Current Date

Search
Close this search box.
Search
Close this search box.

മതപ്രബോധകരുടെ സംസ്‌കാരം

fg.jpg

കഅ്ബ മുസ്‌ലിംകളുടെ കയ്യിലേക്ക് വന്നപ്പോള്‍ അതില്‍ നിന്നും വിഗ്രഹങ്ങളെ മാറ്റിനിര്‍ത്തി എന്നല്ലാതെ മറ്റൊരു മാറ്റവും പ്രവാചകന്‍ ചെയ്തില്ല. കഅ്ബയുടെ ചില ചുമരുകള്‍ മാറ്റി നിര്‍മിക്കണം എന്ന് പ്രവാചകന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ അത് ജനത്തിന് ദഹിക്കാന്‍ കാലമായിട്ടില്ല എന്ന കാരണത്താല്‍ പ്രവാചകന്‍ അതിനു മുതിര്‍ന്നില്ല. മുഹമ്മദ് കഅ്ബയെ പോലും വെറുതെ വിട്ടില്ല എന്ന രീതിയില്‍ ചര്‍ച്ച മാറിപ്പോകും എന്നും പ്രവാചകന്‍ ഭയന്നു കാണും.

വഹ്യ് ലഭിക്കുന്ന പ്രവാചകന്‍ പോലും കാര്യങ്ങളെ വിലയിരുത്തിയത് അങ്ങിനെയാണ്. നാം എന്ത് ചെയ്യുന്നു പറയുന്നു എന്നതിലല്ല കാര്യം. അതെങ്ങിനെ മനസ്സിലാക്കപ്പെടും എന്നതാണ്. അതിനെ നാം ഇങ്ങിനെ പറയും ‘ജനത്തിനോട് അവരുടെ ബുദ്ധിയില്‍  സംസാരിക്കുക’. ‘ ലിസാനു ഖൗമു’ എന്നത് പ്രബോധന മാര്‍ഗ്ഗത്തില്‍ വലിയ കാര്യമാണ്.  പ്രവാചകന്മാര്‍ അങ്ങിനെയാണ് സംസാരിച്ചത്, സലഫുകളും. അപ്പോള്‍ കാര്യങ്ങള്‍ പറയുമ്പോള്‍ അത് ആളുകള്‍ക്ക് മനസ്സിലാവുന്ന രീതിയിലാവണം എന്നത് പോലെ തന്നെയാണ് ചര്‍ച്ച വഴിമാറി പോകാന്‍ പാടില്ല എന്നതും. അത് കൊണ്ടാണ് പ്രവാചകന്‍ കഅ്ബയുടെ കാര്യത്തില്‍ അങ്ങിനെ ഒരു തീരുമാനം കൈക്കൊണ്ടതും.

എന്ത് കൊണ്ട് നമ്മുടെ ചില പണ്ഡിതരും പ്രബോധകരും ഇത്തരം വിഷയങ്ങളെ അവഗണിക്കുന്നു. എന്തും വിളിച്ച് പറയാനുള്ള വേദികളായി ചിലരുടെ മത പ്രഭാഷണ വേദികള്‍ മാറുന്നു. അവസാനം എന്താണോ പ്രഭാഷകന്‍ ഉദ്ദേശിച്ചത് അതിന്റെ നേരെ വിപരീതമാണ് പലപ്പോഴും സംഭവിക്കുക. അവര്‍ അങ്ങിനെ ചെയ്യുന്നു എന്നത് നമുക്ക് ചെയ്യാനുള്ള കാരണമല്ല. കാരണം തെറ്റിന്റെ കാര്യത്തില്‍ താരതമ്യം സാധ്യമല്ല എന്നത് തന്നെ.  അപ്പോള്‍ വാക്കുകളില്‍ മിതത്വവും മാന്യതയും എന്നത് പ്രബോധനത്തിന്റെ അനിവാര്യതയാണ്. ആരെയും ആക്ഷേപിച്ചു കൊണ്ടല്ല മതം പറയേണ്ടത്. മാങ്ങയെ ഉന്നം വെച്ച് കല്ലെറിഞ്ഞു. പക്ഷെ കൊണ്ടുചെന്നത്  തൊട്ടടുത്ത് നിര്‍ത്തിയിട്ട കാറിന്റെ ചില്ലിലും. ‘എന്റെ ഉദ്ദേശം നിങ്ങളുടെ കാറായിരുന്നില്ല’ എന്ന് പറഞ്ഞാല്‍ ആ വാദം സ്വീകരിക്കപ്പെടുമോ? അത് തന്നെയാണ് ഇവിടെയും സംഭവിക്കുക.

ജമാദുല്‍ ആഖിര്‍ അവസാനത്തിലാണ് പ്രവാചകന്‍ ഒരു വിഭാഗം ആളുകളെ മക്ക-മദീന പാതയില്‍ നിര്‍ത്തിയത്. വഴിയിലൂടെ കടന്നു പോകുന്നവരെ നിരീക്ഷിക്കുക എന്നതായിരുന്നു ഉദ്ദേശം. ഒരു വിഭാഗം ആളുകളുമായി സംസാര മധ്യേ കയ്യാങ്കളിയില്‍ അവസാനിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു. അപ്പോള്‍ റജബ് മാസത്തേക്ക് കടന്നിരുന്നു. ‘മുഹമ്മദും കൂട്ടരും പരിശുദ്ധ മാസത്തെ ആദരിക്കുന്നില്ല’ എന്ന രീതിയില്‍ പിന്നീട് പ്രചാരണം വന്നു. ഖുര്‍ആന്‍ ഈ വിഷയത്തില്‍ ഇടപെട്ടു. പ്രവാചകനും. ഒന്നാമതായി കൊലയെ ശക്തമായി അപലപിച്ചു. അത് മുസ്ലിംകളുടെ അടുത്ത് നിന്നും വന്ന തെറ്റ് തന്നെ എന്ന് അംഗീകരിച്ചു. ശേഷം അതിനു കാരണമായ വിഷയങ്ങളെ കൂടി പറഞ്ഞു.  അതായത് ആദ്യം തെറ്റ് അംഗീകരിക്കണം. എന്നിട്ടു കാരണം പറയണം. അതെ സമയം തെറ്റിനെ ന്യായീകരിക്കാന്‍ മുതിരുന്നു എന്നതാണ് ഇപ്പോഴത്തെ വിഷയം.

പ്രാസംഗികര്‍ തന്നെ തങ്ങളുടെ തെറ്റ് ഏറ്റു പറഞ്ഞാലും അണികള്‍ അത് സ്വീകരിക്കില്ല. വകതിരിവില്ലാത്ത അണികളാണ് നേതാക്കളുടെ ഭാഗ്യം എന്നത് പോലെ പലപ്പോഴും ഇവര്‍ തന്നെയാണ് നേതാക്കളുടെ ശാപവും.  ഇസ്ലാം മാന്യമായി  മാത്രമേ ഇടപെടാന്‍ ആഗ്രഹിക്കുന്നുള്ളൂ.
‘ഖൗലന്‍ മഅറൂഫ്, ലയ്യിന്‍, കരീം, സദീദ്….’ എന്നൊക്കെയാണ് വാക്കുകളെ കുറിച്ച് പറയുന്നയത്. മനുഷ്യ മനസ്സിലേക്ക് ഇറങ്ങി ചെല്ലുന്നതു എന്നതും വാക്കുകളുടെ പേരാണ്.

അതായതു മനുഷ്യ മനസ്സുകളില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന  വാക്കുകള്‍ എന്നര്‍ത്ഥം.  വിവാദമുണ്ടാക്കുന്ന വാക്കുകള്‍ ഇസ്ലാം ആഗ്രഹിക്കുന്നില്ല. അത് കൊണ്ടാണ് ദ്വയാര്‍ത്ഥ പ്രയോഗം പോലും ഇസ്‌ലാം നിരോധിച്ചത്. ഇസ്‌ലാം പറയുമ്പോള്‍ പലരുടെയും മുഖത്ത് വല്ലാത്ത പിരിമുറുക്കമാണ്. ആളുകളുടെ അഭിമാനം ചോദ്യം ചെയ്തു കൊണ്ടല്ല പ്രബോധന പ്രവര്‍ത്തനം നടത്തേണ്ടത്. എല്ലാവരുടെയും അഭിമാനം രക്തം പോലെ പരിശുദ്ധമാണ് എന്നതാണ് ഇസ്ലാമിക കാഴ്ചപ്പാട്. അല്ലാഹു പരിശുദ്ധനാണ്. പരിശുദ്ധമായതെ സ്വീകരിക്കൂ എന്നാണു പ്രവാചക വചനം. തെറ്റു പറ്റിയാല്‍ തിരുത്തുക എന്നതാണ് ഇസ്ലാം. തെറ്റ് പറ്റുക എന്നത് ഒരു തെറ്റല്ല. തെറ്റു മനസ്സിലായിട്ടും തിരുത്താതിരിക്കുക എന്നതാണ് തെറ്റ്.

 

 

 

Related Articles