Current Date

Search
Close this search box.
Search
Close this search box.

നാവനക്കും മുമ്പ് ഒരു നിമിഷം

xl3ckc.jpg

മൂസാ നബിയുടെ കാലഘട്ടത്തില്‍ ശക്തമായ വരള്‍ച്ച ബാധിച്ച ഒരു സന്ദര്‍ഭം. മഴ കിട്ടാതെ മനുഷ്യരും ജീവജാലങ്ങളും വല്ലാതെ പ്രയാസപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി എല്ലാവരും വിശാലമായ ഒരു മൈതാനിയില്‍ ഒരുമിച്ചു കൂടാന്‍ ആഹ്വാനം ചെയ്യപ്പെട്ടു. നിശ്ചിത സ്ഥലത്ത് മൂസാ നബിയുടെ നേതൃത്വത്തില്‍ മഴക്ക് വേണ്ടി കൂട്ടമായി പ്രാര്‍ഥന നടത്തി. എല്ലാവരും മനമുരുകി പ്രാര്‍ഥനയില്‍ പങ്കെടുത്തു. പ്രാര്‍ഥന അവസാനിച്ച ഉടനെ മൂസാ നബിയുടെ അടുത്തേക്ക് ജിബ്‌രീല്‍ എന്ന മലക്ക് പ്രത്യക്ഷപ്പെട്ടു. ദൈവ ധിക്കാരിയായ ഒരാളുടെ സാന്നിധ്യമുള്ളതിനാല്‍ പ്രാര്‍ഥന സ്വീകരിക്കപ്പെടുകയില്ലെന്നു ധരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് പ്രാര്‍ഥനാ സംഗമത്തില്‍ നിന്നും പ്രസ്തുത ധിക്കാരി വിട്ടു നില്‍ക്കണം എന്ന് ആജ്ഞാപിക്കപ്പെട്ടു. ഇത് കേട്ട് സദസ്സ് ആകെ സ്തംഭിച്ചു.പരസ്പരം നോക്കി. ആരാണാവോ ഈ കടുത്ത ധിക്കാരി? എല്ലാ മുഖങ്ങളിലും സങ്കടവും നിരാശയും നിറഞ്ഞ് നില്‍ക്കുന്നു. നാഥന്റെ അനുഗ്രഹ കവാടങ്ങള്‍ തുറക്കപ്പെടുകയില്ലേ എന്നവര്‍ ആശങ്കപ്പെട്ടു. മൂസാ നബിയുടെ ആജ്ഞ ആവര്‍ത്തിക്കപ്പെട്ടെങ്കിലും ആരും സംഗമ സദസ്സില്‍ നിന്നും പുറത്ത് പോയില്ല.

ജന മധ്യത്തില്‍ അവഹേളിക്കപ്പെടുമെന്ന സാഹചര്യത്തില്‍ ധിക്കാരിയായ അയാള്‍ കരളുരുകി പ്രാര്‍ഥനയില്‍ മുഴുകി. പെട്ടെന്ന് അതാ അന്തരീക്ഷം ആകെ ഇരുളടഞ്ഞു. ശക്തമായ കാര്‍ മേഘം ഇരുണ്ടു മൂടി. തണുത്ത കാറ്റ്, ഒരു നല്ല മഴക്കുള്ള സര്‍വ സാധ്യതകളും. പ്രാര്‍ഥനക്കുത്തരം ലഭിച്ച പ്രതീതി.

ധിക്കാരിയുടെ ആത്മാര്‍ഥമായ പശ്ചാത്താപം സ്വീകരിച്ചതിന്റെ ഫലമായി പ്രാര്‍ഥന സ്വീകരിക്കപ്പെട്ട വിവരം മൂസാ നബിയെ ദൈവം അറിച്ചു. എന്നാല്‍ മാനസാന്തരം സംഭവിച്ച് പശ്ചാത്തപിച്ച ദൈവദാസന്‍ ആരാണെന്നു വ്യക്തമാക്കപ്പെടണമെന്ന മുസാ നബിയുടെ അഭ്യര്‍ഥന നിരസിക്കപ്പെട്ടു. നീണ്ട വര്‍ഷങ്ങള്‍ ധിക്കരിച്ചു നടന്നവനെ ജനമധ്യത്തില്‍ അവഹേളിച്ചിട്ടില്ല. ഇപ്പോള്‍ എല്ലാ പാപവും ഏറ്റു പറഞ്ഞു പശ്ചാത്തിപിച്ച ഈ ദാസന്റെ അഭിമാനം ക്ഷതപ്പെടുത്തപ്പെടുകയില്ലെന്നായിരുന്നു ദൈവ ഭാഷ്യം. സൃഷ്ടികളുടെ ആത്മാഭിമാനത്തെ എത്ര ഗൗരവത്തോടെയാണ് സ്രഷ്ടാവ് പരിഗണിക്കുന്നത്.

പ്രവാചക സന്നിധിയില്‍ ഒരു സ്വഹാബി വ്രത വിശുദ്ധിയുടെ മാസത്തില്‍ തനിക്ക് പിണഞ്ഞ അബദ്ധവും പാപവും വെളിപ്പെടുത്താനെത്തിയപ്പോള്‍ അതിനു പ്രായശ്ചിത്തമായി അറുപതു ദിവസം വ്രതം അനുഷ്ടിക്കാന്‍ പറഞ്ഞു. അതിനു കഴിയില്ലെന്നു അദ്ദേഹം പ്രവാചകനെ ധരിപ്പിച്ചപ്പോള്‍ അറുപതു ധരിദ്രര്‍ക്ക് അന്നദാനം നടത്താന്‍ കല്‍പ്പിച്ചു. അതിനും കഴിയില്ലെന്നായപ്പോള്‍ അനുയായികളോട് ഒരു കൂട കാരക്ക കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കൊണ്ടുവരപ്പെട്ട കാരയ്ക്ക ദരിദ്രര്‍ക്ക് നല്‍കിയാല്‍ മതിയെന്നും പ്രവാചകന്‍ അരുളി. തന്നെക്കാള്‍ ദരിദ്രരായി പ്രദേശത്താരുമില്ലെന്ന ആഗതന്റെ പ്രത്യുത്തരം കേട്ടു അണപ്പല്ലു പുറത്തു കാണും വിധം പ്രവാചകന്‍ ചിരിച്ചുവെന്നാണ് ചരിത്രം. ഒടുവില്‍ കാരയ്ക്ക മുഴുവന്‍ പ്രായശ്ചിത്തത്തിനു കല്‍പിക്കപ്പെട്ട ഏറെ ദരിദ്രനായ വ്യക്തിയുടെ വീട്ടിലേയ്ക്ക് തന്നെ കൊണ്ടു പോകാനായിരുന്നു തിരുമേനിയുടെ തിരുമൊഴി.

ഒരാളുടെ പ്രായശ്ചിത്തത്തിന്റെ പരിണിതി അതേ വ്യക്തിക്കും കുടുംബത്തിനും തന്നെ ഗുണകരമാകും വിധം പരിണമിപ്പിക്കപ്പെട്ട അത്യപൂര്‍വമായ സന്ദര്‍ഭം ദൈവീക ദര്‍ശനത്തിലല്ലാതെ കണാന്‍ സാധ്യമാകുകയില്ല. ആത്മീയതയുടെ ആത്യന്തിക വിശകലനത്തില്‍ മാനവികത തിളങ്ങി നല്‍ക്കുന്നതു പോലെ ദൈവിക ശിക്ഷണങ്ങളുടെ പാഠപുസ്തകത്തില്‍ എത്ര ഹൃദ്യമായാണ് മാനുഷികത ദൃശ്യമാകുന്നത്.

സൃഷ്ടികളോട് ഏറെ ദയാവായ്പുള്ളവനാണ് സ്രഷ്ടാവ്. മനുഷ്യ നിര്‍മ്മിത പ്രത്യയ ശാസ്ത്രങ്ങളേക്കാള്‍ മാനവികവും മാനുഷികവും ആയ ദര്‍ശനമത്രെ ദൈവീക ദര്‍ശനം. ഈ തിരിച്ചറിവ് ശുദ്ധമായ വായനയിലൂടെ മാത്രമേ സാധ്യമാകൂ. ദൈവ കല്‍പനകള്‍ ലംഘിക്കപ്പെടുമ്പോള്‍ പ്രായശ്ചിത്തമായ അനുഷ്ടാനങ്ങള്‍ നല്ലൊരു ശതമാനവും ജനോപകരാങ്ങളാണെന്നാണ് മനസ്സിലാക്കാനാകുന്നത്.

ശുദ്ധമായ ഒരു സംസ്‌കാരത്തിന്റെ പരിപോഷണത്തിനു ഏറെ അനിവാര്യമായ ഒരു പാഠം കൂടെ സാന്ദര്‍ഭികമായി വിവരിക്കാം. മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്ന വിവരത്തിന്റെ/വാര്‍ത്തയുടെ സ്രോതസ്സ്, നിജസ്ഥിതി, വിശ്വാസ്യത, അതു പ്രചരിച്ചാലുണ്ടാകുന്ന, പ്രത്യാഘാതങ്ങള്‍ എന്നിങ്ങനെ വീണ്ടു വിചാരം ചെയ്യപ്പെടാതെ ഒന്നും പറയാതിരിക്കുക. പ്രസ്താവിക്കാതിക്കുക, പ്രചരിപ്പിക്കതിരിക്കുക, ശ്രവിക്കാതിരിക്കുക. ഇതാണ് ചിന്തകനായ ടോള്‍സ്‌റ്റോയിയില്‍ നിന്നു ഉദ്ധരിക്കുന്ന ഒരു സംഭവ കഥയുടെ രത്‌നച്ചുരുക്കം.

നമ്മുടെ നാവിന്‍ തുമ്പിലൂടെയൊ, വിരല്‍ തുമ്പിലൂടെയൊ ലോകത്തോട് സംവദിച്ചു കൊണ്ടേയിരിക്കുന്ന അത്യാധുനിക കാലത്ത് ഇത്തരം ചിന്താധാരയ്ക്ക് നല്ല പ്രസക്തിയുണ്ട്. സമൂഹത്തില്‍ കാട്ടുതീപോലെ പരത്തുന്ന പടര്‍ത്തുന്ന ഊഹാപോഹങ്ങളുടെ പ്രചാരകരെ കടുത്ത ഭാഷയിലാണ് വിശുദ്ധ ഗ്രന്ഥം വിമര്‍ശിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അഥവാ കൊലപാതകത്തേക്കാള്‍ കടുത്ത പാതകമായിട്ടാണ് വിനാശകരമായ വര്‍ത്തമാനങ്ങളെയും അതു പ്രചരിപ്പിക്കുന്നവരെയും ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ജീവിതത്തിന്റെ സകല മേഖലകളിലും നന്മയെ ആവുന്നത്ര പോഷിപ്പിക്കുക പ്രകാശിപ്പിക്കുക എന്നതാണ് ഇസ്‌ലാമിക സംസ്‌കാരം.

അപരന്റെ ന്യൂനതകള്‍ മറച്ചു വെക്കുന്നതും വിട്ടു വീഴ്ചകള്‍ ചെയ്യുന്നതും ഉദാത്തമായ ഗുണ വിശേഷമാണ്. ഏതു പ്രതിസന്ധിയിലും നന്മയില്‍ ഉറച്ചു നില്‍ക്കുന്നതും ഉത്തമമാണ്. ഊഹാപോഹങ്ങളും അതു വഴി കലഹങ്ങളും കലാപങ്ങളും അന്യമാകുന്നേടത്താണ് പ്രശാന്ത സുന്ദരമായ ലോക നിര്‍മ്മിതിയുടെ പശ്ചാത്തലമൊരുങ്ങുന്നത് എന്നതും സുവിദിതമാണ്. നാവനക്കും മുമ്പ് ഒരു നിമിഷം, കൈവിരലനക്കും മുമ്പ് ഒരു നിമിഷം.

Related Articles