Current Date

Search
Close this search box.
Search
Close this search box.

ജാതിയും മതവും ചിലരുടെ കാര്യത്തില്‍ മാത്രമാണോ പ്രസക്തം

different-religions.jpg

റേഡിയോകളിലെ ഒരു ജനപ്രിയ പരിപാടിയാണ് മധുരം മലയാളം. രണ്ടു മിനുറ്റ് കൊണ്ട് ജോക്കി ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു മലയാളത്തില്‍ മാത്രം ഉത്തരം നല്കണം. പക്ഷെ അധികം പേരും ആ മത്സരത്തില്‍ തോല്‍ക്കാറാണ് പതിവ്.ജാതിയില്ലാത്ത ഒന്നര ലക്ഷം കുട്ടികള്‍ സ്‌കൂളില്‍ ചേര്‍ന്ന് എന്ന് വായിച്ചപ്പോള്‍ അതൊരു ശ്രമകരമായ കാര്യമാണ് എന്ന് തോന്നി.വാസ്തവത്തില്‍ കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം ജാതിയും മതവുമില്ലാത്ത രക്ഷിതാക്കള്‍ എന്നല്ലേ മനസ്സിലാക്കേണ്ടത്. അവരാണല്ലോ കുട്ടികള്‍ക്ക് വേണ്ടി ഫോം പൂരിപ്പിച്ചത്. രക്ഷിതാക്കള്‍ ജാതിയും മതവും ഇല്ലാത്തവര്‍ എന്നതിനാല്‍ അവരുടെ കുട്ടികളുടെ കാര്യത്തിലും അവര്‍ അങ്ങിനെ ചിന്തിക്കുന്നു. അതായത് ഒരു മത വിശ്വാസി തന്റെ മകനോ മകളോ തന്റെ ആദര്‍ശത്തില്‍ വിശ്വസിക്കണം എന്നാഗ്രഹിക്കുന്ന പോലെ തന്നെയാണ് ഒരു നിരീശ്വരവാദി തങ്ങളുടെ കുട്ടികളുടെ കാര്യത്തില്‍ ആഗ്രഹിക്കുന്നതും.

മൊത്തം വിദ്യാര്‍ത്ഥികളില്‍ ഇത് മൂന്നു ശതമാനം വരും. കേരളത്തില്‍ കഴിഞ്ഞ നാളുകളിലെ പ്രവര്‍ത്തനം കൊണ്ട് മതരഹിത സമൂഹത്തിനു ലഭിച്ച പിന്തുണ കൂടി ഈ വാര്‍ത്ത പറഞ്ഞു തരുന്നു. ജാതിയും മതവും ഒന്നല്ല എന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. മതം ഒരു ആദര്‍ശമാണ്. ജാതി ഒരു തിരിച്ചറിവും. ജനിച്ചു പോയി എന്നതാണ് ജാതിയുടെ അവസ്ഥ. അത് മനുഷ്യനെ തരം തിരിക്കാനുള്ള കാരണമാകരുത് എന്ന് മാത്രം. ജാതി ഇല്ലാതാക്കുക എന്നതിലപ്പുറം ജാതിക്കപ്പുറം മനുഷ്യനെ പരിഗണിക്കുക എന്നതിനാണ് സമൂഹത്തെയും കുട്ടികളെയും പഠിപ്പിക്കേണ്ടത്.

മതം ഒരാദര്‍ശമാണ് . അത് തിരഞ്ഞെടുക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. യുക്തിവാദവും അങ്ങിനെ നോക്കിയാല്‍ ഒരു മതമാണ്. അതായതു ഒരു ജീവിത വ്യവസ്ഥ. കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ ആദര്‍ശത്തില്‍ വളര്‍ത്തുക എന്നത് പുതിയ കാര്യമല്ല. വളര്‍ന്നു വരുന്ന കുട്ടികള്‍ പിന്നെ എവിടെ നില്‍ക്കുന്നു എന്നിടത്താണ് കാര്യം. ജാതിയുടെ പേരില്‍ കേരളത്തില്‍ നടന്ന കൊല ആരും അറിയാതെ പോയത് എന്ത് കൊണ്ട് എന്നതാണ് നമ്മെ ആശ്ചര്യപ്പെടുത്തുന്നത്. ജാതിയും മതവുമില്ലാത്തവര്‍ പോലും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നെങ്കില്‍ അതൊരു വലിയ ആരവമായേനേ . ജാതിയും മതവും ചിലരുടെ കാര്യത്തില്‍ മാത്രമാണ് പ്രസക്തമാകുന്നത്.

ഏഴു പതിറ്റാണ്ടു മത നിരാസം പഠിപ്പിച്ച രാജ്യങ്ങളില്‍ എത്ര പെട്ടെന്നാണ് മതങ്ങള്‍ വേരുറപ്പിച്ചത്. പഴയ സോവിയറ്റ് യൂണിയന്‍ അതിനൊരു ഉദാഹരണം മാത്രം.ഉന്നത യുക്തിവാദ ചിന്തകള്‍ കൊണ്ട് നടന്നിട്ടും പല പുരോഗമന വാദികളും പേരിന്റെ അവസാനം ജാതിപ്പേര് കൊണ്ട് നടക്കുന്നു. അതൊരു തെറ്റായി നമുക്ക് തോന്നിയിട്ടില്ല. അതെ സമയം അവരുടെ പ്രവര്‍ത്തനത്തില്‍ ആ വാക്കിന്റെ പ്രതിഫലനമുണ്ടോ എന്നതാണ് വിഷയം. കേവലം ജാതിയും മതവും അപേക്ഷ ഫോറത്തില്‍ നിന്നും വെട്ടിക്കളഞ്ഞാല്‍ തീരുന്നതല്ല പകരം ജാതിയുടെയും മതത്തിന്റെയും പേരില്‍ മനസ്സില്‍ അടിഞ്ഞു കൂടിയ പൂപ്പലുകളാണ് എടുത്തു കളയേണ്ടത്.

അവിടെയാണ് രണ്ടു മിനുറ്റ് മലയാളം മാത്രം സംസാരിക്കുക എന്നത് പ്രയാസകരമാകുന്നതും.

 

Related Articles