Current Date

Search
Close this search box.
Search
Close this search box.

പരീക്ഷണങ്ങള്‍ വിശ്വാസിയെ സംസ്‌കരിക്കുന്നു

exam.jpg

സത്യപ്രബോധനത്തിനായി നിശ്ചയിക്കപ്പെട്ട നിരവധി പ്രവാചകന്മാരുടെ ചരിത്രം വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലുമായി പരാമര്‍ശിക്കുന്നുണ്ട്. അവര്‍ നിയോഗിക്കപ്പെട്ട സമൂഹത്തിന്റെ സവിശേഷതകളെ കുറിച്ചും അവിടെ നടമാടിയിരുന്ന തിന്മകളെ കുറിച്ചും അവര്‍ക്ക് നല്‍കപ്പെട്ട അവര്‍ക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങളെ കുറിച്ചുമൊക്കെ വ്യത്യസ്തമായ രീതിയില്‍ അല്ലാഹു ലോകര്‍ക്ക് വിവരിച്ചു തരുന്നുണ്ട്. രോഗം കൊണ്ട് പരീക്ഷണവിധേയനായ അയ്യൂബ് നബിയും നീണ്ട കാത്തിരിപ്പിനു ശേഷം അല്ലാഹു നല്‍കിയ മകനെ ബലിയറുക്കണമെന്ന് കല്‍പിക്കപ്പെട്ട ഇബ്രാഹിം നബിയും ഇതില്‍ പെടുന്നു. എന്നാല്‍ ഒരു ജനതയിലേക്ക് നിശ്ചയിക്കപ്പെട്ട പ്രവാചകന് അത്യസാധാരണമായ രീതിയില്‍ ജന്മം നല്‍കുക എന്ന പരീക്ഷണത്തിന് വിധേയായ വനിതയാണ് മറിയം ബീവി.

ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം കഠിനമായ പരീക്ഷണം അവളുടെ ചാരിത്ര്യം ചോദ്യം ചെയ്യപ്പെടുക എന്നതാണ്. ഈയൊരു പരീക്ഷണമാണ് അല്ലാഹു മറിയം ബീവിക്ക് കല്‍പിച്ചു നല്‍കിയത്. പ്രത്യേകിച്ച് ബൈതുല്‍ മഖ്ദിസിന്റെ മിഹ്‌റാബില്‍ ഭജനമിരുന്ന ഇംറാന്റെ പുത്രി മറിയം പരിശുദ്ധയും പാതിവ്രത്യം സൂക്ഷിക്കുകയും ചെയ്യുന്നവളായിരുന്നു. അതുകൊണ്ടാവാം മറിയം ബീവിക്ക് അല്ലാഹു ഈസ എന്ന പേരുള്ള ഒരു കുഞ്ഞിനെ നല്‍കും എന്ന് മലക്ക് അറിയിക്കുമ്പോള്‍, അവര്‍ അത്ഭുതപ്പെടുന്നതും അപ്രകാരം തന്നെ സംഭവിക്കും എന്ന് മലക്ക് സാക്ഷ്യപ്പെടുത്തുന്നതും. ആ സന്ദര്‍ഭത്തില്‍ മറിയം ബീവി അല്ലാഹുവിനോട് കേഴുന്നത്, ”എന്റെ രക്ഷിതാവേ, എനിക്ക് എങ്ങനെയാണ് കുട്ടിയുണ്ടാവുക, എന്നെ ഒരു പുരുഷനും സ്പര്‍ശിച്ചിട്ടില്ലല്ലോ.” (ആലുഇംറാന്‍: 47) എന്നാണ്.

തുടര്‍ന്ന് ഈ കഠിനമായ പരീക്ഷണത്തിന്റെ ഭാഗമായെന്നോണം മറിയം ബീവി ഭജനമിരുന്ന സ്ഥലം വിട്ട് ദൂരെയുള്ള ബത്‌ലഹേമിലേക്ക് പോവുകയാണ്. ഇസ്രായീല്യരിലെ വിശുദ്ധ വംശമായ ഹാറൂന്‍ കുലത്തിലെ പെണ്‍കുട്ടി, അതും വിശുദ്ധ ദേവാലയത്തില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നവള്‍ എങ്ങനെ ഗര്‍ഭിണിയായി എന്നുള്ള ചോദ്യത്തെ നേരിടാനുള്ള അവരുടെ പ്രയാസവും ദുഃഖവും തുടര്‍ന്നുവരുന്ന ചില സൂക്തങ്ങളില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ”ഹാ കഷ്ടം, ഇതിനു മുമ്പ് തന്നെ ഞാന്‍ മരിക്കുകയും എന്റെ പേരും കുറിയും വിസ്മൃതമാവുകയും ചെയ്തിരുന്നുവെങ്കില്‍” (മര്‍യം: 23). താന്‍ ഈ ഭൂമി ലോകത്ത് ജീവിച്ചിട്ടേ ഇല്ലാത്തതു പോലെ സകലരില്‍ നിന്നും താന്‍ വിസ്മൃതമാക്കപ്പെട്ടിരുന്നുവെങ്കില്‍ എന്ന് മറിയം ബീവി ആഗ്രഹിച്ചു എന്നു ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഈ കഠിനതയെ ആഴത്തില്‍ വ്യക്തമാക്കിത്തരുന്നതാണ് ബനൂഇസ്രായേല്‍ സമുദായം മറിയമിനോട് ചോദിച്ചതായി ഖുര്‍ആന്‍ പറയുന്ന ചോദ്യം ”ഓ മറിയം നീ മഹാപാപം ചെയ്തുകളഞ്ഞല്ലോ, ഓ ഹാറൂനിന്റെ സഹോദരി, നിന്റെ പിതാവ് ഒരു കെട്ട മനുഷ്യനായിരുന്നില്ല, മാതാവ് ദുര്‍നടത്തക്കാരിയുമായിരുന്നില്ല” (മറിയം: 28)

കഠിനമായ പരീക്ഷണത്തില്‍ നിരാശനായി നിന്റെ ജീവന്‍ നീ ത്യജിച്ച് കളഞ്ഞേനെ എന്ന് പ്രവാചകന്‍(സ)യോട് അല്ലാഹു ഖുര്‍ആനില്‍ ഒരിടത്ത് പറയുന്നുണ്ട്. ഇത്തരത്തില്‍ ഒരു പദപ്രയോഗം മറ്റു പ്രവാചകന്മാരുടെ കാര്യത്തില്‍ ഖുര്‍ആനില്‍ പരാമര്‍ശിച്ചതായി നമുക്ക് കാണുക സാധ്യമല്ല.

സൂറത്തു മര്‍യമില്‍ ആദ്യ സൂക്തങ്ങളില്‍ തന്നെയാണ് വൃദ്ധനായ സകരിയ്യാ(അ)ക്ക് യഹ്‌യ എന്ന മകനെ കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കുന്നത്. വന്ധ്യയായ തന്റെ പത്‌നിക്കും ജരാനരകള്‍ ബാധിച്ച തനിക്കും എങ്ങനെ കുഞ്ഞുണ്ടാകുമെന്ന് സകരിയ്യാ(അ) അത്ഭുതം കൂറുന്നുണ്ട്. സംഭവ്യമല്ല എന്ന് തോന്നുന്നത് അല്ലാഹുവിന് വളരെ നിസ്സാരമാണെന്നും സങ്കല്‍പിക്കാനാവാത്ത കഠിനപരീക്ഷണങ്ങളാണ് അല്ലാഹു ഇഷ്ടപ്പെടുന്ന അവന്റെ ദാസന്മാര്‍ക്ക് ഒരുക്കിവെച്ചിട്ടുള്ളത് എന്നും ഈ സംഭവവിവരണങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു.

പുച്ഛവും പരിഹാസവും ഭീഷണിയും ആരോപണങ്ങളും പ്രലോഭനങ്ങളും വഴി ഇസ്‌ലാമിക പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്യാം എന്ന ഖുറൈശി നേതാക്കളുടെ ആഗ്രഹം കൂമ്പോടിയുകയും മര്‍ദനത്തിന്റെയും അക്രമത്തിന്റെയും ഉപരോധത്തിന്റെയും മാര്‍ഗം ശത്രുക്കള്‍ സ്വീകരിക്കുകയും ചെയ്ത ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടത്തിലാണ് സൂറത്ത് മറിയം അവതരിപ്പിക്കപ്പെട്ടത് എന്നത് നാം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ബിലാല്‍(റ)യും യാസിറും സുമയ്യ ബീവിയുമെല്ലാം പരീക്ഷണത്തിന്റെ തീക്ഷണതയില്‍ അടിപതറാതെയിരുന്ന സന്ദര്‍ഭത്തിലാണ് മര്‍യം ബീവിയുടെ ചരിത്രം ഖുര്‍ആന്‍ വിശദീകരിക്കുന്നതും പുതിയ പ്രതീക്ഷകളും പുതുവസന്തവും സ്വപ്‌നം കാണാന്‍ അല്ലാഹു വിശ്വാസികളെ പ്രേരിപ്പിക്കുന്നതും.

Related Articles