Current Date

Search
Close this search box.
Search
Close this search box.

മുടി കറുപ്പിക്കലിന്റെ മതവിധി

dying-hair.jpg

ധാരാളം യുവാക്കള്‍ മുടികറുപ്പിക്കുന്നതായി കാണാറുണ്ട്. എന്നാല്‍ മുടികറുപ്പിക്കല്‍ അനുവദനീയമല്ലെന്നും, മറ്റു നിറങ്ങള്‍ മാത്രമാണ് അനുവദനീയമായതെന്നും ഒരു മതപ്രഭാഷണത്തില്‍ കേള്‍ക്കുകയുണ്ടായി. എന്താണ് ഇക്കാര്യത്തിലെ ശരിയായ മതിവിധി? -ബഷീര്‍ മലപ്പുറം-

മുടിക്ക് നിറം നല്‍കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകളില്‍ ഹദീസുകളില്‍ കറുപ്പ് നിറം നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള ധാരാളം റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. ഉദാഹരണമായി ജാബിര്‍ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം പറയുന്നു. അബൂഖുഹാഫ മക്കാവിജയ വേളയില്‍ പ്രവാചകന്റെ മുന്നിലെത്തി. അദ്ദേഹത്തിന്റെ താടിയും മുടിയും നരച്ചിരുന്നു. പ്രവാചകന്‍ (സ) അദ്ദേഹത്തോട് പറഞ്ഞു ‘കറുപ്പല്ലാത്ത നിറമുപയോഗിച്ച് ഈ നരമാറ്റുക’ . (മുസ്‌ലിം)

ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നുള്ള പറയുന്നു. പ്രവാചകന്‍ (സ) പറഞ്ഞു ‘ലോകാവസാനത്തില്‍ ചിലയാളുകളുണ്ടായിരിക്കും അവര്‍ തങ്ങളുടെ തലകറുപ്പിക്കുന്നവരാണ്. അവര്‍ക്ക് സ്വര്‍ഗത്തിന്റെ പരിമളം പോലും ലഭിക്കുകയില്ല.’ (അബൂദാവൂദ്)
മൈലാഞ്ചിയോ മറ്റ് നിറങ്ങളോ ഉപയോഗിച്ച് നരയുടെ നിറം മാറ്റാമെന്നും, കറുപ്പ് നിറം നല്‍കരുതെന്നും വ്യക്തമാക്കുന്ന ഇത്തരത്തിള്ള ധാരാളം ഹദീസുകള്‍ ലഭ്യമാണ്. എന്നല്ല നരയുള്ളവര്‍ ഇപ്രകാരം ചെയ്യുന്നത് അഭികാമ്യമാണെന്നും അബൂബക്ര്‍, ഉമര്‍ (റ)തുടങ്ങിയവര്‍ ഇപ്രകാരം ചെയ്യാറുണ്ടായിരുന്നുവെന്നും അഭിപ്രായപ്പെട്ട പണ്ഡിതരുണ്ട്.

മേല്‍സൂചിപ്പിച്ച ഹദീസുകളെ അടിസ്ഥാനമാക്കി മുടിക്ക് കറുപ്പ് നിറം നല്‍കുന്നത് കറാഹത്ത് അഥവാ വെറുക്കപ്പെട്ടതാണെന്നാണ് ഭൂരിപക്ഷ പണ്ഡിതരുടെ അഭിപ്രായം. ഇമാം ശാഫിഈയില്‍ നിന്നുള്ള ഒരഭിപ്രായവും, മാലിക, ഹന്‍ബലി തുടങ്ങിയവ മദ്ഹബുകളുടെ അഭിപ്രായവും ഈയര്‍ത്ഥത്തിലുള്ളതാണ്. അലി ഖാരി പറയുന്നു ‘കറുപ്പിക്കുന്നത് കറാഹത്താണ് എന്ന അഭിപ്രായമാണ് ഭൂരിപക്ഷം പണ്ഡിതന്മാര്‍ക്കുള്ളത്.’  ശൈഖുല്‍ ഇസലാം ഇബ്‌നു തൈമിയ, ഇബ്‌നു ഖുദാമ, ഇമാം മാലിക് തുടങ്ങിയവരും ഇതേ അഭിപ്രായക്കാരാണെന്ന് ഇബ്‌നു അബ്ദില്‍ ബര്‍റ് സൂചിപ്പിക്കുന്നു.
എന്നാല്‍ ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം നവവി ഈ വിഷയത്തില്‍ കുറച്ച് കൂടി കാര്‍ക്കശ്യം പുലര്‍ത്തിയിരിക്കുന്നു. അദ്ദേഹം തന്റെ അല്‍മജ്മൂഇല്‍ പറയുന്നത് ഇപ്രകാരമാണ്. ‘തലമുടിയും താടിയും കറുപ്പിക്കുന്നത് മോശപ്പെട്ട കാര്യമാണെന്നതില്‍ ശാഇഈകള്‍ യോജിച്ചിരിക്കുന്നു. കൂടാതെ ഇമാം ഗസ്സാലി ഇഹ്‌യായിലും, ബഗവി തഹ്ദീബിലും, മറ്റുള്ളവരും പറയുന്നത് അത് കറാഹത്താണ് എന്നതാണ്. എന്നാള്‍ അത് ഹറാം അഥവാ നിഷിദ്ധമാണെന്ന അഭിപ്രായമാണ് ശരി. ഹാവിയുടെ വക്താവ് ഇത് ഹറാമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.’
അദ്ദേഹം ശറഹ് മുസ്‌ലിമില്‍ പറയുന്നു ‘പുരുഷന് തന്റെ നര മറക്കാന്‍ മഞ്ഞയോ ചുവപ്പോ നിറം നല്‍കുന്നത് അഭികാമ്യമാണെന്നതാണ് നമ്മുടെ അഭിപ്രായം. കറുപ്പിക്കുന്നത് നിഷിദ്ധമാണെന്നാണ് ശരിയായ അഭിപ്രായം.’ ആധുനിക സലഫി പണ്ഡിതന്മാര്‍ക്കും ഇതേ വീക്ഷണം തന്നെയാണുള്ളത്. ശൈഖ് ഇബ്‌നു ബാസും, ഇബ്‌നു ഉഥൈമിനും മുടിക്ക് കറുപ്പ് നിറം നല്‍കല്‍ നിഷിദ്ധമാണെന്ന് അഭിപ്രായപ്പട്ടിരിക്കുന്നു.

എന്നാല്‍ മുടി കറുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്ധരിക്കപ്പെട്ട ഹദീസുകളെ സാഹചര്യ ബന്ധിതമായി വിലയിരുത്തിയ പണ്ഡിതന്മാരുമുണ്ട്. അതായത് പ്രവാചകന്‍ (സ) സൂചിപ്പിക്കുന്നത് പ്രായം ചെന്നവര്‍ മുടികറുപ്പിക്കുന്നതിലുള്ള അനൗചിത്യത്തെക്കുറിച്ചാണെന്നും അകാല നരക്ക് അത് ബാധകമല്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ആധുനിക പണ്ഡിതനായ ശൈഖ് ഖറദാവിയുടെ അഭിപ്രായം ഇതു തന്നെയാണ്. (അല്‍ഹലാല്‍ വല്‍ഹറാം)

ചുരുക്കത്തില്‍ ഇവ്വിഷയകമായി ഉദ്ധരിക്കപ്പെട്ടുന്ന രണ്ട് ഭിന്നാഭിപ്രായങ്ങള്‍ (നിഷിദ്ധമാണെന്നതും, അനുവദനീയമാണെന്നതും) പ്രമാണത്തെ സമീപിക്കുന്നതിലുള്ള വിത്യാസത്തെയാണ് കുറിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട ഹദീസുകളെ ബാഹ്യമായ അര്‍ത്ഥത്തില്‍ വിലയിരുത്തുന്നവര്‍ക്ക് അത് നിഷിദ്ധവും, കാരണങ്ങളും ലക്ഷ്യങ്ങളും പരിഗണിക്കുന്നവരുടെ അടുത്ത് (ഫിഖ്ഹുല്‍ മഖാസിദ്) അത് അനുവദനീയവുമാണ്. കൃത്യമായി ആരാധനകളെക്കുറിക്കാത്ത വിഷയങ്ങളില്‍ ഇപ്രകാരം മഖാസിദ് പരിഗണിക്കാമെന്നത് പൂര്‍വ്വീകരും, ആധുനികരുമായ ധാരാളം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ട കാര്യമാണ്. ഈയര്‍ത്ഥത്തില്‍ കറാഹത്താണെന്ന അഭിപ്രായം പ്രബലമായിരിക്കെത്തന്നെ, അനുവദനീയമായി പരിഗണിക്കുന്നവരെ പഴിക്കാനുള്ള അവകാശം മറ്റുള്ളവര്‍ക്കില്ല എന്നതാണ് വസ്തുത.

Related Articles