Current Date

Search
Close this search box.
Search
Close this search box.

മദീനകള്‍ ഉണ്ടാകുന്നത്

madeena.jpg

വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം എന്നറിയപ്പെടുന്ന അധ്യായമാണ് സൂറത്ത് യാസീന്‍. വിശ്വാസികളില്‍ ബഹു ഭൂരിപക്ഷവും ഈ അധ്യായം അര്‍ഥമറിഞ്ഞും അല്ലാതെയും ഹൃദിസ്ഥമാക്കിയിരിക്കുന്നു എന്നതും നേരാണ്. എന്നാല്‍ ഈ ദിവ്യ വചനത്തിന്റെ സത്തയും സൗന്ദര്യവും സൗരഭ്യവും വേണ്ടത്ര ആസ്വാദനത്തിനു വിധേയമാകിയിട്ടുണ്ടോ എന്നത് സംശയകരം തന്നെ. ഈ വേദ വാക്യത്തില്‍ ശക്തമായി ഊന്നിപ്പറയുന്ന കാര്യങ്ങള്‍ക്ക് നിരക്കാത്തത് ഈ അധ്യായത്തെ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിച്ചു പോരുന്നു എന്നതും സങ്കടകരമാണ്. പരലോക ബോധത്തെ ചിന്തോദ്ധീപകമായി ഓര്‍മ്മിപ്പിക്കുകയും നിഷ്‌കളങ്കമായ വിശ്വാസത്തെ സൂക്ഷ്മമായി പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട് യാസീന്‍. പ്രവാചകന്മാരുടെ മാനുഷികതയേയും, അവരുടെ ഉദ്‌ബോധന ദൗത്യത്തിലെ നിസ്വാര്‍ഥതയേയും, അതു തള്ളാനും കൊള്ളാനും ഉള്ള സമൂഹത്തിന്റെ സ്വാതന്ത്ര്യത്തേയും വ്യക്തമാക്കുകയും ചെയ്യുന്നു. അത്ഭുതങ്ങളില്‍ അഭിരമിക്കുന്ന സാധാരണക്കാരന്റെ നിരര്‍ഥകമായ ഭാവഭേദങ്ങളെ സരസമായി പ്രതിപാതിക്കുകയും ചെയ്യുന്നുണ്ട്.

ഇഹലോക ബോധവും പരലോക ബോധവും എല്ലാം നഷ്ടപ്പെടുത്തുന്ന ആണ്ടുത്സവ മേളകളില്‍ മുഖ്യ പാരായണം സൂറത്ത് യാസീന്‍ ആകുന്നു. ബഹു ദൈവാരാധനയിലേയ്ക്ക് പ്രേരിതമാകും വിധമുള്ള ഇടങ്ങളില്‍ കൂടുതല്‍ വായിക്കപ്പെടുന്നത് സൂറത്ത് യാസീന്‍ തന്നെ. അസാധാരണത്വം കല്‍പിക്കപ്പെടാന്‍ കൊതിച്ചും കുതിച്ചും കിതച്ചും കഴിയുന്ന ആള്‍ ദൈവങ്ങളുടെ ചുണ്ടില്‍ കുറുങ്ങുന്നതും കറങ്ങുന്നതും ഈ അധ്യായം തന്നെ. ഇതത്രെ ഏറെ വിചിത്രം.

സൂറത്ത് യാസീനിലെ പന്ത്രണ്ടാമത്തെ സൂക്തത്തില്‍ മരണ ശേഷമുള്ള പുനരുദ്ധാരണ നാളിനേയും രേഖപ്പെടുത്തപ്പെടുന്ന കര്‍മ്മങ്ങളേയും പ്രതിപാതിച്ചു കൊണ്ട് ശ്രദ്ധേയമായ ഒരു കാര്യം കൂടെ സുചിപ്പിക്കുന്നുണ്ട്. കര്‍മ്മങ്ങള്‍ മാത്രമല്ല, ഉപേക്ഷിച്ചു പോയ ചിഹ്നങ്ങളേയും രേഖപ്പെടുത്തുന്നുണ്ട് എന്ന്. അഥവാ കര്‍മ്മങ്ങളില്‍ നിന്നുണ്ടാകുന്ന സകല പ്രതിഫലനങ്ങളും എന്നര്‍ഥം. ഇതിനു ശേഷം ഒരു കഥ ഉദാഹരിക്കുകയാണ്.

ഒരു പ്രദേശത്തേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരുടേയും പ്രബോധിതരുടേയും കഥ. ഒരു ‘ഖര്‍യയിലുള്ളവരുടെ’ കഥ എന്നാണ് ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത്.

وَاضْرِبْ لَهُم مَّثَلًا أَصْحَابَ الْقَرْيَةِ إِذْ جَاءَهَا الْمُرْسَلُونَ

ആ ജനങ്ങളും പ്രവാചകന്മാരും തമ്മിലുള്ള സംഭാഷണം വിവരിക്കുന്നു. തിന്മയുടെ വാഹകരുടെ കണ്ണടച്ച നിഷേധം, തങ്ങളില്‍ അര്‍പ്പിതമായ ദൗത്യം നിര്‍വഹിക്കുക എന്നതിലപ്പുറം ഒന്നുമില്ലെന്ന പ്രവാചകന്മാരുടെ സംയമന ഭാവം, നിഷേധികളുടെ പുഛവും അക്രമവാസന വെളിപ്പെടുത്തുകയും ചെയ്യുന്ന രംഗം, നന്മ ഉദ്‌ബോധിപ്പിച്ചു എന്നതിന്റെ പേരില്‍ ആ അതിരുവിട്ട ജനം കാണിക്കുന്ന അക്രോശം, നീചന്മാരായ ജനത്തെ വീണ്ടും താക്കിതു ചെയ്യുന്ന രംഗവും ഖുര്‍ആന്‍ വിവരിക്കുന്നു.

ഈ സന്ദര്‍ഭം പട്ടണത്തിന്റെ അങ്ങേ അറ്റത്തു നിന്നും ഒരാള്‍ വരുന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു:

جَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ

എന്റെ ജനമേ, ദൈവദൂതന്മാരെ പിന്‍പറ്റുവിന്‍. നിങ്ങളോടു പ്രതിഫലമൊന്നും ആവശ്യപ്പെടാത്തവരും സന്മാര്‍ഗസ്ഥരുമായ അക്കൂട്ടരെ പിന്‍പറ്റുവിന്‍. ആരാണോ എന്നെ സൃഷ്ടിച്ചത്, ആരിലേക്കാണോ നിങ്ങളെല്ലാവരും തിരിച്ചുചെല്ലേണ്ടത്, അവന്ന് ഞാന്‍ ഇബാദത്തു ചെയ്യാതിരിക്കുന്നതെന്തിന്? ഞാന്‍ അവനെ വെടിഞ്ഞ് ഇതര ദൈവങ്ങളെ സ്വീകരിക്കുകയോ? എന്നാല്‍, ദയാപരനായ ദൈവം വല്ല ദോഷവും ഉദ്ധേശിച്ചാല്‍, ഇവരുടെ ശിപാര്‍ശകള്‍ എനിക്ക് ഒരു ഫലവും ചെയ്യുകയില്ല. ഇവര്‍ രക്ഷിക്കുകയുമില്ല. ഞാനോ അങ്ങനെ ചെയ്താല്‍, സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടതുതന്നെ.ഞാന്‍ നിങ്ങളുടെ നാഥനില്‍ വിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ ഞാന്‍ പറയുന്നത് കേള്‍ക്കുവിന്‍.’

‘അസ്ഹാബുല്‍ ഖര്‍യതി’ എന്നു തുടങ്ങിയത് നാം ആദ്യം വായിച്ചു. അഥവാ തിന്മയോട് രാജിയാകുന്നവരുടെ വിലാസത്തെ കുറിക്കാന്‍ ഖര്‍യ എന്നും.’വജാഅ മിന്‍ അഖ്‌സല്‍ മദീനതി’ എന്ന പ്രയോഗത്തിലൂടെ നന്മയോട് ആഭിമുഖ്യമുള്ള ഒരാളുടെ വിലാസത്തെ കുറിക്കാന്‍ മദീന എന്ന് പ്രതിപാദിച്ചതായും കാണാന്‍ കഴിയുന്നു.

തിന്മയില്‍ രാജിയായവരെ നശിപ്പിച്ച സംഭവങ്ങള്‍ ഉദ്ധരിക്കുമ്പോളും ഇതേ പ്രയോഗം കാണാം. എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചിട്ടുള്ളതെന്നോ! എന്ന ‘ഖസസിലെ’ വാക്യവും ‘വകം അഹ്‌ലക്‌നാ മിന്‍ ഖര്‍യതിന്‍’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഓ മൂസാ, നാട്ടുപ്രമാണികള്‍ നിന്നെ വധിക്കാനാലോചിക്കുന്നുണ്ട്. വേഗം സ്ഥലം വിട്ടുകൊള്ളുക. ഞാന്‍ നിന്റെ ഗുണകാംക്ഷിയാകുന്നു. എന്ന നന്മയോട് ആഭിമുഖ്യമുള്ളവന്റെ വിലാസം ‘വജാഅ റജുലുന്‍ മിന്‍ അഖ്‌സല്‍ മദീനതി’ എന്നു പ്രയോഗിച്ചതായി വായിക്കാനാകുന്നു. സൂറത്ത് ഇസ്‌റാഈലില്‍ നശിപ്പിക്കപ്പെട്ട നാടുകളെ പരാമര്‍ശിക്കുന്നത് നോക്കുക.ഉ യിര്‍ത്തെഴുന്നേല്‍പു നാളിനു മുമ്പ് നാം നശിപ്പിക്കുകയോ കഠിനമായി പീഡിപ്പിക്കുകയോ ചെയ്യാത്ത ഒരു ഖര്‍യയുമില്ല.

വിശുദ്ധ ഖുര്‍ആനിന്റെ അതി സൂക്ഷ്മമായ ചില പ്രയോഗങ്ങള്‍ സാന്ദര്‍ഭികമായി വിവരിച്ചതാണ്. ചുരുക്കത്തില്‍ പട്ടണ പ്രദേശവും പട്ടണമല്ലാത്ത പ്രദേശവും രണ്ട് സംസ്‌കാരങ്ങളെ സുചിപ്പിക്കാന്‍ കൂടെ വിശുദ്ധ ഖുര്‍ആന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സംസ്‌കാരമുള്ളവരും ഇല്ലാത്തവരും പട്ടണ വാസികളും പ്രദേശ വാസികളും എന്നൊക്കെയുള്ള ഖുര്‍ആനിന്റെ പരികല്‍പന ഭൗതിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നു സാരം. ശുദ്ധ മാനസരായ നന്മയില്‍ പ്രചോദിതരാവുന്നവരാണ് സംസ്‌കാരമുള്ള പട്ടണവാസികള്‍. കപടന്മാരുടെ ലോകത്ത് എന്തൊക്കെ കണ്ണഞ്ചിപ്പിക്കുന്ന സൗകര്യങ്ങളുണ്ടായാല്‍ പോലും അവര്‍ സംസ്‌കൃത സമൂഹത്തിന്റെ ഗണത്തിന് പുറത്തായിരിക്കും.

അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ തേന്മാരിയേറ്റ് ജീവന്‍ തുടിച്ചുണരുന്ന ഭൂമി പോലെയാവണം മനുഷ്യ മനസ്സുകള്‍. അവന്റെ വചന സുധ പെയ്തിറങ്ങുന്ന മനസ്സുകളില്‍ കൂമ്പിട്ട് മുളക്കുകയും പുഷ്പിക്കുകയും ചെയ്യുന്ന പൂമണം പെയ്യുന്ന താഴ്‌വരകള്‍ സംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളാകും.

ആള്‍ ദൈവങ്ങളുടെ കേശ വേഷ ഭൂഷാധികളുടെ പ്രലോഭനങ്ങളുടെ കൂത്തരങ്ങുകള്‍ കൊണ്ടും പ്രകടനപരതയുടെ വെള്ളിക്കിണ്ണങ്ങള്‍ തട്ടി മൂളിച്ചു കൊണ്ടും മദീനകള്‍ ഉണ്ടാകുകയില്ല. ഭൗതിക പ്രമത്തമായ ഭൂമികയില്‍ നിന്നും ആത്മീയോല്‍കൃഷ്ടമായ ജിവിതയാത്രയിലൂടെയാണ് മദീനകള്‍ ഉണ്ടാകുന്നത്. പ്രവാചക പ്രഭുവിന്റെ സാന്നിധ്യം കൊണ്ട് സംസ്‌കാര സമ്പന്നമായ യഥ്‌രിബ് അക്ഷരാര്‍ഥത്തില്‍ മദീനയായി മാറുകയായിരുന്നു.

Related Articles