Current Date

Search
Close this search box.
Search
Close this search box.

മതതാരതമ്യ പ്രൊഫസര്‍ ഇസ്‌ലാമിനെ കണ്ടെത്തുന്നു

ഞാന്‍ ജെയിംസ് ഫ്രാങ്കെല്‍. എന്റെ ഇസ്‌ലാം അനുഭവത്തെ കുറിച്ച് അല്‍പം വിവരിക്കാനാണ് ഞാനുദ്ദേശിക്കുന്നത്. മതതാരതമ്യ പഠനത്തില്‍ പ്രൊഫസറായ ഞാന്‍ ഹവായി യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിനെ കുറിച്ചും ക്ലാസുകളെടുത്തിരുന്നു. ഞാന്‍ ഹവായില്‍ താമസമാക്കിയിട്ട് രണ്ടു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ (ഇത് പറയുന്നത് 2010-ലാണ്)

ന്യൂയോര്‍ക്ക് പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ രണ്ടുവര്‍ഷം മുമ്പാണ് ഹവായിയില്‍ എത്തിയത്. 1969-ലാണ് എന്റെ ജനനം. വളര്‍ന്നത് മന്‍ഹട്ടണിലാണ്. കുറഞ്ഞകാലം ബ്രൂക്ലിനിലുമുണ്ടായിരുന്നു. കുടുംബജീവിതം സന്തോഷകരമായിരുന്നു. രക്ഷിതാക്കള്‍ എന്നെ പ്രത്യേക മതചര്യകളൊന്നും പഠിപ്പിച്ചിരുന്നില്ലെങ്കിലും അടിസ്ഥാന ധാര്‍മികമൂല്യങ്ങള്‍ പഠിപ്പിച്ചിരുന്നു. വാസ്തവത്തില്‍ പൈതൃകമായി എനിക്ക് ജൂത പശ്ചാത്തലമുണ്ടായിരുന്നു. പക്ഷെ മതപരമായ വലിയ ചടങ്ങുകളൊന്നുമില്ലാത്ത ഗൃഹാന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നത്. മതപരമായി വല്ല ബന്ധവുമുണ്ടായിരുന്നെങ്കില്‍ അത് പിതാവിന്റെ ഭാഗത്തു നിന്നായിരുന്നു. ജൂതമതക്കാരിയായ അമ്മൂമ്മയില്‍ നിന്നാണ് ഞാന്‍ പ്രവാചകന്മാരുടെ കഥകള്‍, ബൈബിള്‍ കഥകള്‍ മുതലായവ പഠിച്ചത്. എന്റെ രക്ഷിതാക്കള്‍ എന്നെ കുറഞ്ഞകാലം ഹിബ്രു സ്‌കൂളില്‍ അയച്ചിരുന്നു. എനിക്കവിടെ അത്ര പിടിച്ചില്ല. കൂടാതെ വേണ്ടാത്ത ചോദ്യങ്ങള്‍ ചോദിച്ചതിന്റെപേരില്‍ അവര്‍ എന്നെ പുറത്താക്കി. ഈ സ്വഭാവം കാരണമാകാം ഞാന്‍ ഇന്നത്തെ നിലയില്‍ എത്തിയത്. ഒരു മുസ്‌ലിമും പ്രഫസ്സറുമായ ഞാന്‍ കൂടുതല്‍ ചോദ്യങ്ങള്‍ തുടര്‍ന്നു. അങ്ങിനെ മതപരമായ ഒരു അടിസ്ഥാനങ്ങളുമില്ലാതെയാണ് ഞാന്‍ വളര്‍ന്നത്. വാസ്തവത്തില്‍ പറയത്തക്ക രണ്ട് അനുഭവങ്ങളാണ് എനിക്കുണ്ടായിരുന്നത്. ഒന്ന് പതിമൂന്നാം വയസ്സില്‍ മാര്‍കിസിന്റെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച് ഞാനൊരു കമ്യൂണിസ്റ്റാണെന്ന് ധരിച്ചു. അതിലെ ശക്തമായ ആശയങ്ങളും തത്വങ്ങളും ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെന്ന് കരുതി. ആ കാലത്ത് ഇസ്‌ലാമിനെ അഭിമുഖീകരിച്ച എന്റെ ആദ്യ അനുഭവം ആത്മമിത്രമായിരുന്ന ഒരു പാകിസ്താനിയില്‍നിന്നായിരുന്നു. എന്റെ പഠനം ഒരു ബഹുരാഷ്ട്ര വിദ്യാലയത്തിലായിരുന്നതിനാല്‍ എനിക്ക് വിവിധ രാഷ്ട്രക്കാരായ ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ”താന്‍ നരകത്തില്‍ പോകുന്നത്  എനിക്കിഷ്ടമല്ല്” എന്ന് പറഞ്ഞുകൊണ്ട് പാകിസ്താനി സുഹൃത്ത് എനിക്ക് ഖൂര്‍ആന്റെ ഒരു കോപ്പി വായിക്കാന്‍ തന്നു. ആ പ്രായത്തില്‍ നരകത്തെകുറിച്ചുള്ള ചിന്തകളൊന്നും എന്നെ അലട്ടിയിരുന്നില്ല. ആ പുസ്തകം ഞാന്‍ വീട്ടിലെ അലമാരിയില്‍വെച്ചു. വളരെക്കാലം അത് തുറന്നുനോക്കാതെ അവിടെ കിടന്നു. ഏതാനും വര്‍ഷങ്ങള്‍ക്കകം കമ്യൂണിസത്തോടുള്ള എന്റെ ഭ്രമമെല്ലാം അവസാനിച്ചു. പല നാടുകളിലും കമ്യൂണിസം നടപ്പാക്കുന്ന രീതി മനസ്സിലായതോടെ ആ ആശയത്തോട് വിട പറഞ്ഞു.

ഈ ലക്ഷ്യത്തിലേക്ക് എന്നെ നയിക്കാനിടയാക്കിയ ചോദ്യങ്ങള്‍ യൂനിവാഴ്‌സിറ്റിയിലെത്തുന്നതു വരെ തുടര്‍ന്നു. നാം ഇവിടെ എങ്ങിനെ എത്തി? എങ്ങോട്ടാണ്‌പോകുന്നത്? എന്തുകൊണ്ടാണ് പ്രയാസങ്ങളും ദുരിതങ്ങളും അനുഭവക്കേണ്ടിവരുന്നത്? എന്നീ മൗലിക ചോദ്യങ്ങള്‍ ബാല്യത്തിലേ എന്റെ മനസ്സിലുണ്ടായിരുന്നു. മുതിര്‍ന്നതോടെ ശ്രദ്ധമുഴുവന്‍ പഠനത്തിലായിരുന്നു. എനിക്കുണ്ടായ ഒരു പ്രത്യേകാനുഭവം എന്റെ മുത്തശ്ശിയില്‍ നിന്നാണ്. ഞാന്‍ യൂനിവേഴ്‌സിറ്റിയിലായിരുന്നപ്പോള്‍ താമസം വാഷിങ്ടണിലായിരുന്നു. മെറിലാന്റില്‍ പഠിച്ചുകൊണ്ടിരുന്ന കസിന്‍ അറിയിച്ചു. മുത്തശ്ശിയും, അമ്മാവിയും, മറ്റൊരു കസിനും സന്ദര്‍ശിക്കുന്നുണ്ട്. വെളിയില്‍ അത്താഴം കഴിക്കാം. മുത്തശ്ശിയോട് ഞാന്‍ ചൈനീസ് ഭാഷ പഠിക്കുന്നതും ന്യൂയോര്‍ക്കിലേക്ക് തിരിച്ചുവരുന്നതിനെകുറിച്ചും, കൊളമ്പിയ യൂണിവാഴ്‌സിറ്റിയിലേക്കുള്ള മാറ്റത്തെ പറ്റിയുമെല്ലാം വിശദമായി സംസാരിച്ചു. എന്റെ ഭാവി പഠനപദ്ധതികള്‍ക്കെല്ലാം അവരുടെ അനുഗ്രഹം ചോദിച്ചു. ആ സന്ധ്യയില്‍ ഭക്ഷണത്തിനു ശേഷം അവരെ യാത്രയയക്കാന്‍ കാര്‍പാര്‍ക്കിലേക്ക് കൂടെ നടക്കവെ അവരുടെ കാലിടറി വീഴാന്‍പോയപ്പോള്‍ അമ്മൂമ്മക്ക് വല്ലതും പറ്റിയോ എന്ന എന്റെ ചോദ്യത്തിന് ‘എനിക്കൊന്നും പറ്റിയില്ല. താന്‍ തന്നെപ്പറ്റി ചിന്തിക്കൂ’ എന്നാണ് പറഞ്ഞത്. അടുത്ത ഒഴിവ് കാലത്ത് ഞാന്‍ ന്യൂയോര്‍ക്കിലെത്തുമ്പോള്‍ നമുക്ക് കാണാമല്ലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ”ദൈവാനുഗ്രഹമുണ്ടെങ്കില്‍” എന്ന് അവര്‍ മറുപടി പറഞ്ഞത് ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചില്ല. അവരെയെല്ലാം യാത്രയാക്കി താമസ സ്ഥലത്ത് തിരിച്ചെത്തി. ഞാന്‍ ഉറങ്ങാന്‍ കിടന്നു. അതികാലത്ത് കസിന്റെ ഫോണ്‍. മുത്തശ്ശി മരിച്ചു. ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായി. അവരുടെ അവസാനത്തെ വാക്കുകള്‍ അപ്പോള്‍ ഞാന്‍ ഓര്‍ത്തു.  ‘ദൈവാനുഗ്രഹമുണ്ടെങ്കില്‍’ അത് എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ടായിരുന്നു. അവരുടെ അപ്രതീക്ഷിതമായ സന്ദര്‍ശനവും, തുടര്‍ന്നുണ്ടായ സംഭാഷണവും ഇന്നും എനിക്ക് ആശ്ചര്യമായശേഷിക്കുന്നു. അവര്‍ മാത്രമായിരുന്നു മതവുമായി എനിക്കുള്ള ബന്ധം. ഞാന്‍ ന്യൂയോര്‍ക്കിലെത്തി. ജൂതമതവിധി പ്രകാരമുള്ള സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. പുരോഹിതന്റെ പ്രഭാഷണത്തില്‍ ‘സാറ ദൈവം തന്ന ഒരു ‘നിധിയായിരുന്നു. ദൈവം തന്നെ അതു തിരിച്ചെടുത്തു.’ എന്ന് പറഞ്ഞത് എനിക്ക് അര്‍ഥവത്തായിത്തോന്നി. തുടര്‍ന്ന് പുരോഹിതന്‍ അനുശോചന പ്രാര്‍ത്ഥനക്കായി വീട്ടില്‍ വന്നു.  ശവസംസ്‌കരണ ചടങ്ങില്‍ ജൂതന്‍മാര്‍ ആചരിക്കുന്ന അനുഷ്ഠാനങ്ങളെക്കുറിച്ച് എനിക്ക് ചിലത് ചോദിക്കാനുണ്ടെന്ന് പറഞ്ഞപ്പോള്‍, അതിനെപ്പറ്റിയൊന്നും അധികം ചിന്തിക്കണ്ട എല്ലാം ചില ചടങ്ങുകളാണെന്ന് മാത്രം കരുതിയാല്‍ മതി എന്ന് മറുപടി കേട്ട് ഞാന്‍ ചോദിച്ചു. ‘സാറ ദൈവം തന്ന ഒരു നിധിയാണെന്നും ദൈവം തന്നെ അത് തിരിച്ചെടുത്തെന്നും പറഞ്ഞല്ലോ, അവര്‍ ഇപ്പോള്‍ എവിടെയാണ്? ഞാനും നിങ്ങളും എങ്ങോട്ടാണ് പോവുക? നാം ഇവിടെ എന്തിനാണ്? അപ്പോള്‍ റബ്ബി (പുരോഹിതന്‍) തന്റെ വാച്ചിലേക്ക് സൂക്ഷിച്ചുനോക്കിക്കൊണ്ട്, എനിക്ക് ഉടനെ പോകണം എന്നു പറഞ്ഞ് സ്ഥലംവിട്ടപ്പോള്‍ എനിക്കുണ്ടായ രോഷം അദ്ദേഹം തിരിച്ചറിഞ്ഞില്ല. ഞാന്‍ ഇന്നെത്തിനില്‍ക്കുന്ന ദിശയിലേക്കുള്ള പാതയിലേക്ക് നീങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത് മുഖ്യമായി ഈ ചോദ്യങ്ങളായിരുന്നു.

