Current Date

Search
Close this search box.
Search
Close this search box.

പ്രണയ വീഞ്ഞിലെ ദിവ്യലഹരി തേടി

ഇ. എം. ഹാഷിമിന്റെ ഒരു കോപ്പ വീഞ്ഞു കുടിച്ചു. എത്രമാത്രം ലഹരി പകര്‍ന്നു എന്നറിയില്ല. വീഞ്ഞു കുടിക്കാനെടുത്ത സമയദൈര്‍ഘ്യം അല്‍പ്പം കൂടിപ്പോയി, ഒരു കോപ്പ കുടിക്കാന്‍ ഇത്രയും നേരം പാടില്ല. പാരമ്പര്യമായി പഠിച്ചെടുത്ത മതചട്ടങ്ങള്‍ തൊണ്ടയില്‍ കുരുങ്ങി കിടക്കുന്നതുകൊണ്ട് പല ആശയങ്ങളും വിഴുങ്ങാന്‍ പറ്റിയില്ല പക്ഷെ എന്റെ മനസ്സിനെ മറ്റേതോ ഒരു ലോകത്തേക്കെത്തിക്കാന്‍ അതിനായി എന്നുള്ളത് സത്യം. ഏറെ കൗതുകകരവും എന്നാല്‍ അതിലേറേ ആശ്ചര്യചകിതവുമാണു സൂഫികളുടെ ലോകം. നിഷ്‌കളങ്കവും പവിത്രവും പരിശുദ്ധവുമാണത്. ഗൂഢപൊരുളിന്റെ നിതാന്ത മൗനത്തിന്റെ നിശബ്ദദയുടെ ഏകാഗ്രതയുടെ ഏകാന്തതയുടെ ഏകത്വത്തിന്റെ അതിലൊക്കെ ഉപരിയായി പ്രണയത്തിന്റെ അനിര്‍വചനീയമായ ആസ്വാദനത്തിന്റെ് മായാലോകം. സംഗീത സാന്ദ്രമായ സുന്ദര ലോകം. ജ്ഞാനത്തിന്റെ മാസ്മരിക പ്രഭാവം. അവനവനെ തിരിച്ചറിയാനുള്ള ഏകവാതില്‍. അവനവനിലെ ദൈവിക ഗുണത്തെ തിരഞ്ഞുള്ള യാത്ര യഥാര്‍ഥത്തില്‍ ആത്മപൊരുള്‍ തേടിയുള്ള യാത്ര തന്നെയാണു ഒരു സൂഫിക്ക്.

അവനവനിലേക്ക് ലോകത്തെ ചുരുക്കി അവനു ശേഷം പ്രളയം എന്നു ശണ്ഠകൂടുന്ന മാലോകര്‍ക്കിടയില്‍ ധര്‍മ്മങ്ങളെയും മൂല്യങ്ങളേയും മുറുകെ പിടിച്ച് സഞ്ചരിക്കുന്ന സാത്വികരാണു സൂഫി വര്യന്മാര്‍. മതങ്ങളെ മതാചാരങ്ങളില്‍ തളച്ചിട്ട് താന്താനെന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നവരോട് അരുതേ എന്നറിയിക്കാന്‍ ജന്മം കൊള്ളുന്നവര്‍. മതങ്ങളുടെ ചട്ടക്കൂടുകളെയും അതിര്‍വരമ്പുകളേയും ലംഘിച്ച് ദൈവത്തെ തേടുന്നവര്‍. അതിനാല്‍ തന്നെ ചരിത്രത്തിലും ഇന്നും പീഢകള്‍ എറ്റുവാങ്ങേണ്ടി വന്നവര്‍. ദൈവിക തൃപ്തിയില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് സത്യത്തെ പുല്‍കുന്നവര്‍.

മൗനത്തെ പ്രണയിച്ചവര്‍, നിശബ്ദതയുടെ പൊരുളറിയുന്നവര്‍, ശൂന്യതയുടെ സത്യത്തെ ആശ്ലേഷിക്കുന്നവര്‍, അറിവിന്റെ ആകെ സത്ത അറിഞ്ഞ ജ്ഞാനികള്‍. ആണ്‍ പെണ്‍ വിവേചനം കല്‍പ്പിക്കാത്തവര്‍ (ആണ്‍ പെണ്‍ വിവേചനം കല്‍പ്പിക്കാത്ത ഒരേയൊരു വിഭാഗമെന്നു വിശേഷിപ്പിക്കാം. ഇവരുടെ ഇടയില്‍ മനുഷ്യര്‍ മാത്രമേയുള്ളു). വസ്ത്ര ധാരണത്തിലോ ആചാരങ്ങളിലോ മതത്തെ തളച്ചിടാത്തവര്‍. ദൈവത്തിനു പ്രത്യേക മതത്തിന്റെ നിറം ചാര്‍താത്തവര്‍. സംഗീതസാന്ദ്രമാക്കി ജീവിതത്തെ ആസ്വദിക്കുന്നവര്‍. എല്ലാവിധ ലൗകിക മോഹങ്ങളില്‍ നിന്നും മനസ്സിനെ വിലിക്കിയ ആത്മ ത്യാഗികള്‍.

മതത്തെ അന്ധകാരത്തില്‍ നിന്നും പ്രകാശപൂരിതരാക്കുന്നവരാണു സൂഫി ആചാര്യന്മാര്‍. ഹൃദയത്തിന്റെ ചൂടാണു സൂഫിസമെന്നു ഗ്രന്ഥകാരന്‍ വിവരിക്കുന്നു. ഒരു നാള്‍ കൊണ്ടല്ല വര്‍ഷങ്ങളുടെ തപസ്യകൊണ്ടാണു ഒരു യഥാര്‍ത്ഥ സൂഫി പിറവിയെടുക്കുന്നതെന്ന് കാര്യകാരണമായി ബന്ധപ്പെടുത്തിക്കൊണ്ട് പുസ്തകത്തില്‍ വിവരിക്കുന്നു. ഒരു ശാസ്ത്ര ഗവേഷകനെപ്പോലെ വര്‍ഷങ്ങളുടെ പ്രയത്‌നവും ഈ ഉദ്ദ്യമത്തിനാവശ്യമാണ്. ഒരു ഗുരു നിര്‍ബന്ധമാവുന്നതുപോലെ ഒരു സില്‍സിലയും അവശ്യമാകുന്നു. പല ചിട്ടവട്ടങ്ങളിലൂടെ കഠിന പ്രയത്‌നങ്ങളുടെ ഫലമായി മനുഷ്യ സഹജ സ്വഭാവങ്ങള്‍ക്ക് പല രൂപാന്തരങ്ങളും സംഭവിച്ചാണു ഒരു സൂഫിയുടെ ജനനം.

സൂഫിയുടെ സ്വഭാവം: ത്യാഗം, നിസ്വാര്‍ത്ഥത, നിശബ്ദമായ മനുഷ്യാവബോധസേവ, ആത്മീയ ഔന്നിത്യം എന്നിവയില്‍ നിലകൊള്ളുന്നു. അവന്‍ അവനവനിലേക്ക് ലയിച്ച് അവനെ അവനില്‍ നിന്നും വേര്‍ത്തിരിച്ച് അവനെക്കുറിച്ചറിയാന്‍ ശ്രമിക്കുന്നു. അവനെക്കുറിച്ചറിഞ്ഞവന്‍ അവന്റെ സ്രഷ്ടാവിലേക്ക് ലയിക്കുന്നു.

താനെന്ന സ്വത്വത്തെ ഇല്ലായ്മ ചെയ്ത് ദൈവിക സ്വത്വത്തെ ആവാഹിക്കുന്നവരാണവര്‍. അതിനുള്ള പ്രയത്‌നമാണു സൂഫി ജീവിതവും സൂഫികളുടെ സ്വഭാവവും. ദൈവത്തേയും ദൈവികമായതിനേയും ഗാഢമായി പ്രണയിച്ച് തന്നെ ദൈവിക പ്രണയത്തില്‍ ലയിപ്പിക്കുന്നവരാണവര്‍. അതിനായി മൗനത്തെ പുല്‍കുന്നവരാണു സൂഫികള്‍. മൗനത്തിന്റെ ഗൂഢപൊരുള്‍ അറിഞ്ഞവരാണു ജ്ഞാനികള്‍. ഏകാന്തതയുടെ മേച്ചില്‍ പുറങ്ങള്‍ തേടി ചരിക്കുന്നവരാണ് ഈ ആചാര്യന്മാര്‍. ശൂന്യതയുടെ ഇടം അറിയുന്നവരും കഠിന തപസ്സില്‍ മുഴുകുന്നവരുമാണവര്‍. സ്‌നേഹത്തിലപ്പുറമുള്ള എല്ലാ മാനുഷിക വികാരങ്ങളേയും സൂഫികള്‍ വിഛേദിച്ചുകളയും.

സൂഫിക്കുപ്പായമണിഞ്ഞ് സൂഫിസത്തെ കച്ചവടവല്‍ക്കരിക്കുന്നതിനെ കുറിച്ചും ഗ്രന്ഥകാരന്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഏറ്റവും ലഹരിപകരുന്ന ഒന്നാണു പ്രണയമെന്നു തിരിച്ചറിയുന്നവരാണു മിസ്റ്റിക്കുകള്‍. സംഗീതജ്ഞന്‍ സംഗീത ഉപകരണം ക്രമപ്പെടുത്തുന്നപോലെയാണു സൂഫികള്‍ ആത്മാവിനെ ക്രമീകരിക്കുന്നതെന്നു പുസ്തകത്തില്‍ വിവരിക്കുന്നു. ജ്ഞാനികള്‍ക്ക് ദിവ്യജ്ഞാനമുണ്ടാകാറുണ്ടെന്നു പല സംഭവകഥകളും വിവരിച്ചു കൊണ്ട് പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്. സത്യാന്വേഷണ കുതുകികളായിട്ടാണു സൂഫികള്‍ ജീവിക്കുന്നത്. അതിനായി അവര്‍ സര്‍വ്വവും സമര്‍പ്പിക്കുന്നു. അവരുടെ ഒരേയൊരു ജീവിതാഭിലാഷമാണു സത്യത്തെ പുല്‍കുക എന്നത്. തന്റെ പ്രാണേശ്വരനു തന്റെ ജീവിതം സമര്‍പ്പിക്കാനുള്ള അവരുടെ ഏക മാര്‍ഗ്ഗവുമാണത്.

ആത്മദാഹമാണു സൂഫികളുടെ ജീവിത നിദാനം. എല്ലാര്‍ക്കും ആത്മദാഹം അനുഭവപ്പെടാറില്ലെന്നും ഒരോരുത്തരും കാന്തിക പ്രഭയില്‍ വ്യത്യസ്തരാണെന്നും ഓരോരുത്തരും ഈ ഉള്‍വെളിച്ചമനുസരിച്ചാണു അറിവുകള്‍ സ്വാംശീകരിക്കുന്നതെന്നും ഹാഷിം വ്യക്തമാക്കുന്നു. അറിവുകള്‍ക്കനുസരിച്ചാണു ആഗ്രഹങ്ങളും അഭിലാഷങ്ങളും രൂപപ്പെടുന്നത്. ഒരു ജ്ഞാനിക്കനുസരിച്ചല്ല മറ്റുള്ളവരുടെ ഉള്‍ക്കാഴ്ച്ച എന്നതും ആത്മദാഹം അനുഭപ്പെടാനും പെടാതിരിക്കാനുമുള്ള സാധ്യതകളെ കാണിക്കുന്നു.
പ്രകൃതിയില്‍ എല്ലാത്തിനും ആന്ദോളനം (vibra-tion ) ഉണ്ട്. ആത്മാവിന്റെ  ആന്ദോളനം ബോധമായും ബുദ്ധിയുടേത് ചിന്തയായും ഹൃദയത്തിന്റേത് വികാരമായുമാണ് അനുഭവപ്പെടുക. ആത്മാവിന്റെ ആന്ദോളനം വര്‍ദ്ധിച്ചാല്‍ ബോധവളര്‍ച്ചയും ബുദ്ധിയുടേത് വര്‍ദ്ധിച്ചാല്‍ ചിന്താപരവും ഹൃദയത്തിന്റേത് വര്‍ദ്ധിച്ചാല്‍ സ്‌നേഹവും കരുണയും വര്‍ദ്ധിക്കുമെന്നും ഗ്രന്ഥകാരന്‍ പറയുന്നു. മൂന്നും ഒത്തൊരിമിക്കണമെങ്കില്‍ അസാമാന്യ ഉള്ളൊരുക്കം ആവശ്യമാണെന്നും ഹാഷിം പറയുന്നു. പലരുടെയും ആന്ദോളനങ്ങള്‍ ചിലതില്‍ മാത്രം പരിമിതപ്പെടുന്നു എന്നുള്ളതും അവര്‍ ഒരു കള്ളിക്കുള്ളില്‍ മാത്രം ഒതുങ്ങിക്കൂടേണ്ടി വരുന്നു എന്നത് ഒരു സത്യമാണെന്നും അദ്ദേഹം പറഞ്ഞു തരുന്നു. അസാമാന്യ ഉള്ളൊരുക്കമുള്ളവര്‍ക്ക് മാത്രമേ ആത്മപ്രഭ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാന്‍ കഴിയുകയുള്ളു.

എനിക്ക് ഈ കൃതിയില്‍ എറ്റവും ആകര്‍ഷകമായി തോന്നിയ ഭാഗം മൗനത്തെ കുറിച്ചുള്ള വാചാലതയും ശൂന്യതയെക്കുറിച്ചുള്ള ഉള്ളറിവുമാണ്. ശൂന്യതയുടെ സാധ്യതകളെക്കുറിച്ചും അതിന്റെ സ്ഥായിയായ നിലനില്‍പ്പിനെക്കുറിച്ചുമുളള അറിവിലേക്ക് വെളിച്ചം പകരാന്‍ ഈ കൃതിക്കായിട്ടുണ്ട്. മൗനിയില്‍ നിന്നും ഊര്‍ന്നു പോകുന്നത് അവന്റെ സ്വത്വത്തില്‍ അള്ളിപ്പിടിച്ചുകിടക്കുന്ന അഹന്തയാണ് എന്ന സൂഫി ഗുരുവിന്റെ വരികള്‍ ഏറെ ആകര്‍ഷിച്ചു. സൂഫിസത്തില്‍ മൂന്നു തരം മൗനമുണ്ടത്രെ. നാവിന്റെ മൗനം: എല്ലാര്‍ക്കും സാധ്യമായത്; ഹൃദയത്തിന്റെ മൗനം: നീണ്ട ശിക്ഷണത്താല്‍ ചിന്തകളെ അടക്കിനിര്‍ത്താന്‍ പാകത്തില്‍ ബോധാവസ്ഥ ഉയര്‍ത്തിയവര്‍ക്ക് സാധ്യമായത്; ആത്മാവിന്റെ മൗനം: വളരെക്കാലത്തെ ശിക്ഷണത്താലും ബോധോദയ ഉണര്‍വിനാലും കൈവരിക്കാനാവുന്നത്.

ഒരു പ്രേമി പ്രേമത്തിന്റെ ആഴമറിയുന്നതും ഒരു ജ്ഞാനി ശ്രേഷ്ഠനാവുന്നതും മൗനത്തിലിരിക്കുമ്പോഴാണു. നിശബ്ദനാവുമ്പോള്‍ ഒരാള്‍ ഹൃദയവികാരം അറിയുന്നു. മൗന പ്രണയമാണു ആദ്യമുണ്ടാകുന്നതെന്നും, അത് ആഴം കണ്ടെത്തുമ്പോഴാണു ഹൃദയം പ്രണയ ലഹരിയില്‍ മുഴുകുന്നതെന്നും പുസ്തകം നമുക്ക് പറഞ്ഞു തരുന്നു. ഹാഷിമിന്റെ ഇറാനി സുഹൃത്തിന്റെ വരികള്‍ ഇങ്ങനെപ്പോകുന്നു. കൂട്ടത്തിലുള്ളപ്പോഴും ഏകനായി സ്വസ്ഥപെടുന്നവനു ഏകാന്തത ദു:ഖമല്ല, സന്തോഷപ്രദമാണ്. ദൈവത്തിന്റെ കൈ ലഭിക്കുന്നതും അത്തരം അവസരത്തില്‍ മാത്രം. ഏകാന്തതയാണ് മൗനത്തിന്റെ ആദ്യമുദ്ര എന്നറിയുന്നവനാണ് മിസ്റ്റിസത്തിന്റെ അന്തരാത്മാവ് ആദ്യമായി അറിയുന്ന ആളെന്ന് പുസ്തകത്തില്‍ വിവരിക്കുന്നു.

ഈ പുസ്തകത്തിന്റെ അവതാരികയില്‍ എ.കെ അബ്ദുല്‍ മജീദ് പറയുന്നു, ‘സൂഫിസം: പ്രണയത്തിന്റെ വീഞ്ഞ്’ എന്ന ഹാഷിമിന്റെ കൃതിയാവാം ചില ആത്മാക്കളെയെങ്കിലും ഉണര്‍ത്താനുള്ള നിമിത്തം. ഈ വീഞ്ഞു ആത്മാവിന്റെ ഉണര്‍ത്തലിനായി വെമ്പല്‍ കൊള്ളുന്നവര്‍ക്ക് നല്ലൊരു മുതല്‍ക്കൂട്ട് തന്നെയാവും ഉറപ്പ്. എന്നിലും ഉണര്‍ന്നോ എന്ന് നിശ്ചയമില്ല, ഒരു പ്രകാശം ചൊരിഞ്ഞു എന്നതു സത്യം.

(ഇ. എം. ഹാഷിമിന്റെ സൂഫിസം: പ്രണയത്തിന്റെ വീഞ്ഞ് എന്ന കൃതിക്ക് ഒരാസ്വാദനം)

Related Articles