Current Date

Search
Close this search box.
Search
Close this search box.

ബന്ധുക്കളുമായുള്ള വിവാഹം: ശാസ്ത്രത്തിലും നാഗരികതയിലും

അല്ലാഹു നിയമമാക്കിയ സംവിധാനമാണ് വിവാഹം. മനുഷ്യരിലെ സ്ത്രീ-പുരുഷ വര്‍ഗങ്ങളുടെ കൂടിച്ചേരലിനുള്ള വേദിയാണത്. അപൂര്‍വ്വമായ ഈ കൂടിച്ചേരലിന് ഇതല്ലാത്ത ഒരു മാര്‍ഗ്ഗം ശരീഅത്ത് അനുവദിക്കുന്നില്ല. ന്യൂനതകളില്ലാതെ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ പ്രകൃത്യായുള്ള വിളിക്കുത്തരമാണിത്.

വിവാഹം ജൈവിക ആവശ്യമെന്നതിലുപരിയായി മനുഷ്യവര്‍ഗത്തെ നിലനിര്‍ത്തുന്നതിനുള്ള സാമൂഹ്യ സംവിധാനം കൂടിയാണ്. ഭൂമിയില്‍ മാനവിക നാഗരികതയുടെ തുടര്‍ച്ച നിലനിര്‍ത്തുന്നത് അതിലൂടെയാണ്. ഭൂമിയില്‍ അല്ലാഹുവിന്റെ പ്രാതിനിധ്യം നിലനിര്‍ത്തുകയെന്നത് സാക്ഷാല്‍കരിക്കുന്നതിനുള്ള മാര്‍ഗവും അത് തന്നെയാണ്. അതുകൊണ്ട് തന്നെ അല്ലാഹുവിനുള്ള ഇബാദത്തിന്റെ ഭാഗമാണത്.

മനുഷ്യനിലെ നൈസര്‍ഗികമായ ലൈംഗിക വികാരങ്ങളുടെ പൂര്‍ത്തീകരിക്കുന്നതിലൂടെ ജൈവികവും വിശ്വാസപരവുമായ അനിവാര്യതയെയാണ് വിവാഹം പ്രതിനിധീകരിക്കുന്നതെന്ന് വിശുദ്ധ ഖുര്‍ആനിലെ അതുമായി ബന്ധപ്പെട്ട ആയത്തുകള്‍ വിശകലനം ചെയ്താല്‍ വ്യക്തമാകും. അന്ത്യദിനം വരെ ഭൂമിയില്‍ മനുഷ്യകുലത്തിന്റെ നിലനില്‍പ്പ് അതിലൂടെയാണ്.

മാതൃകാ വിവാഹത്തിന് വൈദ്യശാസ്ത്രത്തിന് അതിന്റേതായ വീക്ഷണമുണ്ട്. വിവാഹത്തെ സംബന്ധിച്ച വൈദ്യശാസ്ത്രത്തിന്റെ നിലപാട് അന്വേഷിക്കുന്ന ഒരാള്‍്ക്ക് അത് കണ്ടെത്താന്‍ പ്രയാസമൊന്നുമില്ല. പ്രത്യേകിച്ചും ശാസ്ത്രം പ്രായോഗികവും പരീക്ഷണത്തിലൂടെ സ്ഥാപിക്കുന്നതുമാകുമ്പോള്‍ അതിന്റെ ഫലങ്ങളെ നാം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. കാരണം നാമിന്ന് ജീവിക്കുന്നത് ശാസ്ത്രയുഗത്തിലാണ്.

അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം പാരമ്പര്യ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു. ഇരുനൂറോളം രോഗങ്ങള്‍ക്കിത് കാരണമാകുന്നുവെന്നാണ് ചില വൈദ്യശാസ്ത്ര ഗവേഷണ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ രോഗങ്ങള്‍ക്ക് മറ്റു സാധ്യതകളില്ലെന്നാണ് ഡോക്ടര്‍മാരുടെ പഠനങ്ങളും നിരൂപണങ്ങളും പറയുന്നത്.

അടുത്ത ബന്ധുക്കളെ വിവാഹം ചെയ്യുന്നതിനെ പറ്റിയുള്ള വൈദ്യശാസ്ത്രത്തിന്റെ നിലപാടാണ് പറഞ്ഞത്. നാഗരിക വിദഗ്ദര്‍ എങ്ങനെയാണതിനെ കാണുന്നത്? അടുത്ത ബന്ധുക്കളുമായുള്ള വിവാഹം ഒരു സാമൂഹിക പ്രതിഭാസമാണെന്ന്് മനുഷ്യ നാഗരികതയുടെ ചരിത്രം വ്യക്തമാക്കുന്നു. ചരിത്രത്തിലെ പല സമൂഹങ്ങളിലും ഇത് സുപരിചിതമായിരുന്നു. പ്രസ്തുത പ്രതിഭാസത്തില്‍ നിന്ന് ചില രോഗങ്ങളും ഉടലെടുത്തു. ഇക്കാരണത്താല്‍ ദീനീ വീക്ഷണപ്രകാരം അതിന്റെ വ്യാപനം അനഭികാമ്യമായി കണക്കാക്കുന്നു.

