Current Date

Search
Close this search box.
Search
Close this search box.

നോമ്പ് നോല്‍ക്കാത്ത ഭര്‍ത്താവിന് ഭക്ഷണം പാകം ചെയ്ത് കൊടുക്കല്‍

ചോദ്യം : റമദാനില്‍ നോമ്പ് നോല്‍ക്കാത്ത ഭര്‍ത്താവിന് ഭാര്യ ഭക്ഷണം തയ്യാറാക്കി കൊടുക്കുന്നതിന്റെ വിധി എന്താണ്?

 

മറുപടി : ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നാണ് റമദാനിലെ നോമ്പ്. പ്രായപൂര്‍ത്തിയായ, യാത്രക്കാരനോ രോഗിയോ അല്ലാത്ത എല്ലാ വിശ്വാസികളും നിര്‍വഹിക്കേണ്ട നിര്‍ബന്ധ ബാധ്യതയാണത്. അല്ലാഹു പറയുന്നു : ‘വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍. നിര്‍ണിതമായ ഏതാനും ദിനങ്ങളില്‍. നിങ്ങളാരെങ്കിലും രോഗിയോ യാത്രയിലോ ആണെങ്കില്‍ മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം തികയ്ക്കണം. ഏറെ പ്രയാസത്തോടെ മാത്രം നോമ്പെടുക്കാന്‍ കഴിയുന്നവര്‍ പ്രായശ്ചിത്തമായി ഒരഗതിക്ക് ആഹാരം നല്‍കണം. എന്നാല്‍ ആരെങ്കിലും സ്വയം കൂടുതല്‍ നന്മ ചെയ്താല്‍ അതവന് നല്ലതാണ്. നോമ്പെടുക്കലാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍.’ (അല്‍ ബഖറ 53)

എന്നാല്‍ അസുഖം, യാത്ര, പ്രായാധിക്യം തുടങ്ങിയ ന്യായമായ കാരണങ്ങളില്ലാതെ നോമ്പ് ഒഴിവാക്കുന്ന ഭര്‍ത്താവിന് ഭക്ഷണവും മറ്റു അന്നപാനീയങ്ങളും ഒരുക്കി കൊടുക്കേണ്ട ബാധ്യത ഭാര്യക്കില്ല. തെറ്റ് ചെയ്യുന്നവരെ സഹായിക്കുന്നതും അതിന് അവസരം ഒരുക്കി കൊടുക്കുന്നതും വിശ്വാസിക്ക് ഭൂഷണമല്ല. നോമ്പ് നോല്‍ക്കാത്ത ഭര്‍ത്താവിന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ഭാര്യയുടെ പ്രവൃത്തിയും തെറ്റായിട്ടാണ് പരിഗണിക്കപ്പെടുക.

രോഗം, യാത്ര, പ്രായാധിക്യം തുടങ്ങിയ പ്രധാനപ്പെട്ട കാരണങ്ങളാല്‍ മാത്രമാണ് ഇസ്‌ലാമില്‍ നോമ്പ് ഒഴിവാക്കാന്‍ അനുവാദമുള്ളത്. അതിനാല്‍ ഇത്തരം ന്യായമായ കാരണങ്ങളൊന്നുമില്ലാതെ നോമ്പ് ഒഴിവാക്കുന്ന ഭര്‍ത്താവിന് അതിന്റെ ഭവിഷ്യത്തിനെ കുറിച്ച് ബോധ്യപ്പെടുത്തി കൊടുക്കേണ്ട ബാധ്യത ഭാര്യയുടേതാണ്.

Related Articles