Current Date

Search
Close this search box.
Search
Close this search box.

പ്രവാചക വചനങ്ങളെ കാത്തുവെച്ചവര്‍

തിരുമേനിയുടെ വിയോഗത്തോടെ ഇസ്‌ലാമിന്റെ പതാകയേന്തിയത് സഹാബികളായിരുന്നു. പ്രവാചക പാഠശാലയില്‍ നിന്നും നുകര്‍ന്ന വിജ്ഞാനങ്ങളുടെ പ്രചാരകരും അവര്‍ തന്നെ. ഹദീസുകള്‍ ഹൃദിസ്ഥമാക്കുന്നതില്‍ അവര്‍ക്ക് പ്രത്യേക പാടവമായിരുന്നു. ഹദീസുകള്‍ സംരക്ഷിക്കുന്നതില്‍ അവര്‍ക്ക് നല്‍കിയ പ്രേരണകള്‍ വിശകലന വിധേയമാക്കുകയാണിവിടെ.

1. അവര്‍ എഴുത്തും വായനയുമറിയാത്തവര്‍ ആയതിനാല്‍ എല്ലാം മനപ്പാഠമാക്കുകയാണ് ചെയ്തിരുന്നത്. അവരുടെ ലാളിത്യപൂര്‍ണമായ ഗ്രാമീണ ജീവിതം കാരണം നാഗരികതയുടെ സങ്കീര്‍ണതകളില്‍ നിന്നെല്ലാം അവരുടെ ചിന്ത മുക്തമായിരുന്നു. കവിതകളും കുടുംബ പരമ്പരയുമെല്ലാം കേള്‍ക്കുന്ന മാത്രയില്‍ ഹൃദിസ്ഥമാക്കാനുള്ള അപൂര്‍വമായ സിദ്ധി അവര്‍ക്കുണ്ടായിരുന്നു.
2. ഐഹിക പാരത്രിക വിജയത്തിന് നിദാനം ഇസ്‌ലാം മാത്രമാണ് എന്ന തികഞ്ഞ ബോധ്യം അവര്‍ക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ പ്രവാചക വചനങ്ങള്‍ ഹൃദിസ്ഥമാക്കുന്നതില്‍ അവര്‍ ബദ്ധശ്രദ്ധ പുലര്‍ത്തുകയുണ്ടായി.
3. ഹദീസുകള്‍ ഹൃദിസ്ഥമാക്കുന്നതിനെ പ്രവാചകന്‍ പ്രോല്‍സാഹിപ്പിച്ചിരുന്നു: സൈദുബിന്‍ സാബിത്(റ) വില്‍ നിന്ന് നിവേദനം.’പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു. എന്റെ വാചകം കേള്‍ക്കുകയും അതുപോലെ എത്തിക്കുകയും ചെയ്ത ഒരാളെ അല്ലാഹു ആശീര്‍വദിക്കട്ടെ! എത്രയെത്ര വിജ്ഞാന വാഹകരാണ് കേട്ടവരേക്കാള്‍ അതിനെ ഉള്‍ക്കൊണ്ടു കൊണ്ട് അതിന്റെ പ്രചാരകരായത് ‘ (അബൂദാവൂദ്)
4. സഹാബികള്‍ ഉള്‍ക്കൊള്ളാനും അതിന്റെ പ്രചാരകരാകാനും വേണ്ടി യുക്തിപൂര്‍ണമായ ശൈലിയിലായിരുന്നു പ്രവാചകന്‍ (സ) ഹദീസ് പഠിപ്പിച്ചിരുന്നത്. ഹദീസ് വിവരിക്കുന്നതില്‍ പ്രവാചകനെ അനുധാവനം ചെയ്തുകൊണ്ട് സഹാബികളും പ്രസ്തുത മാതൃക സ്വീകരിക്കുകയുണ്ടായി.
-ആയിശ(റ)വിവരിക്കുന്നു. നിങ്ങള്‍ പറയുന്നതുപോലെ പ്രവാചകന്‍ കാര്യങ്ങള്‍ വിസ്തരിച്ച് പറയാറുണ്ടായിരുന്നില്ല. സദസിലുള്ളവര്‍ക്ക് ഹൃദിസ്ഥമാക്കാന്‍ യോജിച്ച രീതിയില്‍ കൃത്യമായ വാക്കുകളിലായിരുന്നു പ്രവാചകന്റെ സംസാരം.
– ആഇശ(റ) പറയുന്നു: പ്രവാചകന്‍ തന്റെ സംസാരത്തില്‍ കണിശത പുലര്‍ത്താറുണ്ടായിരുന്നു. അത് എണ്ണിത്തിട്ടപ്പെടുത്തക്ക വെണ്ണം പരിമിതമായിരുന്നു.
– മനസ്സില്‍ പതിയുവാന്‍ വേണ്ടി പ്രവാചകന്‍ വാക്കുകള്‍ മൂന്ന് തവണ ആവര്‍ത്തിക്കുമായിരുന്നു. (ബുഖാരി)
5. പ്രവാചക സദസ്സില്‍ സഹാബികളുടെ സാന്നിദ്ധ്യം പതിവായിരുന്നു. ഒരു ദിവസം ഹാജരാകാന്‍ സാധിക്കാത്തവര്‍ സുഹൃത്തുക്കളെ അയക്കുകയും പിന്നീട് അവരില്‍ നിന്ന് അത് സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ഉമര്‍(റ) വിവരിക്കുന്നു. ‘ഞാനും എന്റെ അയല്‍വാസിയായ പ്രവാചകാനുചരനും ഇപ്രകാരം ഊഴമിട്ട് വിജ്ഞാനമാര്‍ജിക്കാറുണ്ടായിരുന്നു’.(ബുഖാരി)
6. സഹാബികള്‍ പരസ്പരം ഹദീസുകള്‍ കേള്‍പിക്കാറുണ്ടായിരുന്നു. അനസ്(റ)വില്‍ നിന്ന് നിവേദനം: ‘പ്രവാചകന്റെയടുത്ത് നിന്നും നാം ഹദീസ് കേള്‍ക്കുകയും അവിടെ നിന്ന് പിരിഞ്ഞാല്‍ ഹൃദിസ്ഥമാക്കുന്നതു വരെ പരസ്പരം ചൊല്ലിക്കേള്‍പ്പിക്കുമായിരുന്നു’.
7.  ഹദീസിന്റെ സാഹിതീയ ശൈലി. പ്രവാചകന്‍ ഹൃദ്യമായ സാഹിത്യ ശൈലിയുടെ ഉടമയായിരുന്നു.
8.  ഹദീസ് സംരക്ഷണാര്‍ഥം ചിലര്‍ എഴുതിവെച്ചിരുന്നു. അബ്ദുല്ലാഹി ബിന്‍ ഉമര്‍(റ)വില്‍ നിന്ന് നിവേദനം: ‘ഹൃദിസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവാചകനില്‍ നിന്ന് കേള്‍ക്കുന്ന എല്ലാ വചനങ്ങള്‍ ഞാന്‍ എഴുതിവെക്കാറുണ്ടായിരുന്നു.’ ( അബൂദാവൂദ്)

ഹദീസ് നിവേദനത്തിലെ മാനദണ്ഡങ്ങള്‍
പ്രവാചക വിയോഗാനന്തരം ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സഹാബികള്‍ സൂക്ഷ്മമായ മാനദണ്ഡങ്ങള്‍ സ്വീകരിച്ചിരുന്നതായി കാണാം.
1. വ്യാജമായത് കൂടിച്ചേരുമെന്ന ഭയത്താല്‍ കൃത്യതയുള്ളവ മാത്രം റിപ്പോര്‍ട്ട് ചെയ്തു. തിരുമേനിയുടെ വിയോഗാനന്തരം അബൂബക്കര്‍(റ) സഹാബികളെ ഒരുമിച്ചു കൂട്ടി പറഞ്ഞു. നിങ്ങള്‍ പ്രവാചക ഹദീസുകള്‍ വ്യത്യസ്തമായ രീതിയില്‍ നിവേദനം ചെയ്താല്‍ ജനങ്ങള്‍ നിങ്ങള്‍ക്ക് ശേഷം ഭിന്നിക്കും. അതിനാല്‍ തന്നെ പ്രവാചകനില്‍ നിന്ന് നിങ്ങള്‍ ഒന്നും വിവരിക്കരുത്. നിങ്ങളോട് ആരെങ്കിലും വല്ലതും ചോദിക്കുകയാണെങ്കില്‍ ഖുര്‍ആന്‍ അനുസരിച്ച് നിങ്ങള്‍ വിധിതേടുക എന്ന് അവരോട് പറയുക. (ദഹബി)
2. നിവേദനം അന്വേഷിച്ച് സ്ഥിരപ്പെടുത്തുക: സഹാബികള്‍ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സൂക്ഷ്മത പാലിച്ചിരുന്നു. അബൂബക്കറും, ഉമറും രണ്ട് പേര്‍ പ്രവാചകനില്‍ നിന്ന് കേട്ടു എന്ന സാക്ഷ്യം ലഭ്യമായതിന് ശേഷമാണ് ഹദീസുകള്‍ സ്വീകരിച്ചത്. അതിനുള്ള കാരണങ്ങള്‍ വ്യക്തമാണ്
-അല്ലാഹുവിന്റെ വചനങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമക്കുന്നത്. വ്യാജം പറയുന്നവരും അവര്‍ തന്നെ. (അന്നഹല്‍: 105)
-വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും എന്തെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക (അല്‍ഹുജുറാത്ത്;6)
-സുബൈറുബിനുല്‍ അവ്വാം(റ)വിനോട് മറ്റുള്ളവര്‍ നിവേദനം ചെയ്യുന്നത് പോലെ താങ്കള്‍ എന്തുകൊണ്ട് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. പ്രവാചകന്‍(സ)യെ ഞാന്‍ ഒരിക്കലും വേര്‍പിരിഞ്ഞിട്ടില്ല, പക്ഷെ നബി പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ‘എന്റെ പേരില്‍ ബോധപൂര്‍വം വല്ല വ്യാജവും ചമച്ചാല്‍ അവന്റെ ഇരിപ്പിടം നരകത്തിലാണ് ‘
– ‘വ്യാജമാണെന്നറിഞ്ഞ് കൊണ്ട് എന്റെ പേരില്‍ വല്ല ഹദീസും ഉദ്ധരിച്ചാല്‍ അവന്‍ കള്ളന്മാരില്‍ ഒരുവനാണ്’ (ഹദീസ്)
 പ്രവാചകന്റെ ഹദീസ് പ്രചരിപ്പിക്കുന്നതില്‍ അതിയായ താല്‍പര്യവും നബിയുടെ മേല്‍ വ്യാജം പ്രചരിപ്പിക്കുന്നതില്‍ അതീവ സൂക്ഷ്മതയും സഹാബികള്‍ പാലിച്ചതായി കാണാം. സഹാബികളെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രവാചകന്‍(സ) പറഞ്ഞു. ‘ അല്ലാഹുവേ! എന്റെ സഹാബികളുടെ കാര്യം, നിങ്ങള്‍ അവരെ ചീത്തവിളിക്കരുത്, ഉപദ്രവിക്കരുത്. അവരെ ആരെങ്കിലും ഉപദ്രവിക്കുന്നത് എന്നെ ഉപദ്രവിക്കലാണ്. എന്നെ ഉപദ്രവിക്കുന്നതിലൂടെ അവന്‍ അല്ലാഹുവിനെയാണ് ഉപദ്രവിക്കുന്നത്. അല്ലാഹുവാണെ! നിങ്ങള്‍ ഉഹ്ദ് ലയോളം സ്വര്‍ണം നല്‍കുകയാണെങ്കിലും അവരുടെ ഒരു മുദ്ധിനോളമോ അതിന്റെ പകുതിയോ എത്തുകയില്ല. ‘

അബൂബക്കറി(റ) ന്റെയടുത്ത് നിയമപരമായി അനന്തരാവകാശത്തില്‍ വല്ല വിഹിതവും തനിക്കുണ്ടോ എന്ന് അന്വേഷിച്ച് ഒരു പിതാമഹി എത്തി. ഖുര്‍ആനിലും ഹദീസിലും ഒന്നും ഉള്ളതായി തനിക്കറിയില്ലെന്ന് അബൂബക്ര്‍(റ) മറുപടി പറഞ്ഞു. തുടര്‍ന്ന് ജനങ്ങളോട് ഈ വിഷയത്തില്‍ വല്ല തെളിവും ഉള്ളതായി അറിയുമോ എന്ന് അദ്ദേഹം ചോദിച്ചു. മുഗീറതു ബിന്‍ ശുഅ്ബ എഴുന്നേറ്റ് പറഞ്ഞു. ‘വാചകന്‍ അവര്‍ക്ക് ആറിലൊന്ന് വിഹിതമുണ്ടെന്ന് പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്’ താങ്കളോടൊപ്പം ഇതിന് സാക്ഷിയായി വല്ലവരുമുണ്ടോ എന്ന് ഖലീഫ ചോദിച്ചു. മുഹമ്മദ് ബിന്‍ മസ്‌ലമയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അബൂബക്കര്‍(റ) ആ നിയമം പ്രാബല്യത്തില്‍ വരുത്തുകയുണ്ടായി.

അബൂസഈദ് (റ)വില്‍ നിന്ന് നിവേദനം: ഉമര്‍(റ)വിന്റെ വീട്ടിന് മുമ്പില്‍ വെച്ച് അബൂ മൂസ(റ) മൂന്ന് തവണ സലാം ചൊല്ലി. അനുവാദം ലഭിക്കാതായപ്പോള്‍ അദ്ദേഹം തിരിഞ്ഞു നടന്നു. ഉമര്‍ ദൂതനെ അദ്ദേഹത്തിന്റെയടുത്ത് അയച്ചു. എന്താണ് മടങ്ങിയതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: പ്രവാചകന്‍ (സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ ആര്‍ക്കെങ്കിലും മൂന്ന് തവണ സലാം ചൊല്ലിയിട്ട് മറുപടി ലഭിച്ചില്ലെങ്കില്‍ അവന്‍ പിന്തിരിയട്ടെ . അതിന് തെളിവ് ലഭ്യമായാല്‍ ഞങ്ങളും അപ്രകാരം ചെയ്യും എന്ന് ദൂതന്‍ പറഞ്ഞു. ഞങ്ങളെയും കൊണ്ട് അബൂമൂസ ഒരു സദസ്സിലേക്ക് പോയി നിങ്ങള്‍ ഈ വാചകം കേട്ടിട്ടുണ്ടോ എന്നു ചോദിച്ചു. അവര്‍ അതേ എന്നു മറുപടി പറഞ്ഞു. അദ്ദേഹത്തോടൊപ്പം അവരില്‍ നിന്നുള്ള ഒരുവനെയും കൊണ്ട് അവര്‍ ഉമറിന്റെയടുത്തെത്തി. മറ്റു വല്ല സഹാബികളും സാക്ഷിയായിട്ടുണ്ടോ എന്ന് ഉമര്‍ ചോദിച്ചു. എന്നിട്ട് പറഞ്ഞു. ഞാന്‍ താങ്കളെ ഒരിക്കലും തെറ്റിദ്ധരിക്കുകയില്ല. പക്ഷെ, ഇത് സ്ഥിരപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് ഇപ്രകാരം ചെയ്തത്.

നിവേദനങ്ങളുടെ നിരൂപണം
ദീനിന്റെ പ്രമാണങ്ങളും അടിസ്ഥാനങ്ങളും മുമ്പില്‍ വെച്ചുള്ള നിരൂപണമാണ് ഉദ്ദേശം. അതിന് വിപരീതമായി വല്ലതും ബോധ്യപ്പെട്ടാല്‍ അതവര്‍ ഉപേക്ഷിച്ചിരുന്നു. മൂന്ന് തലാഖും ചെല്ലപ്പെട്ടവള്‍ക്ക് ചിലവ് കൊടുക്കുകയും താമസസൗകര്യമേര്‍പ്പെടുത്തുകയും വേണമെന്ന് ഉമര്‍(റ) ഫത്‌വ നല്‍കുകയുണ്ടായി. തന്റെ ഭര്‍ത്താവ് തന്നെ ത്വലാഖ് ചൊല്ലിയപ്പോള്‍ നബി(സ) ചിലവും താമസസൗകര്യവും പ്രവാചകന്‍(സ) നിര്‍ബന്ധമാക്കിയിട്ടില്ല എന്ന ഫാത്വിമ ബിന്‍ത് ഖൈസ് റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഉമറിനെ കേള്‍പിക്കുകയുണ്ടായി. അപ്പോള്‍ പ്രതിവചിച്ചു. ഒരു പെണ്ണിന്റെ വാക്ക് കേട്ട് ഖുര്‍ആനും പ്രവാചക ചര്യയും നാം ഉപേക്ഷിക്കുകയില്ല. അവള്‍ ചിലപ്പോള്‍ അത് മറന്നതായേക്കാം. അല്ലാഹു പറഞ്ഞു. ‘ ഇദ്ദാ വേളയില്‍ അവരെ അവരുടെ വീടുകളില്‍ നിന്ന് പുറം തള്ളരുത്. അവര്‍ സ്വയം ഇറങ്ങിപ്പോവുകയുമരുത്. അവര്‍ വ്യക്തമായ ദുര്‍വൃത്തിയിലേര്‍പ്പെട്ടാലല്ലാതെ’ (അത്വലാഖ്: 1)
പ്രവാചക വചനങ്ങള്‍ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സഹാബികള്‍ സ്വീകരിച്ചതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles