Current Date

Search
Close this search box.
Search
Close this search box.

ചിരിയും ആനന്ദവും ഇസ്‌ലാമില്‍

Chiri

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരാളെന്നോട് വളരെ സുപ്രധാനമായ ഒരു ചോദ്യമുന്നയിക്കുകയുണ്ടായി. ‘തമാശ പറയലും ചിരിക്കലും, ആനന്ദിക്കലുമെല്ലാം ഒരു മുസ്‌ലിമിന് അനുവദനീയമാണോ? മറ്റുള്ളവരെ ചിരിപ്പിക്കുന്നതിന് വേണ്ടി വാക്കാലോ പ്രവര്‍ത്തിയാലോ ശ്രമിക്കാമോ?
ഇസ്‌ലാം മനുഷ്യന്റെ ചിരിയും കളിയും തമാശയുമെല്ലാം നിരോധിച്ചിരിക്കുന്നുവെന്ന് ചിലരെങ്കിലും ധരിച്ചിട്ടുണ്ട്. എല്ലായ്‌പ്പോഴും ഗൗരവത്തോടെ മുഖം കനപ്പിച്ച് നടക്കുകയാണ് വിശ്വാസി ചെയ്യേണ്ടതെന്നും അവര്‍ കരുതുന്നു. ഇതിനെ ബലപ്പെടുത്തുന്ന രണ്ട് പ്രവണതകളുണ്ട്.
1. മതനിഷ്ഠയുള്ളവരുടെ പെരുമാറ്റങ്ങള്‍. സദാഗൗരവമുള്ള മുഖത്തോടെ കണ്ടുമുട്ടുകയും, സംസാരത്തില്‍ പാരുഷ്യം പുലര്‍ത്തുകയും ചെയ്യുന്നു അവര്‍. പ്രത്യേകിച്ചും മതനിഷ്ഠയില്ലാത്തവരോട്.
2. ചില പ്രഭാഷകരില്‍ നിന്നും ഉപദേശികളില്‍ നിന്നും കേള്‍ക്കാനിടയായ പ്രമാണങ്ങള്‍. ഇസ്‌ലാം ചിരിയെയും, സന്തോഷത്തെയും തമാശയെയും ആഗ്രഹിക്കുന്നില്ല എന്നവര്‍ പ്രചരിപ്പിച്ചു. ഉദാഹരണമായി ‘ധാരാളമായി ചിരിക്കരുത്, ചിരിയുടെ ആധിക്യം ഹൃദയത്തെ മരിപ്പിക്കും’ എന്ന പ്രവാചക വചനം.
‘മറ്റുള്ളവരെ ചിരിപ്പിക്കുന്നതിന് വേണ്ടി സംസാരിക്കുന്നവന് നാശം. അവനതിന് വേണ്ടി കളവ് പറയും. അവന് നാശം. അവന് തന്നെയാണ് നാശം.’
‘നബി തിരുമേനി(സ) സദാ ദുഖിതനായിരുന്നു’
‘ഖാറുനോട് അല്ലാഹു പറയുന്നതായി ഉദ്ധരിക്കപ്പെട്ട ഖുര്‍ആന്‍ വചനം ‘താങ്കള്‍ സന്തോഷിക്കരുത്. അല്ലാഹു സന്തോഷിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല’. (ഖസസ് : 76)
തുടങ്ങിയവ അവയില്‍പെടുന്നവയാണ്. എന്റെ പരിമിതമായ വിവരമനുസരിച്ച് ഈ കാഴ്ചപ്പാട് ഇസ്‌ലാമിനോട് ചിലര്‍ പുലര്‍ത്തിയ അക്രമസമീപനമാണ്. എല്ലാ കാര്യത്തിലും മിതത്വം, സന്തുലിതത്വം എന്നതാണ് ഇസ്‌ലാമിന്റെ സമീപനം. അതിനാല്‍ ഈ വിഷയത്തില്‍ വ്യക്തമായ മറുപടി പ്രതീക്ഷിച്ച് കൊള്ളുന്നു.

മനുഷ്യന്‍ ചിരിക്കുന്ന ജീവി
ഞാനദ്ദേഹത്തിന് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.
ചിരി മനുഷ്യന്റെ സവിശേഷതകളിലൊന്നാണ്. മൃഗങ്ങള്‍ ചിരിക്കാറില്ല. കേള്‍ക്കുകയോ, കാണുകയോ ചെയ്ത ഒരു കാര്യം മനസ്സിലാക്കുമ്പോഴാണ് ചിരിയുണ്ടാവുക. പണ്ട് കാലത്ത് പറയാറുണ്ടായിരുന്നു. ‘മനുഷ്യന്‍ ചിരിക്കുന്ന ജീവിയാണ്. ഞാന്‍ ചിരിക്കുന്നു. അത് കൊണ്ട് ഞാന്‍ മനുഷ്യനാണ്.’
ഇസ്‌ലാം പ്രകൃതി മതമായിരിക്കെ മനുഷ്യന്റെ പ്രകൃതിസഹജ വികാരങ്ങളായ തമാശയും ചിരിയും നിരോധിക്കുമെന്ന് സങ്കല്‍പിക്കാവതല്ല. മാത്രമല്ല ഇതിന് വിപരീതമായി മനുഷ്യ ജീവിതത്തെ സുന്ദരവും ആനന്ദകരവുമായ കാര്യങ്ങളെ ഇസ്‌ലാം സ്വാഗതം ചെയ്യുന്നുമുണ്ട്. മുസ്‌ലിമിനെ പ്രസന്നവദനനും ആത്മവിശ്വാസിയുമായിരിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മുഖം കറുത്ത, ദോഷൈകദൃക്കുമായ മനുഷ്യനെ വെറുക്കുന്നു. കറുത്ത കണ്ണട വെച്ച് സമൂഹത്തെയും, ജനങ്ങളെയും വീക്ഷിക്കുന്നവനാണവന്‍.

വിനോദത്തിന്റെ ആവശ്യകത
വിനോദമെന്നത് മനുഷ്യന്റെ പ്രകൃതിപരമായ ആവശ്യങ്ങളില്‍പെട്ടതാണ്. ഗാനമെന്നത് കളിയും വിനോദവുമാണെന്ന് ആക്ഷേപിച്ചവരോട് ഇമാം ഗസ്സാലി(റ) ഇപ്രകാരം പറഞ്ഞുവത്രെ. ‘അതെ അതപ്രകാരം തന്നെയാണ്. പക്ഷെ ഇഹലോകം മുഴുക്കെ കളിയും വിനോദവുമാണ്….. സ്ത്രീകളുമായി നടത്തുന്ന എല്ലാ കേളികളും വിനോദമാണ്. അവയില്‍ കുട്ടികളുണ്ടാവാന്‍ കാരണമായതൊഴികെ. അശ്ലീലതയില്ലാത്ത തമാശകള്‍ അനുവദനീയമാണ്. ഇക്കാര്യം പ്രവാചകന്‍ തിരുമേനി(സ)യില്‍ നിന്നും സഹാബാക്കളില്‍ നിന്നും ഉദ്ധരിക്കപ്പെട്ടതാണ്.
