Current Date

Search
Close this search box.
Search
Close this search box.

ക്ഷണിക ജീവിതം ദൃശ്യമാധ്യമങ്ങളില്‍ കുടിയിരുത്താനോ?

സമകാലിക ജീവിതം ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളാല്‍ പലവിധേന പൊതിഞ്ഞു കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മനുഷ്യ മനസ്സുകളെ മീഡിയകള്‍ വലയം ചെയ്തിരിക്കുന്നു. തന്മൂലം നമ്മുടെ നിത്യജീവിതത്തിലെ ക്രയ-വിക്രയങ്ങള്‍ താരതമ്യേന കുറയുകയും മാധ്യമങ്ങള്‍ പറയുന്ന പൈശാചിക തിന്മകള്‍ പ്രേരിപ്പിക്കും വിധമുള്ള വഴികളിലൂടെ മുന്നോട്ട് പോവുകയും ചെയ്യുന്നു. പലപ്പോഴും നാം ഇതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളെ കുറിച്ചോര്‍ക്കാറില്ലെന്നതാണ് സത്യം.

നമ്മുടെ കുട്ടികളില്‍ പോലും അത് വലിയൊരളവില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നുവെന്നത് ദുഖകരമായ വസ്തുതയാണ്. സീരിയലുകള്‍, കാര്‍ട്ടൂണുകള്‍, റിയാലിറ്റി ഷോകള്‍, സിനിമകള്‍… പിന്നെ അശ്ലീലതയുടെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത കുറെ ആഭാസത്തരങ്ങളും. ഒരുപക്ഷേ, ഒഴുക്കില്‍ നീന്തുന്ന പൊതുബോധത്തിന്റെ മനസ്സിലേക്ക് ഇതിന്റെ ദൂഷ്യങ്ങളും ഭവിഷ്യത്തുകളും ഓതിക്കൊടുത്താല്‍ അവരതിനെ തൃണവല്‍കരിക്കുകയോ ചര്‍വിതചര്‍വണങ്ങളുടെ കൂട്ടത്തിലേക്ക് തള്ളുകയോ ചെയ്‌തേക്കാം. സീരിയലുകള്‍ക്കടിപ്പെട്ട കുടുംബത്തിന്റെ ഭദ്രതയ്ക്കും അസ്തിവാരത്തിനും പോറലേല്‍ക്കുന്നതും, റിയാലിറ്റി ഷോയും മറ്റും കണ്ട് കണ്ണ് മഞ്ഞളിക്കുകയും വികാരാധീനനായി പരിധികള്‍ ലംഘിക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥ ഇതിലൂടെ സംജാതമാകുന്നു. ഒഴുക്കന്‍ മട്ടില്‍ ചലിക്കുന്ന ദുഷ്ടലാക്കുകളെ സംബന്ധിച്ച് ആരോര്‍ക്കാനാണ്? വായനയും ഊഷ്മള ബന്ധങ്ങളും, ചിന്താ-പഠന വൈവിധ്യങ്ങളുമുണ്ടായിരുന്ന പഴയ കാലങ്ങളെ കുറിച്ച് ഇനി സ്വപ്‌നം കാണുകയേ നിവൃത്തിയുള്ളൂ. ഇതിന്റെയെല്ലാം പിന്നില്‍ വ്യക്തമായ സാമ്രാജത്വ അജണ്ടകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നതില്‍ യാതൊരു സന്ദേഹമില്ല. അനുദിനമെന്നോണം പല തരത്തിലും സ്വഭാത്തിലുമുള്ള  ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഓരോ മനസ്സിനെയും ആകര്‍ഷകമാക്കും വിധത്തിലുള്ള പരിപാടികള്‍ ആവിഷ്‌കരിക്കുകയും ആസൂത്രണം ചെയ്യുന്നു. ജീവിതമെങ്ങനെ ആനന്ദപ്രദമാക്കാമെന്നതിന്റെയും സമയമെങ്ങനെ ചൂഷണം ചെയ്യണമെന്നതിന്റെ പതിപ്പുകളായി അത് മാറുന്നു. ജനസ്വീകാര്യതയുടെ ഫലമെന്നോണം കൂണ്‍പോലെയാണ് ഇത്തരം സംരഭങ്ങള്‍ വിജയിച്ചുപോരുന്നത്. എങ്കിലും ആഗോള-ആഭ്യന്തര തലത്തില്‍ മൂല്യ-നന്മകളിലധിഷ്ഠമായി പല മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നുവെന്നത് തെല്ലൊരാശ്വാസം പകരുന്നു.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചു കളയുവാനും, അതിനെ പരിഹാസ്യമാക്കി തീര്‍ക്കാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്.’ (ലുഖ്മാന്‍:6) ഏറെ അര്‍ത്ഥവ്യാപ്തിയുള്ള ഇത്തരം ഖുര്‍ആനികാധ്യാപനങ്ങള്‍ ഇടയ്ക്കിടയ്ക്ക് സ്വന്തം ജീവിതവുമായി തട്ടിച്ചുനോക്കുന്നത് നന്ന്.

Related Articles