Current Date

Search
Close this search box.
Search
Close this search box.

പള്ളി മിമ്പറുകള്‍ നമ്മോടു പറയുന്നത്

jumua.jpg

പ്രവാചകന്‍ മരണപ്പെട്ട് എന്നത് ആദ്യം അംഗീകരിക്കാന്‍ ഉമര്‍ (റ) തയ്യാറായില്ല. അവസാനം അബൂബക്കര്‍ (റ) മിമ്പറില്‍ കയറി. അവിടെ വെച്ചുകൊണ്ട് പ്രവാചക മരണം പ്രഖ്യാപിച്ചു. പെട്ടെന്നാണ് ഉമറിന് (റ)  വിഷയങ്ങളുടെ ഗൗരവം മനസ്സിലായത്. ഇസ്ലാമിക സമൂഹത്തില്‍ പൊതു സമൂഹത്തോട് കാര്യങ്ങളെ ഗൗരവമായി സംവദിക്കാനുള്ള സംവിധാനമാണ് മിമ്പറുകള്‍.

മിമ്പറുകള്‍ ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന്റെ ആധാരം കൂടിയാണ്. ലോകത്തും മറ്റാര്‍ക്കുമില്ലാത്ത ഒന്നാണ് മിമ്പറുകള്‍ എന്ന സൗകര്യം. കാരണം ഇസ്ലാമിക വിശ്വാസ പ്രകാരം വിശ്വാസികള്‍ നിര്‍ബന്ധമായും ഈ മിമ്പറില്‍ നിന്നുള്ള ഉല്‍ബോധനം കേട്ടിരിക്കണം. ഇങ്ങിനെ ഒരു സാഹചര്യം ഞങ്ങള്‍ക്കുണ്ടെങ്കില്‍ ലോകത്തെ ഞങ്ങള്‍ എന്നെ കീഴടിക്കിയിരുന്നു എന്ന് ഒരു കമ്മ്യൂണിസ്‌റ് നേതാവ് പറഞ്ഞതായി വായിച്ചിട്ടുണ്ട്. പ്രവാചകനും ശേഷം ഖലീഫമാരും വെള്ളിയാഴ്ച എന്നില്ലാതെ എപ്പോഴെല്ലാം സമൂഹത്തിനു സന്ദേശം കൈമാറിയിരുന്നോ അപ്പോഴെല്ലാം മിമ്പറില്‍ കയറിയിരുന്നു എന്ന് ചരിത്രം പറയുന്നു. അത്രമാത്രം അടുത്താണ് മുസ്ലിം സമുദായവും മിമ്പറും തമ്മിലുള്ള അടുപ്പം.

മിമ്പര്‍ വെള്ളിയാഴ്ചകള്‍ക്കു മാത്രം എന്നത് പിന്നീട് ഉണ്ടായ തീരുമാനമാണ്. അതൊരു ആരാധനയുടെ മാത്രം പ്രതീകമായി എന്നതും പിന്നീട് സംഭവിച്ച ഒന്നാണ്. അത്‌കൊണ്ട് തന്നെ മിമ്പറിന്റെ ഗൗരവും കുറഞ്ഞു വന്നു. സമൂഹത്തിന്റെ വര്‍ത്തമാന സാഹചര്യം സമൂഹവുമായി സംവദിക്കുന്ന രീതിയാണ് പ്രവാചകനും ശേഷം വന്ന ഖുലഫാറാശിദുകളും കാണിച്ചു തന്നത്. ഇന്നും നാം എടുത്തു പറയുന്ന പലതും പ്രവാചകന്‍ പറഞ്ഞത് മിമ്പറില്‍ നിന്നായിരുന്നു.

വെള്ളിയാഴ്ചകള്‍ അതുകൊണ്ട് തന്നെ സമുദായത്തിന് പ്രാധാന്യമുള്ള ദിവസമാണ്. ഇമാം മിമ്പറില്‍ കയറിയാല്‍ പിന്നെ സംസാരം പാടില്ല എന്ന് മാത്രമല്ല ഇമാമിന്റെ പ്രസംഗം ശ്രദ്ധിച്ചു കേള്‍ക്കണമെന്നും നിര്‍ദേശിക്കപ്പെട്ടു. പലപ്പോഴും ഇമാം ഖുതുബ ആരംഭിച്ചാകും അധികമാളുകളും പള്ളിയില്‍ വരിക. ഒരു ചടങ്ങു എന്നതിലപ്പുറം ഖുതുബകളെ അധികം പേരും സമീപിക്കാറില്ല. ഖുതുബകള്‍ക്കു സമൂഹത്തെ സ്വാധീനിക്കാനുള്ള കഴിവ് കുറഞ്ഞു വരുന്നു എന്ന് സാരം.

അറബി ഖുതുബ നടക്കുന്ന പള്ളികളില്‍ മനസ്സിലാവുക എന്നതിനേക്കാള്‍ കേള്‍വിക്കാണ് പ്രാധാന്യം. മാതൃഭാഷയില്‍ നടത്തപ്പെടുന്ന ഖുതുബകളും പലപ്പോഴും ഒരു ചടങ്ങു എന്നതില്‍ നിന്നും പുറത്തു പോകാറില്ല.  പ്രവാചകന് ഖുതുബ നടത്താന്‍ വഹ്‌യ് ഒരു അടിസ്ഥാനമായിരുന്നു. കൃത്യമായ അറിവും ധാരണയും കൊണ്ടാണ് ഖുലഫാറാശിദീങ്ങളും അത് നിര്‍വഹിച്ചത്. കാരണം അവരുടെ മിമ്പറില്‍ നിന്നുള്ള പ്രഖ്യാപനങ്ങള്‍ അത്ര ഗൗരവത്തോടെയാണ് സമൂഹം കേട്ടിരുന്നത്.

ഒരിക്കല്‍ ദുബായില്‍ വെച്ച് ഒരു ഖുതുബ കേട്ടു. ഖത്തീബ് അറബി ഭാഷയില്‍ തന്നെ പുതിയ പലതും പറഞ്ഞു. നമസ്‌കാരം കഴിഞ്ഞു അടുത്ത് ചെന്ന് പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി ചോദിച്ചു, കേട്ടറിവ് എന്നായിരുന്നു മറുപടി. കൂടുതല്‍ സംസാരിക്കാന്‍ നിന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിലക്കി. ഖതീബുമാരില്‍ അധികവും വേണ്ട രീതിയിലുള്ള ഗൃഹപാഠം നടത്തുന്നില്ല എന്നതാണ് ശരി. എന്താണ് ഇന്ന് സംസാരിക്കുന്നതു എന്ന് ചോദിച്ചാല്‍ അന്ന് കാലത്തു വരെ പലരുടെയും മറുപടി ‘ഒന്നും തീരുമാനിച്ചിട്ടില്ല’ എന്നാകും. മിമ്പറില്‍ കയറി നിന്ന് വിഷയം തീരുമാനിക്കുന്നവരും കുറവല്ല. പുതിയ ഒന്നും ലഭിക്കുന്നില്ല എന്ന് വന്നാല്‍ ആ ഖുതുബകള്‍ വിരസം തന്നെ.

സമയത്തിന്റെ പരിധിയാണ് മറ്റൊരു വിഷയം. ഒരിക്കല്‍ ഒരു പെരുന്നാളിന് നാട്ടില്‍ പോകുമ്പോള്‍ വഴിയില്‍ നമസ്‌കാരത്തിന് കൂടി. അവസാനം ആളുകള്‍ കൈ കാണിച്ചാണ് പ്രസംഗം നിര്‍ത്തിയത്. കൃത്യമായി തുടങ്ങുക, സമയത്തു അവസാനിപ്പിക്കുക എന്നതും പലപ്പോഴും ഖതീബുമാര്‍ ശ്രദ്ധിക്കാതെ പോകുന്നു. കുറഞ്ഞ സമയത്തില്‍ ജനത്തിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്നതായിരുന്നു പ്രവാചക ഖുതുബകള്‍. എല്ലാം ഒരു ദിവസം തന്നെ പറഞ്ഞു തീര്‍ക്കണം എന്ന രീതിയിലാണ് പലരും മുന്നേറുന്നത്.

ഖുതുബകയുടെ വിഷയവും ഒരു പ്രധാന ഘടകമാണ്. കത്വയിലെ പെണ്‍കുട്ടി കൊല്ലപ്പെട്ടപ്പോള്‍ കേരളത്തിലെ ഒരു ഉത്പതിഷ്ണു നേതാവ് ഖുതുബ നടത്തുന്ന പള്ളിയിലാണ് ജുമുഅക്കു പോയത്. അന്നത്തെ വിഷയം ശുഐബ് നബിയും കച്ചവടവും എന്നതായിരുന്നു. അന്ന് തന്നെ സുന്നത്തു നമസ്‌കാരത്തിന്റെ പ്രാധാന്യം പറഞ്ഞവരുമുണ്ട്. മുസ്ലിം സമുദായം നേരിടുന്ന പ്രശ്ങ്ങളെ ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ നിലപാട് പറഞ്ഞു കൊടുക്കുക എന്നതാകണം മിമ്പറിന്റെ ജോലി. അത് ചെയ്യുമ്പോള്‍ മാത്രമാണ് മിമ്പറുകള്‍ അതിന്റെ ജോലി നിര്‍വഹിക്കുക. കുറെ കാലം അറബി നാട്ടില്‍ ജീവിച്ച അനുഭവമുണ്ട്. ചുറ്റുപാടുകള്‍ ഒരിക്കലും അവിടെ മിമ്പറിന് വിഷയമാകാറില്ല. കുളി,വുദു,മാതാപിതാക്കള്‍,നമസ്‌കാരം എന്നതിലപ്പുറം ഖുതുബകള്‍ മുന്നോട്ടു പോയിട്ടില്ല.

ചില ഖതീബുമാരെ കൊണ്ട് പൊറുതി മുട്ടിയവരുമുണ്ട്. സമയനിഷ്ഠയുടെ കാര്യത്തിലാണ് പലപ്പോഴും വിഷയം കടന്നു വരിക. വിഷയത്തെ കുറിച്ച് ഒരു പുതിയ പഠനവുമില്ലാതെ സംസാരിക്കുന്നവരും സജീവം. ഖതീബുമാരോട് കാര്യങ്ങള്‍ തുറന്നു പറയാന്‍ പലപ്പോഴും പലര്‍ക്കും കഴിയാത്തെ പോകും. ഖുതുബയുടെ പോരായ്മകള്‍ കൃത്യ സമയത്തു ഖത്തീബിനെ ധരിപ്പിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ദുരന്തം വലുതാണ്.  

ഇസ്ലാം പറയുക എന്നതില്‍ നിന്നും സംഘടനയിലേക്ക് ചുരുങ്ങുക എന്നതും പല മിമ്പറുകളുടെയും ദുരന്തമാണ്. ഒരിക്കലും സംഘടന വിഷയങ്ങള്‍ സംസാരിക്കാനും ആളുകള്‍ക്കിടയില്‍ വെറുപ്പ് രൂപപ്പെടാനും മിമ്പറുകള്‍ കാരണമാകരുത്. അടുത്തിടെ ഒരു പള്ളിയില്‍ ഖുതുബക്ക് പോയപ്പോള്‍ പള്ളി പ്രസിഡന്റ് പള്ളിയുടെ അവസ്ഥയെ കുറിച്ച് പറഞ്ഞു തന്നു. കേരളത്തിലെ അറിയപ്പെടുന്ന ഒരു മത പണ്ഡിതനെ ഒരിക്കല്‍ എന്റെ ഉപ്പ കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമ്പറില്‍ കമ്മിറ്റിക്കാരോട് പറഞ്ഞു കയറ്റി. ( അദ്ദേഹം ഒരു സംഘടനയുടെ കൂടി നേതാവായിരുന്നു,) അന്നുണ്ടായ പൊല്ലാപ്പ് തീര്‍ന്നു കിട്ടാന്‍ പിന്നെയും കുറെ സമയം  വേണ്ടി വന്നു.

ഖുതുബയും പ്രസംഗവും രണ്ടും രണ്ടാണ്. ഒന്ന് നിര്‍ബന്ധമായും കേള്‍ക്കേണ്ടത്. മറ്റൊന്ന് കേള്‍ക്കല്‍ നിര്‍ബന്ധമില്ലാത്തത്. ഒരു സമൂഹത്തെ ഇസ്‌ലാമികമായി ജീവിപ്പിക്കാന്‍  ആവശ്യമായ  നിര്‍ദ്ദേശങ്ങള്‍ അതാണ് ഖുതുബ, അതില്ലാതെ വന്നാല്‍ ഖുതുബകള്‍ നിലവാരം കുറഞ്ഞു പോകും. സമുദായത്തെ കുറിച്ച് ഖത്തീബിന് ബോധമുള്ളതു പോലെ ഖത്തീബിനെ കുറിച്ച് കമ്മിറ്റിക്കും നാട്ടുകാര്‍ക്കും ബോധ്യം വേണം.

 

Related Articles