അബ്‌സീനിയക്കാരുടെയും ആഫ്രിക്കക്കാരുടെയും കളികളേക്കാള്‍ വലിയ വിനോദമെന്തുണ്ട്? ഞാന്‍ പറയുന്നു. വിനോദം ഹൃദയത്തിന് ആശ്വാസമേകുന്നു. അവനില്‍ നിന്ന് ചിന്താഭാരം ഇറക്കിവെക്കുന്നു. വെറുപ്പ് നിറഞ്ഞ ഹൃദയങ്ങള്‍ക്ക് അന്ധത ബാധിക്കും. ഈ ഗൗരവാസ്ഥയെ ഉരുക്കാന്‍ വിനോദം സഹായിക്കും….. ഹൃദയത്തിന്റെ അശക്തതക്കുള്ള മരുന്നാണ് വിനോദം. അപ്പോഴത് അനുവദനീയമാകുന്നതാണ് അഭികാമ്യം. പക്ഷെ അവ അധികരിപ്പിക്കരുത്. മരുന്ന് ആരും ആവശ്യത്തിലേറെ കഴിക്കാറില്ലല്ലോ. ഈ ഉദ്ദേശത്തോടുള്ള വിനോദം ആരാധനയാണ്.’ ഇസ്‌ലാമിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന സുന്ദരമായ വചനമാണിത്.
ചിലര്‍ വിശുദ്ധ ഖുര്‍ആന്‍ വചനം തെളിവായുദ്ധരിക്കാറുണ്ട്. ‘ദൈവിക മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കുന്നതിനായി വിവരമില്ലാതെ വിനോദത്തെ വിലക്ക് വാങ്ങിയ ചിലരുണ്ട്. അവയെ പരിഹാസപൂര്‍വം സ്വീകരിക്കുകയും ചെയ്യുന്നു. അവര്‍ക്ക് നിന്ദ്യകരമായ ശിക്ഷയാണുള്ളത്.’ എല്ലാ വിനോദവും നിഷിദ്ധമാണ് എന്ന് സ്ഥാപിക്കാനാണ് അവരിത് ഉദ്ധരിക്കാറുള്ളത്.
ഈ പ്രസ്താവന ശരിയല്ല. വിനോദത്തെയല്ല അല്ലാഹു ഇവിടെ ആക്ഷേപിക്കുന്നത്. മറിച്ച് ദൈവിക മാര്‍ഗത്തില്‍ നിന്നും തടയുന്നതിന് അവയെ ദുരുപയോഗപ്പെടുത്തുന്നതിനെയാണ്.
ഖുര്‍ആന്‍ കച്ചവടത്തോട് ചേര്‍ത്ത് വിനോദത്തെ പ്രയോഗിച്ചിരിക്കുന്നു. അവ രണ്ടും അനുവദനീയമാണെന്നര്‍ത്ഥം. ‘വല്ല വ്യാപാര കാര്യമോ വിനോദവൃത്തിയോ കണ്ടാല്‍ നിന്നെ നിന്ന നില്പില്‍ വിട്ടു അവര്‍ അങ്ങോട്ട് തിരിയുന്നുവല്ലോ. പറയുക: അല്ലാഹുവിന്റെ പക്കലുള്ളത് വിനോദത്തെക്കാളും വ്യാപാരത്തെക്കാളും വിശിഷ്ടമാകുന്നു. വിഭവദാതാക്കളില്‍ അത്യുത്തമന്‍ അല്ലാഹു തന്നെ. (അല്‍ ജുമുഅ : 11)

പ്രവാച മാതൃക
പ്രവാചകനാണ് വിശ്വാസികളുടെ മാതൃക. തന്നെ അലട്ടിയിരുന്ന എല്ലാ വിഷയങ്ങളോടൊപ്പവും അദ്ദേഹം തമാശ പറയുകയും ചിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അനുചരരോടൊപ്പം സാധാരണ ജീവിതം നയിക്കുകയും, വേദനകളും ദുഖങ്ങളും പരസ്പരം പങ്ക് വെച്ചിരുന്നത് പോലെ സന്തോഷങ്ങളും ആഹ്ലാദങ്ങളും ചെയ്യാറുണ്ടായിരുന്നു.
‘ജനങ്ങളില്‍ ഏറ്റവും നല്ല തമാശക്കാരനായിരുന്നു പ്രവാചകനെന്ന് അദ്ദേഹത്തിന്റെ ഒരു അനുചരന്‍ സാക്ഷ്യപ്പെടുത്തുന്നു’. ‘വീട്ടില്‍ തന്റെ ഭാര്യമാരോട് തമാശപറയുകയും അവരെ കളിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവരുടെ കഥകള്‍ ശ്രവിക്കാറുണ്ടായിരുന്നു.’
ആഇശ(റ)യോട് മത്സരിക്കാറുണ്ടായിരുന്നു പ്രവാചകന്‍(സ). ആദ്യതവണ ആഇശ(റ) ജയിക്കുകയും രണ്ടാമത്തെതില്‍ തിരുമേനി(സ) ജയിക്കുകയും ചെയ്തു. അപ്പോഴദ്ദേഹം പറഞ്ഞു. ‘ഇത്് നേരത്തേതിന് പകരമാണ്’.
മുട്ടിലിഴഞ്ഞ് തന്റെ പേരമക്കളായ ഹസനെയും ഹുസൈനെയും കളിപ്പിക്കാറുണ്ടായിരുന്നു അദ്ദേഹം. അവര്‍ അദ്ദേഹത്തിന്റെ മുതുകത്ത് കയറാണ്ടായിരുന്നു. ഇത് കണ്ട ഒരു സഹാബി പറഞ്ഞുവത്രെ ‘എത്ര നല്ല വാഹനപ്പുറത്താണ് നിങ്ങള്‍ കയറിയത്’ നബി തിരുമേനി(സ) പറഞ്ഞു. ‘എത്ര നല്ല കുതിരക്കാരാണ് ഇവര്‍’.
തിരുമേനിയെ സന്ദര്‍ശിക്കാനെത്തിയ വൃദ്ധ സ്ത്രീയോട് പറഞ്ഞ തമാശ പ്രസിദ്ധമാണ്. അവര്‍ അദ്ദേഹത്തോട് പറഞ്ഞു ‘എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചാലും.’ നബി തിരുമേനി(സ) അദ്ദേഹത്തോട് പറഞ്ഞു. ‘അതിന് വൃദ്ധകള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലല്ലോ’. ഇത്‌കേട്ട ആ പാവം സ്ത്രീ കരഞ്ഞു. അപ്പോള്‍ പ്രവാചകന്‍ അവരോട് പറഞ്ഞു ‘വൃദ്ധയായല്ല നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക. സുന്ദരിയായ യുവതിയായിട്ടാവും’.  എന്നിട്ട് വിശുദ്ധ ഖുര്‍ആന്‍ വചനം ഓതിക്കേള്‍പ്പിച്ചു. ‘അവര്‍ക്കുള്ള ഇണകള്‍ നാം പ്രത്യേക ശ്രദ്ധയോടെ സൃഷ്ടിച്ചവരാണ്. അവരെ നാം നിത്യ കന്യകകളാക്കിയിരിക്കുന്നു. ഒപ്പം സ്‌നേഹസമ്പന്നരും സമപ്രായക്കാരും’ (അല്‍ വാഖിഅ : 35-37)

ഉമ്മു അയ്മന്‍ എന്ന് പേരുള്ള ഒരു സ്ത്രീ പ്രവാചകന്‍ തിരുമേനിയുടെ അടുത്ത് വന്നു പറഞ്ഞു ‘എന്റെ ഭര്‍ത്താവ് താങ്കളെ വിളിക്കുന്നു. തിരുമേനി(സ) ചോദിച്ചു ‘ആരാണ് നിന്റെ ഭര്‍ത്താവ്, കണ്ണില്‍ വെള്ള നിറമുള്ള ആ ആളാണോ?’ അവര്‍ പറഞ്ഞു ‘അല്ലാഹുവാണ, അദ്ദേഹത്തിന്റെ കണ്ണില്‍ വെളുത്ത അടയാളമില്ല’ നബി തിരുമേനി(സ) പറഞ്ഞു ‘അങ്ങനെയല്ല, അദ്ദേഹത്തിന്റെ കണ്ണില്‍ വെളുത്ത നിറമുണ്ട്’ പക്ഷെ അവരത് അംഗീകരിച്ചില്ല. തിരുമേനി അവരോട് പറഞ്ഞു ‘എല്ലാവരുടെയും കണ്ണില്‍ വെളുത്ത അടയാളമുണ്ടല്ലോ’.

ആഇശ(റ) പറയുന്നു ‘എന്റെ കൂടെ റസൂല്‍(സ)യും സൗദ(റ)യും ഉണ്ടായിരുന്നു. പാല്‍ കലര്‍ത്തിയ ഒരു തരം ഭക്ഷണമുണ്ടാക്കി ഞാന്‍ അതുമായ് വന്നു. ഞാന്‍ സൗദയോട് പറഞ്ഞു ‘നീ കഴിക്ക്’. ‘എനിക്കിത് ഇഷ്ടമല്ല’ സൗദ പറഞ്ഞു. ‘അല്ലാഹുവാണ, നീയിത് കഴിക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ ഞാനിത് നിന്റെ മുഖത്ത് തേക്കും’. ഞാന്‍ അവരോട് പറഞ്ഞു. ‘ഇല്ല ഞാനിത് കഴിക്കില്ല.’ അവര്‍ തറപ്പിച്ച് പറഞ്ഞു. ഇത് കേട്ട ഞാന്‍ ആ ഭക്ഷണത്തില്‍ നിന്ന് കുറച്ചെടുത്ത് അവരുടെ മുഖത്ത് തേച്ചു. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമിടയില്‍ പ്രവാചകന്‍ തിരുമേനി(സ) ഇരിക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് എന്റെയടുത്ത് എത്താന്‍ പാകത്തില്‍ പ്രവാചകന്‍ കാല്‍നീക്കി വെച്ചു. അവര്‍ കുറച്ച് മാവെടുത്ത് എന്റെ മുഖത്തും പുരട്ടി. ഇതുകണ്ട പ്രവാചകന്‍ തിരുമേനി(സ) ചിരിച്ചു.

മറ്റൊരിക്കല്‍ വിരൂപിയായ ഒരു മനുഷ്യന്‍ പ്രവാചകന്‍(സ)ക്ക് ബൈഅത്ത് ചെയ്തിട്ട് ഇപ്രകാരം പറഞ്ഞു. ഇവരെക്കാള്‍ സുന്ദരിയായ രണ്ട് സ്ത്രീകള്‍ എന്റെയടുത്തുണ്ട്. (ഹിജാബിന്റെ ആയത്ത് അവതരിക്കുന്നതിന് മുമ്പായിരുന്നു ഇത്). അവരില്‍ ഒരാളെ താങ്കള്‍ക്ക് ഞാന്‍ വിവാഹം ചെയ്ത് തരട്ടെ. പ്രവാചകന്റെ അടുത്തിരുന്ന് ആഇശ(റ) ഇത് കേള്‍ക്കുന്നുണ്ടായിരുന്നു. അവള്‍ ചോദിച്ചു. ‘താങ്കളെക്കാള്‍ സൗന്ദര്യമുണ്ടോ അവര്‍ക്ക്?’ അപ്പോള്‍ അയാള്‍ പറഞ്ഞു. ‘ഞാനാണ് അവരേക്കാള്‍ സുന്ദരന്‍’. ആഇശ(റ)യുടെ ചോദ്യം കേട്ട് റസൂല്‍(സ) ചിരിച്ച് പോയി. വിരൂപനായ അയാളെ കളിയാക്കുകയായിരുന്നു ആഇശ(റ). ജനജീവിതത്തില്‍ സന്തോഷവും ശോഭയും പരത്താനായിരുന്നു നബി തിരുമേനി(സ) ആഗ്രഹിച്ചിരുന്നത്. പ്രത്യേകിച്ചും പെരുന്നാള്‍ ദിനത്തിലും വിവാഹ വേളകളിലും.

പ്രവാചക സഖാക്കളും പ്രസ്തുത മാതൃക തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. അവരും കളിപറയുകയും സന്തോഷിക്കുകയും ചെയ്യാറുണ്ടായിരുന്നു. വളരെ പരുഷ സ്വഭാവിയായിരുന്ന ഉമര്‍(റ) പോലും തമാശ പറയാറുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അവരില്‍ തമാശയുടെ പേരില്‍ അറിയപ്പെട്ടുവര്‍ വരെയുണ്ടായിരുന്നു. നുഐമാന്‍ ബിന്‍ ഉമര്‍ അന്‍സാരി(റ) ഉദാഹരണം. അദ്ദേഹത്തില്‍ നിന്ന് ധാരാളം രസകരമായ ഫലിതങ്ങളും കഥകളും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.
അവസാനത്തെ ഉഖ്ബാ ഉടമ്പടിയില്‍ പങ്കെടുത്തിരുന്നു അദ്ദേഹം. ഉഹ്ദിലും ബദ്‌റിലും ഖന്തക്കിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ചുരുക്കത്തില്‍ പ്രവാചകനില്‍ ആദ്യകാലത്ത് വിശ്വസിച്ച സഹാബാക്കളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അദ്ദേഹത്തില്‍ നിന്നുള്ള ധാരാളം കഥകള്‍ സുബൈര്‍ ബിന്‍ ബകാര്‍ തന്റെ ‘അല്‍ ഫുകാഹ വല്‍ മറഹ്’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
‘മദീനയില്‍ ഏത് മുന്തിയ ഫലവര്‍ഗമെത്തിയാലും അദ്ദേഹം അവ വാങ്ങും. എന്നിട്ട് അതുമായി വന്നു പ്രവാചകനോട് പറയും. ‘ഞാനിത് അങ്ങേക്ക് സമ്മാനമായി നല്‍കിയിരിക്കുന്നു’. കച്ചവടക്കാരന്‍ കാശ് ചോദിച്ച് വന്നാള്‍ അയാളെയുംകൂട്ടി പ്രവാചകന്റെ അടത്ത് വരും. തുടര്‍ന്ന്് പറയും. ‘പ്രവാചകരെ ഇയാളുടെ കാശ് കൊടുത്താലും’. ‘നീയെനിക്കവ സമ്മാനമായി തന്നതല്ലേ’ എന്ന് പ്രവാചകന്‍(സ) ചോദിക്കും. അദ്ദേഹം പറയും ‘അല്ലാഹുവാണ, എന്റെ കയ്യില്‍ കാശില്ല, ആ പഴം താങ്കള്‍ കഴിക്കണമെന്ന് ഞാനാഗ്രഹിച്ചു. അപ്പോള്‍ ചിരിച്ച് കൊണ്ട് പ്രവാചകന്‍(സ) കാശ് കൊടുക്കും.’

സുബൈര്‍ ബിന്‍ ബകാര്‍ ഉദ്ധരിക്കുന്ന മറ്റൊരു കഥ നോക്കൂ. ‘നൂറ്റിപ്പതിനഞ്ച് വയസ്സുണ്ടായിരുന്ന പടുവൃദ്ധനായിരുന്നു മഖ്‌റമ ബിന്‍ നൗഫല്‍. ഒരു ദിവസം അദ്ദേഹം പള്ളിയില്‍ മൂത്രമൊഴിക്കാനൊരുങ്ങി. ‘പള്ളിയിലാണ് താങ്കളുള്ളത്, അവിടെ മൂത്രമൊഴിക്കരുത്’ എന്ന് ജനങ്ങള്‍ വിളിച്ച് പറഞ്ഞു. അപ്പോള്‍ നുഐമാന്‍(റ) അദ്ദേഹത്തിന്റെ കൈപിടിച്ച് കുറച്ച് അകലേക്ക് എത്തിച്ചു. അതും പള്ളിയുടെ ഭാഗം തന്നെയായിരുന്നു. അവിടെ മൂത്രിക്കാന്‍ അദ്ദേഹത്തെ ഇരുത്തി. ‘ഇവിടെ ഒഴിച്ചോളൂ’ എന്ന് പറഞ്ഞു. ഇതു കണ്ട ജനങ്ങള്‍ വീണ്ടും ശബ്ദമുണ്ടാക്കി. അപ്പോള്‍ മഖ്‌റമ പറഞ്ഞു. ‘നിങ്ങള്‍ക്ക് നാശം, എന്നെ ആരാണ് ഇവിടെ കൊണ്ടുവന്നത്?’ ‘നുഐമാന്‍’ അവര്‍ അദ്ദേഹത്തെ അറിയിച്ചു. ‘അവനെ എന്റെ കയ്യില്‍ കിട്ടട്ടെ, ഞാന്‍ അടിച്ച് ശരിയാക്കുന്നുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു. ഈ താക്കീതിനെപ്പറ്റിയും നുഐമാന്‍(റ) അറിഞ്ഞു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം അദ്ദേഹം പള്ളിയില്‍ വന്നപ്പോള്‍ പള്ളിയുടെ ഒരു മൂലയില്‍ ഉസ്മാന്‍(റ) നമസ്‌കരിക്കുന്നത് കണ്ടു . നുഐമാന്‍(റ) മഖ്‌റമയോട് പറഞ്ഞു. ‘ഞാന്‍ നിങ്ങള്‍ക്ക് നുഐമാനെ കാണിച്ച് തരാം.’ അദ്ദേഹത്തിന്റെ കൈപിടിച്ച് ഉസ്മാന്‍(റ) നമസ്‌കരിക്കുന്നിടത്തേക്ക് കൊണ്ട് വന്നു. ‘നുഐമാനിതാ, നിങ്ങളുടെ മുമ്പില്‍’. ഇത് കേട്ട മഖ്‌റമ(റ) തന്റെ കയ്യിലുള്ള വടിയുപയോഗിച്ച് ഉസ്മാ(റ)നെ അടിച്ചു. അപ്പോള്‍ മറ്റുള്ളവര്‍ വിളിച്ച് പറഞ്ഞു ‘താങ്കള്‍ അമീറുല്‍ മുഅ്മിനീനെ അടിച്ചിരിക്കുന്നു.’

നുഐമാ(റ)നെ വീഴ്ത്തിയ കഥ ഇതിനേക്കാള്‍ രസകരമാണ്. ‘സുവൈബിത് ബിന്‍ ഹര്‍മല എന്ന സഹാബി മറ്റൊരു രസികനായിരുന്നു. അദ്ദേഹവും ബദ്‌റില്‍ പങ്കെടുത്തയാളാണ്. ഒരിക്കല്‍ അബൂബക്ര്‍(റ)വും സുവൈബിതും നുഐമാനും(റ) ചേര്‍ന്ന് ഒരു കച്ചവട യാത്ര നടത്താന്‍ തീരുമാനിച്ചു. നബി തിരുമേനിയുടെ മരണത്തിന് ഒരു വര്‍ഷം മുമ്പാണ് സംഭവം. യാത്രയില്‍ ഭക്ഷണത്തിന്റെ ചുമതല നുഐമാനായിരുന്നു. ‘എനിക്ക് ഭക്ഷണം വേണം’ സുവൈബിത് നുഐമാനോട് പറഞ്ഞു. ‘അബൂബക്ര്‍ കൂടി എത്തട്ടെ, അദ്ദേഹം പിന്നിലാണ്’ എന്നായിരുന്നു ലഭിച്ച മറുപടി. ഇതു കേട്ട സുവൈബിത് നുഐമാ(റ)ന് ഒരു പണികൊടുക്കണമെന്ന് തീരുമാനിച്ചു. കുറച്ച് നടന്നതിന് ശേഷം ഏതാനും പേരടങ്ങിയ ഒരു സംഘത്തെ അവര്‍ കണ്ട് മുട്ടി. സുവൈബിത് അവരോട് സംസാരിച്ചു. ‘എന്റെ കൂടെ ഒരു അടിമയുണ്ട്. നിങ്ങള്‍ വാങ്ങുന്നോ? അവര്‍ പറഞ്ഞു ‘അതെ’. പക്ഷെ അവന് ഒരു പ്രശ്‌നമുണ്ട്. ‘ഞാന്‍ സ്വതന്ത്രനാണ്’ എന്ന് എപ്പോഴും പറഞ്ഞ് കൊണ്ടിരിക്കും. ‘അത് കേട്ടാല്‍ പിന്നെ അവനെ ആരും വാങ്ങില്ലല്ലോ’. ‘അത് പ്രശ്‌നമില്ല, ഞങ്ങള്‍ വാങ്ങിക്കൊള്ളാം.’ അങ്ങനെ അവര്‍ അടിമയെ വാങ്ങി. അവര്‍ വന്ന് നുഐമാന്റെ തലയില്‍ തലപ്പാവും, കഴുത്തില്‍ കയറുമിട്ടു. ഇത് കണ്ട നുഐമാന്‍(റ) പറഞ്ഞു. ‘ഞാന്‍ സ്വതന്ത്രനാണ്. ഞാന്‍ അടിമയല്ല’. ‘അതൊക്കെ മുതലാളി ഞങ്ങളെ അറിയിച്ചിട്ടുണ്ട്’. അവര്‍ അദ്ദേഹത്തെ കൊണ്ട് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ അബൂബക്ര്‍(റ) എത്തി. സുവൈബിത്(റ) അദ്ദേഹത്തോട് കാര്യം വിശദീകരിച്ചു. അബൂബക്ര്‍(റ) അവരുടെ അടുത്ത് ചെന്ന് കാശ് തിരികെ കൊടുത്തു അദ്ദേഹത്തെ തിരിച്ച് വാങ്ങി. മടങ്ങി വന്ന ശേഷം അവര്‍ ഇക്കാര്യം പ്രവാചകനെ അറിയിച്ചു. അദ്ദേഹം ഇത് കേട്ട് നിര്‍ത്താതെ ചിരിച്ചു.
 
സഹാബാക്കളില്‍ കര്‍ശന നിലപാട് പുലര്‍ത്തിയിരുന്നവരുണ്ടായിരുന്നുവെന്നത് വിസ്മരിക്കാവതല്ല. പെരുന്നാള്‍ ദിവസം പാട്ട് പാടിയപ്പോള്‍ അബൂബക്ര്‍(റ) നിരുത്സാഹപ്പെടുത്തിയതും, അബ്‌സീനിയക്കാര്‍ കളിച്ചപ്പോള്‍ ഉമര്‍(റ) മുടക്കാന്‍ ശ്രമിച്ചതും നമുക്കറിയാവുന്നതാണ്. പക്ഷെ ഈ രണ്ട് സന്ദര്‍ഭങ്ങളിലും പ്രവാചകന്‍ തിരുമേനി(സ) അവരെ തിരുത്തുകയുണ്ടായി. ഇത്തരം സമീപനങ്ങള്‍ വ്യക്തികളില്‍ വിവിധ തലങ്ങളിലായിരിക്കും. പ്രവാചകന്‍ തിരുമേനി(സ)യുടെ സമീപനമാണ് ഉത്തമമെന്നതില്‍ സംശയമില്ലല്ലോ. ധാരാളം കവികളും പണ്ഡിതരും, തത്വജ്ഞാനികളും തമാശയെ അവമതിച്ച് സംസാരിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. പക്ഷെ പ്രവാചകന്‍ തിരുമേനിയുടെ സമീപനമാണല്ലോ പിന്തുടരാന്‍ അര്‍ഹതയുളളത്. പ്രാരംഭത്തില്‍ ഉദ്ധരിക്കപ്പെട്ട പ്രമാണങ്ങള്‍ക്കാവട്ടെ അവയുടെതായ വ്യാഖ്യാനവുമുണ്ട്.
വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles