Current Date

Search
Close this search box.
Search
Close this search box.

പരദൂഷണത്തിന് എന്ത് പ്രായശ്ചിത്തം ചെയ്യണം?

backbiting.jpg

ഞാന്‍ ചിലരെ കുറിച്ച് അവരുടെ അസാന്നിദ്ധ്യത്തില്‍ മോശമായി സംസാരിക്കുകയും പിന്നീട് അതില്‍ കുറ്റബോധമുണ്ടാവുകയും ചെയ്താല്‍ അവരോട് നേരിട്ട് ക്ഷമാപണം നടത്തേണ്ടതുണ്ടോ? അല്ലെങ്കില്‍ അല്ലാഹുവിനോട് പൊറുക്കലിനെ തേടിയാല്‍ മതിയാകുമോ?

മറുപടി: പരദൂഷണം ഗുരുതരമായ പാപമാണ്. വളരെ ശക്തമായ ഭാഷയിലാണ് വിശുദ്ധ ഖുര്‍ആന്‍ അതിനെ കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അല്ലാഹു പറയുന്നു: ‘നിങ്ങളിലാരും മറ്റുള്ളവരെപ്പറ്റി അവരുടെ അസാന്നിധ്യത്തില്‍ മോശമായി സംസാരിക്കരുത്. മരിച്ചുകിടക്കുന്ന സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ.’ (ഖുര്‍ആന്‍: 49: 12)

അത്തരം പാപം ചെയ്താല്‍ പശ്ചാത്തപിക്കാനും അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കാനുമാണ് ഖുര്‍ആന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ചെയ്ത അപരാധത്തിലുള്ള കഠിനമായ ഖേദം, അതില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കല്‍, ഇനിയൊരിക്കലും അതാവര്‍ത്തിക്കില്ലെന്ന് ശപഥം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ പശ്ചാത്താപത്തിന്റെ ഉപാധികളാണ്. എന്നാല്‍ മനുഷ്യരുമായി ബന്ധപ്പെട്ട തെറ്റുകളാണെങ്കില്‍ മേല്‍പറയപ്പെട്ടവക്ക് പുറമെ അവരോട് പ്രായശ്ചിത്തം ചെയ്യുകയും മാപ്പപേക്ഷിക്കുകയും വേണം.

പരദൂഷണത്തിലൂടെ മറ്റൊരാളുടെ അഭിമാനത്തെയാണ് വ്രണപ്പെടുത്തുന്നത്. അതുകൊണ്ടു തന്നെ മറ്റൊരാളുടെ അവകാശത്തെ ഹനിക്കുകയാണ് അതിലൂടെ. നബി(സ) പറയുന്നു: ‘ആരെങ്കിലും മറ്റൊരാളെ ദ്രോഹിച്ചാല്‍ പ്രായശ്ചിത്തം സ്വീകരിക്കാത്ത അല്ലാഹുവിന്റെ മുന്നിലെ അന്തിമ വിചാരണക്ക് മുമ്പായി അവനോട് പൊറുത്തുതരാനും വിട്ടുവീഴ്ച്ച ചെയ്യാനും ആവശ്യപ്പെടട്ടെ.’

അതുകൊണ്ട് ആരെ കുറിച്ചെങ്കിലും അവരുടെ അഭാവത്തില്‍ മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമാപണം നടത്തണമെന്നാണ് ഞാന്‍ ഉപദേശിക്കുക. എന്നാല്‍ അങ്ങനെ ചെയ്യുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുകയെങ്കില്‍ അവരുടെ പേരില്‍ ദാനധര്‍മങ്ങള്‍ ചെയ്യുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക. അവരിലെ നന്മകള്‍ ആളുകളോട് പറയുകയും ചെയ്യാം.

اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ دِقَّهُ وَجِلَّهُ أَوَّلَهُ وَآخِرَهُ سِرَّهُ وَعَلانِيَتَهُ

(അല്ലാഹുവേ! എന്റെ രഹസ്യമായതും പരസ്യമായതും ആദ്യത്തേതും അവസാനത്തേതും ചെറുതും വലുതുമായ എല്ലാപാപങ്ങളും നീ പൊറുത്തു തരേണമെ!)
എന്ന പ്രാര്‍ഥന നിരന്തരം ആവര്‍ത്തിക്കുകയും ചെയ്യുക.

വിവ: നസീഫ്

Related Articles