Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സില്‍ ഉമറിന്റെ രണ്ടാമൂഴം-3

ഞങ്ങള്‍ വുദുവെടുക്കാന്‍ ഹൗളിന്റെ അടുത്തേക്ക് ചെന്നു. ആയത്തുകളും പ്രാര്‍ത്ഥനകളും ഉരുവിടുകയാണ് ഉമര്‍. വുദുവെടുത്ത് കൊണ്ടിരിക്കുന്ന ഒരാളുടെ പിന്നില്‍ തന്റെ ഊഴം കാത്ത് അദ്ദേഹം നിന്നു. അങ്ങേയറ്റത്തെ വൃത്തിയും, തെളിമയാര്‍ന്ന വെള്ളവും ഉമറിനെ ആകര്‍ഷിച്ചു. അതില്‍ നിന്നും കുറച്ച് വെള്ളമദ്ദേഹം കുടിച്ചു. രുചികരമായ വെള്ളത്തെക്കുറിച്ച സന്തുഷ്ടി അദ്ദേഹം പ്രകടിച്ചു. പക്ഷെ, അതോടൊപ്പം തന്നെ വെള്ളത്തിന്റെ അമിതോപയോഗത്തെ ശക്തമായി വിമര്‍ശിച്ചു. ജമാഅത്ത് നമസ്‌കാരത്തിന് ആളുകള്‍ കൂട്ടംകൂട്ടമായി കടന്ന് വന്നത് അദ്ദേഹത്തെ അങ്ങേയറ്റത്തെ സന്തോഷിപ്പിച്ചു. പ്രവാചകന്‍ പറഞ്ഞത് എത്ര ശരിയാണ്് ‘എന്നിലും എന്റെ സമുദായത്തിലും നന്മ അന്ത്യനാള്‍ വരെ നിലനില്‍ക്കും’.  

എന്നാല്‍ എല്ലാ മുഖങ്ങളും മൂകവും, മ്ലാനവുമാണെന്ന് ഉമര്‍ കണ്ടു. അവയില്‍ അസ്വസ്ഥതയും, പരിഭ്രമവും പ്രകടമാണ്. വിശാലമായ പള്ളിയുടെ ഒരു മൂലയില്‍ അദ്ദേഹം തന്റെ ഇരിപ്പുറപ്പിച്ചു. ആര്‍ഭാടപൂര്‍ണമായ പരവതാനി തൊട്ട് നോക്കി. മുകളില്‍ തൂങ്ങിയാടുന്ന കൂറ്റന്‍ ബഹുശാഖാദീപങ്ങളും, അലങ്കൃതമായ ട്യൂബ് ലൈറ്റുകളും അല്‍ഭുതത്തോടെ നോക്കിക്കണ്ടു. ന്യായീകരിക്കാനാവത്ത ധൂര്‍ത്താണവയൊക്കെയുമെന്ന് അദ്ദേഹത്തിന് തോന്നി. വിശിഷ്യാ, ഇതുപോലുള്ളൊരു യുദ്ധസന്ദര്‍ഭത്തില്‍. സുന്ദരമായി അലങ്കരിച്ച് ഉയര്‍ത്തപ്പെട്ട പ്രസംഗപീഠം അതിസൂക്ഷ്മമായ കലാവിഷ്‌കാരത്തെ അടയാളപ്പെടുത്തുന്നതാണ്.

നമസ്‌കരിക്കാനെത്തിയവരില്‍ അധികംപേരും ഇരിക്കുന്നവരുടെ മുതുകിന് മുകളിലൂടെ കാലുയര്‍ത്തി മുന്നിലേക്ക് നടക്കുന്നത് കണ്ട അദ്ദേഹത്തിന് കോപം വന്നു. അദ്ദേഹം മണ്ടാതിരുന്നില്ല. പള്ളിയില്‍ അപ്രകാരം നടക്കുന്നത് അനുവദനീയമല്ലെന്ന് അവരെ പഠിപ്പിക്കാന്‍ തുടങ്ങി. സ്വഫ്ഫില്‍ ഒടുവില്‍ എത്തിയ സ്ഥാനത്ത് തന്നെ ഇരിക്കണമെന്ന് നിര്‍ദേശിച്ചു. തന്റെ വാക്കുകള്‍ പരിഗണിക്കാതെ മുന്നോട്ട് നടക്കുന്നവരെ കണ്ട് അന്തംവിട്ടു അദ്ദേഹം. ഉമര്‍ ചോദിച്ചു. ‘ഞാന്‍ പറഞ്ഞത് ശരിയല്ലേ? പിന്നെന്താ എന്റെ വാക്കുകള്‍ അവര്‍ക്ക് ദഹിക്കാത്തത്? അതിനിടെ സൂറത്തുല്‍ കഹ്ഫ് ഉച്ചത്തില്‍ പാരായണം ചെയ്യുന്നത് അദ്ദേഹം കേട്ടു. ശബ്ദത്തിന്റെ ഉറവിടം തേടി നാല്പാടും നോക്കാന്‍ തുടങ്ങി ഉമര്‍. ഞാന്‍ മിമ്പറിന് സമീപമുള്ള ചെറിയ പീഠത്തിലേക്ക് ചൂണ്ടി. അവിടെയണ്ടായിരുന്ന ശബ്ദം അധികരിപ്പിക്കുകയും, ഗാംഭീര്യവും വ്യക്തതയുമുള്ളതാക്കുന്ന  മൈക്ക് കാണിച്ച് കൊടുത്തു.

താന്‍ കേട്ട ആയത്തിനാല്‍ സ്വാധീനിക്കപ്പെട്ട ഉമര്‍ കരഞ്ഞു. സന്തോഷം കലര്‍ന്ന പ്രത്യേകതരത്തിലുള്ള ഒരു വികാരമാണ് അദ്ദേഹത്തിന് അനുഭവപ്പെട്ടത്. മാറ്റതിരുത്തലോ, കൂട്ടിച്ചേര്‍ക്കലോ ഇല്ലാതെ, പ്രവാചകന്ന് ഇറങ്ങിയത് പോലെതന്നെ വിശുദ്ധ ഖുര്‍ആന്‍ നിലനില്‍ക്കുന്നുവല്ലോ. ‘നിങ്ങളുടെ വഞ്ചനയും, വഴികേടും വേദവചനങ്ങളിലേക്കും കടന്നോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. ഇസ്രായേല്യര്‍ തൗറാത്തിനെയും ക്രൈസ്തവര്‍ ഇഞ്ചീലിനെയും ചെയ്തത് പോലെ നിങ്ങള്‍ ഖുര്‍ആനെയും മാറ്റുകയും, തിരുത്തുകയും ചെയ്തുവെന്ന് ഞാന്‍ ആശങ്കിച്ചിരുന്നു.’ അദ്ദേഹം എന്നോടായി പറഞ്ഞു.

ഖുര്‍ആന്‍ പാരായണത്തില്‍ ലയിച്ചിരിക്കുകയാണ് ഉമര്‍. അപ്പോഴാണ് പിന്നില്‍ നിന്ന് ശബ്ദകോലാഹം കേട്ടത്. ഒരാള്‍ കിതച്ച് കൊണ്ട് മുന്നിലേക്ക് വരുന്നുണ്ട് ‘ഇമാമിന് വഴിയൊരുക്കൂ’ എന്ന് പറയുന്നുണ്ടായിരുന്നു അയാള്‍. ഉമര്‍ പിന്നിലേക്ക് നോക്കി. ഒരു മനുഷ്യന്‍ അവധാനതയോടെ ചുവടുകള്‍ വെച്ച് മുന്നോട്ട് വരുന്നു. വെളുത്തമുഖമുള്ള ഒരാള്‍, താടി നരച്ച് ചാരനിറമായിട്ടുണ്ട്. മനോഹരമായ വൃത്തിയുള്ള തലപ്പാവ് ധരിച്ചിട്ടുണ്ട്. വെളുത്ത ജില്‍ബാബിന് മുകളില്‍ പട്ട് കൊണ്ടുള്ള ഒരു മേല്‍ക്കുപ്പായവുമുണ്ട്. വിനയത്തോട് കൂടിയാണ് നടത്തമെങ്കിലും, അഹങ്കാരവും, അഹന്തയുമാണ് കാണുന്നവന് അനുഭവപ്പെടുക. ‘കഷ്ടം, ഇവരുടെ നേതാവും സുഖലോലുപനാണല്ലോ.’ ഉമര്‍ മനസ്സില്‍ പറഞ്ഞു.

മുഅദ്ദിന്‍ ബാങ്ക് വിളിക്കുകയും ഖത്തീബ് പ്രഭാഷണം നിര്‍വഹിക്കുകയും ചെയ്തു. ജനങ്ങള്‍ നമസ്‌കാരത്തിന് അണിയായി നിന്നു. ഇമാം സലാം വീട്ടിയതും പള്ളിയെങ്ങും ശബ്ദുമുഖരിതമായി. എല്ലായിടവും ബഹളമയം. നമസ്‌കാരക്കാര്‍ തിക്കിത്തിരക്കി, മത്സരിച്ച് പുറത്തേക്ക് കുതിക്കുകയാണ്. അവര്‍ക്കിടയില്‍ നുരുമ്പിയ വസ്ത്രം ധരിച്ച അവശനായ ഒരു മനുഷ്യന്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ നില്‍ക്കുന്നുണ്ട്. സഹായമഭ്യര്‍ത്ഥിക്കുകയാണ് അദ്ദേഹം. സമ്പന്നരുടെ ഔദാര്യത്തിനായി കൈനീട്ടുകയാണ് അദ്ദേഹം. നാലുപാട് നിന്നും പുറത്തേക്കൊഴുകിയ ആള്‍ക്കൂട്ടത്തിനുള്ളില്‍ കുടുങ്ങി ഉമര്‍. അല്ലാഹുവിന്റെ ഭവനത്തില്‍ അവര്‍ സ്വീകരിച്ച വൃത്തികെട്ട ഏര്‍പാടിനെതിരെ ക്ഷമിച്ചില്ലായിരുന്നില്ലെങ്കില്‍ അദ്ദേഹം ശക്തമായി പ്രതിഷേധിച്ചേനെ. ‘അവര്‍ പ്ലേഗില്‍ നിന്നും ഓടുന്നത് പോലുണ്ട്. ആത്മാവില്ലാത്ത കേവല ചലനങ്ങളായിരുന്നു അവരുടെ നമസ്‌കാരമെന്ന്് ഞാന്‍ ഭയപ്പെടുന്നു. അല്ലാഹുവോട് ബന്ധമുള്ള, ദൈവഭയമുള്ള ഹൃദയങ്ങളെവിടെ? ചഷകങ്ങളില്‍ ഒരു തരം പാനീയവുമില്ലല്ലോ. ബാഹ്യരൂപത്തിന് മാത്രമാണ് നിങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത്. നിങ്ങളുടെ ആരാധനകള്‍ക്ക് ചൈതന്യമില്ല.’

കുറച്ച് നേരം നിശബ്ദനായതിന് ശേഷം അദ്ദേഹം തുടര്‍ന്നു. ‘നിങ്ങളുടെ ഖത്തീബ് പറഞ്ഞതില്‍ കുറച്ച് മാത്രമാണ് എനിക്ക് മനസ്സിലായത്. അദ്ദേഹമെന്താ കയ്യില്‍ കുറച്ച് കടലാസുകള്‍ പിടിച്ചിരുന്നത്. നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുന്ന കട്ടിയുള്ള മറപോലുണ്ട് അവ. അദ്ദേഹമെന്താണ് പറഞ്ഞത്?
-ഞാന്‍ ചിരിയടക്കി പറഞ്ഞു ‘പുതിയ അനാചാരത്തെക്കുറിച്ച്’
-താങ്കളുദ്ദേശിക്കുന്നത്?
-സ്ത്രീകള്‍ ധരിക്കുന്ന മുട്ടിന് മുകളില്‍ മാത്രം വലിപ്പമുള്ള ഒരു തരം ചെറിയ വസ്ത്രം. അതുപോലുള്ളവ താങ്കള്‍ ഈ തെരുവില്‍ കണ്ടില്ലേ?
-ഓ, മനസ്സിലായി, വിജയികളായ യഹൂദികളാണ് അത് ചെയ്യുന്നതല്ലേ?
-ലോകം മുഴുവന്‍ ഗ്രസിച്ച ഭ്രാന്താണത്.
-മുസ്‌ലിംകളോ?
-അവരിലെ ധാരാളം പേരും അപ്രകാരം തന്നെ ചെയ്യുന്നു.

ഇത് കേട്ട ഉമറിന്റെ മുഖം ചുവന്നു. കോപിഷ്ഠനായ അദ്ദേഹം ചോദിച്ചു. ‘നിങ്ങള്‍ക്കിടയില്‍ ഒരു മാര്‍ഗദര്‍ശിയുമില്ലേ?’
-ഉണ്ട് പക്ഷെ, അവര്‍ക്ക് സ്വാധീനമോ അധികാരമോ ഇല്ല…. കേവലം ഉപദേശ പ്രസംഗങ്ങള്‍ നടത്താനല്ലാതെ നിയമം നടപ്പിലാക്കാന്‍ അവര്‍ക്ക് കരുത്തില്ല…..
-ചിലയാളുകളെ ഭയപ്പെടുത്താന്‍ ഉപദേശങ്ങള്‍ മതി… മറ്റി ചിലര്‍ക്ക് വടി ഉപയോഗിച്ചാലെ ഗൗരവം ബോധ്യപ്പെടുകയുള്ളൂ.. നിങ്ങള്‍ മുസ്‌ലിംകളാണ് പക്ഷെ, യഹൂദരുടെ സ്വഭാവമുള്ള മുസ്‌ലിംകള്‍.’
-ഞാന്‍ വേദനയോടെ പറഞ്ഞു ‘താങ്കള്‍ പറഞ്ഞത് സത്യം’
-അതെ, മതം ഏതാനും വാക്കുകളായിരിക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന ഉപദേശങ്ങളും, ഉറ്റിവീഴുന്ന കണ്ണീര്‍തുള്ളികളും, ആഘോഷിക്കപ്പെടുന്ന പെരുന്നാളുകളുമായി അത് ആചരിക്കപ്പെടുന്നു… അതിനാല്‍ തന്നെ വൃത്തികെട്ട കരങ്ങള്‍ക്ക് ദീനില്‍ നിന്നും അധികാരം ഊരിയെടുക്കാന്‍ സാധിച്ചു. അതിന്റെ സൂക്ഷിപ്പുകാര്‍ അമാനത്തില്‍ വീഴ്ച വരുത്തുകയും തങ്ങളുടെ ബാധ്യതയൊഴിയുകയും ചെയ്തിരിക്കുന്നു… അവരിപ്പോള്‍ ശ്മശാനങ്ങളിലും, ദിക്ര്‍ മജ്‌ലിസുകളിലും ഒതുങ്ങിയിരിക്കുന്നു.
-ശരിയാണ് അമീറുല്‍ മുഅ്മിനീന്‍

കുറച്ച് നേരം ആലോചിച്ചതിന് ശേഷം ഉമര്‍ പറഞ്ഞു. ‘നിങ്ങളുടെ പരാജയം പുതിയതല്ല…. നിഗൂഢമായ ഒരു ശക്തി നിങ്ങള്‍ക്കെതിരെ കുതന്ത്രം മെനഞ്ഞിട്ടുണ്ട്. നിങ്ങളുടെ വില്ലില്‍ നിന്നും വിശ്വാസത്തിന്റെ ശൗര്യം അപഹരിക്കപ്പെട്ടിരിക്കുന്നു. പള്ളിയില്‍ ജനങ്ങള്‍ അനുസരണയോടെയാണ് ഖത്തീബിനെ ശ്രവിച്ചത്. പക്ഷെ, ഖത്തീബ് അത്യുച്ചത്തിലാണ് സംസാരിച്ചത്. മാത്രമല്ല അദ്ദേഹം അന്യായമായി കുറെ വാചാലമായി… വാക്യഘടന കോര്‍ത്തിണക്കുന്നതിലും, സുന്ദരമാക്കുന്നതിലും അക്ഷര ഉച്ചാരണത്തിലുമായിരുന്നു അയാള്‍ ശ്രദ്ധിച്ചത്. അദ്ദേഹം ധാരാളമായി തെറ്റുകള്‍ വരുത്തിയെന്നതാണ് കൂടുതല്‍ അപകടകരം. ശരിയായ അറബി ശൈലി പോലും അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ നിന്നും അപൂര്‍വമായാണ് വന്നത്. വിശുദ്ധ ഖുര്‍ആന്‍ നിങ്ങളുടെ കയ്യിലുണ്ടായിരിക്കെ, എങ്ങനെയാണ് നിങ്ങള്‍ പദങ്ങള്‍ തെറ്റായി ഉപയോഗിക്കുന്നത്? അത് തന്നെയാണ് തുലാസ്. നിങ്ങള്‍ ശരിക്കും അപരിചിതര്‍ തന്നെയാണ്. ഞാന്‍ കേള്‍ക്കുന്നതും കാണുന്നതുമായ കാര്യങ്ങള്‍ എനിക്ക് തീര്‍ത്തും അപരിചിതമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ കളവാണ് നിങ്ങള്‍. നിങ്ങളുടെ ജീവിതവും, ചിന്തയും, വിവരവുമെല്ലാം തീര്‍ത്തും വ്യാജമാണ്. എവിടെയാണ് യഥാര്‍ത്ഥ മുസലിം…? അവനെയാണ് കണ്ടത്തേണ്ടത്.

ഞാന്‍ മുഖം ചുളിച്ച് ചിരിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നെ കഠിനമായി വേദനിപ്പിച്ചു. പക്ഷെ, അത് യാഥാര്‍ത്ഥ്യം തന്നെയായിരുന്നു. ദുരന്തം ദീര്‍ഘവും, സങ്കീര്‍ണവുമാണ്. അതിന്റെ വേരുകള്‍ നമ്മുടെ അസ്തിത്വത്തിന്റെ അഗാധതയിലേക്ക് ആണ്ടിറങ്ങിയിരിക്കുന്നു. അന്ധകാരവും, സംശയവും, പരിഭ്രമവും അതിന് മറയിട്ടിരിക്കുന്നു. നമ്മുടെ തലമുറ മയക്കത്തിലാണ്…. അലഞ്ഞ് നടക്കുന്നു… എനിക്ക് വല്ലാത്ത വിശപ്പ് തോന്നി…..
– അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ ഭക്ഷണം കഴിക്കുന്നില്ലേ?
– എനിക്ക് വിശപ്പനുഭവപ്പെടുന്നില്ല…
– ഉച്ച ഭക്ഷണത്തിന് സമയമായിരിക്കുന്നു…
– ഞങ്ങള്‍ വിശന്നാലേ ഭക്ഷണം കഴിക്കാറുള്ളൂ…
– ഭക്ഷണത്തിന് നിശ്ചിത സമയങ്ങളുണ്ട്. ജോലിയുടെ തരവും, ഡോക്ടറുമാരുടെ ഉപദേവവും അനുസരിച്ചാണ് അത് തിട്ടപ്പെടുത്തുക.
– സംശയമില്ല, നിങ്ങളെല്ലാവരും ഉദരരോഗികളാണ്.

പെട്ടന്ന് തന്നെ ഭക്ഷണകാര്യം അദ്ദേഹം മറന്നു. അദ്ദേഹം വഴിയിലേക്ക് നോക്കി, വരുന്നവരെയും പോകുന്നവരെയും വീക്ഷിച്ച് കൊണ്ടേയിരുന്നു. കാളവണ്ടികളുടെ ശബ്ദം… മണിനാദങ്ങള്‍…. വിമാനങ്ങളുടെ ഇരമ്പല്‍…
-ഏതാണ് ആ കെട്ടിടം
-ക്രൈസ്തവ ചര്‍ച്ചാണത്…
-അപ്പോള്‍ ക്രൈസ്തവരും അവശേഷിക്കുന്നുണ്ടല്ലേ….
-അതെ..
-‘അമേരിക്ക യഹൂദ രാഷ്ട്രമാണോ?’ അദ്ദേഹം അര്‍ത്ഥം വെച്ച് ചോദിച്ചു
-അല്ല, മസീഹിന്റെ ദീനിലാണ്..
-അവരെങ്ങനെയാണ് തങ്ങളുടെ ക്രൈസ്തവ സഹോദരന്മാരെ ഉപേക്ഷിച്ച്, ഈസാ പ്രവാചകനോട് യുദ്ധം ചെയ്ത യഹൂദരെ പിന്തുണക്കും? അവരല്ലേ അദ്ദേഹത്തെ കുരിശില്‍ തറക്കാന്‍ ശ്രമിച്ചത്?’
-കൂടുതല്‍ വിശദീകരിക്കേണ്ട വിഷയമാണത്..
-നിങ്ങളുടെ ലോകത്ത് നടക്കുന്നതിന്റെ ന്യായം മനസ്സിലാക്കാന്‍ എനിക്ക് തീര്‍ത്തും ദുഷ്‌കരമാണ്…നിങ്ങളുടെ പള്ളികള്‍ ഗംഭീരമാണ്.. അതിന്റെ മനോഹാരിതയും സൗന്ദര്യവും, വൃത്തിയും കാഴ്ചക്കാരനെ ആകര്‍ഷിക്കുക തന്നെ ചെയ്യും. നിങ്ങളുടെ മിമ്പറുകള്‍ ഉയര്‍ന്നതും നിറങ്ങള്‍ കൊണ്ട് അലങ്കൃതവുമാണ്.. മേല്‍ക്കൂരയില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന വിളക്കുകള്‍ കിസ്‌റയുടെ കൈസറിന്റെയും കൊട്ടാരങ്ങളെ കവച്ച് വെക്കും. അടിമകള്‍ പള്ളിയിലേക്ക് ഇരച്ച് കയറുന്നതും ഗംഭീരം തന്നെ… നിങ്ങള്‍ നന്നായി ഖുര്‍ആന്‍ പാരായണം നടത്തുന്നു.. പക്ഷെ, നിങ്ങള്‍ അഗാധ ഗര്‍ത്തത്തിലാണ്… വിസ്മയകരമായ വൈരുദ്ധ്യം… എല്ലായിടത്തും ഫിത്‌ന തലയിട്ട് നോക്കുന്നു…. യഹൂദികളെങ്ങനെ ഒരുമിച്ച് കൂടി… അവര്‍ക്കെങ്ങനെ അസ്തിത്വമുണ്ടായി?’
– ഞാന്‍ വേദനയോടെ തല കുലുക്കി. ‘ക്ഷമയും, ഭദ്രമായ ആസൂത്രണവും കൊണ്ട്… ഉറക്കമൊഴിച്ചുള്ള ചിന്ത.. ആധുനിക ടെക്‌നോളജി… സാമ്പത്തിക പിന്‍ബലം… രാഷ്ട്രങ്ങളുടെ ശേഷികളിലും, ഉന്നത വ്യക്തിത്വങ്ങളില്‍ അവര്‍ ആധിപത്യം നേടി…
– മുസ്‌ലിംകളില്‍ നിന്നും ചില മൂല്യങ്ങല്‍ അവര്‍ മോഷ്ടിച്ചു….
അദ്ദേഹം മുന്നോട്ട് നടന്നു, ശേഷം പറഞ്ഞു ‘പക്ഷെ അവര്‍ക്ക്, വലിയൊരു കാര്യം നഷ്ടപ്പെട്ടിരിക്കുന്നു
-അതെന്താ?
-ആദര്‍ശം
-അവരുടെ അടുത്ത് തൗറാത്തുണ്ട്, അമീറുല്‍ മുഅ്മിനീന്‍
-അത് അവര്‍ സ്വകരങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ വ്യാജതൗറാത്താണ്… അവരതിനെ ഇപ്പോഴും തൗറാത്തെന്ന് വിളിക്കുന്നുണ്ടോ? സുഗന്ധമിട്ട് സൂക്ഷിച്ച ശവങ്ങളില്‍ വഞ്ചിതരായിരിക്കുകയാണോ നിങ്ങള്‍?

പൊടുന്നനെ ഭീകരമായ സ്‌ഫോടന ശബ്ദം കേട്ടു. ഞങ്ങളുടെ കാലിന് കീഴെ ഭൂമി ശക്തമായി കുലുങ്ങി. മരക്കമ്പുകളും, ചില്ലകളും അന്തരീക്ഷത്തിലുയര്‍ന്നു.. കല്ലുകള്‍ തെറിച്ച് വീണു.. പുകപടലങ്ങള്‍ ചക്രവാളത്തെ മറച്ചു. വളരെ വൃത്തികെട്ട മണം അവിടെയാകെ പടര്‍ന്നു…നാനാഭാഗത്ത് നിന്നും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു.. ഉമര്‍ ചോദിച്ചു ‘എന്താണ് സംഭവിച്ചത്?’
ഞാന്‍ വിറച്ച് കൊണ്ട് പറഞ്ഞു ‘വരൂ, നമുക്ക് ഒളിച്ചിരിക്കാം… അല്ലെങ്കില്‍ അവര്‍ നമ്മെ നരകത്തിലേക്ക് തെളിക്കും’.
-കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാവാതെ ഞാന്‍ ഇവിടെ നിന്ന് അനങ്ങുകയില്ല..
-അമീറുല്‍ മുഅ്മിനീന്‍, ജൂത ചെക്ക് പോയന്റില്‍ ഫലസ്തീന്‍ ചാവേര്‍പോരാളികള്‍ നടത്തിയ സ്‌ഫോടനമാണത്. ശത്രുക്കള്‍ക്ക് മാരകമായ പ്രഹരമേല്‍പിക്കാനും അവരെ പൊടിപൊടിയാക്കാനും അതിന് ശേഷിയുണ്ട്. അവിടെയുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നതില്‍ സംശയമില്ല. നിമിഷങ്ങള്‍ക്കകം ലോകം തലകീഴെ മറിയും… അതിന് മുമ്പ് നമുക്ക് പോകാം.’

ഉമര്‍ തന്റെ സ്ഥാനത്ത് നിന്ന് അനങ്ങിയില്ല. കൂടുതല്‍ വിശദീകരണമാവശ്യപ്പെട്ടു അദ്ദേഹം. ഒരു തരം ആധുനിക മരണായുധമാണ് ചാവേര്‍ സ്‌ഫോടനമെന്ന് ഞാനദ്ദേഹത്തിന് വിശദീകരിച്ച് കൊടുത്തു. ജൂതന്മാര്‍ ഫലസ്തീന്‍ അധിനിവേശം നടത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ കീഴടങ്ങിയില്ല. തങ്ങളാലാവുന്ന വിധം അവര്‍ രഹസ്യമായി ജിഹാദ് തുടര്‍ന്നു. രാപ്പകല്‍ ശത്രുവിന്റെ സ്വസ്ഥത തകര്‍ക്കുന്നു അവര്‍. സുരക്ഷാസൈനികരുടെ കണ്ണില്‍പെടാതെ മറഞ്ഞ് നിന്ന് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അവരില്‍ ചിലര്‍ യുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ചുകഴിഞ്ഞു. മറ്റ് ചിലര്‍ രക്ഷപ്പെടുന്നു. മൂന്നാമതൊരു വിഭാഗം പിടിക്കപ്പെടുകയും, തടവറയുടെ അന്ധകാരത്തിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. അവിടെ കഠിനമായ പീഢനവും, ക്രൂരമായ മരണവുമാണ് അവരെ കാത്തിരിക്കുന്നത്.

ഉമര്‍ ആശ്ചര്യത്തോടെ തലയുയര്‍ത്തി ചോദിച്ചു. ‘ശത്രുക്കള്‍ വിജയിച്ചിരിക്കെ, അവര്‍ ആധിപത്യം സ്ഥാപിച്ചിരിക്കെ, ഇതൊക്കെ ചെയ്യുന്നവരുമുണ്ടോ?’
-‘അതെ’ ഞാന്‍ അഭിമാനത്തോടെ പറഞ്ഞു.
അദ്ദേഹം മനോഹരമായി പുഞ്ചിരിച്ചു. അവിടെയുയര്‍ന്നിരുന്ന പൊടിപടലങ്ങള്‍ക്കിടയിലും ഉമറിന്റെ പരിശുദ്ധമായ മുന്‍പല്ലുകള്‍ വെട്ടിത്തിളങ്ങി. അദ്ദേഹം പറഞ്ഞു ‘നിങ്ങളുടെ ലോകത്ത് അവശേഷിക്കുന്ന നന്മയാണ് അവര്‍. പള്ളികളിലും, തെരുവിലും കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത യഥാര്‍ത്ഥ മുസ്‌ലിംകളാണ് അവര്‍.’

ചുറ്റുപാടും നടക്കുന്നത് ഞാന്‍ മറന്നു. മറ്റൊരു ലോകത്തായിരുന്ന ഞാന്‍ അവ്യക്തമായി പറഞ്ഞു. ‘അവരവിടെ ഒളിത്താവളങ്ങളിലും താഴ്‌വരകളിലും മലമുകളിലുമാണ് ജീവിക്കുന്നത്. രാപ്പകല്‍ ഭേദമന്യെ കഠിനാധ്വാനം ചെയ്യുന്നു. തങ്ങളെ അല്ലാഹുവിന് വിറ്റവരാണ് അവര്‍. ധീരതയോടെ മരണത്തെയും പീഢനത്തെയും നേരിടുന്നവര്‍. പോരാട്ടം കൊണ്ട് ആരാധനയര്‍പ്പിക്കുന്നവര്‍….

ഉമര്‍ അങ്ങകലെയുള്ള ചക്രവാളത്തിലേക്ക് നോക്കി. പ്രസന്നവദനനായി അദ്ദേഹം പറഞ്ഞു ‘എനിക്കവരെ കാണണം’
പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞ് അദ്ദേഹം പറഞ്ഞു ‘എന്തു കൊണ്ട് നിങ്ങളുടെ ഖത്തീബ് അവരെക്കുറിച്ച് ഒന്നും ഉരിയാടിയില്ല?’
-‘ഖത്തീബ് നിരീക്ഷണത്തിന് കീഴിലാണ്. ഖുത്തുബയുടെ വിഷയം ജൂതഅധികാരികളാണ് നിര്‍ണയിക്കുന്നത്.’
-‘അപ്പോള്‍ അവരാണ് പ്രസംഗിക്കുന്നതല്ലേ’
ഹൃദയത്തിലെ വേദന കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു. ‘അതെ’
-മുസ്‌ലിം രാഷ്ട്രങ്ങളില്‍ പോലും ഇങ്ങനെത്തന്നെയാണ് നടക്കുന്നത്. ഭരണാധികാരിയുടെ സംതൃപ്തിയാണ് അവിടങ്ങളില്‍ ദീന്‍. അവരുടെ കാഴ്ചപ്പാടിന് വിരുദ്ധമായവ നിഷേധവും ധിക്കാരവുമാണ്. നമ്മുടെ നിന്ദ്യത അന്ധമായ ചിന്തയിലധിഷ്ഠിതമായ പുതിയ ദീന്‍ ഉണ്ടാക്കിയിരിക്കുകയാണ്.’

ആകാശത്ത് ഹെലികോപ്റ്റര്‍ വട്ടമിട്ട് പറക്കുന്നതായി ഞാന്‍ കണ്ടു. ശത്രുവിന്റെ വാഹനങ്ങള്‍ നിരത്തിലൂടെ ചീറിപ്പാഞ്ഞ് വരുന്നുണ്ട്. ഞാന്‍ ഭയത്താല്‍ ഒച്ചവെച്ചു. ‘അമീറുല്‍ മുഅ്മിനീന്‍, താങ്കള്‍ വരൂ… ശത്രുക്കള്‍ നമ്മെ പിടിക്കുന്നതിന് മുമ്പ്… ബോംബ് വെച്ചവര്‍ നമ്മളാണെന്നും, നാം ചാവേര്‍ സംഘത്തില്‍പെട്ടവരാണെന്നും അവര്‍ ആരോപിച്ചേക്കും…..’
ഞങ്ങള്‍ പോകാനായി തിരിഞ്ഞപ്പോഴേക്കും നാലുപാടും നിന്നും വളയപ്പെട്ടിരുന്നു… യന്ത്രത്തോക്കുകളുടെ കുഴലുകള്‍ ഞങ്ങളുടെ നേരെ ഉന്നം വെച്ചിരക്കുന്നു…. വിദ്വേഷത്തിന്റെ നോട്ടങ്ങള്‍ ഞങ്ങള്‍ക്ക് മേല്‍ വീണു… ഞങ്ങള്‍ കെണിയിലായെന്ന് ചുരുക്കം….

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി  

Related Articles