സത്യാന്വേഷണം
ഒന്നാമതായി എന്റെ മുത്തശ്ശിയുടെ സ്മരണയെത്തുടര്‍ന്നുണ്ടായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കട്ടെ. ആ ചോദ്യങ്ങള്‍ക്ക് മറുപടി തരാന്‍ കെല്‍പുള്ള ഒരു ജൂതസമൂഹത്തെ കണ്ടെത്തേണ്ടതുണ്ട്. അന്നെനിക്ക് പതിനെട്ടോ, പത്തൊമ്പതോ വയസ്സായിരുന്നു. ഞാന്‍ ബന്ധപ്പെട്ട കൂട്ടരൊന്നും എനിക്ക് തൃപ്തികരമായി തോന്നിയില്ല. ദൈവം എന്നാല്‍ ജൂതന്മാരുടെ ദൈവം മാത്രം എന്നാണവര്‍ കരുതുന്നത്. ലോകത്താകെ 20 മില്യന്‍ ജൂതന്മാരേയുള്ളു. അതിന്റെ എത്രയോ ഇരട്ടി മനുഷ്യരെ ദൈവം സൃഷ്ടിച്ചിട്ടുണ്ട്. ഞാന്‍ സ്വയം പഠിക്കാന്‍ തന്നെ തീരുമാനിച്ചു. ജോലിയുടെ ഭാഗമായി ഒരു ട്രെയിനിങ്ങിനായി ബ്രിട്ടനിലെത്തിയപ്പോള്‍ ചില മതപ്രബോധകരുടെ പ്രേരണപ്രകാരം ബൈബിള്‍ വായിക്കാന്‍ തുടങ്ങി. എനിക്ക് യേശുവിനോട് വലിയ സ്‌നേഹാദരവുകള്‍ തോന്നി. അവര്‍ യേശുവിനെ നാഥനും രക്ഷകനുമായി സ്വീകരിക്കാനാവശ്യപ്പെട്ടത് ഞാന്‍ നിരസിച്ചു. ജൂതനായ യേശുവിനെ ഞാന്‍ സ്‌നേഹത്തോടെ ഒരു മാര്‍ഗദര്‍ശിയായി അംഗീകരിച്ചു. പക്ഷെ അവര്‍ പറഞ്ഞ മഹത്വങ്ങളൊന്നും ഞാന്‍ അംഗീകരിച്ചില്ല. എന്റെ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഞാന്‍ പൗരസ്ത്യ  ദര്‍ശനങ്ങളും ഗ്രീക്ക് റോമന്‍ തത്വചിന്തകളും പഠിക്കാനാരംഭിച്ചു. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ പതിവായി നടക്കുന്ന വിവിധമതക്കാരുടെ പ്രബോധന പ്രഭാഷണങ്ങള്‍ കേട്ടു. അവരില്‍ വേഷവിധാനങ്ങള്‍കൊണ്ട് ആഫ്രിക്കന്‍ മുസ്‌ലിംകള്‍ എന്നുതോന്നിക്കുന്ന ഒരു കൂട്ടത്തോട് നിങ്ങള്‍ ആരാണ്, എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍, ‘ഞങ്ങള്‍ പറയുന്നതില്‍ നിങ്ങള്‍ക്ക് വലിയ താല്‍പര്യമുണ്ടാവില്ല’ എന്ന മറുപടി കിട്ടി. കാരണം ചോദിച്ചപ്പോള്‍, ‘നിങ്ങള്‍ പിശാചുക്കളാണ്’ എന്നായിരുന്നു മറുപടി. വെള്ളക്കാരെല്ലാം പിശാചുക്കളാണ് എന്നാണവര്‍ വിശ്വസിക്കുന്നത്. ഞാന്‍ കോളേജിലായിരുന്നപ്പോള്‍ മാല്‍കം എക്‌സിനെകുറിച്ചും നേഷന്‍ ഓഫ് ഇസ്‌ലാം പ്രസ്ഥാനത്തെ കുറിച്ചുമെല്ലാം മനസ്സിലാക്കിയിരുന്നു. ഇവരുടെ ഈ ആശയത്തിന് എന്താണ് തെളിവെന്ന് ചോദിച്ചപ്പോള്‍ ബൈബിള്‍ തന്നെ എന്ന മറുപടിക്ക് ഞാന്‍ ‘അത് ക്രൈസ്തവരുടെതല്ലെ, നിങ്ങളുടെ ഗ്രന്ഥമേതാണ്’ എന്ന് ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ ഖുര്‍ആന്‍ വായിക്കുമോ’ ഞാന്‍ ‘അതെ’. ഉടനെ സൂറ അല്‍-കഹ്ഫില്‍ നിന്നുള്ള ഏതാനും സൂക്തങ്ങള്‍ എടുത്തു തന്നു. ഞാന്‍ വീട്ടിലെത്തിയ ഉടനെ ആറ് വര്‍ഷം മുമ്പ് എന്റെ സുഹൃത്ത് മന്‍സൂറില്‍നിന്ന് കിട്ടിയ ഖുര്‍ആന്‍ എടുത്ത് വായിച്ചുനോക്കി. അതില്‍ എവിടേയും വെള്ളക്കാരെല്ലാം പിശാചുക്കളാണെന്ന ഒരു വാക്ക് കാണാന്‍ എനിക്ക് സാധിച്ചില്ല.

എനിക്ക് ഉറക്കം വരുംവരെ ഖുര്‍ആന്‍ വായന തുടര്‍ന്നു. പിറ്റേദിവസവും സമയം കിട്ടിയപ്പോഴൊക്കെ ഞാന്‍ ഖുര്‍ആന്‍ വായിച്ചു. ഖുര്‍ആനെ പോലെ വേറെ ഒരു ഗ്രന്ഥവും എന്നെ ഇത്രയേറെ -ബൈബിളു പോലും- ആകര്‍ഷിച്ചിട്ടില്ല. ഓരോ സൂക്തവും എന്നെ നേരില്‍ അഭിസംബോധന ചെയ്യുന്നപോലെ അനുഭവപ്പെട്ടു. പലപ്പോഴും എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. എനിക്ക് രോമാഞ്ചമുണ്ടായി. എനിക്ക് സൂക്ഷ്മമായി സ്ഥലവും  സമയവും സൂചിപ്പിക്കനാവില്ലെങ്കിലും ഞാന്‍ വായിക്കുന്നത് ദൈവത്തില്‍നിന്നുള്ള ദിവ്യവചനങ്ങളാണെന്ന ബോധമുണ്ടായി.

1990 ജനുവരിയില്‍ എന്റെ ഹൈസ്‌കൂള്‍ സഹപാഠികളുമായി ഞാന്‍ വെളിയിലായിരുന്നു. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റായിരുന്നെന്നും പലമാറ്റങ്ങള്‍ക്കും ശേഷം വാസ്തവത്തില്‍ ഞാന്‍ ഒന്നിലും വിശ്വസിക്കുകയില്ലെന്നും മനസ്സിലാക്കിയ അവര്‍ ചോദിച്ചു: ”ഇപ്പോള്‍ ഏതാണ് വിശ്വസിക്കുന്നത്?”ഞാന്‍ പറഞ്ഞു  ”ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു”, ”ശരിയാണോ, ഏത് ദൈവം.?” ”ദൈവം ഒന്നേയുള്ളു.” ”എവിടെ നിന്നാണ് ഈ ആശയം കിട്ടിയത്?” ഞാന്‍ ”ഖുര്‍ആനില്‍നിന്ന്” അവരില്‍ ഒരാള്‍ പറഞ്ഞു ”നിങ്ങള്‍ ഖുര്‍ആന്‍ വായിക്കുകയും ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണെന്നുകൂടി വിശ്വസിക്കേണ്ടതുണ്ട്.” ”ശരിയാണ.്’ ഞാന്‍ പറഞ്ഞു..  ”അപ്പോള്‍ താങ്കള്‍  ഏകദൈവത്തിലും പ്രവാചകന്‍ മുഹമ്മദിലും വിശ്വസിക്കുന്നു?” ”അതെ” ഞാന്‍ സമ്മതിച്ചു. ”എങ്കില്‍ താങ്കള്‍ ഒരു മുസ്‌ലിം തന്നെ” ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ”ഞാനും ഒരു മുസ്‌ലിമാണ്, താങ്കളും ഒരു മുസ്‌ലിമാണ്. താങ്കള്‍ പാകിസ്താനില്‍ നിന്നാണ്. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു സാധാരണക്കാരന്‍.” ”അല്ല” അയാള്‍ പറഞ്ഞു ”താങ്കള്‍ ദൈവത്തിലും പ്രവാചകന്‍ മുഹമമ്മദിലും വിശ്വസിക്കുന്ന മുസ്‌ലിമാണ്.” എന്റെ മനസ്സില്‍ ഒരു ഞെട്ടലുണ്ടായി.

തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ ഞാന്‍ ചിന്തയിലാണ്ടു. എന്റെ പതിമൂന്നാം വയസ്സില്‍ എനിക്ക് ഖുര്‍ആന്‍ നല്‍കിയ സുഹൃത്ത് മന്‍സൂറിനെ ഓര്‍ത്തു. അവന്‍ പെന്‍സില്‍വാനിയാ യൂണിവേഴ്‌സിറ്റിയില്‍ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അവനുമായി ബന്ധപ്പെട്ടു. ഇസ്‌ലാമിക ജീവിതത്തിന് ഉപകരിക്കുന്ന സാഹിത്യങ്ങള്‍ കിട്ടുമെങ്കില്‍ അയക്കാന്‍ അവനോടാവശ്യപ്പെട്ടു. അവന്‍ അയച്ചു തന്നതില്‍ ‘ഇസ്‌ലാം ഇന്‍ ഫോക്കസ്’ എന്ന പുസ്തകം വളരെ പ്രയോജനപ്പെട്ടു. അടിസ്ഥാന വിശ്വാസകാര്യങ്ങള്‍ കൂടാതെ ഇസ്‌ലാമിന്റെ അഞ്ചുസ്തംഭങ്ങള്‍ എന്നറിയപ്പെടുന്ന ഒരാള്‍ നിര്‍വഹിക്കേണ്ട കര്‍മാനുഷ്ഠാനങ്ങളും അതില്‍ വിവരിക്കുന്നുണ്ടായിരുന്നു. അതുപഠിച്ച് ഞാന്‍ അഞ്ചുനേരം നമസ്‌കാരം ആരംഭിച്ചു. എന്റെ താമസം രക്ഷിതാക്കളോടൊപ്പമായതിനാല്‍ ഞാന്‍ മുറിയുടെ വാതില്‍ അടച്ചായിരുന്നു നമസ്‌കാരം നിര്‍വഹിച്ചിരുന്നത്. ആദ്യത്തെ റമദാന്‍ വ്രതം അനുഷ്ഠിച്ചതും ഞാന്‍ തനിച്ചായിരുന്നു. ഉദയാസ്തമയ സമയങ്ങള്‍ കൃത്യമായി മനസ്സിലാക്കി അനുവദിക്കപ്പെട്ട സമയങ്ങളില്‍ മാത്രം ഭക്ഷണപാനീയങ്ങള്‍ കഴിച്ച് സൂക്ഷ്മതയോടെ ഞാന്‍ മാസം മുഴുവന്‍ നോമ്പെടുത്തു. അങ്ങനെ എട്ടു മാസത്തോളം ഞാന്‍ തനിച്ച് ഇസ്‌ലാമായി ജീവിച്ചു. ഒരു ദിവസം രാത്രി എല്ലാവരും ഒന്നായി ഭക്ഷണം കഴിക്കുന്ന സമയത്ത് ഞാന്‍ ഖുര്‍ആന്‍ വായിക്കാറുണ്ടെന്നും അതില്‍ പറഞ്ഞതെല്ലാം വിശ്വസിക്കുന്നതിനാല്‍ അതിലെ നിര്‍ദേശമനുസരിച്ച് ചില ചിട്ടകളും ക്രമങ്ങളും പാലിച്ചുകൊണ്ട് ഒരു മുസ്‌ലിമായിരിക്കുകയാണെന്നും  പ്രഖ്യാപിച്ചു.

