Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യം നാടിനു ശാപമാകുമ്പോള്‍

fgy'.jpg

മധുരമില്ലാത്ത ചായ മാത്രമേ അയ്യൂബ് കുടിക്കൂ. പക്ഷെ കടിയുടെ കാര്യത്തില്‍ അവന്‍ എന്തും കഴിക്കും. പ്രമേഹമുള്ളവര്‍ മധുരമുള്ള ചായ മാത്രമേ ഒഴിവാക്കേണ്ടതുള്ളൂ എന്നതു ഒരു പൊതുബോധമാണ്.  നമ്മുടെ ജനാധിപത്യത്തെ കുറിച്ചും നമുക്കുള്ള പൊതുബോധം അങ്ങിനെയാണ്. അഞ്ചു കൊല്ലം കൂടുമ്പോള്‍ വോട്ടു ചെയ്യുക എന്നതില്‍ പരിമിതമാണ് നമ്മുടെ ജനാധിപത്യം. പിന്നെ എല്ലാം ഏകാധിപത്യത്തെ വെല്ലുന്ന രീതിയിലാണ്. ജനാധിപത്യം ഒരു നിലപാടിന്റെ പേരാണ്. ഭരണത്തിന്റെ എല്ലാ മേഖലയിലും അതുണ്ടാവണം. പക്ഷെ ഒരിക്കല്‍ വോട്ടു ചെയ്താല്‍ പിന്നെ ജനാധിപത്യം നാട്ടില്‍ നിന്നും പുറത്താണ്.

കര്‍ണാടകത്തില്‍ അവസാനമായി നാമത് കാണുന്നു. ഭരിക്കാന്‍ വേണ്ട സീറ്റ് ആര്‍ക്കും കിട്ടിയില്ല. അപ്പോള്‍ രണ്ടു പാര്‍ട്ടികള്‍ ഒന്നിച്ചു ചേര്‍ന്ന് ഭരിക്കാന്‍ തീരുമാനിക്കുന്നു. ജനാധിപത്യ രീതി അനുസരിച്ചു അവരെ ഗവര്‍ണര്‍ മന്ത്രിസഭ ഉണ്ടാക്കാന്‍ ക്ഷണിക്കണം. മറ്റൊന്നു കൂടി അവിടെ നാം കാണാതെ പോകരുത്. മൊത്തം സീറ്റുകള്‍ മൂന്നു പാര്‍ട്ടികള്‍ക്കും രണ്ടു സ്വതന്ത്രര്‍ക്കും മാത്രമായി വീതിച്ചിരിക്കുന്നു. രണ്ടു സ്വതന്ത്ര എം എല്‍ എ മാരെ കൂടി ചേര്‍ത്താല്‍ പോലും ബി ജെ പിക്ക് ഭരിക്കാന്‍ കഴിയില്ല. പിന്നെ സാധ്യത ഏതെങ്കിലും പാര്‍ട്ടിയെ പിളര്‍ത്തനം. നിലവിലുള്ള അവസ്ഥയില്‍ ഒരിക്കലും മന്ത്രിസഭക്ക് വേണ്ട ഭൂരിപക്ഷം കിട്ടില്ല എന്നുറപ്പാണ്. അപ്പോള്‍ അവിടെ നടക്കാന്‍ പോകുന്നത് ശരിയായ കച്ചവടം തന്നെ. ജനാധിപത്യം ജനങ്ങളുടെ തിരഞ്ഞെടുപ്പാണ്. ഒരു കക്ഷിയെയും ഒന്നിച്ചു ഭരണം ഏല്‍പ്പിക്കാന്‍ കര്‍ണാടകക്കാര്‍ തയ്യാറായില്ല. അത് അംഗീകരിക്കലാണ് ഗവര്‍ണര്‍ ചെയ്യേണ്ടിയിരുന്നത്. അതെ സമയം ഒരു കച്ചവടത്തിന് വഴി തുറന്നു കൊടുത്താണ് അവിടെ ജനാധിപത്യത്തെ അവഹേളിക്കുന്നത്.

ജനം സര്‍ക്കാരുകളുടെ പ്രവര്‍ത്തനം നേരില്‍ മനസ്സിലാക്കുന്ന കാലത്തു മാത്രമേ ജനാധിപത്യം എന്നത് പൂര്‍ണത പ്രാപിക്കൂ എന്നാണു ഇന്ത്യയെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു നെഹ്റു നടത്തിയ പ്രഖ്യാപനം. കഴിഞ്ഞ ഏഴു പതിറ്റാണ്ടു കൊണ്ട് നാട് എത്രകണ്ട് ഈ വഴിയില്‍ മുന്നേറി എന്നത് ഇനിയും പഠിച്ചിട്ടു വേണം.  കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുക എന്നതാണ് പാര്‍ലമെന്റ് നിയമസഭകളുടെ ഉത്തരവാദിത്വം. പക്ഷെ എന്ത് ചര്‍ച്ചയാണ് അവിടെ നടക്കുന്നത് എന്ന് നമുക്കറിയാം. ജനാധിപത്യം എന്ന ആശയത്തെ മോശമായാണ് നാട്ടില്‍ ഇപ്പോള്‍ ഉപയോഗിച്ച് വരുന്നത്. പണത്തിനു മുകളില്‍ ഒന്നും പറക്കില്ല എന്നത് നമ്മുടെ ജനാധിപത്യ വ്യവസ്ഥക്കും ബാധകമായിരിക്കുന്നു.

കര്‍ണാടകത്തില്‍ പണം പറക്കുന്നു എന്നാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ജനപ്രതിനിധികള്‍ കോടികളുടെ വിലപേശലില്‍ മാറി മറിയുന്നു. വോട്ടു ചെയ്ത ജനം വിഡ്ഢികളായി മേലോട്ട് നോക്കിയിരിക്കുന്നു. ഇതാണോ ജനാധിപത്യം. ജനാധിപത്യം നമ്മുടെ നാടിനു ശാപമാകുന്ന അവസ്ഥയാണ് കര്‍ണാടകത്തില്‍ കാണുന്നത്. സുതാര്യതയാണ് ജനാധിപത്യത്തിന്റെ ആത്മാവ്. ആത്മാവ് നഷ്ടമായ ജഡമായി ജനാധിപത്യം മാറാതിരിക്കാന്‍ പൊതുജനം തന്നെ രംഗത്തു വരണം. മൊത്തം മധുരം ഒഴിവാക്കുക എന്നതാണ് പ്രമേഹ രോഗികള്‍ ചെയ്യേണ്ടത്. ചായയില്‍ മാത്രമെന്നത് തെറ്റായ ബോധമാണ്.

 

Related Articles