Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ പഠനം ആസ്വാദ്യകരമാക്കുന്ന തഫ്ഹീം കമ്പ്യൂട്ടര്‍ പതിപ്പ്

thafheem.jpg

പരിശുദ്ധ ഖുര്‍ആന്‍ പഠനം ആശ്വാസകരവും ആസ്വാദ്യവുമാക്കിത്തീര്‍ക്കുന്ന അനുഭവമാണ് ഡിഫോര്‍ മീഡിയ പുതുതായി പുറത്തിറക്കിയ തഫ്ഹീമുല്‍ ഖുര്‍ആന്റെ പരിഷ്‌കരിച്ച കമ്പ്യൂട്ടര്‍ പതിപ്പ് അനുവാചകര്‍ക്ക് സമ്മാനിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ അറബി സൂക്തത്തിന്റെ പാരായണം, പരിഭാഷ, വ്യാഖ്യാനം എന്നിവ ശ്രവിക്കാനും അതിലൂടെ കേട്ട് പഠിക്കാനുമുള്ള നൂതന സാങ്കേതികവിദ്യയുടെ സഹായം പുതിയ തലമുറയിലെ വിജ്ഞാന കുതുകികളെ ഏറെ ആകര്‍ഷിക്കും. മലയാളക്കരക്ക് മഹത്തായൊരനുഗ്രഹം എന്ന് ഈ സംരംഭത്തെ നമുക്ക് വിശേഷിപ്പിക്കാനാവും.

ഓഡിയോവിഷ്വല്‍ സാങ്കേതികത്തികവോടെ യോഗ്യരായ സംഘത്തിന്റെ ശ്രമഫലമായാണ് പുതിയ വിഭവം ഡിഫോര്‍ മീഡിയ തയ്യാറാക്കിയിട്ടുള്ളതെന്ന് മൗസ് ക്ലിക്കുകളില്‍ നിന്ന് ഉപയോക്താവിന് നന്നായി ബോധ്യപ്പെടും. ഇളം തലമുറയെ ആകര്‍ഷിക്കാനുതകുന്ന തഫ്ഹീമിന്റെ സമ്പൂര്‍ണ ഇംഗ്ലീഷ് പതിപ്പും പരിഷ്‌കരിച്ച ഡിജിറ്റല്‍ തഫ്ഹീം ഉള്‍ക്കൊള്ളുന്നു. പഴയ പതിപ്പിനെ അപേക്ഷിച്ച് നിരവധി സൗകര്യങ്ങളും വിജ്ഞാനീയങ്ങളും അടങ്ങിയതും ഏറെ ആകര്‍ഷകവുമാണ് പുതിയ പതിപ്പെന്ന് സ്‌ക്രീനില്‍ തെളിയുന്ന കെട്ടുംമട്ടും നമ്മെ ബോധ്യപ്പെടുത്തും. സൂക്തങ്ങളോട് ബന്ധപ്പെട്ട വ്യാഖ്യനത്തിന്റെ റഫറന്‍സ് നമ്പറില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സൂക്തവും അര്‍ഥവും മറച്ചുകളയുന്ന പഴയ പോപ്അപ് ബോക്‌സിന് പകരം വലതു ഭാഗത്ത് സൂക്തവും അര്‍ഥവും ഇടതുഭാഗത്ത് വ്യാഖ്യാനും പ്രത്യക്ഷപ്പെടുന്നതാണ് പുതിയ പതിപ്പിന്റെ പേജ് സെറ്റിങ് പ്രത്യേകത.

അറബ് ലോകത്തെ പ്രശസ്ത ഖാരിഉകളായ മദീന ഹറം ഇമാമും ഖതീബുമായ ശൈഖ് അലി അബ്ദുര്‍റഹ്മാന്‍ അല്‍ഹുദൈഫി, ശൈഖ് സഅദ് അല്‍ഗാമിദി, ശൈഖ് മിശാരി അല്‍അഫാസി എന്നിവരുടെ മാതൃകാപരമായ ഗാംഭീര്യമുള്ള പാരായണം, പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റായ നൗഷാദ് ഇബ്രാഹീമിന്റെ പ്രൗഡമായ മലയാളം വായന എന്നിവ പുതിയ പതിപ്പിനെ വ്യതിരിക്തമാക്കുന്നു. സൂക്തത്തിന്റെ അര്‍ഥവും വ്യാഖ്യാനും വായിക്കുന്നതില്‍ കാണിച്ച മികവും ടോണ്‍ വ്യത്യാസവും സ്‌ക്രീനില്‍ നോക്കാതെ കേട്ടിരിക്കുന്നവര്‍ക്കും അര്‍ഥവും ആശയവും വേറിട്ട് മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സഹായിക്കുന്ന ശൈലിയാണ്. വായന വിരസമാണെന്ന ധാരണ പ്രചരിക്കുന്ന ആധുനിക കാലത്തിന്റെ ന്യായങ്ങളെ മറികടക്കാന്‍ കൂടി ഉപകരിക്കുന്നതാണ് ശ്രവണസുഖം നല്‍കുന്ന, സമ്പൂര്‍ണ ഓഡിയോ ഉള്‍ക്കൊള്ളുന്ന പുതിയ പതിപ്പിന്റെ ആസ്വാദന രീതി.

മദീന കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്‌സിന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള മുസ്ഹഫിന്റെ ആധുനിക പേജുകളാണ് പുതിയ പതിപ്പിന്റെ സ്‌ക്രീനില്‍ തെളിയുന്നത്. മുസ്ഹഫ് പേജിനോടൊപ്പം തഫ്ഹീമിന്റെ ഭാഗങ്ങളും ഒരേ സ്‌ക്രീനില്‍ വിവിധ വിന്‍ഡോകളില്‍ ആകര്‍ഷകമായി അടുക്കിവെച്ചിരിക്കുന്നത് കലയും വിജ്ഞാനവും ചേര്‍ന്ന ഡിസൈനിങിന്റെ പിന്‍ബലത്തോടെയാണ്. യൂസര്‍ ഫ്രണ്ട്‌ലി എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന സോഫ്റ്റ് വെയര്‍ ഘടനയാണ് നിര്‍മാതാക്കള്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് രണ്ട് ക്ലിക്കിലൂടെ തഫ്ഹീമിന്റെ വിജ്ഞാന ഉള്ളകറകളിലേക്ക് കടന്നുചെല്ലുന്ന രീതി നമ്മെ ബോധ്യപ്പെടുത്തും. ഖുര്‍ആന്‍ വിജ്ഞാനത്തോടൊപ്പം ഒരല്‍പം വിനോദവും എന്നാല്‍ പഠന പരിശോധനയും സമ്മാനിക്കുന്നതാണ് ഡ്രാഗ് ആന്റ് ഡ്രോപ്, പ്രശ്‌നോത്തരി എന്നിവ നല്‍കുന്ന അനുഭവം. ഉപയോക്താവിന്റെ താല്‍പര്യമനുസരിച്ച് ഇത് സെറ്റ് ചെയ്യാമെന്നതും പഠന പരിശോധനക്ക് ഏറെ ഉചിതമാണ്.

തജ്‌വീദ് നിയമങ്ങള്‍ ഉദാഹരണ സഹിതം ആധികാരിക ഖാരിഉകളുടെ പാരായണത്തിന്റെ വെളിച്ചത്തില്‍ കേട്ട് പഠിക്കാനുള്ള സൗകര്യം, വിവിധ വിഷയങ്ങളില്‍ രചിക്കപ്പെട്ട റഫറന്‍സുകളടങ്ങിയ ലൈബ്രറി, സെര്‍ച്ച് സൗകര്യം, ക്ലിപ്പ് ബോര്‍ഡ്, ബുക്മാര്‍ക്ക്, സ്റ്റിക്കി നോട്ട്, യൂനികോഡ് ഫോണ്ട്, കോപ്പി പേസ്റ്റ് സൗകര്യം തുടങ്ങി നിരവധി പ്രത്യേകതകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് മലയാളത്തിലെ ഈ ബ്രഹദ്‌സംരഭം. മുസ്‌ലിം ലോകത്തെ ഏറെ ആകര്‍ഷിച്ച അനുഗ്രഹീത ശബ്ദത്തിന്റെ ഉടമയും മക്ക, മദീന ഹറമുകളുടെ മേധാവിയുമായ ശൈഖ് അബ്ദുര്‍റഹ്മാന്‍ അസ്സുദൈസിന്റെ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന പുതിയ ഡിജിറ്റല്‍ പതിപ്പിന് തിലകം ചാര്‍ത്തുന്നു.

Related Articles