മാതാവിന്റെ പ്രതികരണം കടുപ്പമായിരുന്നു. ഇതെങ്ങിനെ സംഭവിച്ചു? ഞങ്ങളെന്ത് തെറ്റാണ് ചെയ്തത്? എന്നു പറഞ്ഞുകൊണ്ട് അലറി കരയാന്‍ തുടങ്ങി. പിതാവ് അല്‍പം പക്വതയോടെയാണ് നേരിട്ടത്. എന്റെ മകന്‍ പതിമൂന്നാം വയസ്സില്‍ ഒരു കമ്മ്യണിസ്റ്റായിരുന്നു, പതിനാറാം വയസ്സില്‍ ഒരു പോക്കിരിയായി നടന്നു. ഈ കാലയളവില്‍ അവന്നുണ്ടായ മാറ്റങ്ങളാണിവ. ഇതും ഒരു മാറ്റമായിരിക്കാമെന്ന് പിതാവ് സമാധാനിച്ചു. പക്ഷെ, ഇത് അവര്‍ കരുതിയപോലെ ഇനിയും മറ്റൊരു ദിശയിലേക്കുള്ള മാറ്റത്തിന്റെ ലക്ഷണായിരുന്നില്ല. മാതാവിന്റെ പ്രതികരണം സ്വാഭാവികമായ തെറ്റിദ്ധാരണയും, അജ്ഞതയും, മുന്‍വിധികളും മൂലമുണ്ടായ അമ്പരപ്പും സങ്കടവും മാത്രമായിരുന്നു, ആദ്യത്തെ ഒരു വര്‍ഷക്കാലം മാതാപിതാക്കളുമായുള്ള സമ്പര്‍ക്കം വലിയ വെല്ലുവിളിയായിരുന്നു.

ഇസ്‌ലാം സ്വീകരിക്കുന്നതിനുമുമ്പ് ഞാന്‍ മോശമായിരുന്നില്ലെങ്കിലും അല്‍ ഹംദുലില്ല ഞാന്‍ ഒരു നല്ല മകനും ഒരു നല്ല വിദ്യാര്‍ഥിയുമായിരിക്കുമെന്ന് തീര്‍ച്ചയാക്കിയതിനാല്‍ രക്ഷിതാക്കള്‍ ക്ഷമയും അനുഭാവുമാണ് പ്രകടിപ്പിച്ചത്. വാസ്തവത്തില്‍ അവര്‍ ചെറുപ്പത്തില്‍ എന്നെ ശീലിപ്പിച്ച ധാര്‍മിക മൂല്യങ്ങളാണ് ഇസ്‌ലാമിലേക്കെത്താന്‍ എനിക്ക് പ്രേരണയായത്. ഇസ്‌ലാമിലെത്തുന്ന ഓരോ വ്യക്തിയുടെയും വഴിത്താര വ്യത്യസ്തമാണ്. വാസ്തവത്തില്‍ എന്നെ സംബന്ധിച്ചേടത്തോളം മുസ്‌ലിമിന്ന്  ധാരാളം വിജ്ഞാനവും പഠനവും ആവശ്യമാണ്. ഇസ്‌ലാമിന്റെ മൗലിക ലക്ഷ്യം ജഞാനമാണ്. സ്വയം അറിയുക. പ്രപഞ്ചത്തെ അറിയുക, അന്തിമമായി അല്ലാഹുവുമായുള്ള ഗാഢ ബന്ധത്തെക്കുറിച്ച് അറിയുക. ഈ ആശയമാണ് എന്നെ മുമ്പോട്ട് നയിച്ചത്. ഇസ്‌ലാമിലേക്ക് വന്നിരുന്നില്ലെങ്കില്‍ ഇന്ന് ഞാന്‍ ഒരു പ്രഫസ്സറാകമായിരുന്നോ എന്തോ. എല്ലാവരും പ്രഫസര്‍മാറാകണമെന്നല്ല ഞാന്‍ പറയുന്നത്.

എന്നെ  സംബന്ധിച്ചേടത്തോളം പഠനത്തിന്റയും അധ്യാപനത്തിന്റെയും ഒരു ദീര്‍ഘയാത്രയായിരുന്നു അത്. ഈ യാത്രക്കിടയില്‍ ഇതര മതങ്ങളെ മനസ്സിലാക്കാനും ആദരിക്കാനും സാധിച്ചത് എന്റെ അടിസ്ഥാനം ഇസ്‌ലാമായതു കൊണ്ടാണ്. പുതിയ മുസ്‌ലിംകളോട് എനിക്കുപറയാനുള്ളത്. മുസ്‌ലിമാവുന്നതോടെ ഒരാള്‍ മറ്റൊരു വ്യക്തിയായി മാറുന്നില്ല എന്ന് മനസ്സിലാക്കണമെന്നാണ്. പ്രവാചകന്‍ പറയുകയുണ്ടായി ജനങ്ങള്‍ ഇസ്‌ലാമിലേക്ക് വരുമ്പോള്‍ അവരുടെ കഴിവുകളുമായാണ് വരുന്നത്. അതുകൊണ്ട് അനുചരന്മാരില്‍ പലരും പ്രത്യേക കഴിവുകളും സാമര്‍ഥ്യവുമുള്ളവരായിരുന്നു. ഇതായിരുന്നു അവര്‍ പിന്നീട് തുടര്‍ന്ന് പ്രകടിപ്പിച്ചത്. ഇത് എനിക്കും ബാധകമാണ്. ജീവിതത്തില്‍ ധാരാളം വെല്ലുവിളികളും തുടരുന്ന സംഘര്‍ഷങ്ങളുമുണ്ട്. അതിനെല്ലാം പരിഹാരം ക്ഷമയാണ്. ഇത് എന്റെ ഇരുപത് വര്‍ഷത്തെ യാത്രയാണ്. അത് ഇനിയും എത്രനാള്‍ എവിടെവരെ എന്ന് അല്ലാഹു മാത്രമേ അറിയൂ. ക്ഷമയോടെ നിര്‍ഭയരായി സന്തോഷത്തോടു പ്രതീക്ഷയോടും അല്ലാഹുവിന്റെ പ്രതിഭാസത്തെ കാത്തിരിക്കുക. അമുസ്‌ലിംകളാണ് ഇന്ന് എന്നെ ശ്രവിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ചുറ്റുമുള്ള ഇസ്‌ലാം ഉള്‍പ്പെടെയുള്ള ലോകത്തെകുറിച്ച് അറിയല്‍ നിങ്ങളുടെ ബാധ്യതയാണ്. ഇസ്‌ലാം ഇന്ന് നമ്മുടെ ലോകത്ത് അനിവാര്യതയായിരിക്കയാണ്. നിങ്ങള്‍ ഒരു മുസ്‌ലിമിനെയെങ്കിലും ഏതെങ്കിലും അവസരത്തില്‍ ബന്ധപ്പെടും. നാം അന്യോന്യം അറിയേണ്ടതുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന പക്ഷം ധാരാളം സ്രോതസ്സുകള്‍ ലഭ്യമാണ്. നിങ്ങള്‍ ഹവായിയിലാണെങ്കില്‍ വല്ല സഹായവും വേണ്ടിവന്നാല്‍ യൂനിവേഴ്‌സിറ്റിയിലെ മതകാര്യവകുപ്പില്‍ എന്നെ ബന്ധപ്പെടുക. മുസ്‌ലിം കുടുംബമാണെങ്കില്‍  നമുക്ക് കൂടുതല്‍ അറിവ് പങ്കുവെക്കുകയും സൗഹൃദവും കാരുണ്യവും കൈമാറുകയും ചെയ്യാം. ഇതാണെനിക്ക് അറിയിക്കാനുള്ളത്.

മൊഴിമാറ്റം: മുനഫര്‍ കൊയിലാണ്ടി

Related Articles