Current Date

Search
Close this search box.
Search
Close this search box.

ഖിള്‌റും സാമൂഹിക സംസ്‌കരണവും

ഗുഹ എന്നര്‍ത്ഥമുള്ള കഹ്ഫ് എന്ന പദം വിശുദ്ധ ഖുര്‍ആന്‍ അധ്യായനാമമായി നല്‍കിയതിന് പിന്നില്‍ പല താല്‍പര്യങ്ങളുണ്ട്. ധാരാളം രഹസ്യങ്ങള്‍ ഉറങ്ങിക്കിടക്കുന്ന, എല്ലാവരും പുതുമയുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ഗുഹയെ സമീപിക്കുക. വിശുദ്ധ ഖുര്‍ആനിലെ സൂറതുല്‍ കഹ്ഫ് അക്ഷരാര്‍ത്ഥത്തില്‍ ഒരു രഹസ്യ അറ തന്നെയാണ്. വിവിധങ്ങളായ കഥാകദനങ്ങളിലൂടെ ധാരാളം രഹസ്യങ്ങള്‍ അത് നമ്മോട് പങ്ക് വെക്കുന്നുണ്ട്.

ചരിത്രത്തിലെ മഹത്തായ അല്‍ഭുത സംഭവങ്ങളാണ് സൂറത്തുല്‍ കഹ്ഫിന്റെ അടിസ്ഥാന വിഷയങ്ങള്‍. ഗുഹയില്‍ അഭയം തേടി മൂന്ന് നൂറ്റാണ്ടുകളോളം ഉറങ്ങിക്കിടന്ന യുവാക്കളും, ആകാശത്ത് നിന്ന് വന്ന് ഭൂമിയിലെ പ്രവാചകനെ പഠിപ്പിച്ച ഖിള്‌റും അവയുടെ ഉദാഹരണങ്ങളാണ്.

ആകാശത്തെയും ഭൂമിയിലെയും വിവരങ്ങള്‍ തമ്മില്‍ അന്തരമുണ്ട്. സല്‍ക്കര്‍മിയായ അടിമ ആകാശത്തെ വിജ്ഞാനത്തെയും, പ്രവാചകനായ മൂസാ ഭൂമിയിലെ വിജ്ഞാനത്തെയും പ്രതിനിധീകരിക്കുന്നു.

അവരുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന സംഭവങ്ങളാണ് കഹ്ഫ് വെളിപ്പെടുത്തുന്നത്. കപ്പല്‍, കുട്ടി, മതില്‍ തുടങ്ങിയവയാണവ. മൂസാ പ്രവാചകന്‍ അദ്ദേഹത്തിന്റെ കൂടെ യാത്രയിലാണ്. മൂസാ അതിഥിയെ വീക്ഷിക്കുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സശ്രദ്ധം പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ക്ഷമകെട്ട് ആക്ഷേപിക്കുക കൂടി ചെയ്യുന്നുണ്ട്. ബാഹ്യമായ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ ചില സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മുന്നില്‍ നിന്ന് തടയുന്നുമുണ്ട്. ജീവിതത്തിന്റെ ഗുഹകളില്‍ ഒളിഞ്ഞ് കിടക്കുന്ന രഹസ്യങ്ങള്‍ മൂസാ പ്രവാചകന് പഠിപ്പിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു ഖിള്‌റിനെ കൂടെ അയക്കുന്നത്.

കപ്പല്‍ സംഭവം ഒരു ഭരണാധികാരിയുടെ ജീര്‍ണതയയാണ് കുറിക്കുന്നത്. കുട്ടിയുടെ അവസ്ഥ ഒരു കുടുംബത്തിന്റെ ദുരന്തത്തിന് കാരണമായേക്കുമെന്നും സൂചനയുണ്ട്. മതിലിന്റെ കഥയും നല്‍കുന്ന സൂചന ആ സമൂഹത്തിന്റെ ജീര്‍ണതയിലേക്കും, പ്രജകളുടെ കഴിവ്‌കേടിലേക്കുമാണ്. ചുരുക്കത്തില്‍ മൂന്ന് സംഭവങ്ങളും ആ സമൂഹത്തിലുണ്ടായിരുന്ന മൂന്ന് തരം പോരായ്മകളെയാണ് കുറിക്കുന്നത്. ഈ പോരായ്മകള്‍ പരിഹരിക്കുന്നതിന് വേണ്ടി അല്ലാഹു കരുണയോടെ അയച്ചതായിരുന്നു ഖിള്ര്‍ പ്രവാചകന്‍. അക്കാലത്ത് സമൂഹത്തിലുണ്ടായിരുന്നവര്‍ പ്രസ്തുത സാഹചര്യത്തെ തൃപ്തിപ്പെടുകയും അതില്‍ ലയിച്ച് ചേരുകയും ചെയ്‌തെങ്കിലും അവ പരിഹരിക്കപ്പെടണമെന്നതായിരുന്നു ദൈവഹിതം.

