Current Date

Search
Close this search box.
Search
Close this search box.

ഫിഖ്ഹിന്റെ ചരിത്രം – 2

താബിഇകളില്‍ പെട്ട ഫുഖഹാക്കള്‍ക്ക് ശേഷം അവരുടെ ശിഷ്യന്‍മാരുടെ കാലമായിരുന്നു. മുജ്തഹിദുകളായ കര്‍മ്മശാസ്ത്ര ഇമാമുമാര്‍ ഉണ്ടായത് ഇക്കാലത്തായിരുന്നു. കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാരായ അവരുടെ ശിഷ്യന്‍മാര്‍ മദ്ഹബുകളെ ശക്തിപ്പെടുത്തി. ഫിഖ്ഹിന്റെ ചരിത്രം പഠിക്കുമ്പോള്‍ നമുക്കതിനെ നാല് ഇമാമുമാരുടെ കാലം എന്നു വിളിക്കാം. ഇക്കാലത്താണ് അബൂഹനീഫ, മാലിക്, ശാഫി, അഹ്മദ് എന്നീ ഇമാമുമാര്‍ തിളങ്ങി നിന്നിരുന്നത്. ഹദീസിനെയും പരമ്പരയായി ഉദ്ധരിച്ചു കിട്ടിയ വിജ്ഞാനത്തെയും അവലംബിച്ചുള്ള ചിന്താധാരയോടൊപ്പം തന്നെ ചിന്തക്കും യുക്തിക്കും പ്രാധാന്യം നല്‍കുന്ന ചിന്താധാരയും ഉടലെടുത്തു. ഓരോ പ്രദേശങ്ങളിലും അത് പ്രകടവും വ്യതിരിക്തവുമായിരുന്നു. സഹാബിമാരുടെ ജീവിതദേശവും ഹദീസുകളുടെ കളിത്തൊട്ടിലുമായ ഹിജാസില്‍ പ്രത്യേകിച്ചും മദീനയില്‍ ഹദീസിന് പ്രാധാന്യം നല്‍കുന്ന ചിന്താധാരക്കാണ് പ്രചാരം ലഭിച്ചത്. അപ്രകാരം തന്നെ ഇറാഖില്‍ ബുദ്ധിക്കും യുക്തിക്കും പ്രാധാന്യം നല്‍കുന്ന ചിന്താധാരക്കാണ് പ്രചാരം ലഭിച്ചത്. ഹിജാസുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇറാഖ് ഇസ്‌ലാമില്‍ പുതിയ രാജ്യമായിരുന്നുവെന്നതാണതിന് കാരണം. മാത്രമല്ല, അവര്‍ക്ക് സ്വന്തമായി തന്നെ നാഗരികപൈതൃകം ഉണ്ടായിരുന്നു. അക്കാരണത്താല്‍ തന്നെ അവരെ തൃപ്തിപ്പെടുത്തുന്നതിന് തെളിവുകളും യുക്തിയും നിരത്തേണ്ടിയിരുന്നു. അതുകൊണ്ട് തന്നെ ബുദ്ധിയുടെയും ചിന്തയുടെയും മേഖല വളരെ വിശാലമായിരുന്നു. നാല് ഇമാമുമാരുടെ കരങ്ങളിലൂടെയാണ് ഇസ്‌ലാമിക കര്‍മ്മശാസ്ത്രം പുരോഗതി പ്രാപിച്ചത്. ഭൂരിഭാഗം ആളുകളും അവരെ ഇമാമുമാരും മുജ്തഹിദുകളുമായി അംഗീകരിച്ചു.

 

നുഅ്മാന്‍ ബിന്‍ സാബിത്
അവരില്‍ പ്രമുഖനാണ് യുക്തിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നവരുടെ ഇമാമായി അറിയപ്പെടുന്ന അബൂ ഹനീഫ നുഅ്മാന്‍ ബിന്‍ സാബിത് കൂഫി. അദ്ദേഹം ഹിജ്‌റ 80-ല്‍ ജനിക്കുകയും 150-ല്‍ മരണപ്പെടുകയും ചെയ്തു. കര്‍മ്മ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി എണ്ണപ്പെടുന്ന വ്യക്തിയാണിദ്ദേഹം. ഇസ്‌ലാമിലെ ആദ്യത്തെ കര്‍മ്മ ശാസ്ത്ര ചിന്താ സരണി സ്ഥാപിച്ചതും, അതിന്റെ രീതികള്‍ ആവിഷ്‌കരിച്ചതും അദ്ദേഹമാണ്. അദ്ദേഹത്തെ കുറിച്ച് ഇമാം ശാഫി(റ) പറയുന്നു: ‘ജനങ്ങളെല്ലാം കര്‍മ്മശാസ്ത്രത്തില്‍ അബൂഹനീഫയുടെ ആശ്രിതരാണ്.’
അബൂഹനീഫ(റ) കര്‍മ്മശാസ്ത്രത്തിന്റെ അടിസ്ഥാനങ്ങളെ അതിന്റെ യഥാര്‍ത്ഥ സ്രോതസ്സില്‍ നിന്ന് തന്നെയാണ് സ്വീകരിച്ചിരുന്നത്. ഖുര്‍ആനിലും സുന്നത്തിലും ആഴത്തിലുള്ള അറിവുണ്ടായിരുന്ന അദ്ദേഹത്തിന് ദീനീകാര്യങ്ങളിലും അതുപോലെതന്നെ ഭൗതികകാര്യങ്ങളിലും നല്ല അവബോധം ഉണ്ടായിരുന്നു. പ്രമുഖ താബികളുടെ ശിഷ്യത്വം സ്വീകരിച്ച് അവരുടെ വിജ്ഞാനവും ഫിഖ്ഹും അദ്ദേഹം കരസ്ഥാമാക്കിയിരുന്നു. അതുകൊണ്ട തന്നെ അദ്ദേഹത്തിന്റെ കര്‍മ്മശാസ്ത്ര സ്രോതസ്സ് ഒരു മുസ്‌ലിമിന് സംശയമില്ലാതെ സ്വീകരിക്കാവുന്ന സ്രോതസ്സ് തന്നെയാണെന്നതില്‍ സംശയമില്ല. പ്രമാണങ്ങളില്‍ നിന്ന് വഴിവിടാതെ അദ്ദേഹം തന്റെ ചിന്തയെ അതില്‍ ഉപയോഗിച്ചു. അദ്ദേഹം സ്വീകരിച്ച രീതിയിലുള്ള കര്‍മ്മശാസ്ത്രത്തിന്റെ ക്രോഡീകരണം ആരംഭിക്കുന്നത് അവിടെ നിന്നാണ്.
അബൂഹനീഫയുടെ കര്‍മ്മശാസ്ത്രത്തിന്റെ സ്രോതസ്സുകളെയും രീതിയെയും കുറിച്ച് അദ്ദേഹം തന്നെ പറയുന്നു: ‘ഖുര്‍ആനില്‍ നിന്ന് തെളിവുകള്‍ സ്വീകരിക്കും. അതില്‍ കാണാത്തത് പ്രാവാചന്റെ ചര്യയില്‍ നിന്നും, അവ രണ്ടിലും കാണാത്ത വിഷയത്തില്‍ സഹാബിമാരുടെ വാക്കുകള്‍ സ്വീകരിക്കും. അവരിലെ ഞാനുദ്ദേശിക്കുന്നവരെ സ്വീകരിക്കുകയും മറ്റു ചിലത് തള്ളുകയും ചെയ്യും. അവരുടെ വാക്കുകളില്‍ നിന്നും മറ്റുള്ളതിലേക്ക് ഞാന്‍ വിട്ടുകടക്കുകയില്ല. വിഷയം താബിഇകളിലേക്ക് മടക്കപ്പെടുകയാണെങ്കില്‍ അവര്‍ ഇജ്തിഹാദ് നടത്തിയതു പോലെ ഞാനും ഇജ്തിഹാദ് ചെയ്യും.

ശരീഅത്തിന്റെ അടിസ്ഥാനങ്ങളില്‍ അബൂഹനീഫ മറ്റു ഇമാമുകളോട് വിയോജിക്കുന്നില്ല. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പ്രാമാണികതയിലും അതില്‍ നിന്ന് തെളിവെടുക്കുന്നതിലും അവരെല്ലാം യോജിക്കുന്നു. എന്നാല്‍ അബൂഹനീഫക്ക് ഇജ്തിഹാദില്‍ അദ്ദേഹത്തിന്റെ തനതായ ഒരു ശൈലിയുണ്ട്. പ്രമാണങ്ങളുടെ ബാഹ്യാര്‍ത്ഥത്തില്‍ ഒതുങ്ങി നില്‍ക്കാതെ അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി അതിന്റെ ലക്ഷ്യത്തിലേക്കും ഉദ്ദേശ്യത്തിലേക്കും ആണ്ടിറങ്ങുന്ന ശൈലിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. അബൂഹനീഫ ഹദീസുകളെ പൂര്‍ണ്ണമായി അവഗണിച്ച് യുക്തിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു എന്ന ഉദ്ദേശിക്കുന്നില്ല. ഹദീസുകള്‍ സ്വീകരിക്കുന്നതിന് അദ്ദേഹം കര്‍ശനമായ നിബന്ധനകള്‍ പാലിച്ചിരുന്നു. ഹദീസുകളുടെ സ്വീകാര്യതയിലും കൃത്യതയിലും അദ്ദേഹം വളരെയധികം നിഷ്‌കര്‍ഷത കാണിച്ചിരുന്നു.

മാലിക് ബിന്‍ അനസ്
ഇമാമുമാരില്‍ രണ്ടാമത്തെയാളായി എണ്ണപ്പെടുന്ന മാലിക് ഹിജ്‌റ 93-ല്‍ ജനിച്ചു 179-ല്‍ മരണപ്പെട്ടു. മദീനയില്‍ ജീവിച്ച അദ്ദേഹം ഹദീസുകള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്ന ചിന്താധാരയുടെ ഇമാമായി അറിയപ്പെടുന്നു. ‘മുവത്വ’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം വളരെ പ്രശസ്തമാണ്. മുവത്വയെകുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഇമാം മാലികിനെ കുറിച്ചോ മാലികിനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മുവത്വയെ കുറിച്ച് പറയാതെയോ പോകാന്‍ സാധിക്കുകയില്ല. അദ്ദേഹത്തിന്റെ ആദ്യത്തെയും പ്രസിദ്ധമായതുമായ ഗ്രന്ഥമാണത്. അദ്ദേഹത്തിന്റെ കാലത്തും പില്‍ക്കാലത്തും ശ്രദ്ധേയമായ അവലംബമായിരുന്നു അത്. ഹദീസും ഇസ്‌ലാമിക വിജ്ഞാനീയങ്ങളും തേടുന്ന ഒരാള്‍ക്ക് അതിനെ അവഗണിക്കാനാവില്ല.
അലി ബിന്‍ അഹ്മദ് ഖലന്‍ജി റിപോര്‍ട്ട് ചെയ്യുന്നു: ചില പണ്ഡിതന്‍മാര്‍ പറയുന്നതായി ഞാന്‍ കേട്ടു; ‘മാലിക് പറയുന്നു; എന്റെ ഈ ഗ്രന്ഥം മദീനയിലെ എഴുപത് ഫുഖഹാക്കളെ കാണിച്ചു. അവരെല്ലാം അതിനെ അനുകൂലിച്ചു. അതുകൊണ്ട് യോജിപ്പ് എന്ന അര്‍ഥമുള്ള മുവത്വ എന്ന പേര് അതിന് സ്വീകരിച്ചു. മുവത്വ എന്ന പേര് സ്വീകരിച്ചതിനെ കുറിച്ച് വേറെയും റിപോര്‍ട്ടുകളുണ്ട്.

ഇമാം ശാഫിഈ
ഇമാമുകളുടെ കൂട്ടത്തില്‍ മൂന്നാമതായി എണ്ണപ്പെടുന്ന വ്യക്തിയാണ് മുഹമ്മദ് ബിന്‍ ഇദ്‌രീസ് ശാഫിഈ. കര്‍മ്മശാസ്ത്ര എഴുത്തുകാരന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഹിജ്‌റ 150-ല്‍ ജനിച്ച ഫലസ്തീനിലെ ഗസ്സയില്‍ ജനിച്ച അദ്ദേഹം 204-ല്‍ മരണപ്പെട്ടു. ശാഫിഇയുടെ കഴിവും വിജ്ഞാനവും മസ്ജിദുല്‍ ഹറാമിലെ അദ്ദേഹത്തിന്റെ സദസ്സുകള്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചു. പിന്നീട് അദ്ദേഹം ഇറാഖിലേക്ക് പോയപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഇറാഖിലെ ചില പണ്ഡിതന്‍മാരെ അയച്ചിരുന്നു. ഖുര്‍ആനിന്റെ ആശയങ്ങള്‍, ഹദീസുകള്‍ സ്വീകരിക്കുന്നതിലെ നിബന്ധനകള്‍, ഇജ്മാഇന്റെ പ്രാമാണിക തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി ഒരു ഗ്രന്ഥം രചിക്കണമെന്നാവശ്യപ്പട്ട് അബ്ദുറഹ്മാന്‍ ബിന്‍ മഹ്ദി ഒരു കത്തെഴുതി. പ്രസ്തുത ആവശ്യത്തെ ശക്തിപ്പെടുത്തികൊണ്ട് പണ്ഡിതനായ അലി ബിന്‍ മദീനി പറഞ്ഞു: ‘അബ്ദുറഹ്മാന്‍ ബിന്‍ മഹ്ദിക്ക് താങ്ങള്‍ മറുപടി കൊടുക്കണം. താങ്കള്‍ ഉത്തരം നല്‍കുമെന്ന പ്രതീക്ഷയിലാണദ്ദേഹം എഴുതിയിട്ടുള്ളത്. അപ്പോള്‍ അദ്ദേഹത്തിന് ശാഫിഈ മറുപടി നല്‍കി. ഇറാഖിനെ സംബന്ധിക്കുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ‘അല്‍-രിസാല’ എന്ന ഗ്രന്ഥം. അബ്ദുറഹ്മാന്‍ ബിന്‍ മഹ്ദിക്കുള്ള മറുപടിയായിരുന്നുവത്. അക്കാരണത്താല്‍ തന്നെ ആളുകള്‍ അതിനെ അല്‍-രിസാല എന്ന പേര്‍ വിളിച്ചു. ശാഫിഈ അതിനെ അല്‍-കിതാബ് എന്നായിരുന്നു വിളിച്ചിരുന്നത്.

 

ഈ റിപോര്‍ട്ട് പ്രകാരം ശാഫിഈ ഈ ഗ്രന്ഥം രചിച്ചത് മക്കയില്‍ വെച്ചായിരുന്നു. പിന്നീട് അത് അബ്ദുറഹ്മാന്‍ മഹ്ദിക്ക് ഇറാഖിലേക്ക് അയച്ച് കൊടുത്തു. എന്നാല്‍ ഇറാഖില്‍ വെച്ചാണ് ശാഫിഈ അത് രചിച്ചതെന്ന് പറയുന്ന റിപോര്‍ട്ടുകളമുണ്ട്. റാസി പറയുന്നു: ‘ശാഫിഈ കിതാബുരിസാല രചിച്ചത് ബാഗ്ദാദില്‍ വെച്ചാണെന്ന് എനിക്കറിയാം. പിന്നീട് അദ്ദേഹം ഈജിപ്തിലേക്ക് പോയപ്പോള്‍ അല്‍-രിസാല ഒരിക്കല്‍ കൂടി എഴുതുകയാണുണ്ടായത്. അവയെല്ലാത്തിലും ധാരാളം വിജ്ഞാനങ്ങളുണ്ട്.’ അദ്ദേഹം ഇറാഖില്‍ നിന്ന് പോയതിന് ശേഷം ഒരിക്കല്‍ കൂടി അതിന്റെ രചന നിര്‍വഹിച്ചുവെന്ന് ഈ റിപോര്‍ട്ടുകളില്‍ നിന്ന് മനസിലാവുന്നതാണ്. അവ തമ്മില്‍ വൈരുദ്ധ്യമൊന്നുമില്ല. കൂട്ടിചേര്‍ക്കലുകളും തിരുത്തലുകളും പരിഗണിച്ചാല്‍ അദ്ദേഹം അല്‍-രിസാല മൂന്നു തവണ ക്രോഡീകരിച്ചിട്ടുണ്ടെന്നും പറയുന്നതില്‍ തെറ്റില്ല.
അല്‍-രിസാല അതിന്റെ ഉന്നതമായ വൈജ്ഞാനിക നിലവാരത്തിലും സ്ഥാനത്തിലും ഇമാം ശാഫിഈയെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. അദ്ദേഹത്തിന് പണ്ഡിതന്‍മാര്‍ക്കിടയില്‍ ലഭിച്ചിട്ടുള്ള സ്ഥാനം ഈ ഗ്രന്ഥത്തിലൂടെയാണ് നേടിയിട്ടുള്ളത്. പണ്ഡിതന്‍മാര്‍ വളരെയധികം പ്രശംസിച്ചിട്ടുള്ള ഒരു കൃതിയാണത്. ശാഫിഈക്ക് കത്തയച്ച അബ്ദുറഹ്മാന്‍ മഹ്ദി പറയുന്നു: ‘ഇമാം ശാഫിഈയുടെ രിസാല കണ്ടപ്പോള്‍ ഞാന്‍ അമ്പരന്നു. കാരണം ബുദ്ധിമാനും വാഗ്മിയും ഗുണകാംഷിയുമായ ഒരാളുടെ വാക്കുകളാണ് ഞാനതില്‍ കണ്ടത്. തീര്‍ച്ചയായും ഞാദ്ദേഹത്തിന് കൂടുതല്‍ പ്രാര്‍ഥിക്കും.’ എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘നമസ്‌കാരത്തില്‍ ശാഫിഈക്ക് വേണ്ടി പ്രാര്‍ഥിച്ചിട്ടല്ലാതെ ഞാന്‍ ഇനി നമസ്‌കരിക്കുകയില്ല.’ മുസ്‌നി പറയുന്നു: ‘അമ്പതുവര്‍ഷമായി ഇമാം ശാഫിഈയുടെ രിസാല ഞാന്‍ നോക്കുന്നു, ഓരോ പ്രാവശ്യം നോക്കുമ്പോഴും ഞാനറിയാത്ത ഒരു കാര്യം മനസിലാക്കിയിട്ടല്ലാതെയില്ല.’
കര്‍മ്മശാസ്ത്ര നിദാന ശാസ്ത്രത്തിലും ഹദീസ് നിദാന ശാസ്ത്രത്തിലും രചിക്കപ്പെട്ട ഒന്നാമത്തെ ഗ്രന്ഥമാണ് അല്‍-രിസാല. അത് രചിക്കപ്പെടുന്നതിന് മുമ്പ് ആളുകള്‍ അടിസ്ഥാന വിഷയങ്ങളില്‍ തോന്നിയ പോലെ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നവരായിരുന്നു. യാതൊരു വ്യവസ്ഥയും അടിസ്ഥാനവുമുണ്ടായിരുന്നില്ല. ശാഫിഈ രിസാല രചിച്ചതോടെ കര്‍മ്മനിദാന ശാസ്ത്രത്തിന് അടിസ്ഥാന തത്വങ്ങള്‍ സംഭാവന നല്‍കി. ഇമാം റാസി പറയുന്നു: ‘തത്വ ശാസ്ത്രത്തെ അരിസ്റ്റോട്ടിലേക്കും, വൃത്തശാസ്ത്രത്തെ ഖലീല്‍ ബിന്‍ അഹ്മദിലേക്കും ചേര്‍ത്തു പറയുന്ന പോലെ നിദാന ശാസ്ത്രത്തെ ശാഫിഈയിലേക്ക് ചേര്‍ത്ത് പറയുന്നു. കാരണം അരിസ്റ്റോട്ടിലിന് മുമ്പ് ആളുകള്‍ തെളിവുകള്‍ സ്വീകരിക്കുയും തര്‍ക്കിക്കുകയും ചെയ്തിരുന്നത് തന്നിഷ്ടപ്രകാരമായിരുന്നു. തെളിവുകള്‍ നിര്‍ണ്ണയിക്കുന്നതില്‍ അവരുടെ പക്കല്‍ നിയമങ്ങളൊന്നുമുണ്ടായിരുന്നില്ല. അപ്രകാരം ഖലീല്‍ ബിന്‍ അഹ്മദിന് മുമ്പ് കവികള്‍ സ്വന്തമായ ഒരു ശൈലിയെ അവലംബിച്ചായിരുന്നു കവിതകള്‍ രചിച്ചിരുന്നത്.’ ഇമാം ശാഫിഈ ശരീഅത്തിന്റെ പ്രമാണങ്ങളില്‍ ഗവേഷണം നടത്തുകയും തത്വങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. ജനങ്ങളെല്ലാം അടിസ്ഥാനങ്ങളില്‍ ഇമാം ശാഫിഇയുടെ ആശ്രിതരാണെന്നും റാസി പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ്, ഇജ്തിഹാദ് തുടങ്ങിയ പ്രധാന വിധികളെ അല്‍-രിസാലയില്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

അഹ്മദ് ബിന്‍ ഹന്‍ബല്‍
ഇമാമുമാരില്‍ നാലാമത്തെയാളാണ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ ഹിലാല്‍ ശൈബാനി. ഹിജ്‌റ 164-ല്‍ ബാഗ്ദാദില്‍ ജനിച്ച അദ്ദേഹം 241-ലാണ് മരണപ്പെട്ടത്. സഹാബിമാരില്‍ നിന്നുള്ള റിപോര്‍ട്ടുകളെയാണ് അദ്ദേഹത്തിന്റെ ഇജ്തിഹാദിന്റെ അടിസ്ഥാനമായി സ്വീകരിച്ചിരുന്നത്. അവ ലഭ്യമാകാതിരിക്കുമ്പോള്‍ മാത്രമായിരുന്നു അദ്ദേഹം ഖിയാസിലേക്ക് നീങ്ങിയിരുന്നു. സഹാബിമാര്‍ക്കിടയില്‍ രണ്ടഭിപ്രായമുള്ള കാര്യത്തില്‍ ഒന്നിന് മുന്‍ഗണന നല്‍കുകയോ രണ്ടിനെയും അംഗീകരിക്കുയോ ആയിരുന്നു ചെയ്തിരുന്നത്. അതുകൊണ്ട് ഒരു വിഷയത്തില്‍ തന്നെ രണ്ടോ അതിലധികമോ അഭിപ്രായങ്ങള്‍ വന്നിട്ടുള്ളതായി കാണാം. അബ്ദുല്‍ വഹാബ് വറാഖ് അഹ്മദ് ബിന്‍ ഹമ്പലിനെ പോലെ ഒരാളെ ഞാന്‍ കണ്ടില്ല എന്ന് പറഞ്ഞപ്പോള്‍ എന്ത് ശ്രേഷ്ഠതയാണ് അത് പറയാന്‍ കാരണമെന്നന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ‘ഒരാള്‍ അദ്ദേഹത്തോട് അറുപതിനായിരം വിഷയങ്ങള്‍ ചോദിച്ചു. അവയെല്ലാത്തിനും അദ്ദേഹം സഹാബിമാരില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ വെച്ച് മറുപടി പറഞ്ഞു. വിഷയം മനസിലാക്കാതെ ഉദ്ധരണികള്‍ പറഞ്ഞു എന്നല്ല അതുകൊണ്ടുദ്ദേശിക്കുന്നത്. മറിച്ച് വളരെ സൂക്ഷമായിട്ടായിരുന്നു അദ്ദേഹം ഫത്‌വകള്‍ നല്‍കിയിരുന്നതും ഉദ്ധരണികള്‍ സ്വീകരിക്കുകയും തള്ളുകയും ചെയ്തിരുന്നത്. പലപ്പോഴും വളരെയധികം ചിന്തിച്ചിട്ടായിരുന്നു അദ്ദേഹം മറുപടി നല്‍കിയിരുന്നത്.’ ആരാധനാ കാര്യങ്ങള്‍ക്ക് തെളിവുകള്‍ സ്ഥാപിക്കുന്നത് വരെ നിരര്‍ഥകമാണ്, എന്നാല്‍ ഇടപാടുകള്‍ നിഷിദ്ധമാണെന്നതിന് തെളിവ് സ്ഥാപിക്കുന്നത് വരെ നിരര്‍ഥകമാണ് എന്ന തത്വമാണ് ഹമ്പലി മദ്ഹബിന്റെ അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ളത്. ഈ തത്വം ഹമ്പലി കര്‍മ്മശാസ്ത്രത്തിന് ചലനാത്മകതയും ഇലാസ്തികതയും നല്‍കുന്നു. കാലഘട്ടത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഇവ രണ്ടും.

മുജ്തഹിദുകളുടെ കാലഘട്ടം
നാല് ഇമാമുമാരുടെ കാലത്ത് ഫിഖ്ഹ് വളരെയധികം പുരോഗതി പ്രാപിച്ചു. ഫിഖ്ഹിന്റെ വാതായനങ്ങള്‍ വിശാലമാവുകയും അത് പഠിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു. ശൈഖ് ജാദുല്‍ ഹഖ് പറയുന്നു: ‘ഈ കാലഘട്ടം പതിമൂന്ന് മുജ്തഹിദുകള്‍ക്ക് ജന്മം നല്‍കി, അവരുടെ മദ്ഹബുകള്‍ ക്രോഡീകരിക്കുകയും ഇസ്‌ലാമിക സമൂഹം അവരുടെ അഭിപ്രായങ്ങളെ പിന്‍പറ്റുകയും അവര്‍ക്ക് കര്‍മ്മശാസ്ത്ര നേതൃപദവി കല്‍പിച്ചു കൊടുക്കുകയും ചെയ്തു. അവര്‍ മാതൃകകളും നയിക്കുന്നവരുമായി. മക്കയില്‍ സുഫ്‌യാന്‍ ബിന്‍ ഉയൈനഃ, മദീനയില്‍ മാലിക് ബിന്‍ അനസ്, ബസറയില്‍ ഹസന്‍ ബസരി, കൂഫയില്‍ അബൂ ഹനീഫയും സുഫ്‌യാന്‍ സൗരിയും, ശാമില്‍ ഔസാഇ, ഈജിപ്തില്‍ ശാഫിഈയും ലൈസ് ബിന്‍ സഅ്ദും, നൈസാബൂരില്‍ ഇസ്ഹാഖ് ബിന്‍ റാഹവൈഹി, ബാഗ്ദാദില്‍ അബൂ സൗര്‍, അഹ്മദ് ബിന്‍ ഹമ്പല്‍, ദാവൂദ് ളാഹിരി, ഇബ്‌നു ജരീര്‍ തുടങ്ങിയവരായിരുന്നു അവരിലെ പ്രമുഖര്‍. അവിടത്തെ വൈജ്ഞാനിക ചലനങ്ങള്‍ വളരെ വ്യാപകവും പ്രഷോഭിതവുമായിരുന്നു. ഫിഖ്ഹിനും അതിന്റെ പങ്ക് ലഭിച്ചു. ഈ ഇമാമുമാരെല്ലാം പ്രഗല്‍ഭരാവുകയും അവരുടെ അഭിപ്രായങ്ങള്‍ പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആളുകളും ഉണ്ടായി. അത്തരം ആളുകളുടെ മരണത്തോടെ അവരുടെ അഭിപ്രായങ്ങളും ഇല്ലാതായി. അക്കാരണത്താല്‍ തന്നെ അവരുടെ മദ്ഹബുകള്‍ വേണ്ടത്ര പ്രചാരം ലഭിച്ചില്ല.

 വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles