Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സില്‍ ഉമറിന്റെ രണ്ടാമൂഴം -2

ഞങ്ങള്‍ കുറെ നടന്നു. ഒരു തരം നിര്‍വൃതി എനിക്ക് അനുഭവപ്പെട്ടു. ചരിത്രം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്ന മഹാനായ വ്യക്തിത്വത്തിന്റെ സഹയാത്രികനാവാന്‍ എനിക്ക് സാധിച്ചല്ലോ. ഞാനദ്ദേഹത്തോട് ചേര്‍ന്ന് നിന്നു. എനിക്കിത് വിശ്വസിക്കാനാവുന്നേയില്ല. മുമ്പൊരിക്കല്‍ എന്റെ സുഹൃത്ത് എന്നോട് ചോദിച്ചു. ‘നീ ഏത് കാലത്ത് ജീവിക്കാനാണ് അതിയായി ആഗ്രഹിക്കുന്നത്?’ പ്രവാചക കാലത്ത്, അദ്ദേഹത്തിന്റെ അനുയായികളോടും, പോരാട്ടത്തോടും സഹവസിക്കാനാണ് എനിക്കിഷ്ടമെന്ന് അന്ന് ഞാനവന് മറുപടി നല്‍കി. പ്രവാചക സുഗന്ധത്തില്‍ നിന്നുള്ള പരിമളമാണ് എന്റെയടുത്ത് ഒഴുകുന്നത്. നേരിടാനിരിക്കുന്ന വിപത്തുകളെ കുറിച്ച് ഞാന്‍ അസ്വസ്ഥന്‍ തന്നെയാണ്. എന്റെ മനസ്സിനെ അലട്ടുന്ന ചിന്തകളുടെ സാന്നിധ്യത്തിലും ഈ അപൂര്‍വ്വ സംഗമത്തില്‍ എനിക്ക് സന്തോഷമാണ് തോന്നുന്നത്.

നിരത്തിന്റെ ഇടത് വശത്ത് മനോഹരമായി പച്ചപുതച്ച ഒരു വൃക്ഷമുണ്ട്. അതിന്റെ ശിഖിരങ്ങള്‍ താഴ്ന്നിറങ്ങി ഭൂമിയെ പുണരാനിരിക്കുന്നു. അതിനോട് ചേര്‍ന്ന് ചെറിയ ഒരു കൂരയുമുണ്ട്. മനോഹരമായ നിറങ്ങളും, സുന്ദരമായ വിരികളും അവിടെ പ്രകടമാവുന്നുണ്ട്. താഴെ, മരത്തോട് ചേര്‍ന്ന് ഒരു യുവാവും യുവതിയും ഇരിക്കുന്നു. യുവാവിന്റെ കൈ സുന്ദരിയായ കൂട്ടുകാരിയുടെ കഴുത്തിലൂടെ താഴേക്കിട്ടിരിക്കുന്നു. അവളുടെ മുടിയിഴകള്‍ക്ക്് സ്വര്‍ണ നിറം അഴക് പകര്‍ന്നിരിക്കുന്നു. മുഖങ്ങള്‍ പരസ്പരം ചേര്‍ത്ത് വെച്ചാണ് അവരുടെ ഇരിപ്പ്. അവളുടെ കൈ അവന്റെ കയ്യില്‍ വെച്ചിരിക്കുന്നു. കണ്ണുകളില്‍ ഉന്മാദവും ലഹരിയും നിറഞ്ഞൊഴുകുന്നതായി കാണാം. തങ്ങള്‍ക്ക് ചുറ്റും സംഭവിക്കുന്നത് അവരറിയുന്നുണ്ടായിരുന്നേയില്ല. സ്വപ്‌നങ്ങളുടെ ലോകത്ത് ചിറക് വിരിച്ച് പറക്കുകയാണവര്‍. അവര്‍ക്ക് മുന്നിലായി രണ്ട് ചഷകങ്ങളും,  കൂടെ ഒരു കുപ്പിയില്‍ ഇരുണ്ട പാനീയവുമുണ്ടായിരുന്നു. ഇതു കണ്ട ഉമറിന്റെ കണ്ണുകള്‍ അല്‍ഭുതം കൊണ്ട് വിടര്‍ന്നു. അദ്ദേഹം ചോദിച്ചു ‘ഇവിടെ വഴിയോരത്ത് എന്താണ് ഇവിടെ നടക്കുന്നത്?’

-‘അമീറുല്‍ മുഅ്മിനീന്‍, പ്രണയാന്തരീക്ഷമാണത്’
-‘ദമ്പതികള്‍ പരസ്യമായി ശൃംഗരിക്കുകയോ?’  ഉമര്‍ ഉച്ചത്തിലാണ് ചോദിച്ചത്.
ഞാനാകെ പരിഭ്രമിച്ചു. കുറച്ച് സമയം എനിക്ക്  ഒന്നും പറയാന്‍ കഴിഞ്ഞില്ല. പിന്നീട് ഞാന്‍ പതിയെ കൂട്ടിച്ചേര്‍ത്തു ‘അവര്‍ കൂട്ടുകാരാണ്. ഏലിയും അവന്റെ ഗേള്‍ഫ്രണ്ടുമാണത്. എനിക്കവരെ അറിയാം’.
-‘താങ്കളെന്താണ് ഉദ്ദേശിക്കുന്നത്? ഇവിടെ വെച്ച് അനാശാസ്യം നടത്താന്‍ അവര്‍ക്കെന്തവകാശമാണുള്ളത്?’ അദ്ദേഹത്തിന് രോഷം നിയന്ത്രിക്കാനായില്ല.
-‘അമീറുല്‍ മുഅ്മിനീന്‍, അത് നമ്മെ ബാധിക്കുന്ന വിഷയമല്ലല്ലോ’
-‘മിണ്ടാതിരിക്ക്, സത്യത്തില്‍ നിന്ന് മൗനം പാലിക്കുന്നവന്‍ മൂകനായ പിശാചാണ്. സമാനതകളില്ലാത്ത പതനമാണിത്. നീതിപൂര്‍വം ശിക്ഷ ലഭിക്കുന്നിടത്തേക്ക് അവരെ ഹാജരാക്കണം.’

ഉമര്‍ അവര്‍ക്ക് നേരെ നടന്ന് നീങ്ങി. വഴിയരികില്‍ നിന്ന് ഉണങ്ങിയ ഒരു മരക്കമ്പ് കയ്യിലെടുത്തു. അവരുടെ അടുത്തെത്തിയതും അദ്ദേഹം അലറി ‘നിങ്ങളിവിടെ തെമ്മാടിത്തത്തില്‍ ആര്‍മാദിക്കുകയാണോ?’
ഗ്രാമീണ ഭാഷയിലാണ് ആ യുവാവ് പ്രതികരിച്ചത്. അവന്‍ പറഞ്ഞതൊന്നും ഉമറിന് മനസ്സിലായില്ല. മാത്രമല്ല, അവന്‍ തന്റെ കാമുകിയെ ചേര്‍ത്ത് പിടിച്ച് ഗാഢമായി ചുംബിച്ചു. ഉമറിനെ പരിഹാസ്യനാക്കുന്ന പ്രവൃത്തിയായിരുന്നു അത്. ഞാന്‍ ഖലീഫയുടെ കൈ പിടിച്ചു പിന്നിലേക്ക് വലിച്ചു. ‘അല്ലയോ ഖലീഫ, താങ്കള്‍ അവരെ വിട്ടേക്കൂ, അവരുടെ ആസ്വാദനം നാം തടയേണ്ടതില്ല. അവര്‍ക്കത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. താങ്കള്‍ പിരിഞ്ഞ് പോരുന്നില്ലെങ്കില്‍ അവര്‍ പോലീസിനെ വിളിച്ചേക്കും.’

ഉമര്‍ തന്റെ കൈ മറുകയ്യിലടിച്ചു. ‘നാമെവിടെയാണ് ഉളളത്? ഇവിടെ എന്താണ് നടക്കുന്നത്? എനിക്കൊന്നും വിശ്വസിക്കാനാവുന്നില്ല. ആര്‍ക്കാണ് വിചാരണയും ശിക്ഷയും ലഭിക്കേണ്ടത്? എനിക്കോ അതോ അവര്‍ക്കോ? നിങ്ങള്‍ക്ക് ഭ്രാന്താണെന്ന് തോന്നുന്നു. തോന്നിവാസവും അശ്ലീലതയുമാണല്ലോ അവര്‍ പ്രചരിപ്പിക്കുന്നത്…’
അദ്ദേഹത്തിന്റെ വിറക്കുന്ന കൈകള്‍ മുറുകെ പിടിച്ചു ഞാന്‍ യാചിച്ചു ‘അവര്‍ യഹൂദികളാണ്. അവര്‍ക്കാണ് ഇവിടെ അധികാരം. നമുക്ക് പിരിഞ്ഞ് പോവുകയ്യല്ലാതെ നിവൃത്തിയില്ല….. അല്ലെങ്കില്‍…’

-‘യഹൂദികളോ? ഇത്ര കാലമായിട്ടും അവരുടെ സ്വഭാവം മാറിയില്ലേ? ഇത് വരെ അശ്ലീതകളുടെയും, അനാശാസ്യത്തിന്റെയും കേന്ദ്രങ്ങളില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു അവര്‍. ഇപ്പോഴവര്‍ അവ പരസ്യമായി ചെയ്യുന്നു. എന്നെ വിടുന്നില്ലെങ്കില്‍  താങ്കളും എന്റെ കയ്യിന്റെ ചൂടറിയും’. എന്റെ പിടി അദ്ദേഹം കുടഞ്ഞെറിഞ്ഞു

അദ്ദേഹത്തിന് കാര്യം വിശദീകരിച്ച് കൊടുക്കാന്‍ ഞാന്‍ വീണ്ടും ശ്രമിച്ചു. യഹൂദികളാണ് ഈ പ്രദേശം ഭരിക്കുന്നത്. ഇക്കാലത്തെ ഭൂരിപക്ഷം സ്ത്രീകളും അഴിഞ്ഞാട്ടക്കാരാണ്. ഇവിടത്തെ യുവതീ-യുവാക്കള്‍ക്ക് വേണ്ടുവോളം അഴിഞ്ഞാടാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ ‘അവകാശത്തിന്’ തടയിടുന്നത് ധാരാളം പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. എന്നാല്‍ ഇതു കേട്ട ഉമര്‍ കോപം കൊണ്ട് ജ്വലിക്കുകയാണുണ്ടായത്. അദ്ദേഹം അട്ടഹസിച്ചു. അതു കേട്ട ആ യുവതിയും യുവാവും വിറച്ച് പോയി. അവരുടെ മുഖത്ത് ഭയവും, വിഭ്രാന്തിയും നിഴലിച്ചു. ഉമര്‍ വടിയുമായി അവരുടെ മേല്‍ ചാടിവീണു. ഭയന്ന് അടുത്തുള്ള തോട്ടത്തിലേക്കോടി അവര്‍. ഓട്ടത്തിനിടയില്‍ അവരുടെ രണ്ട് ചഷകങ്ങളും തറയില്‍ വീണുടഞ്ഞു. ഉമര്‍ കോപത്താല്‍ കിതക്കുകയായിരുന്നു. കയ്യില്‍ കിടന്ന വടി വിറച്ച് കൊണ്ടേയിരുന്നു. ‘അശ്ലീലത പരിഭ്രമകരമായ വിധത്തില്‍ വ്യാപിച്ചിരിക്കുന്നു’ അദ്ദേഹം പറഞ്ഞു.
-‘അല്ലാഹുവിലേക്ക് മടങ്ങുന്ന വഴിയില്‍ അധര്‍മത്തിന്റെ ഭീമാകാരമായ കല്ലുകളാണ്’.
-‘യഥാര്‍ത്ഥ വിശ്വാസിക്ക് മുന്നില്‍ അസംഭവ്യമായി ഒന്നുമില്ല. അവന്റെ ദൈവബോധത്തിന് മുന്നില്‍ പര്‍വതങ്ങള്‍ അനുസരണയോടെ തലകുനിക്കും.’
പൊട്ടിയ ഗ്ലാസിലേക്കും, പുറത്തേക്കൊഴുകിയ പാനീയത്തിലേക്കും നോക്കി അദ്ദേഹം ചോദിച്ചു. ‘ഇതെന്താണ്?’
-‘മദ്യം’

അല്‍ഭുതം കൊണ്ട് അദ്ദേഹം ചുണ്ട് കടിച്ചുപോയി. ‘മദ്യം…. മദിരാശി…… അതും പകല്‍വെളിച്ചത്തില്‍.. അവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് ഭയമില്ലേ?’
ഞാന്‍ പറഞ്ഞു ‘അല്ലയോ ഉമര്‍, ശിക്ഷാ വിധികള്‍ നിര്‍ത്തലാക്കപ്പെട്ടു. മദ്യം എല്ലായിടത്തും നിറഞ്ഞൊഴുകുകയാണ്. പൊതു ആഘോഷവേദികളിലും വീടുകളിലും അവ ലഭ്യമാണ്. ഭരണാധികാരികള്‍ വരെ അത് കുടിക്കുന്നു. ചായ കൊണ്ട് നടക്കുന്നത് പോലെ പരസ്യമായി കയ്യില്‍ വെക്കുന്നു. വ്യഭിചാരശാലകള്‍ക്ക് ഭരണകൂടത്തില്‍ നിന്നും ഇളവ് ലഭിക്കുന്നു. നിയമം അതിനെ സംരക്ഷിക്കുന്നു. തോന്നിവാസങ്ങളെ വ്യവസ്ഥപ്പെടുത്തുന്ന, പോഷിപ്പിക്കുന്ന നിയമങ്ങളാണ് ഇപ്പോഴുള്ളത്.’
ഞാന്‍ ഉമിനീരിറക്കി സംസാരം തുടര്‍ന്നു ‘ഇവിടെ മാത്രമല്ല, ലോകത്ത് ഏകദേശം എല്ലായിടത്തും ഇങ്ങനെയാണ്.’
അദ്ദേഹം എന്റെ നേരെ തിരിഞ്ഞു ‘നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകള്‍ തന്നെയാണോ?’
-‘അതെ’
-‘എന്താ തെളിവ്?’
-‘ഞാന്‍ ശഹാദത്ത് ഉച്ചരിച്ചിട്ടുണ്ടല്ലോ.. പക്ഷെ’
-‘ എന്ത് പക്ഷെ?’
-‘യഹൂദികളാണ് ഇവിടെ ഭരിക്കുന്നത്. അവരുടെ പ്രധാനമന്ത്രി ഗോള്‍ഡാമേയര്‍ എന്ന് പേരായ ഒരു സ്ത്രീയാണ്’

കൈകൊണ്ട് ആംഗ്യം കാണിച്ച് അദ്ദേഹമെന്നോട് ചോദിച്ചു ‘ഈ പട്ടണത്തിലെ മുസ്‌ലിംകളുടെ ഖലീഫ എവിടെ? അറേബ്യന്‍ ഉപദ്വീപിലും, ഇറാഖിലും പേര്‍ഷ്യയിലും ഈജിപ്തിലുമുള്ള നമ്മുടെ ഭരണാധികാരികള്‍ എവിടെ? വിശുദ്ധ ഖുര്‍ആനും പതാകയുമേന്തി പടപൊരുതിയിരുന്ന ആയിരങ്ങളെവിടെ? നിന്ദ്യതയുടെയും, പരിഹാസത്തിന്റെയും അലസതയുടെയും തലമുറ തന്നെയാണ് നിങ്ങള്‍.’
-ഞാനദ്ദേഹത്തിന്റെ മനസ്സ് ശാന്തമാക്കാന്‍ ശ്രമിച്ചു. വെല്ലുവിളികളും, മൂല്യച്യുതികളും നിറഞ്ഞ നിലവിലുള്ള സാഹചര്യത്തെ ശാന്തത കൊണ്ട് എതിരിടണമെന്ന നയമായിരുന്നു എനിക്ക്. കാര്യങ്ങള്‍ വേഗത്തില്‍ പറഞ്ഞ് അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കുക എന്നതല്ലാതെ മറ്റ് യാതൊരു മാര്‍ഗവും എന്റെ മുന്നിലുണ്ടായിരുന്നില്ല.

നിലവിലുള്ള മുസ്‌ലിംകള്‍ക്ക് സംഭവിച്ച പതനത്തിന്റെ ഏകദേശ രൂപം അദ്ദേഹത്തിന് വരച്ച് കാണിക്കാന്‍ ഞാന്‍ ശ്രമിച്ചു. അവരെങ്ങനെ നിന്ദിക്കപ്പെടുകയും, അധപതിക്കുകയും ചെയ്‌തെന്നു വിശദീകരിച്ചു. യൂറോപ്പ് അതിന്റെ തന്ത്രവും മ്ലേഛതയുമുപയോഗിച്ച് ആക്രമിച്ചതും, ആധുനിക ആയുധങ്ങളുപയോഗിച്ച് തകര്‍ത്തതും ഞാന്‍ വ്യക്തമാക്കി. അവര്‍ മുസ്‌ലിംകളുടെ രാഷ്ട്രം വര്‍ഷങ്ങളോളം അധിനിവേശം നടത്തി. ചിന്തയിലും ദര്‍ശനത്തിലും, പൈതൃകത്തിലും വിഷം കുത്തി നിറച്ചു. അണികളില്‍ ചിദ്രതയും, ആശയക്കുഴപ്പവുമുണ്ടാക്കി. വ്യാജാരോപണങ്ങളും സംശയങ്ങളും കൊണ്ട് അവരുടെ ജീവിതത്തെ മലീമസമാക്കി. പിന്നെയെങ്ങിനെ മുസ്‌ലിംകള്‍ ഉണരാനാണ്?  അവരെങ്ങനെ തങ്ങളുടെ സ്വാതന്ത്ര്യവും രാഷ്ട്രവും വീണ്ടെടുക്കും!’

ഖിലാഫത്തിന് വേണ്ടി പരസ്പരം പോരടിച്ച ആഭ്യന്തര ദൗര്‍ബല്യങ്ങളെക്കുറിച്ച് ഞാനദ്ദേഹത്തോട് പറഞ്ഞു. അവസരം മുതലെടുത്ത് പിശാചുക്കള്‍ ചാടിവീണു. കഥകഴിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പിന്നീട് പുതിയ ‘മൂല്യങ്ങ’ളാണ് നമ്മുടെ കാലത്തെ ഭരിച്ചത്. മുസ്‌ലിംകള്‍ കേവലം പ്രതിരോധത്തിലേക്ക് ഉള്‍വലിയേണ്ടി വന്നു. ഒരൊറ്റ സമൂഹമായി നില നിന്നവര്‍ പല വിഭാഗങ്ങളായി ചിതറി. അവര്‍ തങ്ങളുടെ ദുര്‍ബലമായ തോടുകളില്‍ ഒളിച്ചിരുന്നു. പരാജയത്തിന്റെ കയ്പുറ്റ വേദനകള്‍ ഓരോരുത്തരും അനുഭവിച്ച് കൊണ്ടേയിരിക്കുന്നു. നഷ്ടപ്പെട്ടതില്‍ വിലപിക്കുന്നു.’

-‘ജാഹിലിയ്യത്ത് പൂര്‍വ്വസ്ഥിതിയേക്കാള്‍ വൃത്തികെട്ട വിധത്തില്‍ തഴച്ച് വളര്‍ന്നിരിക്കുന്നു’ ഇത് പറഞ്ഞതും ഉമറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഞാന്‍ തലകുലുക്കി പറഞ്ഞു ‘അതെ, ഒരു പുതിയ പ്രവാചകന്‍ വരേണ്ടതുണ്ട്’
കോപിഷ്ടനായി അദ്ദേഹം പറഞ്ഞു ‘മിണ്ടാതിരിക്കുകയാണ് നിനക്ക് നല്ലത്. നാവ് ഞാന്‍ മുറിച്ചെടുക്കും. നിന്റെ വാക്കുകള്‍ വിഢ്ഢിത്തവും, നിഷേധവുമാണ് വിളമ്പുന്നത്. നബി തിരുമേനി അന്ത്യപ്രവാചകനായിരുന്നുവെന്ന് നിനക്കറിയില്ലേ? ഖുര്‍ആനല്ലാതെ മറ്റൊന്നുമില്ല. നേരത്തെ നാം കണ്ട യുവതിയുടെയും യുവാവിന്റെയും പ്രവര്‍ത്തനത്തേക്കാള്‍ ഒട്ടും മോശമല്ല നിന്റെ ഈ ചിന്ത. ബുദ്ധി ശൂന്യമായ വിധത്തിലാണ് നിങ്ങള്‍ സംസാരിക്കുന്നത്. പുതിയ നബിയത്രെ….. എത്ര പരിഹാസ്യമായ വര്‍ത്തമാനമാണത്! അദ്ദേഹത്തിന്റെ വാക്കുകള്‍ നാനാഭാഗത്തും അലയടിച്ചു.

-‘നിങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന പരാജയത്തോടും ദൈന്യതയോടുമൊപ്പം… ഇത് ആദ്യത്തെയോ, അവസാനത്തെയോ തലമുറയല്ല. യഹൂദികള്‍ നിങ്ങള്‍ക്ക് മേല്‍ വിജയിക്കാനും, നിങ്ങള്‍ക്കിടയില്‍ അശ്ലീലത പ്രചരിപ്പിക്കാനുമുള്ള കാരണം ഇപ്പോഴെനിക്ക് മനസ്സിലായി. ഭയം മ്ലേഛതയെ പ്രസവിക്കുന്നു. പരാജയം ദുര്‍ബല വിശ്വാസികള്‍ക്ക് വൃത്തികെട്ട മുഖം നല്‍കുന്നു. ധാരാളം നിക്ഷേപങ്ങള്‍ കയ്യിലുള്ളതോടൊപ്പം നിങ്ങള്‍ വിശന്ന് വലഞ്ഞു ജീവിക്കുന്നു. മരം കൊണ്ട് നിര്‍മിച്ച വാതിലില്‍ മുട്ടി കാത്തിരിക്കുകയാണ് നിങ്ങള്‍. അവയുടെ താക്കോലുകള്‍ അന്വേഷിക്കുന്ന പക്ഷം ശാശ്വത അനുഗ്രഹത്തിന്റെ കവാടങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെടുമായിരുന്നു.’  പണ്ടൊരു കവി പാടിയത് ഇപ്രകാരമാണ് ‘ ദാഹം കൊണ്ട്് മരിക്കാറായി മരുഭൂവിലലയുന്ന ഒട്ടകത്തെപ്പോലെ, വെള്ളം സ്വന്തം മുതുകത്ത് വഹിച്ചാണത് നടക്കുന്നത്’.

‘എടോ, നീ കേള്‍ക്ക്, സമ്പന്നരുടെ തീന്‍മേശയില്‍ നിന്നും പെറുക്കി തിന്നുന്നത് പതിവാക്കിയവര്‍ക്ക് അവരുടെ വാക്കുകളും, ചിന്തകളും, സ്വഭാവങ്ങളും ആകര്‍ഷകമായിരിക്കും. അവനവരെ അനുകരിക്കാന്‍ ശ്രമിക്കും. അന്ധമായ അനുകരണം ബുദ്ധിയുടെയും, ആത്മാവിന്റെയും നാശമാണ്്. ഇപ്രകാരമാണ് ഉടമകള്‍ അടിമകളായിത്തീരുന്നത്. അടിമ എങ്ങനെയാണ് നേതാവായിത്തീരുകയെന്നറിയണമെങ്കില്‍ എന്റെ സഹോദരന്‍ ബിലാലിന്റെ ചരിത്രം പഠിക്കുക. മക്കയിലെ നിഷേധികളായ പ്രമാണിമാര്‍ അദ്ദേഹത്തെ പരിഹസിച്ചു…. അടിച്ചു… പീഢിപ്പിച്ചു… പക്ഷെ അവരുടെ ഔദാര്യം പറ്റാന്‍ തലകുനിച്ചില്ല അദ്ദേഹം…. ഞാന്‍ പറയുന്നത് താങ്കള്‍ക്ക് മനസ്സിലാവുന്നുണ്ടോ?’
ഞാന്‍ അതെയെന്ന് തലയാട്ടി.

-‘ശരി, നമുക്ക് മുന്നോട്ട് പോകാം’ അദ്ദേഹം പറഞ്ഞു.
അദ്ദേഹം എന്റെ കൈ പിടിച്ചു. ഞങ്ങള്‍ പട്ടണത്തിന് നേരെ നടന്നു. കോപവും ദേഷ്യവും കൊണ്ട് വിറക്കുന്നുണ്ടായിരുന്നു അദ്ദേഹം. വളരെ വേഗത്തിലാണ് കാലടികള്‍ വെച്ചത്. ചലനങ്ങളില്‍ അസ്വസ്ഥതയും, ദേഷ്യവും പ്രകടമായിരുന്നു. പട്ടണത്തിന്റെ പ്രവേശന കവാടത്തില്‍ ഇസ്രായേല്‍ സെക്യൂരിറ്റി പോയിന്റ് ഉണ്ട്. മെഷീന്‍ ഗണ്‍ വഹിച്ച ഒരു സൈനികന്‍ ഞങ്ങള്‍ക്ക് നേരെ നടന്നടുത്തു. അദ്ദേഹം മെല്ലെ മുരടനക്കി ‘തിരിച്ചറിയല്‍ കാര്‍ഡ്?’.
ഞാന്‍ എന്റെ രേഖകള്‍ കാണിച്ച് കൊടുത്തു. അദ്ദേഹം സൂക്ഷ്മതയോടെ അത് പരിശോധിച്ചു. രേഖയിലേക്കും, എന്റെ മുഖത്തേക്കും അദ്ദേഹം മാറി മാറി നോക്കി. പിന്നീട് അവഗണനയോടെ അവ എന്റെ നേരെ എറിഞ്ഞു. ശേഷം അമീറുല്‍ മുഅ്മിനീന്റെ നേരെ തിരിഞ്ഞു. സങ്കീര്‍ണമായ ഈ സാഹചര്യത്തെ അദ്ദേഹമെങ്ങനെ അഭിമുഖീകരിക്കും? എല്ലായ്‌പ്പോഴും സംഭവിക്കാറുള്ള കാര്യങ്ങളെക്കുറിച്ച് ഞാനോര്‍ത്തു. അവരദ്ദേഹത്തെ സുരക്ഷാ വകുപ്പിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ട് പോകുമായിരിക്കും. അനിവാര്യമായ തുടരന്വേഷണങ്ങള്‍ നടത്തും. എണ്ണമറ്റ തടവുകാരുടെ കൂട്ടത്തില്‍ അദ്ദേഹത്തെയും തള്ളിയേക്കാം. ഞാനെന്ത് കൊണ്ട് അദ്ദേഹത്തെ രക്ഷിക്കുന്നതിന് വേണ്ടി ആസൂത്രണം നടത്തിയില്ല? അദ്ദേഹത്തിന് വ്യാജ രേഖകള്‍ ഉണ്ടാക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ലേ? ഈ സന്ദര്‍ഭത്തില്‍ ഞാനെങ്ങനെ കയ്യുംകെട്ടി നോക്കി നില്‍ക്കും? ആജാനുബാഹുവായ ആ സൈനികന്‍ ഖലീഫ ഉമറിന്റെ മുന്നിലേക്ക് വന്നു. ചരിത്രത്തിലെ ഏറ്റവും നീതിമാനായ ഭരണാധികാരി. പ്രവാചകന് ശേഷം സമൂഹത്തെ നയിച്ച ഏറ്റവും ശക്തന്‍.. പേര്‍ഷ്യയെയും റോമിനെയും തകര്‍ത്തെറിഞ്ഞവന്‍…. കിഴക്കും പടിഞ്ഞാറും ദൈവിക പൊന്‍കിരണങ്ങള്‍ വ്യാപിപ്പിച്ചതിന്റെ കാരണക്കാരന്‍.. എന്താണ് ഇവിടെ സംഭവിക്കുക?

-‘നീയേതാ… എവിടെ നിന്റെ തിരിച്ചറിയല്‍ കാര്‍ഡ്?’

-‘എനിക്കതില്ല… ഞാന്‍ സുപരിചിതനാണല്ലോ….. പിന്നെയെന്തിന് കാര്‍ഡ്?’  സൈനികനെ തുറിച്ച് നോക്കിക്കൊണ്ടാണ് ഉമര്‍ ഇത്രയും പറഞ്ഞത്. അദ്ദേഹത്തിന് ചെറുത്ത് നില്‍ക്കാനായില്ല. അയാള്‍ ഏതാനും ചുവടുകള്‍ പിന്നോട്ട് മാറി. എനിക്ക് ചുറ്റും ഭൂമി കറങ്ങുന്നതായി തോന്നി. മെഷീന്‍ ഗണില്‍ നിന്നും ഇപ്പോള്‍ വെടിപൊട്ടിയേക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഖലീഫ, ഏതാനും എല്ലിന്‍ കഷ്ണവും രക്തവുമായി മാറിയേക്കും. അമീറുല്‍ മുഅ്മിനീന്‍, ആധുനിക നരകീയ ഉപകരണങ്ങള്‍ക്ക് നല്ലവരും ചീത്തവരുമില്ല. വിശ്വാസികളെയും നിഷേധികളെയും അത് വേര്‍തിരിക്കുകയുമില്ല. ഇത് നിരീശ്വരവാദികളുടെയും സന്ദേഹവാദികളുടെയും കാലമാണ്.
ഞാന്‍ ആ സൈനികന് മേല്‍ ചാടിവീഴാന്‍ തയ്യാറെടുത്തു. അയാള്‍ ഈ കൊടുംപാതകം ചെയ്യുന്നതിന് മുമ്പ്. പക്ഷെ കണ്ണ് തുറന്ന ഞാന്‍ പ്രതീക്ഷിച്ചതല്ല കണ്ടത്. ഉമര്‍ തന്റെ വഴിയില്‍ തലഉയര്‍ത്തി മുന്നോട്ട് നടക്കുന്നു. സൈനികന്‍ യാതൊരു വിയോജിപ്പും പ്രകടിപ്പിക്കാതെ തന്റെ ഓഫീസിലേക്ക് മടങ്ങുകയും ചെയ്തു. എന്തൊരല്‍ഭുതം! എന്തുകൊണ്ടിങ്ങനെ സംഭവിച്ചു? എനിക്കൊന്നും മനസ്സിലായില്ല.

ഞങ്ങള്‍ ഏതാനും കാലടികള്‍ മുന്നോട്ട് വെച്ചതേയുള്ളൂ. അപ്പോഴേക്കും പിന്നില്‍ നിന്നും ആര്‍പ്പുവിളികളും ശബ്ദകോലാഹലങ്ങളും കേട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ കാണുന്നത് ഒരു വാഹനം നിറയെ ആളുകള്‍ ഞങ്ങളുടെ നേരെ വരുന്നതാണ്. ഈലിയും അവന്റെ കാമുകിയുമുണ്ട് മുന്നില്‍. കൂടെ ഏതാനും പോലീസുകാരുമുണ്ട്.

അവള്‍ തന്റെ മൈലാഞ്ചിയിട്ട വിരല്‍ ഉമറിന് നേരെ ചൂണ്ടി. ‘അദ്ദേഹമാണ്…. സംസ്‌കാരവും മര്യാദയുമറിയാത്ത മുരടനാണദ്ദേഹം’
ഉമര്‍ തന്റെ വടിയുമായി അവളുടെ നേരെ ചെന്നു. ‘ശപിക്കപ്പെട്ടവളേ… നീ വീണ്ടും എന്റെ മുന്നില്‍ വരാന്‍ ധൈര്യപ്പെട്ടോ? ഈ പട്ടണത്തില്‍ ആണ്‍കുട്ടികളുണ്ടെങ്കില്‍ നിന്നെയും ഈ ദുസ്വഭാവിയെയും അടിച്ച് തൊലിയുരിക്കുമായിരുന്നു. അത് മറ്റുള്ളവര്‍ക്കും ഒരു പാഠമായിത്തീരും.”
പോലീസ് ഓഫീസര്‍ ഉമറിന് മുന്നില്‍ ബഹുമാനത്തോടെ തലകുനിച്ചു പറഞ്ഞു ‘ക്ഷമിക്കണം സര്‍, താങ്കള്‍ ഞങ്ങളുടെ കൂടെ സ്റ്റേഷനിലേക്ക് വരേണ്ടതുണ്ട്.
ഉമര്‍ തന്റെ പെരുവിരല്‍ നെഞ്ചിലേക്ക് തിരിച്ച് ചോദിച്ചു ‘ഞാനോ?’
– ‘അതെ’
‘എനിക്ക് മനസ്സിലായി… നിങ്ങള്‍ എന്നെ സാക്ഷിയായി സ്വീകരിക്കാനായിരിക്കുമല്ലേ…. നിങ്ങള്‍ക്ക് അല്‍പം ബുദ്ധിയുണ്ടെന്ന് തോന്നുന്നു’. ഉമര്‍ തലയാട്ടി
പോലീസുദ്യോഗസ്ഥന്‍ ചിരിച്ച് നിലത്ത് വീണു. തുടര്‍ന്ന് വെല്ലുവിളിയുടെ സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു ‘ഞങ്ങള്‍ ലോകത്തിലെ നേതാക്കന്മാരാണ്. ഞങ്ങള്‍ക്ക് സംസ്‌കാരം പഠിപ്പിക്കാന്‍ ഒരറബിയുടെ സഹായം വേണ്ടതില്ല. മറ്റുള്ളവരുടെ കാര്യത്തില്‍ അന്യായമായി ഇടപെട്ടുവെന്ന കുറ്റാരോപിതനാണ് താങ്കള്‍. നിരപരാധികളായ യുവതിയെയും യുവാവിനെയും ആക്രമിച്ചുവെന്ന കേസ് താങ്കള്‍ക്ക് മേലുണ്ട്.’

ഉമര്‍ ആശ്ചര്യത്തോടെ ചോദിച്ചു ‘നിരപരാധികള്‍? ഞാന്‍ കുറ്റാരോപിതന്‍? താങ്കള്‍ ആശയക്കുഴമുണ്ടാക്കുകയാണ്’.
‘ ആ യുവതി തന്റെ കൈ കാമുകന്റെ തോളിലിട്ടു. ചിരിയില്‍ മുഴുകി അവള്‍ പറഞ്ഞു ‘ഈലീ, ഇയാളൊരു അപൂര്‍വ വ്യക്തി്ത്വമാണ്. അല്ല… അയാള്‍ ഗുഹാവാസിയാണെന്ന് തോന്നുന്നു. വല്ലാത്ത ഒരു പുരാതന നിധിയാണിത്.’
ഉമറിന്റെ കൈ അവളുടെ കഴുത്തിലേക്ക് നീണ്ടു. അവളെ ശക്തമായി വലിച്ചെടുത്തു. ‘നിയമത്തോടും സംസ്‌കാരത്തോടുമുള്ള ഈ വെല്ലുവിളി ഞാന്‍ അംഗീകരിക്കുകയില്ല. ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് കുറ്റകരമാണ്. നിങ്ങള്‍ക്ക് ചുറ്റും ആയിരം പോലീസുണ്ടെങ്കില്‍ പോലും’.
അവളെ അദ്ദേഹത്തില്‍ നിന്നും രക്ഷിക്കാന്‍ മൂന്നോളം പോലീസുകാര്‍ ചേര്‍ന്ന് ശ്രമിച്ചു. പക്ഷെ ശ്രമം വിഫലമാവുകയാണുണ്ടായത്. ഈലി തന്റെ തോക്ക് ഉമറിന് നേരെ ചൂണ്ടി ‘അവളെ വിടുന്നില്ലെങ്കില്‍ താങ്കളുടെ തല ഇവിടെ ചിന്നിച്ചിതറും.’
ഞാന്‍ ഉമറിന്റെ ഉടുത്തേക്ക് ഒരു ഭ്രാന്തനെപ്പോലെ നീങ്ങി. അദ്ദേഹത്തോട് യാചിച്ചു. ‘അല്ലാഹുവിനെയോര്‍ത്ത് അവരെ വെറുതെ വിടുക. അല്ലെങ്കിലിവിടെ ദുരന്തം സംഭവിക്കും.’

ഇമവെട്ടുന്ന വേഗത്തില്‍ ഉമര്‍ ഈലിയുടെ കയ്യില്‍ നിന്നും തോക്ക് തട്ടിത്തെറിപ്പിച്ചു. അത് അകലേക്ക് തെറിച്ച് പോയി. ആ യുവതി അവന്റെ അടുത്തേക്കോടി. അവന്‍ പേടിച്ചരണ്ട് കോപത്തോടെ നില്‍ക്കുകയാണ്. അവള്‍ പറഞ്ഞു ‘ഈലീ, അയാള്‍ എന്നെ കൊന്നേനെ… ഹൊ.. എന്തൊരു ശക്തിയാണ് ആ കൈകള്‍ക്ക്.’
അവന്റെ മുഖത്തേക്കും തെറിച്ച് വീണ തോക്കിലേക്കും നോക്കി അവള്‍ പറഞ്ഞു ‘നിന്നെപ്പോലുള്ള മൂന്ന് പേരെ നിമിഷം നേരം കൊണ്ട് തകര്‍ക്കുവാന്‍ ഇയാള്‍ക്കാവും’.
പിന്നീടവള്‍ ഉമറിന്റെ അടുത്തേക്ക് ചെന്നു. അദ്ദേഹത്തിന്റെ കയ്യും മസിലും നോക്കി അവള്‍ പറഞ്ഞു ‘വിസ്മയമുളവാക്കുന്ന മധ്യവയസ്‌കനാണ് താങ്കള്‍. എന്റെ കൂടെ അത്താഴം കഴിക്കാന്‍ ഞാന്‍ താങ്കളെ ക്ഷണിക്കട്ടെ’.

ഉമര്‍ കാല്‍ കൊണ്ട് അവളെ തൊഴിച്ചു കൊണ്ട് അലറി ‘എന്നില്‍ നിന്ന് ഈ പട്ടിയെ കൊണ്ട് പോയാലും’.
അവള്‍ അകലേക്ക് തെറിച്ച് വീണെങ്കില്‍ പോലും മുഖത്ത് പുഞ്ചിരിയും അല്‍ഭുതവുമായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. ഈലി കോപത്തോടെ പിറുപിറുത്തു. അവളുടെ വസ്ത്രം നീങ്ങിക്കിടക്കുന്നതായി അവന്‍ കണ്ടു. അവള്‍ പ്രണയവിവശയായി ഉമറിനെ തന്നെ നോക്കുകയാണ്. ‘റാഷേല്‍, നീയെന്താണ് ചെയ്യുന്നത്?
അവള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. വസ്ത്രത്തില്‍ നിന്ന് മണ്ണ് നീക്കി അവള്‍ പറഞ്ഞു ‘പക്ഷെ, എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിപ്പോയി. ഞാന്‍ അദ്ദേഹത്തില്‍ ആകൃഷ്ടയാണ്. എനിക്കെന്തേ എന്റെ വികാരം പ്രകടിപ്പിച്ച്കൂടെ?’
-ഇത് തര്‍ക്കിക്കാനുള്ള സമയമല്ല’
അവള്‍ നേരെ പോലീസുദ്യോഗസ്ഥന് നേരെ തിരിഞ്ഞു. ‘ഞാന്‍ എന്റെ പരാതി പിന്‍വലിച്ചിരിക്കുന്നു.’  ഈലിയുടെ നേരെ ചൂണ്ടി പറഞ്ഞു ‘ഇനി ഈ കേസില്‍ ഇയാള്‍ മാത്രമെ ഉള്ളൂ’.
ഉദ്യോഗസ്ഥന്‍ തന്റെ കീശയില്‍ നിന്നും ഒരു പേപ്പര്‍ പുറത്തെടുത്തു. അവരോട് രണ്ടുപേരോടും ഒപ്പ് വെക്കാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ ഉമറിനോട് അങ്ങേയറ്റത്തെ സന്തോഷത്തോടെ പറഞ്ഞു ‘അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നമുക്കിപ്പോള്‍ പിരിഞ്ഞ് പോകാം.’
അവര്‍ അതു വരെ സംസാരിച്ചതൊന്നും ഉമറിന് മനസ്സിലായിരുന്നില്ല. അദ്ദേഹം ചോദിച്ചു ‘എന്താണ് സംഭവിച്ചത്?’
– ‘അല്ലാഹു നമ്മെ രക്ഷപ്പെടുത്തി’.
– ‘അപ്പോള്‍ അവര്‍ രണ്ട് പേരോ? അവര്‍ക്ക് ശിക്ഷ ലഭിക്കില്ലേ?’
– ‘അമീറുല്‍ മുഅ്മിനീന്‍…..’
– ‘അവര്‍ക്ക് ശിക്ഷ ലഭിക്കുന്നത് വരെ ഞാനിവിടെ നിന്നും……’
പറഞ്ഞു തീര്‍ക്കുമ്പോഴേക്കും പോലീസ് വാഹനം തിരിച്ച് പോവുന്നത് കണ്ടു ഉമര്‍. അവരെ അനുഗമിച്ച് ബൈക്കില്‍ ഈലിയും റാഷേലുമുണ്ട്. പിന്നില്‍ പൊടിപടലങ്ങളുയര്‍ന്നു.
-‘അവര്‍ രക്ഷപ്പെട്ടുകളഞ്ഞു.’
-‘നമ്മളാണ് രക്ഷപ്പെട്ടത്’ ഞാന്‍ പറഞ്ഞു. ഉമറെന്നെ കൈ കൊണ്ട് അടിച്ചു. ‘ഒരു മുസ്‌ലിമിന് യോജിച്ചതല്ല നിന്റെ പെരുമാറ്റം. പേടിത്തൊണ്ടനാണ് നീ.’ പിന്നീടദ്ദേഹം നെടുവീര്‍പ്പിട്ടു ആകാശത്തേക്ക് നോക്കി. സൂര്യന്‍ മധ്യഭാഗത്ത് തന്നെയാണുള്ളത്. വളരെ കഠിനമായ ചൂട്. ഉമര്‍ ധൃതിയില്‍ പറഞ്ഞു ‘നമസ്‌കാരത്തിന് സമയമായിരിക്കുന്നു. ഇന്ന് വെള്ളിയാഴ്ച ദിനമാണ്. നമുക്ക് ഏറ്റവും അടുത്ത പള്ളിയിലേക്ക് തന്നെ പോകാം. അതല്ല പള്ളിയില്‍ വെച്ച് നമസ്‌കരിക്കുന്നതിനും നിങ്ങള്‍ക്ക് വിലക്കുണ്ടോ?’

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles