Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സില്‍ ഉമറിന്റെ രണ്ടാമൂഴം -4

വേദനകൊണ്ട് വിലപിക്കുന്ന എന്റെ ഹൃദയത്തിലേക്ക് ഭൂമിയിലെ സകലദുഖങ്ങളും ഇറക്കിവെച്ചത് പോലെ. എന്നെക്കുറിച്ചായിരുന്നില്ല, മറിച്ച് എല്ലാതാന്‍പോരിമയെയും തുടച്ച്‌നീക്കുന്ന ഖലീഫാ ഉമറിന്റെ കാര്യത്തിലായിരുന്നു എന്റെ ആശങ്ക. വിദ്വേഷികളായ സയണിസ്റ്റുകള്‍ക്ക് പിശാചുക്കളും പ്രവാചകന്‍മാരും ഒരുപോലെയാണ്. മുന്‍കാലത്ത് പ്രവാചകന്മാരെ നിഷ്ഠൂരമായി വധിച്ചവരാണവര്‍. കാരുണ്യം അവരുടെ വീക്ഷണത്തില്‍ വിഢ്ഢിത്തമാണ്. എനിക്കവരെ നന്നായറിയാം. വിട്ട്‌വീഴ്ചയെന്നത് അവരില്‍ മാന്യന്മാര്‍ വിസമ്മതിക്കുന്ന കാര്യമാണ്. സാഹോദര്യം ദൗര്‍ബല്യവും അശക്തതയുമാണ്. അവരുടെ വിദ്വേഷവും തീജ്വാലകളും ഇത് ആദ്യമായല്ല എന്നെ ഉപരോധിക്കുന്നത്. മുമ്പ് ഒരുപാട് തവണ അവരെന്നെ അറസ്റ്റ് ചെയ്ത് തടവറയിലാക്കിയിട്ടുണ്ട്. ഓരോതവണയും എന്റെ നിരപരാധിത്വം  വളരെ ഖണ്ഡിതമായി തെളിയിക്കപ്പെട്ടു. ചാട്ടവാറടിയും, മുഖത്തടിയും, പട്ടിണിയും, പിന്നെ കുറെ ആക്ഷേപങ്ങളും സമ്മാനിച്ച പീഢനപര്‍വ്വത്തിന് ശേഷമായിരിക്കും തടവറയില്‍ നിന്നുള്ള എന്റെ മടക്കം.

ഉമറാവട്ടെ ഇവിടെ ആദരിക്കപ്പെടേണ്ട എന്റെ പ്രിയപ്പെട്ട അതിഥിയാണ്. അദ്ദേഹത്തിന് തിരിച്ചറിയല്‍ രേഖയില്ല. കീഴടങ്ങാനോ, വിധേയപ്പെടാനോ തയ്യാറുമല്ല. അവരോട് അപ്രകാരം ചെയ്യുന്നവരുടെ സങ്കേതം കുഴിമാടമാണ്. എനിക്കവരെ അറിയാമല്ലോ. ഇടപാടുകളില്‍ സദ്ഗുണങ്ങള്‍ പ്രകടിപ്പിക്കുന്ന ആരെയും അവര്‍ അവശേഷിപ്പിക്കില്ല. മൂല്യങ്ങളുടെ ശത്രുവാണവര്‍.’
പക്ഷെ, എന്തൊരല്‍ഭുതം, ഖലീഫ ഉമര്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. മുഖത്ത് പുഞ്ചിരിയാണുള്ളത്. കണ്ണുകളില്‍ ഈമാന്‍ ജ്വലിക്കുന്നുണ്ട്. ഒരു പ്രത്യേക തരത്തിലുള്ള നിശ്ചദാര്‍ഢ്യം അദ്ദേഹത്തില്‍ പ്രകടമാണ്. ഞാനദ്ദേഹത്തോട് ചോദിച്ചു.
-‘താങ്കള്‍ക്ക് ഭയമില്ലേ?, ആര്‍ത്തിയോടും ഭ്രാന്തോടും വെറുപ്പോടും കൂടി നിരപരാധികളുടെ പച്ചമാംസത്തെ സമീപിക്കുന്നവരാണവര്‍… അവര്‍ നമ്മെ നാല്പാടും വളഞ്ഞിരിക്കുന്നു.’
-‘ഭയം അധ്വാനം പാഴാക്കുകയും, സമയം നഷ്ടപ്പെടുത്തുകയും, വിശ്വാസം തകര്‍ക്കുകയും, നിന്ദ്യതക്ക് ശേഷം നിന്ദ്യത സമ്മാനിക്കുകയുമാണ് ചെയ്യുകയെന്ന് പ്രിയപ്പെട്ട പ്രവാചകനെന്നെ പഠിപ്പിച്ചിരിക്കുന്നു.’ ഉമര്‍ കൂടുതല്‍ വ്യക്തതയോടെയാണ് പറഞ്ഞത്.
പിന്നീടദ്ദേഹം പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് നേരെ തിരിഞ്ഞ് ചോദിച്ചു
-‘നിങ്ങള്‍ക്കെന്താണ് വേണ്ടത്?’
-‘ഈ കുറ്റം ചെയ്തത് നിങ്ങളാണ്’
-‘എന്താണ് നിങ്ങളുടെ തെളിവ്?’
-‘നിങ്ങള്‍ അറബികളാണ് എന്നത് തന്നെയാണ് ഒന്നാമത്തെ തെളിവ്. സംഭവം നടക്കുമ്പോള്‍ നിങ്ങളിവിടെ ഉണ്ടായിരുന്നുവെന്നത് രണ്ടാമത്തേതും. സംഹാരവും വഞ്ചനയുമാണ് നിങ്ങളുടെ പ്രകൃതം.’

ഉമര്‍ കയ്യുയര്‍ത്തുന്നത് കണ്ടതും എനിക്ക് ബോധം നഷ്ടപ്പെടുന്നതായി തോന്നി. ആ കൈ താന്നത് പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തായിരുന്നു. ‘അല്ലയോ വിഢ്ഢീ, ഊഹത്തെയും സംശയത്തെയും അടിസ്ഥാനമാക്കി നീ വിധി കല്‍പിക്കുകയും നാട്ടുകാരെ ആക്ഷേപിക്കുകയും ചെയ്യുന്നോ?’
ആ പിശാചുക്കള്‍ ഖലീഫക്ക് മേല്‍ ചാടിവീണു. നിമിഷങ്ങള്‍ക്കകം അദ്ദേഹത്തിന്റെ ഇരുകൈകളും പിന്നിലേക്ക് ചങ്ങലയിട്ട് ബന്ധിച്ചതായി കണ്ടു. പൊടുന്നനെ, ഭയങ്കരമായ ഒരു പൊട്ടിത്തെറിയുടെ ശബ്ദം ഞാന്‍ കേട്ടു. എവിടെ നിന്നാണെന്ന് മനസ്സിലായില്ല. അപ്പോഴേക്കും ഞാന്‍ മുഖം കുത്തി നിലത്ത് വീണ് കഴിഞ്ഞിരുന്നു. അര്‍ധബോധാവസ്ഥയില്‍ ഭീകരമായ ദുസ്വപ്‌നം കണ്ടത് പോലെ വിറച്ചു. വളരെ മാര്‍ദ്ദവമുള്ള ഒരു കൈ എന്റെ തലയില്‍ സ്പര്‍ശിച്ചതായി അറിഞ്ഞു. നോക്കുമ്പോഴുണ്ട് ഉമര്‍ ശാന്തനായി പുഞ്ചിരിച്ച് നില്‍ക്കുന്നു. കയ്യില്‍ ചങ്ങലകളില്ല, മുഖത്ത് ഭയവുമില്ല.
-‘എന്താണ് സംഭവിച്ചത്?’ ഞാന്‍ നിലവിളിച്ചു
-‘അവരതാ അവിടെ കിടന്നുരുളുന്നു’
-‘എനിക്കറിയില്ല…. സര്‍വ്വശക്തിയും അല്ലാഹുവിനാണ് എന്നേ എനിക്കറിയൂ… സംശയമില്ല അമീറുല്‍ മുഅ്മിനീന്‍… ആ ഭയാനകമായ രംഗം ഫത്ഹിന്റെ അനുയായികള്‍ കാണുന്നുണ്ടായിരുന്നു…’

വിദൂരചക്രവാളത്തിലേക്ക് അദ്ദേഹം വേദനയോടെ നോക്കുന്നത് കണ്ടു. കാലത്തെയും സ്ഥലത്തെയും അളക്കാന്‍ ശ്രമിക്കുന്നത് പോലെ. വേദന നിറഞ്ഞ വാക്കുകളില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു ‘അഹ്‌സാബ് യുദ്ധ ദിനത്തില്‍, സത്യനിഷേധം എല്ലാ ഗോത്രങ്ങളും ആയുധങ്ങളും കുതന്ത്രവുമായി ഒരുമിച്ച് കൂടി. അവര്‍ യഥ്‌രിബ് ഉപരോധിച്ചു. നിനക്കറിയാമോ അത്? സല്‍മാനുല്‍ ഫാരിസിയുടെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ കിടങ്ങ് കുഴിച്ചു. ആ നാശകാരിയായ ഉപരോധത്തില്‍ നിന്ന് രക്ഷപ്പെടല്‍ അസാധ്യമായിരുന്നു. വിശപ്പും, തണുപ്പും മുഖേനയും ഞങ്ങള്‍ പരീക്ഷിക്കപ്പെട്ടു. ആളും അര്‍ത്ഥവും ആയുധങ്ങളും ഭക്ഷണവും ഞങ്ങളുടെ കൈവശം വളരെ കുറവായിരുന്നു. നിനക്കറിയാമോ?  ബനൂ ഖുറൈളയെന്ന ജൂത ഗോത്രം ഞങ്ങളുടെ സഖ്യകക്ഷികളായിരുന്നു. മദീനയെ പിന്‍ഭാഗത്ത് നിന്നും സംരക്ഷിച്ചിരുന്നത് അവരായിരുന്നു. കുറച്ച് ഭക്ഷണം നല്‍കി ആദ്യം അവര്‍ ഞങ്ങളെ സഹായിച്ചു. പക്ഷെ, പിന്നീട് നിര്‍ണായക സന്ദര്‍ഭത്തില്‍ അവര്‍ കരാര്‍ ലംഘിക്കുകയും ശത്രുക്കളോട് ചേരുകയും ചെയ്തു. ഞങ്ങള്‍ രണ്ട് അഗ്നികുണ്ഡങ്ങള്‍ക്കിടയിലായി. ഞങ്ങള്‍ക്ക് മരണമോ, നാശമോ സംഭവിക്കുമെന്ന നിലയില്‍. നിനക്കത് ഓര്‍മയുണ്ടോ? ഭാവനയില്‍ നിന്നുള്ള കെട്ടുകഥ പറയുകയല്ല ഞാന്‍. കിസ്‌റായുടെയും കൈസറിന്റെയും ഖജനാവുകളായിരുന്നു അക്കാലത്ത് പ്രവാചകന്‍ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. അതൊക്കെ ആര് വിശ്വസിക്കാനാ? ചിലര്‍ പരിഹാസത്തോടെ ചോദിച്ചു. ‘കിസ്‌റായുടെയും, കൈസറിന്റെയും നിധികളാണ് മുഹമ്മദ് നമുക്ക് വാഗ്ദാനം ചെയ്യുന്നത്. നാമാവട്ടെ, നിര്‍ഭയമായി വെളിക്കിരിക്കാന്‍ പോലും നമ്മിലാര്‍ക്കും കഴിയുന്നില്ല. അതിനേക്കാള്‍ അല്‍ഭുതകരം, ശത്രുക്കളില്‍പെട്ട ഒരു നേതാവ് ഞങ്ങളുടെ കൂടെ ചേര്‍ന്നു, ഇസ്‌ലാം പ്രഖ്യാപിച്ചു. പ്രയാസത്തിന്റെയും, പരാജയത്തിന്റെയും ഒരു പങ്ക് പറ്റാനാണോ അദ്ദേഹം വന്നത്?’

ഉമര്‍ തന്റെ നെറ്റിയും താടിയും തടവി. അദ്ദേഹത്തിന്റെ പുഞ്ചിരി ഒന്ന് കൂടി പ്രകാശിതമായി. തുടര്‍ന്ന് പറഞ്ഞു ‘ഞങ്ങള്‍ വിജയിച്ചു….  സത്യനിഷേധികളെ അവരുടെ വിദ്വേഷവുമായി അല്ലാഹു മടക്കി. അവര്‍ക്കൊരു നേട്ടവും ലഭിച്ചില്ല’.
‘അതെ, വിശ്വാസം കൊണ്ട് ഞങ്ങള്‍ ഭീതിക്ക് മേല്‍ വിജയം വരിച്ചു. മരണത്തിലേക്ക് വേഗത്തില്‍ പോയ ഞങ്ങള്‍ക്ക് ജീവിതം ലഭിച്ചു.’
ഉമര്‍ ഉമിനീരിറക്കി തുടര്‍ന്നു ‘വിശ്വാസവും വിശ്വാസികളുമില്ലാതെ ലോകത്ത് ഒരു കാലഘട്ടവും കഴിഞ്ഞ് പോയിട്ടില്ല’.
-‘ശത്രു പിടികൂടുന്നതിന് മുമ്പ് നമുക്ക് വേഗത്തില്‍ പോവാം’ ഞാന്‍ അസ്വസ്ഥതയോടെ പറഞ്ഞു.
ഭയലേശമന്യെ ഉമര്‍ പറഞ്ഞു ‘അതെ, നമുക്ക് നീങ്ങാം.’

കുറച്ച് കഴിഞ്ഞതിന് ശേഷം ഒരു ബസ് കിട്ടിയപ്പോള്‍ ഞങ്ങള്‍ അതില്‍ കയറി. എല്ലാ സീറ്റുകളും നിറഞ്ഞിരുന്നു. നേരത്തെ നടന്ന സ്‌ഫോടനത്തെക്കുറിച്ചാണ് എല്ലാവരുടെയും സംസാരം. ഞങ്ങള്‍ രണ്ടാം നിലയിലേക്ക് കയറാന്‍ തുടങ്ങി. ആ ശക്തമായ തിരക്കിനിടയില്‍ ഖലീഫ അകപ്പെട്ടത് എനിക്ക് വിഷമമുണ്ടാക്കി. അദ്ദേഹമാവട്ടെ, യാതൊരു പ്രയാസവും പ്രകടിപ്പിച്ചില്ല. മുകളിലേക്ക് കയറുകയായിരുന്ന ഖലീഫയുടെ കയ്യില്‍ ഒരു യുവതി കടന്ന് പിടിച്ചു. അവള്‍ പറഞ്ഞു ‘ഈലി, അയാളിതാ ഇവിടെ’.  ഇത്തവണ ഇയാള്‍ എന്നില്‍ നിന്ന് രക്ഷപ്പെടുകയില്ല. ഈലി, അവളുടെ കയ്യെടുത്ത് മാറ്റി. ‘ഇത്തരം ഏര്‍പാടുകള്‍ എന്റെ മനസ്സില്‍ വെറുപ്പാണുണ്ടാക്കുന്നത്.’
-‘പക്ഷെ എനിക്കയാളെ വേണം, ഈലി.’
ഇത് കേട്ട ഒരാള്‍ പരിഹസിച്ച് കൊണ്ട് പറഞ്ഞു ‘സഹോദരാ, അവള്‍ക്ക് വേണ്ടത് കൊടുത്താലും…’

ഈലി കോപിഷ്ഠനായി ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. ബസ്സിന്റെ വിവിധ കോണുകളിലേക്ക് ദൃഷ്ടി പായിച്ചു. പിന്നീട് ഖലീഫയുടെ നേരെ വന്നു. കണ്ണുകളില്‍ നിന്ന് തീപ്പൊരി പാറുന്നുണ്ട്. അയാള്‍ പറഞ്ഞു. ‘ബസ്സില്‍ നിന്നിറങ്ങുന്നില്ലെങ്കില്‍ താങ്കളെയെടുത്ത് ഞാന്‍ റോഡിലേക്ക് എറിയും. താങ്കളുടെ എല്ല് പൊടിയാന്‍ അത് മതിയാവും.’
ഞാന്‍ അവര്‍ക്ക് രണ്ട് പേര്‍ക്കുമിടയിലേക്ക് കയറിനിന്നു. ഖലീഫക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാന്‍ ജീവന്‍ ത്യജിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഖലീഫ ആശ്ചര്യത്തോടെ അവനെത്തന്നെ നോക്കി നില്‍ക്കുകയാണ്. അദ്ദേഹം പറഞ്ഞു ‘ഈ ‘ഇഴജന്തു’വില്‍ നിന്ന് എന്നെ ഇറക്കാന്‍ നിനക്ക് അവകാശമില്ല.’ ഇഴജന്തുവെന്ന് കേട്ട മറ്റ് യാത്രക്കാര്‍ ചിരിച്ചു. ഖലീഫ തന്റെ സംസാരം തുടര്‍ന്നു ‘ഞങ്ങള്‍ കാശ് കൊടുത്ത് യാത്ര ചെയ്യുന്നവരാണ്. അതിനാല്‍ ഈ വേല ഇവിടെ ഫലിക്കില്ല. നിനക്കത് ചെയ്യാനാവില്ല’.
ഈലി തന്റെ മുഷ്ടി ഉയര്‍ത്തി. ഖലീഫയുടെ മുഖത്തടിക്കാനായിരുന്നു അത്. പക്ഷെ അപ്പോഴേക്കും ഉമറത് തടഞ്ഞു, കൈപിരിച്ചു, ഈലി സഹായം ചോദിച്ച് ഉച്ചത്തില്‍ നിലവിളിച്ചു. യാത്രക്കാര്‍ അയാളെ പരിഹസിച്ച് കുലുങ്ങിച്ചിരിച്ചു. അതിനെത്തുടര്‍ന്നുണ്ടായ കമന്റുകള്‍ ഈലിക്ക് കൂടുതല്‍ വേദനയുളവാക്കി. റാഷേല്‍ ഓടി വന്നു. ഉമറിന്റെ പിടിയില്‍ നിന്നും ഈലിയെ പിന്നോട്ട് വലിച്ചു.
-‘നമുക്ക് ഇറങ്ങാറായി, നീ എന്തൊരു മോശമാണ് പ്രവര്‍ത്തിച്ചത്.’
അവന്‍ വിദ്വേഷത്തോടെ പറഞ്ഞു ‘നീയാണത് ചെയ്തത്. ശിക്ഷ ലഭിച്ചതാവട്ടെ എനിക്കും.’

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles