Current Date

Search
Close this search box.
Search
Close this search box.

പാപങ്ങള്‍ വേട്ടയാടുന്ന ഹൃദയങ്ങളോട്

വികാരങ്ങളുടെ തിരമാലകളില്‍പെട്ട് കാലിടറി വീണവര്‍ പൊട്ടിക്കരയുകയല്ല വേണ്ടത്. ‘അല്ലാഹുവിന്റെ കാരുണ്യം നന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമീപമാണ്’. അല്ലാഹുവിലേക്കുള്ള കവാടത്തിന് മറയില്ല, അവിടേക്ക് പ്രവേശിക്കുന്നത് തടയാന്‍ ആര്‍ക്കും അധികാരവുമില്ല. അവന്‍ തന്നെ പറയുന്നത് നോക്കൂ ‘എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം’ (അല്‍ബഖറ : 185)

അടിമയുടെ പശ്ചാതാപത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്നവനാണ് അല്ലാഹു. മരുഭൂമിയില്‍ ദാഹിച്ച് വലഞ്ഞവന് മധുരമൂറുന്ന വെള്ളം ലഭിച്ചാല്‍ എങ്ങനെയുണ്ടായിരിക്കുമെന്നാണ് പ്രവാചകന്‍(സ) അതേക്കുറിച്ച് വിശദീകരിച്ചത്.
എന്ത് കൊണ്ടാണ് അല്ലാഹുവിന്റെ കാരുണ്യത്തില്‍ ജനങ്ങള്‍ നിരാശരാവുന്നത്? തൗബ ചെയ്യാന്‍ മനുഷ്യന് മരണം വരെ അവസരമുണ്ടല്ലോ. നമ്മെ മുന്നോട്ട് നയിക്കാനാവശ്യമായ നന്മകള്‍ നമ്മുടെ ഹൃദയത്തില്‍ തന്നെയുണ്ട്. വേദനയോടെ, പ്രയാസത്തോടെ, ദൗര്‍ഭാഗ്യവാന്മാരായാണ് നാം ജീവിക്കുന്നതെങ്കില്‍ പോലും. എന്ത് കൊണ്ട് നമുക്ക് അല്ലാഹുവിന്റെ കൂട്ട് നേടിയെടുത്ത് കൂടാ? ഹൃദയത്തിന് കുളിര് പകരുന്ന പുതിയ ബന്ധം സൃഷ്ടിച്ച് കൂടാ?
‘വിശ്വാസിളുടെ ഹൃദയം ദൈവസ്മരണ മുഖേന ശാന്തത കൈവരിക്കും.’
സമാധാനത്തിന്റെ, ആശ്വാസത്തിന്റെ മാര്‍ഗം നമ്മുടെ തൊട്ട്മുന്നില്‍ തന്നെയുണ്ട്. ദൈവബോധം തന്നെയാണ് ആ വിശാലമായ വഴി. ‘എന്നെ സ്മരിക്കുന്നതില്‍ നിന്നും പിന്തിരിഞ്ഞവന്‍. അവന്റെ ജീവിതം കുടുസ്സായിരിക്കും. അന്ത്യനാളില്‍ അന്ധനായി അവനെ നാം ഒരുമിച്ച് കൂട്ടും. ‘നാഥാ, എന്നെ അന്ധനായി ഒരുമിച്ച് ചേര്‍ത്തത് എന്ത് കൊണ്ടാണ്? എനിക്ക് കാഴ്ചയുണ്ടായിരുന്നല്ലോ.’ അവന്‍ വിലപിക്കും. അവനോട് (അല്ലാഹു) പറയും ‘ എന്റെ ദൃഷ്ടാന്തങ്ങള്‍ നിന്റെ മുന്നില്‍ വന്നപ്പോള്‍ നീയതിനെ മറന്ന് കളഞ്ഞു. അപ്രകാരം നീയിന്ന് മറക്കപ്പെടും’. ഇത് ദൗര്‍ഭാഗ്യത്തിന്റെയും നാശത്തിന്റെയും മാര്‍ഗമാണ്. ദൈവസ്മരണയില്‍ നിന്ന് അകലുകയെന്നത്. സന്തോഷത്തിന്റെ മാര്‍ഗമുപേക്ഷിച്ച് ഈ മാര്‍ഗം സ്വീകരിക്കാന്‍ നാമാരും ആഗ്രഹിക്കുകയില്ലല്ലോ.
വിശ്വാസികള്‍ക്ക് ഇഹലോകത്ത് സ്വര്‍ഗമുണ്ട്. ആരാധനയുടെ സ്വാദും ദൈവത്തോടുള്ള സംഭാഷണത്തിന്റെ മാധുര്യവും അവന് നുകരാനാവും. ഇതിനുള്ള അവസരം ലഭിക്കാത്തവനാണ് യഥാര്‍ത്ഥ ദരിദ്രന്‍. എത്ര സ്വാദിഷ്ഠമായ വിഭമാണത്! ഇഹലോക വിഭവങ്ങളുടെ സ്വാദ് മറ്റുള്ളവരോടൊപ്പം വിശ്വാസിയും അനുഭവിക്കുന്നു. പക്ഷെ പരലോകത്തെ ദൈവിക സദ്യയുടെ അതിഗംഭീരമായ രുചി വിശ്വാസിയോടൊപ്പം നുകരാന്‍ മറ്റുള്ളവര്‍ക്കാവില്ലല്ലോ.
നമുക്ക് പാപങ്ങളുടെ അഗാധഗര്‍ത്തങ്ങളില്‍ നിന്നും പിടിച്ച് കയറാം. വിശ്വാസത്തിന്റെ നദിയില്‍ മുങ്ങിക്കുളിക്കാം. നമുക്ക് ദൈവസ്മരണയിലേക്ക് അഭയം തേടാം. ഖുര്‍ആന്‍ പാരായണം, നമസ്‌കാരം, ഉന്നത പെരുമാറ്റ ശീലങ്ങള്‍, മാതാപിതാക്കളെ സേവിക്കല്‍ ഇവയെല്ലാം അതിന്റെ തന്നെ ഭാഗമാണ്. അല്ലാഹുവിന്റെ പരിശുദ്ധമായ മുറ്റത്ത് നമുക്ക് ആഘോഷിക്കാം. പ്രലോഭനങ്ങളും, വാഗ്ദാനങ്ങളും മാത്രമുള്ള പിശാചിന്റെ ലോകത്തെ നമുക്ക് വെടിയാം.
വരൂ, നമുക്ക് ജീവിതത്തെ മാറ്റിവരക്കാം. ആത്മാവിനെ പുതുക്കാം. നമ്മുടെ കൂട്ടുകാരനെ മാറ്റാം.
നമുക്ക് ആകാശത്തേക്ക് കൈ ഉയര്‍ത്താം. കണ്ണുനീരിന്റെ കടിഞ്ഞാണ്‍ അഴിച്ച് വിടാം. തന്നിലെ ചേറ് കഴുകിക്കളഞ്ഞ് തെളിമയാര്‍ന്ന അരുവിയില്‍ നീന്തിത്തുടിക്കുകയാണ് ആത്മാവ്.
എത്ര സുന്ദരമായ നിമിഷങ്ങളാണവ! എത്ര മധുരിതമായ സമയം!
ഇഹലോക സുഖങ്ങള്‍ നാം മതിവരോളം ആസ്വദിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കാലവും കഴിഞ്ഞ് പോയതിന് സമാനമാണ്. പക്ഷെ നാമിനി ആസ്വദിക്കുന്നത് ആത്മാവിന്റെ സന്തോഷമായിരിക്കുമെന്ന് മാത്രം.
ഈ സന്ദേശം നീയിത് വായിക്കണമെന്നത് അല്ലാഹുവിന്റെ തീരുമാനമാണ്. അതിനാല്‍ നീ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഈ വരികള്‍ നിനക്ക് അനുകൂലമായോ പ്രതികൂലമായോ സാക്ഷി പറയും. നിനക്ക് മുന്നറിയിപ്പുകാരന്‍ എത്തിയിരിക്കുന്നു. പശ്ചാതാപത്തിലേക്ക് അവ നിന്നെ ക്ഷണിക്കുന്നു. ദൈവത്തിന്റെ ഈ നിര്‍ദ്ദേശത്തോട് നീയെങ്ങനെ പ്രതികരിക്കും. നാമത് യഥാര്‍ത്ഥ വിധത്തില്‍ ഗ്രഹിക്കുമോ അതോ അതിനെ വലിച്ചെറിയുമോ. ആസ്വാദനത്തിന്റെ, പിശാചിന്റെ മാര്‍ഗത്തില്‍ അള്ളിപിടിച്ചിരിക്കുമോ. എന്നാല്‍ പിശാച് തന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുമെന്ന് ഖുര്‍ആന്‍ വിശദീകരിക്കുന്നു. ‘വിധി തീര്‍പ്പുണ്ടായിക്കഴിഞ്ഞാല്‍ പിശാച് പറയും: ‘അല്ലാഹു നിങ്ങള്‍ക്ക് സത്യമായ വാഗ്ദാനമാണ് നല്‍കിയത്. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ, ഞാനത് ലംഘിച്ചു. എനിക്ക് നിങ്ങളുടെമേല്‍ ഒരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്നുമാത്രം. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി. അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിയാല്‍ മതി. എനിക്കു നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. നേരത്തെ നിങ്ങളെന്നെ അല്ലാഹുവിന് പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിക്കുന്നു. തീര്‍ച്ചയായും അക്രമികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്.’ ഇബ്‌റാഹീം : 22
നാമാഗ്രഹിക്കുന്ന, നമ്മെ അല്‍ഭുതപ്പെടുത്തുന്ന, നമ്മുടെ ദാഹം ശമിപ്പിക്കുന്ന അത്യുല്‍കൃഷ്ടമായ സമ്മാനമാണിത്. ദൈവസ്മരണയെന്ന രക്ഷ കൂടെയുള്ളപ്പോള്‍ ആപത്തിനെ ഭയപ്പെടുകയോ, വേദന കൊണ്ട് പുളയുകയോ, അസ്വസ്ഥതയാല്‍ പരിഭ്രാന്തനാവുകയോ ചെയ്യേണ്ടതില്ല. അലി(റ)യും ഭാര്യ ഫാത്വിമ(റ)യും പ്രവാചകന്‍ തിരുമേനി(സ)യുടെ അടുത്ത് പരാതിയുമായെത്തി. അധ്വാനഭാരമായിരുന്നു അവരുടെ പ്രശ്‌നം. തങ്ങള്‍ക്ക് ഒരു ജോലിക്കാരനെ നിശ്ചയിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. നബി തിരുമേനി(സ) അവരോട് പറഞ്ഞു ‘ ജോലിക്കാരനേക്കാള്‍ മഹത്തായ ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ. നിങ്ങള്‍ ഉറങ്ങാന്‍ കിടന്നാല്‍ മുപ്പത്തിമൂന്ന് പ്രാവശ്യം സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാ എന്നും മുപ്പത്തിനാല് തവണ അല്ലാഹു അക്ബര്‍ എന്നും ചൊല്ലുക. നാവിനെ സംബന്ധിച്ചിടത്തോളം കേവലം നൂറ് വചനങ്ങളാണവ. എന്നാല്‍ തുലാസില്‍ അവ ആയിരമാണ്.’ ഇതുകേട്ടതിന് ശേഷം ഞാനവ ഒഴിവാക്കാറിയില്ലായിരുന്നുവെന്ന് അലി(റ) സാക്ഷ്യപ്പെടുത്തുന്നു.

പ്രവാചക സഖാക്കളുടെ സഭയെക്കുറിച്ച് ചിന്തിക്കുക. അബൂ സഈദുല്‍ ഖുദ്‌രി(റ) പറയുന്നു. സഹാബാക്കള്‍ കൂട്ടം കൂടിയിരിക്കുന്നത് കാണാനിടയായ പ്രവാചകന്‍ തിരുമേനി(സ) ചോദിച്ചു. ‘നിങ്ങളെന്താണ് ഇവിടെ ഇരിക്കുന്നത്?’ അവര്‍ പറഞ്ഞു. ‘ഞങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുകയും, ഹംദ് ചൊല്ലുകയുമാണ്.’ നബി തിരുമേനി(സ) അവരോട് പറഞ്ഞു. ‘എന്റെയടുത്ത് ജിബ്‌രീല്‍ വന്നിരുന്നു. അല്ലാഹു നിങ്ങളുടെ കാര്യത്തില്‍ മാലാഖമാരുടെ മുന്നില്‍ അഭിമാനം കൊള്ളുന്നുവെന്ന് ജിബ്‌രീല്‍ അറിയിച്ചിട്ടുണ്ട്.’
വേദനയില്‍ നിന്ന് ആവലാതി ബോധിപ്പിക്കുന്ന, പ്രയാസപ്പെടുന്ന എല്ലാവര്‍ക്കുമുള്ള സുവര്‍ണാവസരമാണിത്. അല്ലാഹുവിന്റെ പരിശുദ്ധമായ നാമങ്ങള്‍ കൊണ്ട് അവനെ സ്മരിക്കുക. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ പ്രഭാത നമസ്‌കാരത്തിന് ശേഷം ദിക്ര്‍ ചൊല്ലിയിരിക്കാറുണ്ട്. പകലുദിക്കുവോളം അദ്ദേഹം ഈയവസ്ഥയില്‍ തുടരും. എന്നിട്ട് തന്റെ ശിഷ്യനായ ഇബ്‌നുല്‍ ഖയ്യിമിനോടായി പറയും. ‘ഇതാണ് എന്റെ ഉച്ച ഭക്ഷണം. ഇത് കഴിച്ചില്ലെങ്കില്‍ എന്റെ ശക്തി ക്ഷയിക്കും’.
ഒരാള്‍ ഹസന്‍(റ)ന്റെ അടുത്തേക്ക് തന്റെ ഹൃദയകാഠിന്യത്തെക്കുറിച്ച് പരാതിയുമായെത്തി. അദ്ദേഹം അയാളോട് പറഞ്ഞു ‘ദൈവസ്മരണ കൊണ്ട് താങ്കളതിനെ മര്യാദ പഠിപ്പിക്കുക’.
നാം നിഷ്‌ക്രിയരായി, നിശബ്ദരായി എത്ര മണിക്കൂറുകള്‍ കഴിച്ച് കൂട്ടുന്നു. അതിനേക്കാള്‍ വലിയ വഞ്ചന മറ്റെന്തുണ്ട്? ഒരു ചെടി നടുന്നതിന്, ഖുര്‍ആന്‍ പാരായണം നടത്തുന്നതിന് നമുക്കതിനെ ഉപയോഗപ്പെടുത്തിക്കൂടെ. ദൈവസ്മരണയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നമുക്കവന്റെ മാര്‍ഗത്തില്‍ സഞ്ചരിച്ച് കൂടെ.

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി

 

Related Articles