നാഗരികതയുടെ വീക്ഷണം മതത്തില്‍ നിന്ന് വേര്‍പ്പെട്ട ഒന്നായിരുന്നില്ലെന്ന് ചരിത്രം ശക്തിപ്പെടുത്തുന്നു. ചരിത്രം നാഗരികതയുടെ ജീവസുറ്റ വിവരണമാണെന്ന് നമുക്കറിയാം. ചരിത്രം മനുഷ്യനിര്‍മ്മിതവും നാഗരികത മനുഷ്യരുടെ ക്രിയാത്മകതയുമാണ്. ശക്തരായ മനുഷ്യരെ രൂപപ്പെടുത്തുന്നതിലൂടെയല്ലാതെ ഈ ക്രിയാത്മകത സാധ്യമാവുകയില്ല. സ്ത്രീപുരുഷ ബന്ധത്തിലൂടെയാണ് ഇത്തരത്തിലുള്ള ശക്തരായ ആളുകള്‍ ജന്മമെടുക്കുന്നത്. അവര്‍ക്കിടയിലുള്ള ബന്ധം അകലുന്നതിനനുസരിച്ച് അതിലുണ്ടാകുന്ന തലമുറയും ശക്തമാകും.

ചരിത്രം ഈ യാഥാര്‍ത്ഥ്യത്തിന് ഉത്തമമായ സാക്ഷിയാണ്. അറബികളായിരുന്ന മുസ്‌ലിംകള്‍ റോം, പേര്‍ഷ്യ, ഈജിപ്ത്, സ്‌പെയ്ന്‍, തുര്‍ക്കി, ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളെ അടിസ്ഥാനമാക്കി നാഗരികത കെട്ടിപ്പടുത്തു. അവര്‍ക്കിടയില്‍ വിവാഹ ബന്ധങ്ങള്‍ ഉണ്ടാവുകയും അതില്‍ നിന്നും ശക്തരായ ഒരു തലമുറതന്നെ ഉടലെടുക്കുകയും ചെയ്തു. അവര്‍ ‘മുവല്ലിദൂന്‍’ എന്നപേരിലാണ് അവര്‍ അറിയപ്പെടുന്നത്. ഈ നാഗരികതയുടെ പ്രതിഫലനമെന്നോണം സ്‌ഫോടനാത്മകമായ പാരമ്പര്യ ഗുണങ്ങളെ വഹിക്കുന്ന ഒരു പുതുതലമുറയായി അവര്‍ മാറി. ഈ മനുഷ്യവിഭാഗമായിരുന്നു ഇസ്‌ലാമിക നവജാഗരണത്തിന്റെ എണ്ണയായി വര്‍ത്തിച്ചത്. മാനവിക പുരോഗതിയില്‍ വലിയ പങ്കുകള്‍ വഹിച്ച ഇസ്‌ലാമിക നാഗരികതയായിരുന്നു അത്.
ഈ വിവരണം ശരിവെക്കുകയാണെങ്കില്‍ ചരിത്രത്തില്‍ നമുക്കതിനെ ജൈവിക വികാസം എന്നു വിളിക്കാം. പാശ്ചാത്യന്‍ ശാസ്ത്രജ്ഞനായ മെന്റല്‍ പാരമ്പര്യ നിയമങ്ങള്‍ കണ്ടുപിടിക്കുന്നതിന് മുമ്പായിരുന്നു അത്.

ബന്ധുക്കളല്ലാത്തവരെ വിവാഹം ചെയ്യുന്നതിലൂടെ സാമൂഹ്യതലത്തില്‍ നാഗരികവികാസവും പ്രകടമാണ്. വിവാഹത്തിലൂടെ വ്യത്യസ്തങ്ങളായ കുടുംബങ്ങള്‍ക്കിടയില്‍ ബന്ധം രൂപപ്പെടുന്നു. അതിലൂടെ സമൂഹം ഒന്നടങ്കം സനേഹത്തിന്റെയും കാരുണ്യത്തിന്റെയും അടിത്തറയിലുള്ള ഒരൊറ്റ ഘടകമായി മാറുന്നു. ഖുര്‍ആനിക വചനങ്ങളെ സത്യപ്പെടുത്തുകയാണത് ചെയ്യുന്നത്. ‘അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.’ (അര്‍റൂം: 21)  ഇസ്‌ലാമിക സമൂഹം അതിന്റെ പ്രശോഭിതമായ പൂര്‍വ്വകാലത്തേക്ക് പോകാനാഗ്രഹിക്കുന്നുവെങ്കില്‍ ബന്ധുക്കളില്‍ നിന്നുള്ള വിവാഹത്തെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. വ്യത്യസ്തകളും വൈവിധ്യങ്ങളും നിലനില്‍ക്കുന്ന സമൂഹങ്ങളിലെ വ്യക്തികള്‍ക്കിടയില്‍ ജൈവിക ബന്ധം രൂപപ്പെടുന്നതിനാണത്. അല്ലാഹു പറയുന്നു: ‘മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.’ (അല്‍ഹുജുറാത്ത്: 13) അല്ലാഹു പറഞ്ഞിരിക്കുന്നതെത്ര അര്‍ത്ഥവത്താണ്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles