Current Date

Search
Close this search box.
Search
Close this search box.

ഫോട്ടോഗ്രഫി ഇസ്‌ലാം അനുവദിക്കുന്നുണ്ടോ?

photogr.jpg

ചോദ്യം : വരക്കുന്നതില്‍ നിന്നും കൊത്തിയുണ്ടാക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായി ലെന്‍സും ലൈറ്റും ഉപയോഗിച്ച് ഒരു വസ്തുവിന്റെ അല്ലെങ്കില്‍ ഒരു ജീവിയുടെ പ്രതിബിംബം പകര്‍ത്തുകയാണ് ഫോട്ടോഗ്രഫി ചെയ്യുന്നത്. ഇസ്‌ലാമിക കാഴ്ച്ചപ്പാടില്‍ ഇതിന്റെ വിധി എന്താണ്?

മറുപടി : ഫോട്ടോഗ്രഫി ഒരു വിനിമയ സംവിധാനം എന്ന തരത്തില്‍, അല്ലെങ്കില്‍ ഓര്‍മകളെ മങ്ങാതെ സൂക്ഷിച്ചു വെക്കാനുള്ള സംവിധാനം എന്ന നിലയില്‍ നിരോധിക്കപ്പെട്ട ‘തസ്‌വീര്‍’ (ചിത്രീകരണം) എന്ന ഇനത്തില്‍ പെടുകയില്ല. ചിത്രീകരണം വിലക്കുന്ന നിരവധി ഹദീസുകള്‍ പ്രവാചകന്‍(സ)യില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട് വന്നിട്ടുണ്ട്. പ്രസ്തുത വിലക്ക് കുറിക്കുന്നത് രൂപങ്ങളും ചിത്രങ്ങളും വരക്കലും കൊത്തിയുണ്ടാക്കലുമാണ്. വിഗ്രഹാരാധനയും ശിര്‍ക്കുമായും അടുത്ത ബന്ധമുണ്ടായിരുന്നു എന്ന കാരണത്താലാണത്. തങ്ങള്‍ ആരാധിക്കുന്ന മൂര്‍ത്തികളുടെ രൂപങ്ങള്‍ വരക്കലും കൊത്തിയുണ്ടാക്കലും ആളുകളുടെ ശൈലിയായിരുന്നു. ശിര്‍ക്കുമായി ചിത്രീകരണത്തിനുള്ള അടുത്ത ബന്ധം മുന്‍നിര്‍ത്തിയാണ് ഇസ്‌ലാം അതിനെ വിലക്കിയത്. ഇസ്‌ലാമിക കര്‍മശാസ്ത്ര തത്വമനുസരിച്ച് ഹറാമിലേക്ക് നേരിട്ട് നയിക്കുന്ന കാര്യങ്ങളും ഹറാം തന്നെ. ചുരുക്കത്തില്‍ ശിര്‍ക്കിലേക്ക് നയിക്കുന്ന എന്ന കാരണത്താലാണ് ചിത്രീകരണം ഇസ്‌ലാം നിഷിദ്ധമാക്കിയത്.

എന്നാല്‍ ഇന്ന് നമുക്കു സുപരിചിതമായ ഫോട്ടോഗ്രഫി അതിന് കീഴില്‍ വരില്ല. എന്നാലും ചില പണ്ഡിതന്‍മാര്‍ നിഷിദ്ധമാക്കപ്പെട്ട ചിത്രീകരണത്തിന്റെ പരിധിയില്‍ ഫോട്ടോഗ്രഫിയെ പെടുത്തി ശക്തായി എതിര്‍ത്തിട്ടുണ്ട്. പില്‍ക്കാലത്ത് അവരില്‍ പലരും ആ നിലപാട് ഉപേക്ഷിക്കുകയും തങ്ങളുടെ തന്നെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിന് അനുവാദം നല്‍കിയതായും കാണാം. മുമ്പ് പാസ്‌പോര്‍ട്ട്, ലൈസന്‍സ് പോലുള്ള വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായിരുന്നു അവര്‍ അതില്‍ ഇളവുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നത്. ഫോട്ടോഗ്രഫിക്കുള്ള പ്രാധാന്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അവരുടെ കാഴ്ച്ചപ്പാടിലെ ഈ മാറ്റം.

ഇതോടൊപ്പം തന്നെ ഈ മുന്നറിയിപ്പ് കൂടി ഇതിനോട് ചേര്‍ത്ത് പറയേണ്ടതുണ്ട്. നേതാക്കളുടെയും വീരനായകന്‍മാരുടെയും ഫോട്ടോകളെടുത്ത് അത് ചുമരില്‍ തൂക്കുന്നത് അനുവാദമുള്ള ഫോട്ടോഗ്രഫിയുടെ ഇനത്തില്‍ പെടില്ല. അത് ആദരവിന്റെയും വീരാരാധനയുടെയും ഒരു തലത്തിലേക്ക് ഉയര്‍ന്നേക്കും. ചിത്രീകരണം വിലക്കിയതിന് പിന്നിലെ മുഖ്യ ഊന്നല്‍ അതായിരുന്നുവെന്ന് നാം വിസ്മരിക്കരുത്. അതുകൊണ്ട് തന്നെ എല്ലാതരത്തിലുള്ള ഫോട്ടോഗ്രഫിയെയും ഹലാലാക്കുന്ന നിരുത്തരവാദപരമായ പ്രസ്താവനകളും നടത്തരുത്. അതിന്റെ ഉപയോഗത്തെ കൂടി പരിഗണിച്ചായിരിക്കണം അതിന്റെ വിധി നിര്‍ണയിക്കേണ്ടത്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ളതും വീരാരാധനക്ക് പ്രചോദനമാകുന്ന കാര്യമാകുന്ന കാര്യങ്ങളും കടന്നു വരാത്ത ഫോട്ടോഗ്രഫി നിഷിദ്ധമാണെന്ന് പറയുന്നതിന് ന്യായമൊന്നുമില്ല.

വിവ : നസീഫ്‌

Related Articles