Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിവാഹിതനാവേണ്ടതുണ്ടോ?

ഭൂരിഭാഗം ആളുകളും വിവാഹിതരാകുമ്പോഴും വിവാഹം കഴിക്കാത്ത പലരെയും കാണാം. തന്റെ കൂട്ടുകാരൊക്കൊ വിവാഹം ചെയ്തിരിക്കുന്നു, ഞാനും ആ പ്രായത്തിലെത്തിയിരിക്കുന്നു എന്നതാണ് ചിലര്‍ക്ക് വിവാഹം കഴിക്കാനുള്ള ന്യായം. മറ്റുചിലര്‍ക്ക് വിവാഹത്തിന് കാരണം മാതാപിതാക്കളുടെ സമ്മര്‍ദ്ധമാണ്.
എന്നാല്‍ മറ്റുചിലര്‍ വിവാഹം ചെയ്യുന്നത് ശാരീകസൗന്ദര്യത്തിലോ, ബുദ്ധിശക്തിയിലോ, സമ്പത്തിലോ ആകൃഷ്ടനായിട്ടാണ്. അതേസമയം വിവാഹമെന്നത് നബിതിരുമേനിയുടെ മാതൃകയാണെന്നും സ്രഷ്ടാവിന് വഴിപ്പെടുന്നതിന്റെ ഭാഗമാണതെന്നും മനസിലാക്കി വിവാഹം ചെയ്യുന്ന മുസ്‌ലിം യുവാക്കളുമുണ്ട്. ജീവിതത്തില്‍ ഒരു പങ്കാളി, കുടുംബം തുടങ്ങിയവക്കുള്ള ഒരു മാര്‍ഗമായി വിവാഹത്തെ കാണുന്നവരുമുണ്ട്.

വിവാഹത്തിന് തയ്യാറായിട്ടില്ലെന്ന് തിരിച്ചറിയുന്നവര്‍ നേരത്തെ വിവാഹം കഴിക്കുന്നതിനേക്കാള്‍ അതിന് ഒരുങ്ങുന്നത് വരെ കാത്തിരിക്കുകയാണെന്ന് മനസിലാക്കുന്നു. അസന്തുഷ്ടമായ ഒരു വൈവാഹിക ജീവിതം അവര്‍ ഇഷ്ടപ്പെടുന്നില്ല എന്നതു തന്നെ കാരണം. എന്നാല്‍ താന്‍ വിവാഹത്തിന് പക്വമായിരിക്കുന്നുവെന്ന് ഒരാള്‍ക്ക് എങ്ങനെയാണ് ബോധ്യമാവുക?

നിങ്ങള്‍ വിവാഹത്തിന് തയ്യാറാണോ അല്ലയോ എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുകയെന്നത് വളരെ പ്രധാനമാണ്. തങ്ങളുടെ കഴിവുകളും എവിടെയാണ് കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതെന്നും തിരിച്ചറിയുന്നതിനായി നിങ്ങള്‍ സമയം ചെലവഴിക്കേണ്ടതുണ്ട്. നിങ്ങളും ദൈവവുമായിട്ടുള്ള ബന്ധം എങ്ങിനെയാണ്? നിങ്ങളുട ഭാവി പങ്കാളിയുമായുള്ള ബന്ധം എങ്ങനെയായിരിക്കണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത്?
നിങ്ങളുടെ ജീവിതം മറ്റൊരാളുമായി പങ്കുവെക്കാന്‍ തയ്യാറാണോ?
ഒരു കുടുംബത്തിന്റൈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ താങ്കള്‍ തയ്യാറാണോ? നിങ്ങളുടെ വ്യക്തിപരവും കുടുംബപരവുമായ ലക്ഷ്യങ്ങള്‍ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും പങ്കുവെക്കാനും ഒരുക്കമാണോ?
ആരോഗ്യപരവും സമാധാനപരവുമായ ഒരു കുടുംബം സൃഷ്ടിക്കാന്‍ താന്‍ എന്തൊക്കെ ചെയ്യണമെന്ന് അറിഞ്ഞിരിക്കല്‍ വളരെ പ്രധാനമാണ്.
മുന്നൊരുക്കം
നാം യഥാര്‍ത്ഥത്തില്‍ വിവാഹം കഴിക്കാനിഷ്ടപ്പെടുന്നുണ്ടോ, വിവാഹത്തിന് ഒരുങ്ങിയിട്ടുണ്ടോ എന്നൊക്കെ അറിയുന്നതിന് വിവാഹത്തിന് മുമ്പ് അതിനെ കുറിച്ച വിദ്യാഭ്യാസം നല്‍കല്‍ അനിവാര്യമാണ്. പല മതങ്ങളിലും വിവാഹത്തിന് മുമ്പ് അത് ചെയ്യുന്നുണ്ട്. വിവാഹം നടത്തിക്കൊടുക്കുന്നതിന് കാണിക്കുന്ന താല്‍പര്യം പല മതനേതാക്കളും വിവാഹത്തിന് മുമ്പുള്ള വിദ്യാഭ്യാസത്തിനും കൗണ്‍സിലിംങ്ങിനും നല്‍കുന്നതായി കാണാറില്ല.
ഈയടുത്ത് ഒരു കത്തോലിക്ക സുഹൃത്ത് അവര്‍ക്കിടയിലുള്ള രീതിയെ കുറിച്ച് എന്നോട് സൂചിപ്പിച്ചു. വിവാഹജീവിത്തിന് ഒരുങ്ങുന്നതിനായി എട്ട് ആഴ്ച ദൈര്‍ഘ്യമുള്ള പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. വിവാഹത്തിനും കുടുംബജീവിതത്തിനും ഒരുങ്ങുന്നതിനായി മറ്റു പ്രത്യയശാസ്ത്രങ്ങള്‍ നല്ല ചിലകാല്‍വെപ്പുകള്‍ നടത്തുന്നത് നമുക്ക് കാണാം. നബിതിരുമേനിയുടെ കാലത്ത് നിലനിന്നിരുന്ന വിവാഹത്തെ കുറിച്ചുള്ള വിദ്യാഭ്യാസം നല്‍കുന്ന രീതികള്‍ മുസ്‌ലിംകള്‍ വീണ്ടെടുക്കേണ്ടതുണ്ട്.
വിവാഹാന്വേഷണത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ യുവാക്കള്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കണം. സ്വന്തത്തെ കുറിച്ചും തന്റെ തന്നെ കഴിവുകളെയും കഴിവുകേടുകളെയും പറ്റിയും തനിക്ക് അല്ലാഹുവുമായുള്ള ബന്ധത്തെ കുറിച്ചും അറിയുന്നതിന് അവ സഹായിക്കും. തങ്ങള്‍ ആരാണെന്ന് അറിയാതെയാണ് ഭൂരിഭാഗം ആളുകളും വിവാഹിതരാകുന്നത്. വളരെ ചുരുക്കം ആളുകള്‍ മാത്രമാണ് സ്വന്തത്തെ വിലയിരുത്തുന്നവരായിട്ടുള്ളു. വിവാഹ വിദ്യാഭ്യാസം വ്യക്തികളുടെ കഴിവുകളെ പോഷിപ്പിക്കുന്നതുമായിരിക്കണം. ആശയവിനിമയം, സാമ്പത്തികാസൂത്രണം, പ്രശ്‌നപരിഹാരത്തിനുള്ള കഴിവുകള്‍ തുടങ്ങിയവയെല്ലാം വിവാഹജീവിതത്തിന് അനിവാര്യമാണ്. ഇത്തരം പരിപാടികള്‍ പരസ്പര ബന്ധവും വിവാഹത്തില്‍ ലൈംഗികതക്കുള്ള സ്ഥാനവും ഉള്‍പ്പെടുത്തേണ്ടതുണ്ട്.
ഒരാള്‍ തനിക്ക് ഇണയാക്കാന്‍ പറ്റുമെന്ന് തോന്നുന്ന ഒരാളെ കണ്ടെത്തിയാല്‍ അവര്‍ ഇരുവരും നന്മയെ തേടുന്ന നമസ്‌കാരം (സ്വലാത്തുല്‍ ഇസ്തിഖാറ) നടത്തണം എന്നാണ് ഞാന്‍ ഉപദേശിക്കുക. അതുപോലെ തന്നെ കുടുംബത്തോടും അടുത്ത കൂട്ടുകാരോടും ഉപദേശം തേടണം. അപ്രകാരം തന്നെ അവര്‍ നല്ല ഒരു കൗണ്‍സിലറെ കണ്ട് കൗണ്‍സിലിംഗ് സ്വീകരിക്കണം. കുറച്ച് സമയം ചെലവഴിച്ച് തന്നെ പങ്കാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ സ്വഭാവം, പ്രകൃതം, മതനിഷ്ഠ, പെരുമാറ്റം തനിക്കിണങ്ങുന്നതാണോയെന്ന് അറിയേണ്ടതുണ്ട്.
വിവാഹജീവിതത്തില്‍ ഇണകള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും തിരിച്ചറിയാനും നല്ലരൂപത്തില്‍ അവയെ കൈകാര്യം ചെയ്യാനും സഹായകമാകുന്നതായിരിക്കണം വിവാഹത്തിന് മുമ്പ് നല്‍കുന്ന ഉപദേശങ്ങള്‍. ജീവിതത്തില്‍ വളരെ സുപ്രധാനമായ ഒരു കാര്യമാണ് വിവാഹമെന്നത്. ദീനിന്റെ പകുതിയെന്നത് പോലെ തന്നെ സമൂഹത്തിന്റെ അടിസ്ഥാനവുമാണത്. നമ്മുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് നാം ചെലവഴിക്കുന്നതിലേറെ സമയം വിവാഹ ജീവിതത്തിന് ഒരുങ്ങുന്നതിനായി ചെലവഴിക്കണം. വിവാഹത്തിലേര്‍പ്പെടുന്നതിന് മുമ്പ് അതിനെ കുറിച്ച യഥാര്‍ത്ഥ വിവരം ഉണ്ടാക്കിയെടുക്കാന്‍ നിങ്ങള്‍ സമയം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സന്തുഷ്ടമായ ഒരു വിവാഹ ജീവിതത്തിന് നിങ്ങള്‍ സജ്ജരാണോ എന്ന് അറിയാനും സമയം വിനിയോഗിക്കണം.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

 

Related Articles