Current Date

Search
Close this search box.
Search
Close this search box.

നമ്മളെന്നാണ് ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുക?

ujp.jpg

എത്ര വയസ്സായി എന്ന ചോദ്യത്തിന് മുസ്തഫയുടെ മറുപടി ‘നാല്‍പത് ‘ എന്നായിരുന്നു. കാലം കുറെ കഴിഞ്ഞാണ് അയാള്‍ മുസ്തഫയെ കാണുന്നത്,. അന്നും വയസ്സ് ചോദിച്ചപ്പോള്‍ മുസ്തഫ നാല്‍പതു തന്നെ പറഞ്ഞു. ‘ ഞാനൊരിക്കലും പറഞ്ഞ വാക്കു മാറ്റി പറയില്ല’ എന്നായിരുന്നു മുസ്തഫയുടെ നിലപാട്.

ഇസ്ലാം അങ്ങിനെയല്ല. അത് കാലത്തിനനുസരിച്ചു സംവദിക്കാന്‍ പ്രാപ്തമാണ്. പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനം ആരംഭിച്ചത് മക്കയിലാണ്. ജനത്തിന്റെ വിശ്വാസത്തിലാണ് ആദ്യമായി മാറ്റം വേണ്ടത്. അത് കൊണ്ട് തന്നെ ആ സമൂഹത്തില്‍ ഊന്നി പറഞ്ഞത് വിശ്വാസത്തെ കുറിച്ചാണ്. ദൈവ വിശ്വാസം പരലോക വിശ്വാസം എന്നീ കാര്യങ്ങളില്‍ മക്കീ അധ്യായങ്ങള്‍ കൂടുതല്‍ ഊന്നി  പറഞ്ഞതായി കാണുന്നു. പ്രവാചകരെ കുറിച്ച തെറ്റായ സങ്കല്പം മലക്കുകളെ കുറിച്ച് സമൂഹം കൊണ്ട് നടന്നിരുന്ന നിലപാടുകള്‍ എന്നിവയില്‍ മാറ്റം വരുത്താനും ഇസ്ലാം ശ്രമിച്ചു കൊണ്ടിരുന്നു.

പിന്നീട് ഇസ്ലാം മക്കയില്‍ നിന്നും മദീനയിലേക്ക് കൂടി പടര്‍ന്നു. മക്കയില്‍ പറഞ്ഞത് പോലെയല്ല ഇസ്ലാം മദീനയില്‍ സംസാരിച്ചത്. മദീനയില്‍ ഇസ്ലാം ഒരു വിശ്വാസം എന്നതിലപ്പുറം ഒരു വ്യവസ്ഥ കൂടിയാണ്. അവിടെയും വിശ്വാസ പരമായി വികല സമീപനം സ്വീകരിക്കുന്നവരും കൂടിയുണ്ട്. അതെ സമയം മക്കയില്‍ പറഞ്ഞത് പോലെ വിശ്വാസ കാര്യങ്ങളില്‍ മാത്രമായി ചര്‍ച്ച ഒതുങ്ങിയില്ല. അവിടെ കൂടുതല്‍ ചര്‍ച്ച ഇസ്ലാമിന്റെ നടപ്പാക്കുന്ന രീതിയെ കുറിച്ചായിരുന്നു. കാലത്തിനനുസരിച്ചു ചര്‍ച്ചകളില്‍ മാറ്റം വരിക എന്നത് അനിവാര്യമാണ്. ഇസ്ലാമിലെ അവസാന പ്രവാചകന്‍ വിട പറഞ്ഞിട്ട് നൂറ്റാണ്ടുകള്‍ കടന്നു പോയി. മുസ്ലിം സമുദായം ഇപ്പോഴും അവര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുന്നത് വിശ്വാസ കാര്യങ്ങള്‍ തന്നെ. അല്ലാഹുവിലുള്ള വിശ്വാസം തുടങ്ങി എല്ലാ കാര്യത്തിലും ഒരു തീരുമാനത്തിലെത്താന്‍ സമുദായത്തിന് കഴിഞ്ഞിട്ടില്ല.

വിഷയങ്ങള്‍ കൃത്യമായി വിശദീകരിക്കുന്ന പ്രമാണങ്ങള്‍ പ്രവാചകന്റെ കാലത്തു ഉള്ളത് പോലെ ഇന്നും ലഭ്യമാണ്. എന്നിട്ടും ഭിന്നിപ്പിന്റെ താളം ദിനേന വര്‍ധിച്ചു വരുന്നു എന്നതാണ് ദുരന്തം. ഇസ്ലാം ജനത്തിനു അനുഭവമാകുക എന്നതാണ്  ശരിയായ രീതി. ഖുര്‍ആനും സുന്നത്തും പറഞ്ഞു വെച്ച നന്മ പൂര്‍ണമായി സമൂഹത്തിനു അനുഭവമാകണം.  അടിസ്ഥാന വിഷയങ്ങളില്‍ മുസ്ലിംകള്‍ക്ക് തന്നെ ഒരു അടിസ്ഥാനത്തില്‍ എത്താന്‍ കഴിയാതെ പോകുക എന്നതാണ് ഇസ്ലാം  നേരിടുന്ന വലിയ ദുരന്തം.

ഇസ്ലാം ഇത്തരം ചര്‍ച്ചകളില്‍ മാത്രമായി ജീവിച്ചപ്പോള്‍ പൊതു സമൂഹവുമായുള്ള അതിന്റെ ബന്ധം ദുര്‍ബലമായി. ‘ ഇസ്ലാമോഫോബിയ’ രൂപപ്പെടുന്നതു കര്‍മ്മ രംഗത്തുള്ള ഇസ്ലാമില്‍ നിന്നല്ല. ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ പലപ്പോഴും ശത്രുക്കള്‍ സ്വീരിക്കുന്നതു മുസ്ലിംകള്‍ പരസ്പരം ആരോപിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. പ്രവാചക കാലത്തെ ഇസ്ലാം ജനത്തിനു ബോധ്യമായത് അതിന്റെ കര്‍മ്മ രംഗത്തു നിന്നാണ് . ഇസ്ലാമിലൂടെ  വിശ്വാസികള്‍ എത്തിപ്പെട്ട ഒരു ജീവിത തലമുണ്ടായിരുന്നു. അത് ജനത്തിനു ബോധ്യമാവുകയും ചെയ്തു. നമ്മുടെ കാലത്തു ചര്‍ച്ചകള്‍ മാത്രമാണ് ഇസ്ലാം. അതിനൊരു ജീവിത രൂപം കാണുക അസാധ്യം.

ആധുനികത ഉപയോഗപ്പെടുത്തി ശത്രുക്കള്‍ ഇസ്ലാമിനെ ദുരുപയോഗം ചെയ്യാനുള്ള എല്ലാ ശ്രമവും നടത്തുന്നു. കുറെ കാലം യൂറോപ്യന്‍ നാട്ടുകാരുമായി ജോലി ചെയ്ത അനുഭവം കൂടിയുണ്ട്. അവരുടെ നാട്ടില്‍ മുസ്ലിംകള്‍ തീരെ കുറവാണ്. ചിലയിടത്തു തീരെ ഇല്ലെന്നും പറയാം. അവരോടൊക്കെ സംസാരിച്ചാല്‍ ഇസ്ലാമിന് എന്തോ കുഴപ്പമാണ് എന്നവര്‍ കേട്ടിട്ടുണ്ട്. ഇസ്ലാമിന്റെ ഒരു നന്മയും അവര്‍ക്കറിയില്ല. അങ്ങിനെയാണ് ജീവിതത്തില്‍ മറ്റൊരു രാജ്യത്തേക്ക് പോകും വരെ ഒരു മുസ്ലിമിനെയും കാണാത്ത ഡെന്നിസ് ലെം സലഫീ ഭീകരതയെ കുറിച്ച് സംസാരിച്ചത്. താന്‍ ജീവിക്കുന്ന അറബി നാട്ടില്‍ കുറെ നന്മകളും കൂടിയുണ്ട്. അതിനു ആ നാട്ടിലെ മതവുമായി കൂടി ബന്ധമുണ്ട് എന്ന് പറഞ്ഞപ്പോള്‍ ‘ ഈ മതത്തിനു എങ്ങിനെയാണ് സാമൂഹിക ബന്ധം’ എന്ന ചോദ്യമാണ് അദ്ദേഹം തിരിച്ചു ചോദിച്ചതും.

ഇസ്ലാം ഒരേ സമയം വിശ്വാസവും കര്‍മവുമാണ്. വിശ്വാസ ലോകത്ത് നടക്കുന്ന വഴിവിട്ട ചര്‍ച്ചകള്‍ക്കു പകരം വിശ്വാസത്തിലൂടെ രൂപപ്പെട്ട മതം ജീവിക്കാന്‍ തുടങ്ങിയാല്‍ മാത്രമാണ് പൊതു സമൂഹത്തില്‍ രൂപപ്പെട്ട തെറ്റിദ്ധാരണ നീക്കാന്‍ കഴിയൂ. പ്രവാചകനെ കുറിച്ച് ശത്രുക്കള്‍ പറഞ്ഞു പരത്തിയ എല്ലാ ആരോപണങ്ങള്‍ക്കും അവിടുന്ന് മറുപടി പറഞ്ഞത് ജീവിതം കൊണ്ടാണ്. പച്ചയായ ജീവിതം പോലെ ഇസ്ലാമിനെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയുന്ന മറ്റൊന്നില്ല എന്ന ബോധം കൂടി അതിനു ആവശ്യമാണ്. മുസ്ലിം സമുദായത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ കൊണ്ട് ഇസ്ലാം കുറെ കൂടി മോശമായി ചിത്രീകരിക്കാന്‍ കാരണമാകും എന്നതിലപ്പുറം പൊതു സമൂഹത്തിനു ഒരു സന്ദേശവും നല്‍കില്ല.

Related Articles