Current Date

Search
Close this search box.
Search
Close this search box.

ഗുജറാത്ത് കലാപം: മുന്‍മന്ത്രിക്ക് 28 വര്‍ഷം തടവ് ശിക്ഷ

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരോദ പാട്യയില്‍ മുസ്ലിം സമുദായത്തില്‍ പെട്ട 97 പേരെ ജീവനോടെ ചുട്ടെരിച്ച കേസില്‍ ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ മായാ കോഡ്‌നാനിക്ക് 28 വര്‍ഷം കഠിന തടവ്. കൊലപാതകം, കൊലപാതക ശ്രമം, സംഘംചേരല്‍ , ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണു കോടതി ശിക്ഷ വിധിച്ചത്. കോഡ്‌നാനി ഉള്‍പ്പെടെ 32 പേര്‍ കുറ്റക്കാരാണെന്ന് അഹമ്മദാബാദ് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.
വര്‍ഗീയ കലാപങ്ങള്‍ സമൂഹത്തിലെ കാന്‍സര്‍ ആണെന്ന് കോടതി നിരീക്ഷിച്ചു. വിധി സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ് ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്തു.
ബജ്‌രംഗ്ദള്‍ നേതാവ് ബാബു ബജ്‌രംഗിക്ക് കോടതി മരണം വരെ തടവ് ശിക്ഷ വിധിച്ചു. ബജ്‌രംഗി ഗൂഢാലോചനയിലും കൊലപാതകത്തിലും കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസംകണ്ടെത്തിയിരുന്നു. ഏഴു പ്രതികള്‍ക്ക് 21 വര്‍ഷം തടവും വിധിച്ചു.

2002ലെ ഗുജറാത്ത് കലാപക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ വനിതയാണ് മോഡിയുടെ വിശ്വസ്തയും മൂന്നുതവണ നരോദ എംഎല്‍എയുമായ മായാ കോഡ്‌നാനി. ഗോധ്ര കലാപത്തിനു പിറ്റേന്ന്, 2002 ഫെബ്രുവരി 28ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ആഹ്വാനം ചെയ്ത ബന്ദിനിടെ ഒത്തുചേര്‍ന്ന പ്രതികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 97 പേരെ ആക്രമിച്ചു വധിച്ചുവെന്നും 33 പേരെ പരിക്കേല്‍പ്പിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നാലാമത്തെ കോടതി വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷതന്നെ നല്‍കണമെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഖില്‍ ദേശായ് വാദിച്ചിരുന്നു.
സുപ്രീംകോടതി നിയോഗിച്ച പ്രത്യേകാന്വേഷണ സംഘം 2009 മാര്‍ച്ചില്‍ മായയെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു. 1998ലാണ് മായ ആദ്യമായി നിയമസഭാംഗമായത്. 2007ല്‍ മോഡി സര്‍ക്കാരില്‍ വനിതാ, ശിശുക്ഷേമ സഹമന്ത്രിയായി. എല്‍.കെ അഡ്വാനിയുടെ നിര്‍ദേശമനുസരിച്ചാണ് മോഡി മായയെ മന്ത്രിയാക്കിയതെന്ന് അന്ന് സംസാരമുണ്ടായിരുന്നു. 1960ല്‍ ഗുജറാത്ത് സംസ്ഥാനം നിലവില്‍വന്ന ശേഷം മന്ത്രിയാകുന്ന സിന്ധില്‍നിന്നുള്ള ആദ്യ നേതാവാണ് മായ കോഡ്‌നാനി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, നരോദ പാട്യക്കേസ് എട്ട് ഉദ്യോഗസ്ഥരാണ് അന്വേഷിച്ചത്. ഏറ്റവുമൊടുവില്‍ പ്രത്യേകാന്വേഷണ സംഘത്തെ നയിച്ചത് ഹിമാന്‍ഷു ശുക്ലയും. ഗുജറാത്ത് പൊലീസ് 46 പേരെ അറസ്റ്റ് ചെയ്തപ്പോള്‍ 2008ല്‍ അന്വേഷണം ഏറ്റെടുത്ത പ്രത്യേക സംഘം 24 പേരെക്കൂടി കസ്റ്റഡിയിലെടുത്തു. ആകെ 70 പ്രതികള്‍. കുറ്റപത്രം നല്‍കുന്നതിനു മുന്‍പ് ആറുപേര്‍ മരിച്ചു.
ഇതാദ്യമായാണ് ഗുജറാത്ത് വംശഹത്യ കേസുമായി ബന്ധപ്പെട്ട് ഒരു മുന്‍മന്ത്രിയെ ശിക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോടതി കൊദ്‌നാനി അടക്കം 32 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മന്ത്രിസഭക്കോ സര്‍ക്കാറിനോ കലാപകേസുകളില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി നരേന്ദ്രമോഡിക്കുള്ള കനത്ത തിരിച്ചടി കൂടിയാണ് പ്രത്യേക കോടതിയുടെ കണ്ടെത്തല്‍.
2002 ഫെബ്രുവരി 27ലെ ഗോധ്ര തീപിടിത്തത്തിനുപിന്നാലെ വി.എച്ച്.പി ആഹ്വാനംചെയ്ത ബന്ദിനിടയില്‍ നരോദ പാട്യയില്‍ 97 മുസ്ലിംകളെ കൂട്ടക്കൊലചെയ്തുവെന്നാണ് കേസ്. ആദ്യം ഗുജറാത്ത് പൊലീസ് അന്വേഷിച്ച കേസ് 2009ലാണ് സുപ്രീംകോടതി നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തത്. 64 പേരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് അറസ്റ്റുചെയ്‌തെങ്കിലും മൂന്നുപേര്‍ കുറ്റപത്രം സമര്‍പ്പിക്കും മുമ്പെ വിചാരണ കാലയളവിനിടയില്‍ മരിച്ചു. ശേഷിച്ച 61 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതിപ്പട്ടികയില്‍ ചേര്‍ത്ത കൊദ്‌നാനിയെ സംസ്ഥാന ശിശുവനിതാ ക്ഷേമ മന്ത്രിയായിരിക്കെ 2009 മാര്‍ച്ചിലായിരുന്നു പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. തുടര്‍ന്ന് മന്ത്രിപദത്തില്‍നിന്ന് ഇവര്‍ രാജിവെച്ചിരുന്നു. 1998ല്‍ ആദ്യമായി എം.എല്‍.എ പദത്തിലെത്തിയ കൊദ്‌നാനി ഗുജറാത്തില്‍ മന്ത്രിസ്ഥാനത്തെത്തിയ ആദ്യ സിന്ധി നേതാവായിരുന്നു.
അഡീഷനല്‍ പ്രിന്‍സിപ്പല്‍ ജഡ്ജ് ജ്യോത്സ്‌ന യാഗ്‌നിക് കുറ്റപത്രം വായിച്ചുകേള്‍പിച്ചപ്പോള്‍ കൊദ്‌നാനി കുഴഞ്ഞുവീണത് കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യത്തിന് നേതൃത്വം നല്‍കിയ പ്രതികള്‍ പരമാവധി ശിക്ഷയായ തൂക്കുമരത്തിന് അര്‍ഹരാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഖില്‍ ദേശായ് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രതികളുടെ ആരോഗ്യാവസ്ഥയും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത് ശിക്ഷ ലഘൂകരിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ നിരഞ്ജന്‍ ടികാനി അഭ്യര്‍ഥിച്ചു. 327 സാക്ഷികളെ വിസ്തരിച്ച കേസില്‍ 2500 രേഖകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

 

Related Articles