മാന്യരായ, അതോടൊപ്പം ദുര്‍ബലരായ ആളുകളുടേതായിരുന്നു കപ്പല്‍. അപ്രകാരം തന്നെയായിരുന്നു കുട്ടിയുടെയും അവസ്ഥ. അവന്റെ മാതാപിതാക്കള്‍ നല്ലവരായിരുന്നു പക്ഷെ അവരും ദുര്‍ബലരായിരുന്നു. എന്നെങ്കിലും ഒരിക്കല്‍ അക്രമികളും ശക്തരുമായ വിഭാഗത്തോട് അവര്‍ക്ക് പോരാടേണ്ടതുണ്ടായിരുന്നു. ഖിള്ര്‍ കൊലപ്പെടുത്തിയ കുട്ടിയാവട്ടെ, ഈ വരേണ്യ ദുഷ്ട വിഭാഗത്തിന്റെ ലക്ഷണങ്ങളായിരുന്നു അവന്നുണ്ടായിരുന്നത്. അക്രമിയായ ആ രാജാവിന്റെ സ്വഭാവം പോലെ. സകലമാന ധിക്കാരത്തിന്റെയും പ്രതീകമായിരുന്നു അയാള്‍. രണ്ട് വിഭാഗങ്ങള്‍ക്കിടയിലെ സംഘട്ടനമായിരുന്നു ആ മൂന്ന് സംഭവങ്ങളും. ദരിദ്രരും ദുര്‍ബലരുമായ ഒരു വിഭാഗവും ശക്തരും ധിക്കാരികളുമായ വരേണ്യവര്‍ഗവും. അവരിലേക്കാണ് അല്ലാഹുവിന്റെ സദ്‌വൃത്തനായ അടിമ കടന്ന് വരുന്നത്.

അല്ലാഹു ഭൂമിയില്‍ ഉദ്ദേശിക്കുന്ന സാമൂഹിക പരിഷ്‌കരണമാണ് ഖിള്ര്‍ മുഖേന നമുക്ക് സമര്‍പ്പിച്ചത്. അതിനാലാണ് അവക്ക് ശേഷം ‘ഞാന്‍ എനിക്ക് വേണ്ടി പ്രവര്‍ത്തിച്ചതല്ല ഇത്’ എന്ന് ഖിള്ര്‍ പറയുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നത്.
മൂന്ന് പാകമായ മാര്‍ഗങ്ങള്‍ വിശ്വാസികള്‍ക്ക് ഈ കഥയിലൂടെ അല്ലാഹു പഠിപ്പിക്കുന്നുണ്ട്.

ലക്ഷ്യപൂര്‍ത്തീകരണത്തിന് തന്ത്രങ്ങള്‍ പ്രയോഗിക്കുക
നാമുദ്ദേശിക്കുന്ന ലക്ഷ്യം മഹത്തരമാണെന്ന് നാം അതിനുള്ള മാര്‍ഗം സ്വീകരിക്കുന്നതിന് മുമ്പ് ഉറപ്പ് വരുത്തുക. തന്ത്രങ്ങള്‍ പ്രയോഗിച്ച് അവ നടപ്പില്‍ വരുത്തുക. ഖിള്ര്‍ കപ്പലിന് കേട്പാട് വരുത്തിയില്ലായിരുന്നുവെങ്കില്‍ ഈ ദുര്‍ബല സമൂഹം രക്ഷപ്പെടില്ലായിരുന്നു.

അല്ലാഹു പഠിപ്പിച്ച് തന്ന തന്ത്രമാണത്. മൂസാ നബി(അ)ക്ക് അജ്ഞാതമായ തന്ത്രമായിരുന്നില്ല അത്. വളരെ ചെറുപ്പത്തില്‍ ഫറോവയുടെ പീഢനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അദ്ദേഹത്തിന്റെ ഉമ്മ സ്വീകരിച്ചതും അതേ മാര്‍ഗം തന്നെയായിരുന്നു.(ത്വാഹ 39)

അല്ലാഹുവിന്റെ തന്ത്രം എത്ര സുന്ദരം! കുഞ്ഞായ മൂസായെയും, ദുര്‍ബലരായ സാധുജനത്തെയും അക്രമിയായ ഭരണാധികാരിയില്‍ നിന്നും രക്ഷപ്പെടുത്തുന്നത് തന്ത്രം തന്നെയായിരുന്നു.
യൂസുഫ്(അ) സ്വീകരിച്ച തന്ത്രവും വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്. സഹോദരന്‍ ബിന്‍യാമീനെ തന്റെ കൂടെ നിര്‍ത്താനായിരുന്നു അത്.(യൂസുഫ് 76). അല്ലാഹുവാണ് അദ്ദേഹത്തിനും തന്ത്രം പഠിപ്പിച്ചത്. തന്റെ സഹോദരനെ സുരക്ഷിതമായ സ്ഥാനത്ത് താമസിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. ഇപ്രകാരം അദ്ദേഹം ചെറുപ്പത്തില്‍ കണ്ട സ്വപ്‌നം സാക്ഷാല്‍ക്കരിക്കപ്പെടുകയും ചെയ്തു. സഹോദരന്മാര്‍ അദ്ദേഹത്തിന് മുന്നില്‍ സുജൂദ് ചെയ്തു.

തിന്മ തടയുന്നതിന് ജാഗരൂഗരാവുക
കഹ്ഫ് വിശദീകരിക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍ വിശ്വാസികളായിരുന്നു. കുട്ടിയാവട്ടെ അക്രമത്തിലും നിഷേധത്തിലുമായിരുന്നു വളര്‍ന്ന് വന്നിരുന്നത്.(അല്‍കഹ്ഫ്: 80) അക്രമിയായ, മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്ന മകനെ നിലനിര്‍ത്തേണ്ടതില്ല എന്നതായിരുന്നു ഖിള്ര്‍ മുഖേനെ അല്ലാഹു നടപ്പാക്കിയ തീരുമാനം. മാത്രമല്ല അവനേക്കാള്‍ ഉത്തമനായ, കുടുംബബന്ധം പുലര്‍ത്തുന്ന മകനെ അല്ലാഹു നല്‍കുമെന്ന് വാഗ്ദാനവും ചെയ്തു.(അല്‍കഹ്ഫ്: 81)

കുട്ടിയെ കൊന്നത് സഹിക്കാന്‍ കഴിഞ്ഞില്ല മൂസാ പ്രവാചകന്. നാമാണെങ്കിലും അത്തരത്തിലെ പ്രതികരിക്കൂ. കാരണം നിയമപരമായി ന്യായമില്ലാതെയാണ് -ആത്മാവിന് പകരം- ഖിള്ര്‍ അപ്രകാരം ചെയ്തത്. പക്ഷെ, അല്ലാഹുവിന്റെ തീരുമാനവുമായാണല്ലോ അദ്ദേഹം വന്നത്. സാമൂഹിക സംസ്‌കരണത്തിന്റെ ഉന്നതമായ മുഖം അഥവാ തിന്മ തടയുകയെന്ന് നയമാണ് ഇവിടെ സ്വീകരിക്കപ്പെട്ടത്. സാധാരണക്കാര്‍ക്ക് മനസ്സിലാവാത്ത ഒരു ബാഹ്യതലമാണ് ഈ സംഭവത്തിനുള്ളത്. ദൈവത്തിന്റെ കാരുണ്യമായി ആ മാതാപിതാക്കള്‍ക്ക് മറ്റൊരു സന്താനത്തെ നല്‍കിയത് അതിന്റെ ഭാഗമാണ്.

നന്മ കൊണ്ട് വരുന്നതിനുള്ള ഔത്സുക്യം
സാമൂഹ്യ സംസ്‌കരണത്തിന്റെ മൂന്നാമധ്യായമാണ് ചുമരിന്റെ കഥയിലൂടെ ഉദ്ധരിക്കുന്നത്. അപരിചതമായ ഒരു ഗ്രാമത്തിലെത്തിയ മൂസാ പ്രവാചകനും, ഖിള്‌റും അവിടത്തുകാരോട് ഭക്ഷണം ചോദിച്ചു. പക്ഷെ ഗ്രാമവാസികള്‍ അവരെ വിരുന്നൂട്ടാന്‍ തയ്യാറായില്ല. അവര്‍ക്ക് അവരെ അറിയില്ലായിരുന്നു. ഇവരാവട്ടെ അങ്ങേയറ്റത്തെ വിശപ്പ് സഹിച്ച് നില്‍ക്കുകയായിരുന്നു. മാന്യമാന്മാരുടെ സമൂഹം ഇപ്രകാരമല്ലല്ലോ ചെയ്യുക. ഒരു പരദേശി നാട്ടില്‍ വന്നാല്‍ വിരുന്നൂട്ടേണ്ടത് അവരുടെ മര്യാദയാണല്ലോ. വന്നവര്‍ വിശന്ന് വലഞ്ഞവരാണെങ്കില്‍ അവര്‍ക്ക് ഭക്ഷണം നല്‍കല്‍ നിര്‍ബന്ധവുമാണ്. പക്ഷെ ഇവര്‍, ആതിഥ്യം നല്‍കിയില്ലെന്ന് മാത്രമല്ല വന്നവരെ ആക്ഷേപിക്കുകയും നിന്ദിക്കുകയുമാണ് ചെയ്തത്. മൂസായും ഖിള്‌റും അവരോട് സ്വാദിഷ്ഠമായ വിഭവങ്ങളല്ല ചോദിച്ചത്. മറിച്ച തങ്ങളുടെ വിശപ്പകറ്റാന്‍ പറ്റിയ ഒരുള ഭക്ഷണമാണവര്‍ ചോദിച്ചത്. എന്നിട്ടുമവരത് ചെയ്തില്ല. അപ്പോഴാണ് ഗ്രാമത്തിലെ പൊളിഞ്ഞ് വീഴാറായ പുരാതന മതില്‍ ഖിള്‌റിന്റെ ശ്രദ്ധയില്‍പെട്ടത്. അദ്ദേഹമത് അലങ്കരിക്കുകയും, പുതുക്കുകയും നേരെയാക്കുകയും ചെയ്തു. ഇതും മൂസാ പ്രവാചകന് സഹിച്ചില്ല. തങ്ങള്‍ക്ക് ഒരു ഉരുള ഭക്ഷണം പോലും നല്‍കാനുള്ള സാമാന്യ മര്യാദ പോലും കാണിക്കാത്ത ഈ സമൂഹത്തിനാണോ സൗജന്യമായി മതില്‍ നന്നാക്കിക്കൊടുക്കുന്നത് എന്നതായിരുന്നു അദ്ദേഹത്തിന്റെ സംശയം. അവരുടെ തോന്നിവാസത്തിനും അക്രമത്തിനുമുള്ള പ്രതിഫലം ഇതാണോ? അതിനുള്ള മറുപടി പിന്നീടാണ് വെളിവായത്. ആ മതില്‍ പൊളിച്ച് നന്നാക്കിയത് ഗ്രാമവാസികള്‍ക്ക് വേണ്ടിയായിരുന്നില്ല. മറിച്ച്, അവിടെയുണ്ടായിരുന്ന സദ്‌വൃത്തരായ ഏതാനും പേര്‍ക്ക് നന്മയായാണ് അദ്ദേഹമപ്രകാരം ചെയ്തത്. പട്ടണവാസികള്‍ പരിഗണിക്കാത്ത, സാമ്പത്തികമായി പ്രയാസമനുഭവിച്ചിരുന്ന അവര്‍ക്ക് ദൈവത്തില്‍ നിന്നുള്ള നിധി എത്തിച്ച് കൊടുക്കുന്നതിന് വേണ്ടിയായിരുന്നു അത്. മതില്‍ പൊളിഞ്ഞാല്‍ ഗ്രാമവാസികള്‍ക്ക് ലഭിക്കുമായിരുന്ന പ്രസ്തുത സ്വത്തുക്കള്‍ അവരില്‍ നിന്ന് തടഞ്ഞ് ഉത്തമരായ വിശ്വാസികള്‍ക്ക് നല്‍കുകയാണ് ഇതുമൂലം സംഭവിച്ചത്.

ചുരുക്കത്തില്‍ ഈ മൂന്ന് സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. സംഭവങ്ങളുടെ ബാഹ്യാവസ്ഥ മാത്രം പരിഗണിക്കുകയോ, അതില്‍ വഞ്ചിതരാവുകയോ ചെയ്യരുത്. നമുക്ക് അറിയാത്ത ധാരാളം ആന്തരിക തലങ്ങളും, ദൈവിക ഉദ്ദേശ്യങ്ങളും അവക്ക് പിന്നിലുണ്ടാവും. എല്ലാ കാര്യങ്ങളെ ബാഹ്യമായി വിലയിരുത്തലല്ല യുക്തി. ഖിള്ര്‍ അക്കാര്യം വളരെ വ്യക്തമായി നമുക്ക് പഠിപ്പിച്ച് തരുന്നു. മാത്രമല്ല അപ്രകാരം പ്രവര്‍ത്തിച്ചത് ദൈവിക നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. തിന്മകളുടെ പ്രതീകങ്ങളായിരുന്ന കപ്പലിനെയും, മതിലിനെയും, കുട്ടിയെയും അദ്ദേഹം കൈകാര്യം ചെയ്ത രീതി തീര്‍ച്ചയായും ഗുണപാഠം നല്‍കുന്നവയാണ്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles