Current Date

Search
Close this search box.
Search
Close this search box.

ജനാസ അനുഗമിക്കലും ഖബ്ര്‍ സിയാറത്തും സ്ത്രീകള്‍ക്ക്

muslim-women.jpg

സ്ത്രീകള്‍ ജനാസയെ അനുഗമിക്കുന്നതും, ഖബ്‌റടക്കച്ചടങ്ങില്‍ പങ്കെടുക്കുന്നതും, ഖബ്ര്‍ സന്ദര്‍ശനം നടത്തുന്നതും ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന് കേള്‍ക്കാനിടയായി. യാഥാര്‍ത്ഥ്യമെന്താണ്? വിലക്കിയിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണമെന്താണ്? -റഷീദ പരപ്പനങ്ങാടി-

സ്ത്രീകള്‍ക്ക് ജനാസയെ അനുഗമിക്കാമോ എന്ന വിഷയത്തില്‍ കര്‍മശാസ്ത്ര പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ഇമാം അബൂഹനീഫ നിഷിദ്ധമാണെന്നും, ഇമാം ശാഫിഈ അതിനെ കറാഹത്തോട് കൂടി അനുവദനീയമാണെന്നും, ഇമാം മാലിക് അനുവദനീയമാണെന്നും അഭിപ്രായപ്പെടുന്നു. അദ്ദേഹം  യുവതികളായ സ്ത്രീകളെ അതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. പ്രമുഖ ളാഹിരി ഇമാമായ ഇബ്‌നു ഹസം നിരുപാധികമായി അനുവദിച്ചിരിക്കുന്നു. അദ്ദേഹം തന്റെ അല്‍മുഹല്ലായില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ‘സ്ത്രീകള്‍ ജനാസ പിന്‍പറ്റുന്നതിനെ നാം നിരുത്സാഹപ്പെടുത്തുകയോ, തടയുകയോ ചെയ്യുന്നില്ല. അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും അവയൊന്നും സ്വഹീഹല്ല. അവയില്‍ ചിലത് മുര്‍സലോ (താബിഈ റിപ്പോര്‍ട്ട് ചെയ്തത് അല്ലെങ്കില്‍ പ്രവാചകനിലേക്ക് നേരിട്ട് എത്താത്തത്) തെളിവെടുക്കാന്‍ അയോഗ്യമായതോ ആണ്. അവയില്‍പെട്ടതാണ് ഇമാം മുസ്‌ലിം ഉമ്മുഅത്വിയ്യയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ‘ജനാസയെ അനുഗമിക്കുന്നതില്‍ നിന്നും ഞങ്ങള്‍ വിലക്കെപ്പിട്ടിരിക്കുന്നു, പക്ഷെ അത് കര്‍ശനമായിരുന്നില്ല’ (ബുഖാരി 1/ 328-329, മുസ്‌ലിം 3/47) എന്ന ഹദീസ്. ഇവിടെ ആരാണ് വിലക്കിയതെന്ന് വ്യക്തമല്ല. ചിലപ്പോല്‍ ചില സഹാബാക്കളായിരിക്കാം അത് ചെയ്തത്. ഇനി അത് ശരിയാണെങ്കില്‍ തന്നെ അവ കറാഹത്താവാനും സാധ്യതയുണ്ട്. മാത്രമല്ല, അതിന് വിരുദ്ധമായ റിപ്പോര്‍ട്ട് അബൂശലബ വഴി അബൂഹുറൈറ സ്വഹീഹായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ‘പ്രവാചകന്‍ (സ) ഒരു ജനാസയോടൊപ്പമായിരിക്കെ അവരുടെ കൂടെ ഒരു സ്ത്രീയുള്ളതായി ഉമര്‍ (റ) കാണുകയുണ്ടായി. അത് കണ്ട് ഉമര്‍ ഒച്ച വെച്ചു. പ്രവാചകന്‍ (സ) അദ്ദേഹത്തോട് പറഞ്ഞു. അല്ലയോ ഉമര്‍ താങ്കളവരെ വിട്ടേക്കുക, കണ്ണുകള്‍ കരയുകയും, മനസ്സ് വേദനിക്കുകയും ചെയ്യും. കരാര്‍ വളരെ അടുത്താണ്.’ -നസാഈ, ഇബ്‌നു മാജഹ്-‘ (എന്നാല്‍ ഇമാം അല്‍ബാനി ഈ ഹദീസ് ദുര്‍ബലമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു). ഇബ്‌നു അബ്ബാസ്(റ) അത് കറാഹത്തായി കണ്ടിരുന്നില്ലെന്ന് സ്വഹീഹായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.’

ഇബ്‌നു മസ്ഊദ്, ഇബ്‌നു ഉമര്‍, അബൂ ഉമാമ, ആഇശ തുടങ്ങിയവര്‍ സ്ത്രീകള്‍ ജനാസ പിന്‍പറ്റുന്നത് അനഭികാമ്യമാണെന്ന് അഭിപ്രായപ്പെട്ടതായി ഇബ്‌നു മുന്‍ദിര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മസ്‌റൂഖ്, നഖഇ, ഹസന്‍, മുഹമ്മദ് ബിന്‍ സീരീന്‍, ഔസാഇ, അഹ്മദ് തുടങ്ങിയവരുടെയും അഭിപ്രായം അത് തന്നെയാണ്. പ്രമുഖ ശാഫിഈ പണ്ഡിതനായ ഇമാം നവവി ഉമ്മു അത്വിയ്യയുടെ ഹദീസ് വിശദീകരിക്കുന്നു ‘പ്രവാചകന്‍ (സ) അതില്‍ നിന്നും നമ്മെ വിലക്കിയിരിക്കുന്നു, നിഷിദ്ധത്തെക്കുറിക്കുന്ന വിധത്തിലല്ല, അനഭികാമ്യമെന്ന നിലക്കുള്ള കല്‍പനാണത്. അത് കറാഹത്താണ് എന്നാണ് നമ്മുടെ ആളുകളുടെ അഭിപ്രായം. ഖാദി ഇയാദ് പറയുന്നു ‘ഭൂരിപക്ഷം പണ്ഡിതരും സ്ത്രീകളെ ജനാസയില്‍ നിന്ന് വിലക്കുന്നു, മദീനയിലെ പണ്ഡിതന്മാര്‍ അത് അനുവദിച്ചിരിക്കുന്നു, ഇമാം മാലികിന്റെ അഭിപ്രായമാണത്. എന്നാല്‍ അദ്ദേഹം യുവതികള്‍ക്ക് അനഭികാമ്യമാണെന്ന് പറഞ്ഞിരിക്കുന്നു.’

സ്ത്രീകള്‍ക്ക് ജനാസയെ പിന്തുടരല്‍ നിഷിദ്ധമാണെന്ന അഭിപ്രായം ശരിയല്ല എന്ന് ഇവിടെ വ്യക്തമാണ്. ഇമാം നവവി ശറഹുല്‍ മുഹദ്ദബില്‍ പറയുന്നു ‘ഇമാം ശാഫിഇയും അനുയായികളും പറയുന്നത് ഇപ്രകാരമാണ് ‘ജനാസ മറവ് ചെയ്യപ്പെടുന്നത് വരെ അതിനെ പിന്‍പറ്റല്‍ പുരുഷന്മാര്‍ക്ക് അഭികാമ്യമാണ്. സ്വഹീഹായ ഹദീസുകള്‍ ലഭ്യമായതിനാല്‍ അക്കാര്യത്തില്‍ ഏകാഭിപ്രായമാണുള്ളത്. എന്നാല്‍ സ്ത്രീകള്‍ക്ക് അത് അനഭികാമ്യമാണ്. എന്നാല്‍ നിഷിദ്ധവുമല്ല എന്നതാണ് ശരി. അത് നമ്മുടെ ആളുകളുടെ അഭിപ്രായവും.’

ഉറ്റബന്ധുവിന്റെ മരണത്തിലുള്ള ദുഖം പരിസരം മറന്ന് പ്രകടിപ്പിക്കുകയും, അത് അവരുടെ നഗ്നത വെളിവാകാനും ചടങ്ങ് അലങ്കോലപ്പെടാനും കാരണമാവുകയും ചെയ്‌തേക്കാം എന്നതാണ് കാരണമെന്ന് ഇമാം ഖുര്‍ത്വുബി വ്യക്തമാക്കുന്നു. ആപത്തിന്റെയും വിപത്തിന്റെയും സന്ദര്‍ഭത്തില്‍ അവര്‍ക്ക് ക്ഷമിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അട്ടഹസിച്ച് കരയുന്നതും, മുഖത്തടിച്ച് കരയുന്നതും, പ്രവാചകന്‍ (സ) നിരോധിച്ച കാര്യമാണ്.

എന്നാല്‍ സ്ത്രീകളുടെ ഖബ്ര്‍ സന്ദര്‍ശനത്തിന്റെ കാര്യത്തിലും പണ്ഡിതന്മാര്‍ക്കിടയില്‍ സമാനമായ അഭിപ്രായ വ്യത്യാസമുണ്ട്. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും ഖബ്ര്‍ സിയാറത്ത് അഭികാമ്യമാണെന്നാണ് ഹനഫീ അഭിപ്രായം. ‘നിങ്ങളെ ഞാന്‍ ഖബര്‍ സന്ദര്‍ശനത്തില്‍ നിന്നും വിലക്കിയിരുന്നു, ഇനി നിങ്ങളത് ചെയ്യുക, അത് പരലോകബോധം സൃഷ്ടിച്ചേക്കു’മെന്ന പ്രവാചക വചനം സ്ത്രീ-പുരുഷന്മാര്‍ക്ക് ഒരുപോലെ ബാധകമാണെന്നാണ് അവരുടെ ന്യായം. ഖബ്‌റിനടുത്ത് വന്ന് അലമുറയിട്ട് കരയുകയും, ആര്‍ത്തട്ടഹസിക്കുകയും ചെയ്തിരുന്ന അവരുടെ പ്രവണതയെയാണ് ‘ഖബ്ര്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളെ അല്ലാഹു ശപിച്ചിരിക്കുന്നു’വെന്ന ഹദീസ് കൈകാര്യം ചെയ്യുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. സ്ത്രീകള്‍ ഖബ്ര്‍ സന്ദര്‍ശിക്കുന്നത് കറാഹത്തല്ല എന്ന് തന്നെയാണ് ഇമാം അഹ്മദിന്റെയും അഭിപ്രായം. കുഴപ്പത്തില്‍ നിന്ന് നിര്‍ഭയമാണെങ്കില്‍ അപ്രകാരം ചെയ്യാമെന്നാണ് ഇമാം ശാഫിഇയുടെ അഭിപ്രായമായി ഇമാം നവവി മജ്മൂഇല്‍ പറയുന്നു.

ഈ വിഷയം ഇമാം നാസ്വിറുദ്ധീന്‍ അല്‍ബാനി തന്റെ കിതാബുല്‍ ജനാഇസില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പുരുഷമാരെപ്പോലെ സ്ത്രീകള്‍ക്കും ഖബ്ര്‍ സിയാറത്ത് അഭികാമ്യമാണെന്ന് പല തെളിവുകളുന്നയിച്ച് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ‘നിങ്ങള്‍ ഖബര്‍ സന്ദര്‍ശിക്കുക’യെന്ന ഹദീസ് സ്ത്രീ-പുരുഷന്മാര്‍ക്ക് ഒരുപോലെ ബാധകമാണെന്നും, സിയാറത്തിന്റെ ഉദ്ദേശ്യമായി പറഞ്ഞ പരലോകബോധം എന്നത് സ്ത്രീകള്‍ക്കും ആവശ്യമാണെന്നും, ആഇശ (റ) തന്റെ സഹോദരന്‍ അബ്ദുര്‍റഹ്മാന്റെ ഖബ്ര്‍ സിയാറത്ത് നടത്തിയിരുന്നുവെന്നും, ഖബ്ര്‍ സന്ദര്‍ശിക്കുകയായിരുന്ന സ്ത്രീയെ കണ്ട പ്രവാചകന്‍ (സ) അവരെ ഉപദേശിച്ചുവെന്നും(ബുഖാരി)  ഹദീസുകള്‍ ഉദ്ധരിച്ച് അതിന്റെ ബലാബലം പരിശോധിച്ച് ഇമാം അല്‍ബാനി സമര്‍ത്ഥിക്കുന്നു. (പേജ് 229-231) ഇമാം നവവി, ഹാഫിള് ഇബ്‌നു ഹജര്‍, ഇമാം അയ്‌നി, ഇമാം ഇബ്‌നുല്‍ ഖയ്യിം, ഇമാം ഖുര്‍ത്വുബി, ശൗകാനി തുടങ്ങിയ പ്രഗല്‍ഭ പണ്ഡിതരൊക്കെ സ്ത്രീകള്‍ക്ക് ഖബ്ര്‍ സന്ദര്‍ശനം നടത്താമെന്ന അഭിപ്രായക്കാരാണെന്നും അവരുടെ ഉദ്ധരികള്‍ സഹിതം അദ്ദേഹം സ്ഥാപിക്കുന്നുണ്ട്.  

ചുരുക്കത്തില്‍ സ്ത്രീകള്‍ ജനാസയെ അനുഗമിക്കുന്നതും, ഖബ്ര്‍ സന്ദര്‍ശിക്കുന്നതും നിഷിദ്ധമാണെന്ന് കുറിക്കുന്നതോ, കര്‍ശനമായി തടയുന്നതോ ആയ കൃത്യമായ പ്രമാണങ്ങള്‍ ലഭ്യമല്ല. സ്ത്രീകള്‍ക്ക് ഖബ്ര്‍ സന്ദര്‍ശിക്കുന്നത് അനുവദനീയമാണെന്നും, പുരുഷന്മാരെപ്പോലെ തന്നെ ഗുണകരമാണെന്നും പ്രഗല്‍ഭ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു. ജനാസയെ അനുഗമിക്കുന്നത് അത്ര അഭികാമ്യമല്ലെന്നും, ഖബര്‍ സന്ദര്‍ശനത്തേക്കാളുപരിയായി പരേതന്റെ മൃതദേഹം മുന്നില്‍ കാണുമ്പോഴും, പെട്ടെന്നിറങ്ങിയ ആപത്ത് നേരിടാന്‍ മനശക്തി ദുര്‍ബലമാണെന്നതിനാലും കൂടുതല്‍ സങ്കടവും ദുഖവും കടന്ന് വരാനും, സുബോധമില്ലാതെ അത് പ്രകടിപ്പിക്കാനും സാധ്യതയുണ്ടെന്നത് കൂടി പരിഗണിച്ചാണ് കര്‍ശനമല്ലാത്ത വിധത്തില്‍ ഇസ്‌ലാം അത് നിരുല്‍സാഹപ്പെടുത്തിയത്.

Related Articles