Current Date

Search
Close this search box.
Search
Close this search box.

പിതാവിന് മകളെ വിവാഹത്തിന് നിര്‍ബന്ധിക്കാമോ?

family-life.jpg

പതിനഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് ഞാന്‍. പിതൃവ്യ പുത്രനുമായി എന്റെ വിവാഹം നടത്താനാണ് വീട്ടുകാര്‍ ആഗ്രഹിക്കുന്നത്. ആ ബന്ധം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. മറ്റൊരു ചെറുപ്പക്കാരനുമായി ഞാന്‍ പ്രണയത്തിലുമാണ്. ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഉചിതമായ ഒരു നിര്‍ദേശം നല്‍കി സഹായിക്കണം.

മറുപടി: സിനിമകളുടെയും സീരിയലുകളുടെയും നോവലുകളുടെയും സ്വാധീനത്തിന്റെ ഫലമായി ഇന്ന് സമൂഹത്തില്‍ പ്രേമ ബന്ധങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. നിരവധി പെണ്‍കുട്ടികള്‍ അതില്‍ അകപ്പെടുന്നു എന്നതിനപ്പുറം അതിലധിക പേരും വഞ്ചനക്കിരയാക്കപ്പെടുകയും സമൂഹത്തില്‍ പരിഹാസ പാത്രങ്ങളായി മാറുകയും ചെയ്യുന്നു. പ്രായവും തേന്‍പുരട്ടിയ വാക്കുകള്‍ക്ക് എളുപ്പത്തില്‍ ഇടം നല്‍കുന്ന കൗമാരത്തിന്റെ അവസ്ഥയുമെല്ലാം അതിന്റെ പ്രേരകങ്ങളാണ്. പല യുവാക്കളും ഒരു തമാശയെന്ന നിലക്കോ വഞ്ചിക്കുന്നതിനോ പ്രേമബന്ധങ്ങള്‍ സ്ഥാപിക്കുന്നവരാണ്. അവരുടെ മാത്രം സദസ്സുകളില്‍ അതിന്റെ പേരില്‍ അവര്‍ പെരുമ നടിക്കുകയും ചെയ്യുന്നു. കാരണം ഇന്ന് അവന് ഒരു പെണ്‍കുട്ടിയെ വലയിലാക്കാന്‍ സാധിച്ചിരിക്കുന്നു. നാളെ മറ്റൊരു കുട്ടിയെ വീഴ്ത്താന്‍ സാധിക്കും.

അതുകൊണ്ട് ഇത്തരം പഞ്ചാരവര്‍ത്തമാനങ്ങളില്‍ വഞ്ചിതരാവരുതെന്നാണ് മുസ്‌ലിം പെണ്‍കുട്ടികളോട് എനിക്ക് ഉപദേശിക്കാനുള്ളത്. കേവല വൈകാരികതക്ക് പുറത്ത് ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് പകരം മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും ഉപദേശത്തിന് ചെവികൊടുക്കുക. ഒന്നാമതായി കാര്യങ്ങളെയെല്ലാം ബുദ്ധി കൊണ്ട് തുലനം ചെയ്യേണ്ടത് അനിവാര്യമാണ്. ഇതാണ് ഒരു വശം.

അതേസമയം പെണ്‍മക്കളുടെ താല്‍പര്യങ്ങള്‍ കൂടി മുഖവിലക്കെടുക്കണമെന്നാണ് രക്ഷിതാക്കളോട് എനിക്ക് പറയാനുള്ളത്. പെണ്‍കുട്ടിയുടെ താല്‍പര്യത്തിന് ഒരു പരിഗണനയും നല്‍കാതെ പിതാവ് അവളെ വിവാഹം കഴിപ്പിച്ചയക്കരുത്. അവള്‍ക്ക് ഒട്ടും താല്‍പര്യമില്ലാത്ത ഒരാളെ കൊണ്ട് വിവാഹം കഴിപ്പിക്കുമ്പോള്‍ അവളെ സംബന്ധിച്ചടത്തോളം വെറുക്കപ്പെട്ട ഒരു ദാമ്പത്യജീവിതമായിരിക്കും അത് സമ്മാനിക്കുക. അവള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒന്നാണത്. കാരണം പിതാവല്ല, അവളാണ് ഭര്‍ത്താവിനൊപ്പം ജീവിക്കുന്നത്. അതുകൊണ്ടു തന്നെ അവളുടെ തൃപ്തി പ്രധാനമാണ്. എന്നാല്‍ വിവാഹത്തിന് മുമ്പേ യുവതീ യുവാക്കള്‍ക്കിടയില്‍ സ്‌നേഹബന്ധം ഉണ്ടായിരിക്കേണ്ടത് അതിന് ആവശ്യവുമല്ല. നന്നെ ചുരുങ്ങിയത് അവള്‍ക്ക് അയാളില്‍ തൃപ്തിയുണ്ടായിരിക്കണം.

അതുകൊണ്ടാണ് വിവാഹം ചെയ്യാനുദ്ദേശിക്കുന്നവര്‍ തമ്മില്‍ കാണണമെന്ന് ഇസ്‌ലാം കല്‍പിക്കുന്നത്. ‘അവര്‍ക്കിടയില്‍ ഇണക്കമുണ്ടാകുന്നതിന് ഏറ്റവും നല്ലതാണത്’ എന്നാണ് പ്രവാചകചര്യ പഠിപ്പിക്കുന്നത്. ദാമ്പത്യ ജീവിതം അതിലേര്‍പ്പെടുന്നവര്‍ക്കിടയിലെ പരസ്പര തൃപ്തിയുടെ അടിസ്ഥാനത്തിലാവണമെന്നാണ് ഇസ്‌ലാമിക ശരീഅത്ത് താല്‍പര്യപ്പെടുന്നത്. പെണ്‍കുട്ടിയുടെ തൃപ്തിയും അതില്‍ പരിഗണിക്കണം. അവള്‍ക്ക് അക്കാര്യത്തിലുള്ള താല്‍പര്യം പ്രകടിപ്പിക്കുയോ അഭിപ്രായം രേഖപ്പെടുത്തുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം വകവെച്ചു കൊടുക്കണം. തുറന്നു പറയാന്‍ അവള്‍ക്ക് ലജ്ജയാണെങ്കില്‍ സൂചനകളിലൂടെ തൃപ്തി പ്രകടിപ്പിക്കും. ‘കന്യകയോട് അനുവാദം ചോദിക്കണം, മൗനമാണ് അവളുടെ സമ്മതം. പുനര്‍വിവാഹിതയാവുന്ന സ്ത്രീയുടെ കാര്യത്തില്‍ ഏറ്റവും അര്‍ഹത അവള്‍ക്ക് തന്നെയാണ്.’ അതായത് നേരത്തെ ഒരു തവണ വിവാഹിതായിട്ടുള്ള സ്ത്രീയാണെങ്കില്‍ അവള്‍ തന്റെ തൃപ്തിയും അതൃപ്തിയും തുറന്ന് പറയണം. അതേസമയം കന്യകയായ പെണ്‍കുട്ടിക്ക് ലജ്ജ കാരണം തുറന്നു പറയാനാവുന്നില്ലെങ്കില്‍ അവളുടെ മൗനമോ പുഞ്ചിരിയോ സമ്മതായി പരിഗണിക്കണം. അതേസമയം അവള്‍ കരയുകയാണെങ്കില്‍ ആ ബന്ധത്തിലുള്ള അവളുടെ അതൃപ്തിയായിട്ടാണതിന് കാണേണ്ടത്.

ഒരു സ്ത്രീയെ അവളുടെ തൃപ്തിയില്ലാതെ വിവാഹം ചെയ്തുകൊടുത്തത് നബി(സ) റദ്ദാക്കിയിട്ടുണ്ട്. അത് വ്യക്തമാക്കുന്ന ചില റിപോര്‍ട്ടുകള്‍ കാണാം. ഒരിക്കല്‍ പിതാവ് തനിക്ക് ഇഷ്ടമില്ലാത്ത ഒരാളുമായുള്ള വിവാഹത്തിന് നിര്‍ബന്ധിക്കുന്നു എന്ന പരാതിയുമായി ഒരു പെണ്‍കുട്ടി നബി(സ)യുടെ അടുക്കല്‍ വന്നു. പിതാവിന്റെ ഇഷ്ടം സാധിപ്പിച്ചു കൊടുക്കാന്‍ നബി(സ) മൂന്ന് തവണ അവളെ പ്രേരിപ്പിച്ചു. അവള്‍ നിലപാടില്‍ ഉറച്ചു നിന്നപ്പോള്‍ നബി(സ) പറഞ്ഞു: എന്നാല്‍ നിന്റെ ഇഷ്ടം പോലെയാവട്ടെ. അപ്പോള്‍ പെണ്‍കുട്ടി പറഞ്ഞു: എന്റെ പിതാവ് ചെയ്തത് ഞാന്‍ അംഗീകരിച്ചിരിക്കുന്നു. പിതാക്കന്‍മാര്‍ക്ക് ഇതില്‍ അവകാശമില്ലെന്ന് പഠിപ്പിക്കലാണ് ഞാന്‍ ഉദ്ദേശിച്ചത്.

വിവാഹത്തിന് പെണ്‍കുട്ടിയുടെയും അവളുടെ രക്ഷിതാവിന്റെയും തൃപ്തി ആവശ്യമാണെന്നാണ് ഇതിലൂടെ ഞാന്‍ ഉണര്‍ത്താന്‍ ആഗ്രഹിക്കുന്നത്. രക്ഷിതാവിന്റെ തൃപ്തി വിവാഹത്തിന്റെ ഒരു നിബന്ധനായി പല കര്‍മശാസ്ത്രജ്ഞരും എണ്ണിയിട്ടുണ്ട്. ”വലിയ്യും (രക്ഷകര്‍ത്താവും) നീതിമാന്‍മാരായ രണ്ട് സാക്ഷികളുമില്ലാതെ നികാഹില്ല.’, ‘വലിയ്യിന്റെ അനുമതിയില്ലാതെ ഒരു സ്ത്രീ വിവാഹം കഴിപ്പിക്കപ്പെട്ടാല്‍ ആ നികാഹ് അസാധുവാണ്.’ എന്നും ഹദീസുകളില്‍ കാണാം. അപ്രകാരം പെണ്‍കുട്ടിയുടെ മാതാവിന്റെ തൃപ്തിയും ആവശ്യമാണ്. ‘പെണ്‍മക്കളുടെ വിവാഹക്കാര്യത്തില്‍ അവരുടെ മാതാക്കളോട് കൂടിയാലോചിക്കുക’ എന്ന് ഒരു ഹദീസിലുണ്ട്. കാരണം അവരുടെ താല്‍പര്യം ഏറ്റവും നന്നായി അറിയുന്നവര്‍ മാതാക്കളാണ്. ഇങ്ങനെ ഉപ്പയുടെയും ഉമ്മയുടെയും വീട്ടുകാരുടെയുമെല്ലാം തൃപ്തിയോടെ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പെണ്‍കുട്ടിക്ക് സ്വാഭാവികമായും തെളിഞ്ഞ ദാമ്പത്യ ജീവിതമായിരിക്കും ലഭിക്കുക. അതിന് ഇസ്‌ലാമിക ശരീഅത്തിന്റെ താല്‍പര്യ പ്രകാരം കാര്യങ്ങള്‍ നടക്കണമെന്നാണ് അവസാനമായി പറയാനുള്ളത്.

വിവ: നസീഫ്‌

Related Articles