Current Date

Search
Close this search box.
Search
Close this search box.

ഫിഖ്ഹിന്റെ ചരിത്രം

ഇസ്‌ലാമിക നാഗരികതയുടെ അടിസ്ഥാനങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഫിഖ്ഹ്. ഫിഖ്ഹ് രൂപം കൊണ്ട വിധം, നാല് ഇമാമുമാരുടെ കീഴിലുള്ള കര്‍മശാസ്ത്ര സരണികളുടെ സാമൂഹിക പശ്ചാത്തലം, അവര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളുടെ മാനദണ്ഡം തുടങ്ങിയവ ഫിഖ്ഹിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. ഒരു കാര്യത്തെ കുറിച്ച് അറിവും ബോധ്യവുമുണ്ടാവുക എന്നാണ് ഫിഖ്ഹ് എന്നതിന്റെ ഭാഷാര്‍ഥം. ഇസ്‌ലാമികമായ പ്രമാണങ്ങളില്‍ നിന്നും നിര്‍ദ്ധാരണം ചെയ്‌തെടുത്ത വിധികളെ കുറിച്ചുള്ള വിജ്ഞാനമാണ് സാങ്കേതികാര്‍ത്ഥത്തില്‍ ഫിഖ്ഹ്.

പ്രവാചകന്‍ പ്രഥമ ഫഖീഹ്
പ്രവാചകന് ദിവ്യബോധനം ലഭിക്കാന്‍ ആരംഭിച്ചിടത്തു തന്നെയാണ് ഫിഖ്ഹിന്റെ ചരിത്രവും തുടങ്ങുന്നത്. തങ്ങളെ ബാധിച്ച ഓരോ വിഷയങ്ങളുമായി സ്വഹാബിമാര്‍ പ്രവാചകന്റെ(സ) അടുത്തെത്തിയപ്പോള്‍ അദ്ദേഹം അവര്‍ക്കതിനുള്ള മറുപടി നല്‍കിയിരുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ അവലംബമായിരുന്നു അദ്ദേഹം. ഖുര്‍ആനില്‍ നിന്ന് മനസിലാക്കിയതിന്റെയും, തനിക്ക് ലഭിച്ച വഹ്‌യിന്റെയും അടിസ്ഥാനത്തില്‍ ഇജ്തിഹാദ് നടത്തിയാണ് നബി(സ) തീരുമാനങ്ങളെടുത്തിരുന്നത്.

ഖുര്‍ആന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇജ്തിഹാദ് നടത്താന്‍ പ്രവാചകന്‍(സ) തന്റെ യോഗ്യരായ അനുയായികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഇത്തരത്തില്‍ അവര്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ നബി(സ) അംഗീകരിക്കുകയും അല്ലാത്തപക്ഷം തിരുത്തുകയും ചെയ്യാറുണ്ടായിരുന്നു. ദീനീവിജ്ഞാനീയങ്ങളിലും ഖുര്‍ആനും സുന്നത്തും മനസിലാക്കുന്നതിലും പ്രഗല്‍ഭരായ പലരും ഉണ്ടായിരുന്നു. പ്രവാചകന്‍(സ) തന്റെ ജീവിത കാലത്തുതന്നെ അവരില്‍ പലരെയും പ്രശംസിച്ചിട്ടുണ്ട്. പ്രവാചകന്റെ കാലത്ത് നടന്ന നിയമനിര്‍ദ്ധാരണങ്ങളായിരുന്നു അദ്ദേഹത്തിന് ശേഷം വന്ന ഫുഖഹാക്കള്‍ അടിസ്ഥാനമായി സ്വീകരിച്ചത്.

ഇസ്‌ലാമിക ശരീഅത്തിന്റെ സ്രോതസ്സുകള്‍
പ്രവാചകന്റെ കാലത്ത് ഫിഖ്ഹ് പ്രായോഗികമായി ഖുര്‍ആനെയും സുന്നത്തിനെയും അവലംബിച്ചായിരുന്നു. അക്കാലത്ത് ഇജ്മാഉം ഖിയാസും ഉണ്ടായിരുന്നില്ല. വ്യക്തമായ തെളിവില്ലാത്തപ്പോഴാണ് ഖിയാസിനെ അവലംബിക്കേണ്ടി വരിക. പ്രവാചകന്‍(സ) ജീവിച്ചിരിക്കെ വ്യക്തമായ തെളിവില്ലാത്ത പ്രശ്‌നം ഉല്‍ഭവിക്കുന്നേയില്ല. ഇനി നബി(സ) ഒരു വിഷയത്തില്‍ ഇജ്തിഹാദ് നടത്തുകയാണെങ്കില്‍ അതിനെ അല്ലാഹു അംഗീകരിക്കുന്നതോടെ അത് തെളിവായി മാറുന്നു.
പ്രവാചകന്‍(സ)യുടെ മരണത്തിന് ശേഷമുള്ള ഘട്ടമാണ് ഫിഖ്ഹിന്റെ രണ്ടാം ഘട്ടമായി കണക്കാക്കുന്നത്. ഹി.11 മുതല്‍ 40 വരെയുള്ള സ്വഹാബിമാരുടെ കാലഘട്ടമാണിത്.

സഹാബിമാര്‍: ഫിഖ്ഹിന്റെ സംരക്ഷകരും പ്രചാരകരും
പ്രവാചകാധ്യാപനങ്ങള്‍ മുഴുവനായി, ഒരു കുറവും വരുത്താതെ സഹാബിമാര്‍ അടുത്ത തലമുറയിലേക്ക് കൈമാറി. ചിലര്‍ക്ക് ചില ഹദീസുകള്‍ അറിയാതെ പോയെങ്കിലും മുഴുവന്‍ സഹാബികളും അവയെ വിസ്മരിച്ചില്ല. ഇമാം ശാഫി പറയുന്നത് കാണുക: ‘മുഴുവന്‍ സഹാബിമാരും പ്രവാചകന്റെ വൃത്താന്തങ്ങളും വാക്കുകളും ഫത്‌വകളും മനസിലാക്കി. പ്രവാചകന്‍(സ)യുടെ കാലം ശരീഅത്ത് എത്തിക്കുന്ന കാലമായിരുന്നെങ്കില്‍ സഹാബികളുടേത് അതിന്റെ സംരക്ഷണ ഘട്ടമായിരുന്നു. നബി(സ) വ്യക്തമാക്കിതുപോലെ തനിക്കു ശേഷമുള്ളവരിലേക്ക് എത്തിച്ചതും അവരായിരുന്നു.’

ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും വിധികള്‍ കണ്ടെത്താന്‍ പ്രഗല്‍ഭരായിരുന്നു സഹാബിമാര്‍. മുആദ് ബിന്‍ ജബലിന്റെ സംഭവം വ്യക്തമാക്കിതരുന്നത് അതാണ്. അദ്ദേഹത്തെ നബി(സ) യമനിലേക്ക് അയച്ചപ്പോള്‍, എങ്ങനെ വിധികല്‍പ്പിക്കുമെന്ന് ചോദിച്ചു. അല്ലാഹുവിന്റെ ഗ്രന്ഥമനുസരിച്ച് എന്നദ്ദേഹം മറുപടി നല്‍കി. അതിലില്ലാത്ത കാര്യമാണെങ്കിലോ, എന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്‍(സ) ചര്യയനുസരിച്ച് എന്നും മറുപടി നല്‍കി. അതിലും ഇല്ലാത്ത കാര്യമാണെങ്കിലോ എന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ ഇജ്തിഹാദ് നടത്തും’ എന്ന മറുപടിയദ്ദേഹം നല്‍കി. അത് കേട്ട് നബി(സ) അദ്ദേഹത്തെ പ്രശംസിക്കുകയാണ് ചെയ്തത്. അവര്‍ വിഷയത്തെ ആഴത്തില്‍ മനസിലാക്കുകയും ഗവേഷണം നടത്തുകയും ചെയ്തിരുന്നുവെന്ന് ഇക്കാര്യം വ്യക്തമാക്കുന്നു. പുതുതായി വരുന്ന വിഷയങ്ങളില്‍ ഇജ്തിഹാദ് നടത്തുന്നതിന് അവര്‍ മടികാണിച്ചിരുന്നില്ല.

സഹാബികളിലെ കര്‍മശാസ്ത്രകാരന്‍മാര്‍
നൂറ്റിമുപ്പിതിലധികം സഹാബിമാരുടെ ഫത്‌വകള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. അവരില്‍ ഏറ്റവും പ്രമുഖരായ ഏഴുപേരാണ് ഉമര്‍ ബിന്‍ ഖത്താബ്, അലി ബിന്‍ അബീത്വാലിബ്, അബ്ദുല്ലാ ബിന്‍ മസ്ഊദ്, ആഇശ, സൈദ് ബിന്‍ സാബിത്, അബ്ദുല്ലാഹ് ബിന്‍ അബ്ബാസ്, അബ്ദുല്ലാ ബിന്‍ ഉമര്‍ തുടങ്ങിയവര്‍. സഹാബികള്‍ക്കിടയില്‍ പ്രമുഖ ഫഖീഹായിരുന്നു ഉമര്‍(റ)വെന്ന് ശഅബി പറയുന്നു: ‘ജനങ്ങള്‍ ഒരു കാര്യത്തില്‍ ഭിന്നിച്ചാല്‍ അവര്‍ ഉമറിന്റെ തീരുമാനം സ്വീകരിക്കും’ വിജ്ഞാനത്തിന്റെ 90 ശതമാനവും ഉമറിന്റെ പക്കലാണെന്ന് ഇബ്‌നു മസ്ഊദ് പറഞ്ഞിട്ടുണ്ട്. മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു: ‘ത്രാസിന്റെ ഒരു തട്ടില്‍ ഉമറിന്റെ അറിവും മറ്റേതട്ടില്‍ ഭൂമിയിലുള്ള മുഴുവന്‍ ആളുകളുടെ അറിവും വെച്ചാല്‍ ഉമറിന്റേത് മുന്നിട്ട് നില്‍ക്കും.’ ഇവിടെ ഉമര്‍(റ)ന്റെ ജ്ഞാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ദീനിലുള്ള അറിവും അതിന്റെ അടിസ്ഥാനത്തില്‍ വിധികള്‍ കണ്ടെത്താനുള്ള കഴിവുമാണ്, മസ്‌റൂഖ് പറയുന്നു: ‘പ്രവാചകാനുയായികളില്‍ ഫത്‌വയുടെ ആളുകളായിരുന്നു ഉമര്‍, അലി, ഇബ്‌നു മസ്ഈദ്, സൈദ്, ഉബയ്യ് ബിന്‍ കഅ്ബ്, അബൂ മൂസാ അല്‍ അശ്അരി എന്നിവര്‍.’ ആമിര്‍ പറയുന്നു: ‘നാലുപേരാണ് ഈ ഉമ്മത്തിലെ വിധികര്‍ത്താക്കള്‍ ഉമര്‍, അലി, സൈദ്, അബൂ മൂസാ അല്‍ അശ്അരി(റ) എന്നിവരാണവര്‍.’ മേല്‍പറയപ്പെട്ട സഹാബിമാരെല്ലാം ഫത്‌വയിലും ഫിഖ്ഹിലും പ്രഗല്‍ഭരായിരുന്നു. സഹാബിമാര്‍ അവരുടെ സംശയ നിവാരണത്തിന് ആഇശ(റ)ന്റെ അടുക്കലാണ് എത്തിയിരുന്നുവെന്നത് അവര്‍ക്ക് ഈ വിഷയങ്ങളിലുള്ള കഴിവ് വ്യക്തമാക്കുന്നതാണ്.
ഖുര്‍ആനില്‍ നിന്നും പ്രവാചകചര്യയില്‍ നിന്നും വ്യക്തമായ തെളിവ് ലഭിക്കാത്ത കാര്യങ്ങളില്‍ ഇജ്തിഹാദ് നടത്തുന്നവരായിരുന്നു സഹാബിമാര്‍. പ്രവാചക വെളിച്ചത്തിന്റെ തുടര്‍ച്ചയായിരുന്നു അവരുടെ ഇജ്തിഹാദ്. ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് നന്നായി അറിയുന്നവരായിരുന്നു അവര്‍. ഇസ്‌ലാമിന്റെ ആത്മാവിനെയും അതിന്റെ ലക്ഷ്യങ്ങളെയും ഏറ്റവും നന്നായി മനസിലാക്കിയവരാണ് അവര്‍. ഖുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളും ഇറങ്ങാനുണ്ടായ സംഭവങ്ങളെക്കുറിച്ചും അവര്‍ക്കറിവുണ്ടായിരുന്നു.

താബിഈ കര്‍മശാസ്ത്രകാരന്‍മാര്‍
സഹാബികള്‍ക്ക് ശേഷമാണ് താബിഉകളില്‍ പെട്ട ഫുഖഹാക്കളുടെ കാലം. സഹാബിമാരുടെ ശിഷ്യരും അവരുടെ മാര്‍ഗം സ്വീകരിച്ചവരുമായിരുന്നു അവര്‍. അവരില്‍ വളരെ പ്രമുഖരാണ് അത്വാഅ്, മുജാഹിദ്, ഇബ്‌നു ജുബൈര്‍, ഹസന്‍ ബിന്‍ സിരീന്‍, അല്‍ഖമ, നഗഈ, ശഅ്ബീ, ത്വാഊസ്, മക്ഹൂല്‍, യസീദ് ബിന്‍ അബീ ഹബീബ് തുടങ്ങിയവര്‍. എല്ലാ സഹാബി പ്രമുഖരോടൊപ്പവും താബിഉകള്‍ സഹവസിച്ചിരുന്നു. പ്രത്യേക വിഷയങ്ങള്‍ അവരില്‍ നിന്ന് പഠിക്കുകയും ചെയ്തിരുന്നു. സഹാബികള്‍ നടത്തിയ ഇജ്തിഹാദിനെ മാതൃകയാക്കി താബിഈകളില്‍ പെട്ടവരും ഇജ്തിഹാദ് നടത്തിയിരുന്നു. ഇസ്‌ലാമികാടിസ്ഥാനങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ തന്നെ അവര്‍ ഇജ്തിഹാദിന് വ്യത്യസ്ത രീതികള്‍ സ്വീകരിച്ചിരുന്നു. ഇറാഖിലെ ഫുഖഹാക്കള്‍ ഖിയാസിന് പ്രാധാന്യം നല്‍കികൊണ്ടുള്ള രീതിയാണ് അവലംബിച്ചിരുന്നത്. ഹിജാസിലെ ഫുഖഹാക്കള്‍ പൊതുനന്മക്ക് അഥവാ മസ്്‌ലഹത്തിന് പ്രാമുഖ്യം നല്‍കുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്.

മദ്ഹബുകളുടെ ആരംഭം
ഇസ്‌ലാമിക രാഷ്ട്രം വിശാലമായതോടെ താബിഉകള്‍ വ്യത്യസ്ത പട്ടണങ്ങളില്‍ താമസമായി. ഓരോ പ്രദേശത്തെയും പണ്ഡിതര്‍ക്ക് സഹാബികള്‍ അഭിമുഖീകരിച്ചിട്ടില്ലാത്ത പല വിഷയങ്ങളും കൈകാര്യം ചെയ്യേണ്ടിവന്നു. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ വൃത്തം വിശാലമാകുന്നതിന് ഇത് നിമിത്തമായി. താബിഉകള്‍ക്കിടയില്‍ ഓരോ വിഷയങ്ങളിലും വ്യത്യസ്ത വീക്ഷണങ്ങള്‍ ഉടലെടുത്തു. താബിഈ കര്‍മശാസ്ത്രകാരന്‍മാരുടെ സ്വതന്ത്രമായ അഭിപ്രായ സരണിയെയാണ് മദ്ഹബ് എന്നു വിളിക്കുന്നത്. അവരില്‍ പ്രമുഖരാണ് സഈദ് ബിന്‍ മുസയ്യിബ്, അബ്ദുല്ലാഹ് ബിന്‍ ഉമര്‍, യഹ്യ ബിന്‍ സഈദ്, റബീഅഃ ബിന്‍ അബ്ദുറഹ്മാന്‍, അത്വാഅ് ബിന്‍ അബീറബാഹ്, ഇബ്‌റാഹീം നഖഈ, ശഅബി, ഹസന്‍ ബസ്വരി, ത്വാഊസ് ബിന്‍ കൈസാന്‍ തുടങ്ങിയവര്‍.
പ്രവാചകന്‍(സ)യുടെ കാലത്ത് തന്നെ കര്‍മശാസ്ത്ര വിഷയങ്ങളില്‍ സഹാബികള്‍ക്കിടയിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന് പ്രത്യേകം ഉണര്‍ത്തേണ്ടതുണ്ട്. അത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് താബിഉകള്‍ക്കിടയിലും നിലനിന്നിരുന്നത്. ശാഖാപരവും മുസ്‌ലിങ്ങള്‍ക്ക് ദോഷം വരുത്താത്തതുമായ കാര്യങ്ങളിലായിരുന്നു അഭിപ്രായ വ്യത്യാസങ്ങള്‍.

കര്‍മശാസ്ത്ര ഭിന്നതകള്‍ക്ക് കാരണം
കര്‍മശാസ്ത്ര വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാന്‍ ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും അവയെ നമുക്ക് നാലെണ്ണത്തില്‍ ഒതുക്കി സംഗ്രഹിക്കാം.
1) പ്രമാണം സ്ഥിരപ്പെട്ടതാണോ അല്ലയോ എന്നതിലെ അഭിപ്രായവ്യത്യാസം: ഇജ്തിഹാദിന്റെ അടിസ്ഥാനമാണ് പ്രമാണം. അതിനെ ആസ്പദമാക്കിയാണ് ഗവേഷണം നടത്തുന്നത്. ശരിയായി വന്ന പ്രമാണം തെളിവിനെടുക്കാവുന്നതാണ്. അതിന്റെ സ്ഥിരതയില്‍ സംശയം വരുമ്പോഴാണ് ഭിന്നാഭിപ്രായങ്ങളും ഉണ്ടാവുന്നത്. ‘ഹദീസ് ശരിയായി വന്നാല്‍ അതു തന്നെയാണ് എന്റെ അഭിപ്രായം’ എന്നാണ് ഇമാമുകളെല്ലാം പറഞ്ഞിട്ടുള്ളത്.
2) പ്രമാണത്തെ മനസിലാക്കുന്നതില്‍ വരുന്ന ഭിന്നത: പണ്ഡിതന്‍മാര്‍ ഒരു തെളിവിനെ മനസിലാക്കുന്നതിലുള്ള വ്യത്യാസം രണ്ടു തരത്തിലാണ് സംഭവിക്കുക. ഒന്ന് തെളിവ് തന്നെ അത്തരത്തിലുള്ളതാവുകയും രണ്ടാമത്തേത് മുജ്തഹിദ് അതിനെ മനസിലാക്കുന്നിടത്ത് സംഭവിക്കുന്നതുമാണ്. ഇതില്‍ ഒന്നാമത്തെതിന് ഉദാഹരണമാണ് ‘ശുദ്ധിയുള്ളവനല്ലാതെ ഖുര്‍ആന്‍ സ്പര്‍ശിക്കരുത്’ എന്ന പ്രവാചക വചനം. പ്രസ്തുത ഹദീസില്‍ ഉപയോഗിച്ചിരിക്കുന്ന ത്വാഹിര്‍ എന്ന പദം വലിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവുക, ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവുക, മുഅ്മിന്‍ ആവുക, ശരീരത്തില്‍ മാലിന്യം ഇല്ലാതിരിക്കുക തുടങ്ങിയ അര്‍ഥങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതാണ്. അത് തന്നെയാണ് ഇവിടെ അഭിപ്രായ വ്യത്യാസം ഉണ്ടായതിന് കാരണവും. രണ്ടാമത്തെ തരത്തിലുള്ള അഭിപ്രായ വ്യത്യാസത്തിന് ഉദാഹരണം ബനൂഖുറൈദയില്‍ എത്തുന്നതിന് മുമ്പ് അസ്വര്‍ നമസ്‌കരിക്കരുതെന്ന് പറഞ്ഞ സംഭവമാണ്. സ്വഹാബികള്‍ വ്യത്യസ്ത രീതിയിലാണതിനെ മനസിലാക്കിയത്.
3) തെളിവുകളെ യോജിപ്പിക്കുന്നിടത്തും മുന്‍ഗണന നല്‍കുന്നതിലുമുള്ള വ്യത്യാസം: ചില തെളിവുകള്‍ ബാഹ്യമായി വൈരുദ്ധ്യമുള്ളതാവാറുണ്ട്. അവയെ യോജിപ്പിക്കുന്നിടത്തും മുന്‍ഗണന നല്‍കുന്നതിലുമുള്ള വ്യത്യാസം വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. ഗ്രഹണ നമസ്‌കാരത്തിന്റെ രീതിയെയും അതിലെ ഖുര്‍ആന്‍ പാരായണത്തിലുമുള്ള അഭിപ്രായ വ്യത്യാസം അതിനുദാഹരണമാണ്.
4) അടിസ്ഥാന തത്വങ്ങളിലും തെളിവെടുക്കുന്നതിനുള്ള സ്രോതസുകളിലുമുള്ള വ്യത്യാസം: ഇജ്തിഹാദിന്റെ അടിസ്ഥാനങ്ങളിലും ചില സ്രോതസുകളുടെ പ്രാമാണികതയിലും മുസ്‌ലിം പണ്ഡിതര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നത് സുപരിചിതമായ കാര്യമാണ്. ഇമാം മാലികിന്റെ അടുക്കല്‍ മദീനക്കാരുടെ പ്രവൃത്തികള്‍ തെളിവായി സ്വീകരിച്ചിരുന്നത് ഇതിനുദാഹരണമാണ്.
യഥാര്‍ത്ഥത്തില്‍ ഫുഖഹാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മുസ്‌ലിം സമുദായത്തിന് വിശാലതയെയാണ് കുറിക്കുന്നത്. ഇത് ഈ സമൂഹത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇസ്‌ലാമിക ശരീഅത്ത് എക്കാലത്തേക്കും എല്ലാ ജനങ്ങള്‍ക്കും ദേശക്കാര്‍ക്കും അനുഗുണമാണെന്ന് കുറിക്കുന്ന സൂചനയാണിത്.

(തുടരും)

വിവ: അഹ്്മദ് നസീഫ് തിരുവമ്പാടി

 

Related Articles