്തം ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി ഒറ്റക്ക് വഹിക്കുകയാണ് വേണ്ടതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായം എന്താണ്?
ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി നേടിയ 51% ഭൂരിപക്ഷം കൊണ്ട് ഭരണമാറ്റത്തിന്റെ ഈ സന്ദര്‍ഭത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. അത് കൊണ്ട് തന്നെ ഭരണം സ്വയം കയ്യാളണമെന്ന വാദം നിരര്‍ത്ഥകവുമാണ്. സുസ്ഥിരമായ സമൂഹത്തില്‍ ഭരിക്കാന്‍ ഈ ഭൂരിപക്ഷം മതിയായേക്കും. പക്ഷെ ഈജിപ്തില്‍ ഇന്നുള്ളത് പോലുള്ള പ്രത്യേക സാഹചര്യത്തിന് അത് മതിയായെന്ന് വരില്ല. വിപ്ലവത്തില്‍ പങ്കാളികളായ ഇസ്്‌ലാമിസ്റ്റുകള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയിലല്ല, വിപ്ലവ ശക്തിക്കും അതിന്റെ പ്രതിയോഗികള്‍ക്കുമിടയിലാണ് അടിസ്ഥാനപരമായ വൈരുദ്ധ്യം എന്ന് എല്ലാവരും തിരിച്ചറിയേണ്ടിയിരിക്കുന്നു. യോജിപ്പിനെക്കുറിച്ച ചര്‍ച്ച വിപ്ലവകാരികളും ശത്രുക്കളും തമ്മിലല്ല, വിപ്ലവത്തില്‍ പങ്കെടുത്ത വിവിധ വിഭാഗങ്ങള്‍ തമ്മിലാണ് നടക്കേണ്ടത്.

അറബ് ലോകത്ത് ഇസ്്‌ലാമിസ്റ്റുകള്‍ക്കും മതേതരവാദികള്‍ക്കുമിടയില്‍ പക്ഷപാതിത്വ പ്രവണത പ്രകടമാണ്. മതത്തിനും രാഷ്ട്രീയത്തിനുമിടയിലെ വേര്‍തിരിവ് കല്‍പിക്കണമെന്ന അര്‍ത്ഥത്തില്‍ താങ്കള്‍ പ്രഭാഷണം നടത്തിയിരുന്നുവല്ലോ. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പള്ളി മിമ്പറുകളെയും, മതപ്രമാണങ്ങളേയും ഉപയോഗപ്പെടുത്തുമ്പോള്‍ ഈ വേര്‍തിരിവിന് സാധ്യതയുണ്ടോ?
തുനീഷ്യന്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഞങ്ങള്‍ അവയെ ഉപയോഗപ്പെടുത്തിയിട്ടില്ല. പള്ളികളെ പാര്‍ട്ടിവല്‍ക്കരണത്തില്‍ നിന്നും അകറ്റുകയാണ് ഞങ്ങള്‍ ചെയ്തത്. മുസ്്‌ലിങ്ങളുടെ പൊതു വിഷയങ്ങളാണ് പള്ളികളില്‍ കൈകാര്യം ചെയ്യേണ്ടത് എന്നായിരുന്നു ഞങ്ങളുടെ നിലപാട്. രാഷ്ട്രീയത്തെക്കുറിച്ച പൊതുവായ കാര്യങ്ങളാണ് മിമ്പറില്‍ വെച്ച് ഉദ്‌ബോധിപ്പിക്കാറുള്ളത്. ദാരിദ്ര്യത്തിനെതിരായി യുദ്ധം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, വോട്ട് വില്‍ക്കുന്നതിന്റെ നിഷിദ്ധതയെക്കുറിച്ചുമാണ് നാം സംസാരിക്കാറുളളത്. അല്ലാതെ പ്രത്യേകിച്ച് ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കാന്‍ നാം മിമ്പറില്‍ വെച്ച് കല്‍പിക്കുന്നത് സ്വീകാര്യമല്ല.

വിവ: അബ്്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles