Current Date

Search
Close this search box.
Search
Close this search box.

പെരുന്നാളിന്റെ പൊരുള്‍

ഇസ്‌ലാം ഒരു സാങ്കല്‍പ്പിക്ക ദര്‍ശനമല്ല, അതിന്റെ ഇടം അന്തരീക്ഷത്തിലുമല്ല. മറിച്ച് ഭൂമിയില്‍ പ്രയോഗവല്‍കരിക്കാനുള്ളതാണ് ഇസ്‌ലാം. മലക്കുകളോട് സംവദിക്കുന്നത് പോലെയല്ല അത് മനുഷ്യരോട് സംവദിക്കുന്നത്. തിന്നുകയും കുടിക്കുകയും വ്യവഹാരങ്ങളിലേര്‍പ്പെടുകയും ചെയ്യുന്ന മനുഷ്യരായിട്ട് തന്നെയാണത് അവരെ കാണുന്നത്.
മനുഷ്യന്റെ എല്ലാ വാക്കുകളും ദിക്‌റ് ആയിരിക്കണമെന്നോ, എല്ലാ മൗനവും ചിന്തയായിരിക്കണമെന്നും, കേള്‍ക്കുന്നത് എല്ലാം ഖുര്‍ആന്‍ ആയിരിക്കണമെന്നോ, മുഴുസമയവും ചിലവഴിക്കേണ്ടത് പള്ളിയിലായിരിക്കണമെന്നോ ഇസ്‌ലാം ശഠിക്കുന്നില്ല. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചപ്പോള്‍ അവനില്‍ കുടിയിരുത്തിയിട്ടുള്ള സര്‍ഗവാസനകളെയും പ്രകൃതിയെയും ഇസ്‌ലാം അംഗീകരിച്ചിട്ടുണ്ട്. തിന്നുകയും കുടിക്കുകയും ചെയ്യുന്നത് പോലെ തന്നെ സന്തോഷിക്കുന്നവരും ആനന്ദിക്കുന്നവരു ചിരിക്കുകയും കളിക്കുകയും ചെയ്യുന്നവരായിട്ടാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്.

എല്ലാത്തിനും അതിന്റേതായ സമയമുണ്ട്
കളിവിനോദങ്ങളില്‍ നിന്നൊക്കെ മാറിനിന്ന് ജീവിതത്തെ അതീവ ഗൗരവവും നിരന്തര ആരാധനകളുമാണ് എന്നു ധരിച്ചിരുന്ന ചില സഹാബികള്‍ ഉണ്ടായിരുന്നു. ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും ആനന്ദങ്ങളും കളിയും വിനോദങ്ങളുമെല്ലാം ഉപേക്ഷിക്കപ്പെടേണ്ടതാണെന്നായിരുന്നു അവര്‍ കരുതിയിരുന്നത്. ചിന്തയും കാഴ്ചയുമെല്ലാം പരലോകത്തേക്ക് തിരിച്ച വെക്കേണ്ടതാണെന്നും അവര്‍ ധരിച്ചു.

മഹാനായ ഹന്‍ദല(റ)ന്റെ ചരിത്രം നമുക്കറിയുന്നതാണ്. അദ്ദേഹം പറയുന്നു:
ഞാന്‍ അബൂബക്‌റിനെ കണ്ടുമുട്ടി, അദ്ദേഹം ചോദിച്ചു: എങ്ങനെയുണ്ട് ഹന്‍ദല?
ഞാന്‍ പറഞ്ഞു: ഹന്‍ദല മുനാഫിഖായിരിക്കുന്നു.
അദ്ദേഹം പറഞ്ഞു: അല്ലാഹുവെത്ര പരിശുദ്ധന്‍! എന്താണ് താങ്കള്‍ പറയുന്നത്?
ഞാന്‍ പറഞ്ഞു: പ്രവാചകന്റെ അടുക്കല്‍ നിന്നും സ്വര്‍ഗ-നരകങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കത് കണ്‍മുന്നില്‍ കാണുന്നത് പോലെയാണ്. എന്നാല്‍ പ്രവാചകന്റെ അടുക്കല്‍ നിന്നും പുറത്തിറങ്ങിയാല്‍ ഭാര്യാ സന്താനങ്ങളോടൊപ്പം തമാശകളിലായിരിക്കുമ്പോള്‍ ഞങ്ങളവയില്‍ കുറേ കാര്യങ്ങള്‍ മറക്കുന്നു.
അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ, ഞങ്ങളും ഇത്തരത്തില്‍ തന്നെയാണുള്ളത്.
തുടര്‍ന്ന് അദ്ദേഹം അബൂബകര്‍(റ)നെയും കൂട്ടി പ്രവാചകന്റെ അടുക്കല്‍ ചെന്നു. തിരുമേനിയോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, നിങ്ങള്‍ ദൈവസ്മരണയിലും എന്റെ അടുക്കല്‍ ആവുമ്പോഴും ഉള്ള അതേ അവസ്ഥയില്‍ തുടര്‍ന്നിരുന്നെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ വിരിപ്പുകളിലും വഴികളിലും മലക്കുകള്‍ക്ക് ഹസ്തദാനം ചെയ്യുമായിരുന്നു. എന്നാല്‍ ഓരോന്നിനും അതിന്റെ സമയം ഉണ്ട്. ഒരോന്നിനും അതിന്റെ സമയമുണ്ടെന്ന് നബി(സ) മൂന്ന് തവണ ആവര്‍ത്തിച്ചു.
മനുഷ്യനായ പ്രവാചകന്‍
പരിപൂര്‍ണ്ണമായ മനുഷ്യജീവിതത്തിന് ഉത്തമ മാതൃകയാണ് പ്രവാചകന്‍(സ)യുടെ ജീവിതം. ഏകാന്തതയിലദ്ദേഹം നമസ്‌കരിക്കുകയും ദൈവഭക്തിയാല്‍ കരയുകയും നിന്ന് നമസ്‌കരിച്ച് കാലുകള്‍ നീരുവരിക വരെ ചെയ്തിരുന്നു. സത്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന്റെ പക്ഷത്ത് നില്‍ക്കാന്‍ ആരെയും ഭയപ്പെട്ടിരുന്നുമില്ല. എന്നാല്‍ അതോടൊപ്പം അദ്ദേഹം നല്ലതിനെ ഇഷ്ടപ്പെടുകയും പുഞ്ചിരിക്കുകയും ചിരിക്കുകയും കളിക്കുകയും തമാശകളിലേര്‍പ്പെടുകയും സത്യമല്ലാത്തതൊന്നും പറയാതിരിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹം. നബി(സ)ക്ക് സന്തോഷവും അതിന് പ്രേരകമായ കാര്യങ്ങളും ഇഷ്ടമായിരുന്നു. അപ്രകാരം തന്നെ ദുഖവും അതിന് കാരണമാകുന്നവയും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
പ്രവാചകന്റെ തമാശക്ക് ഉദാഹരണമായി ഒരു സംഭവം പറയാറുണ്ട്. അദ്ദേഹത്തിന്റെ അടുത്ത് ഒരു വൃദ്ധയായ സ്ത്രീ വന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ, എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം. അപ്പോള്‍ നബി(സ) അവരോട് പറഞ്ഞു: ‘സ്വര്‍ഗത്തില്‍ ആരും കിളവിയായി പ്രവേശിക്കുകയില്ല.’ ആ വൃദ്ധ പരിഭ്രാന്തയായി കരഞ്ഞു. അവര്‍ കരുതിയത് അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്നാണ്. അപ്പോള്‍ അദ്ദേഹം അതിന്റെ ഉദ്ദേശ്യം വിവരിച്ചു കൊണ്ട് പറഞ്ഞു. കിളവിയായവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമ്പോള്‍ കിളവിയായിട്ടല്ല പ്രവേശിക്കുക. അവരെ കന്യകകളായ യുവതികളായിട്ടായി അല്ലാഹു മാറ്റും. തുടര്‍ന്ന് ഖുര്‍ആനിലെ ഈ വചനങ്ങള്‍ പാരായണം ചെയ്തു. ‘അവര്‍ക്കുള്ള ഇണകള്‍ നാം പ്രത്യേക ശ്രദ്ധയോടെ സൃഷ്ടിച്ചവരാണ്. അവരെ നാം നിത്യ കന്യകകളാക്കിയിരിക്കുന്നു.’ (അല്‍ വാഖിഅ: 35-36)
അപ്രകാരം സഹാബികളും കളിക്കുകയും ചിരിക്കുകയും തമാശകള്‍ പറയുകയും ചെയ്യുന്നവരായിരുന്നു. പ്രകൃതിദത്തമയാള്ള സര്‍ഗവാസനകളെ ജീവിതത്തില്‍ പരിഗണിച്ചവരായിരുന്നു അവര്‍.
ഒരിക്കല്‍ അലി(റ) പറഞ്ഞു: ശരീരം ക്ഷീണിക്കുന്നത് പോലെ മനസുകളും ക്ഷീണിക്കും, അതിനാല്‍ യുക്തമായ തമാശകള്‍ കണ്ടെത്തുക.
മനസിന് കുളിര്‍മ്മയേകുന്ന തമാശകളും വിനോദങ്ങളും വിശ്വാസികള്‍ക്ക് സ്വീകരിക്കാവുന്നതാണ്. അനുവദനീയമായ വിനോദങ്ങള്‍ അവര്‍ക്ക് സ്വീകരിക്കാവുന്നതാണ്. അതൊരിക്കലും അവന്റെ ദീനിനെയോ സ്വഭാവത്തെയോ മോശമായി  ബാധിക്കുകയില്ല. അത് മാത്രമായിരിക്കുകയില്ല അവന്റെ ജീവിതം. അവന്റെ നിര്‍ബന്ധബാധ്യതകളില്‍ നിന്നത് അവനെ തെറ്റിക്കുകയില്ല. ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഉപ്പ് പോലെയാണത് അത് ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ. അപ്രകാരം തന്നെ ആളുകളെ നിസ്സാരവല്‍കരിക്കുന്നതും അവരെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതുമായിരിക്കരുത് വിശ്വാസിയുടെ തമാശകള്‍. അതുപോലെ ആളുകളെ ചിരിപ്പിക്കുന്നതിനായി കളവ് പറയുന്നതും അനുവദനീയമല്ല. നബി(സ) ശക്തമായ താക്കീത് നല്‍കിയിട്ടുള്ള വിഷയമാണത്.
വിശ്വാസികളുടെ മനസിന് ആനന്ദകരവും ആശ്വാസകരവുമായ വിനോദങ്ങള്‍ നബി(സ) അനുവദിച്ചിരുന്നു. ആരാധനാ കര്‍മ്മങ്ങളും മറ്റു നിര്‍ബന്ധബാധ്യതകളും നിര്‍വഹിക്കുന്നതിന് അവരുടെ മനസ്സുകളെ ഒരുക്കുന്നതിന് സഹായിക്കുന്നവയാണവ. അത് അവര്‍ക്ക് കൂടുതല്‍ ഉന്മേഷവും മനക്കരുത്തും പകര്‍ന്നു നല്‍കുന്നു. ഓട്ടം, ഗുസ്തി, അമ്പെയ്ത്ത്, കുതിര സവാരി തുടങ്ങിയ അത്തരം വിനോദങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles