Current Date

Search
Close this search box.
Search
Close this search box.

കൂടിയാലോചന: ഖുര്‍ആനിക വീക്ഷണത്തില്‍

തനിക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളില്‍ മറ്റുള്ളവരില്‍ നിന്ന് അഭിപ്രായം ചോദിച്ച് ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നതിനാണ് ശൂറയെന്ന് പറയുക.
പ്രവാചകന്‍ അഭിപ്രായ സുബദ്ധതയുള്ള വ്യക്തിയും വഹ്‌യ്‌കൊണ്ട് അല്ലാഹുവിന്റെ പിന്തുണയുള്ള ദൈവദൂതനുമാണെങ്കിലും കാര്യങ്ങള്‍ അനുയായികളോട് കൂടിയാലോചിച്ച് തീരുമാനിക്കണമെന്നാണ് അല്ലാഹു പറഞ്ഞത്.(ആലു ഇംറാന്‍:159). അതുപോലെ അല്ലാഹു സത്യവിശ്വാസികളുടെ വിശേഷണങ്ങള്‍ പറയുന്ന കൂട്ടത്തില്‍ പറഞ്ഞ പ്രധാന കാര്യമാണ് അവരുടെ നിലനില്‍പ്പ് ശൂറയുടെ അടിസ്ഥാനത്തിലാണ് എന്ന്.(അശ്ശൂറ:38)
ശരീഅത്തിന്റെ തൂണാണ് കൂടിയാലോചന
ഇബ്‌നു അത്വിയ്യ പറയുന്നു: ശൂറ ശരീഅത്തിന്റെ തൂണും നിയമങ്ങളുടെ ശക്തിയുമാണ്. ആര്‍ പണ്ഡിതരോട് കൂടിയാലോചിക്കുന്നില്ലയോ അവനില്‍നിന്ന് വിട്ടു നില്‍ക്കല്‍ നിര്‍ബന്ധമാകുന്നു. ഇതിലൊരു ഭിന്നതയുമില്ല.
അഅ്‌റാബി പറയുന്നു: എന്റെ സമൂഹം എന്നെ വഞ്ചിക്കുന്നതുവരെ ഞാന്‍ വഞ്ചിക്കപ്പെടില്ല. അപ്പോള്‍ അനുയായികള്‍ ചോദിച്ചു: അതെന്തുകൊണ്ട്? അദ്ദേഹം പറഞ്ഞു: കാരണം ഞാന്‍ അവരോട് കൂടിയാലോചിക്കാതെ ഒന്നും ചെയ്യാറില്ല.
കൂടിയാലോചന നടത്തിയവര്‍ ഖേദിക്കേണ്ടിവരില്ല എന്ന് ഒരു ആപ്തവാക്യമുണ്ട്. ആര്‍ സ്വന്തം അഭിപ്രായം മാത്രം പരിഗണിക്കുന്നുവോ അവന്‍ വഴിതെറ്റി എന്ന് യുക്തിജ്ഞാനികള്‍ പറയാറുണ്ട്.
കൂടിയാലോചനാ സമിതിക്കുണ്ടാവേണ്ട സവിശേഷതകള്‍
ഗുണകാക്ഷാ മനോഭാവവും താരതമ്മ്യം നടത്താന്‍ കഴിയുന്ന ബുദ്ധിയും ഉള്ളവരോട് കൂടിയാലോചിക്കുകയാണ് ചെയ്യേണ്ടത്. കൂടിയാലോചനാ സമിതി അംഗത്തിന് ഉണ്ടാവേണ്ട അഞ്ച് നിബന്ധനകളുണ്ട്.
1. നല്ല അനുഭവ സമ്പത്തുള്ള കൂര്‍മ്മ ബുദ്ധി: നല്ല ബുദ്ധിമാന്‍മാരോട് കൂടിയാലോചിക്കുന്നത് വിലകൂടിയ ചരക്ക് സൗജന്യമായി ലഭിക്കുന്നതുപോലെയാണ് എന്ന് ജ്ഞാനികള്‍ പറയാറുണ്ട്.
2. നല്ല ദീനിബോധവും ഭയഭക്തിയും ഉണ്ടാവുക: ഇബ്‌നു അബ്ബാസ് (റ) പറയുന്നു: അരെങ്കിലും ഒരു കാര്യത്തില്‍ സത്യവിശ്വാസിയോട് കൂടിയാലോചിച്ചാല്‍ അവന് അല്ലാഹു വിവേകം തോന്നിപ്പിക്കും. കൂടിയാലോചിക്കുന്നവന്‍ വിശ്വസ്ഥനാകണമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
3. ഗുണകാംക്ഷിയും സ്‌നേഹമുളളവനുമാവുക: കൂടിയാലോചിക്കപ്പെടുന്നവന്‍ ആത്മാര്‍ത്ഥതയുള്ളവനും സത്യത്തോട് സ്‌നേഹമുള്ളവനുമായിരിക്കണം എന്നത് നിര്‍ബന്ധമാണെന്ന് ഇമാം ഖുര്‍ത്തുബി രേഖപ്പെടുത്തിയിട്ടുണ്ട്.
4. വലിയ തിരക്കുകളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും ചിന്തയെ സ്വതന്ത്രനാക്കിയവനാകുക.
5. വിഷയത്തില്‍ വ്യക്തിപരമോ സ്വേഛാപരമോ ആയ ഒരു താല്‍പര്യവും ഇല്ലാത്തവനാകുക.
പ്രവാചകന്‍ അനുയായികളോട് കൂടിയാലോചിക്കുന്നു
പ്രവാചക ചരിത്രത്തില്‍ അനുയായികളോട് കൂടിയാലോചിച്ചതിന് ധാരാളം തെളിവുകള്‍ കാണാന്‍ കഴിയും. ബദറിലെ യുദ്ധതടവുകാരുടെ സംഭവത്തില്‍ നബിയുടെ നിലപാട് തീരുമാനിച്ചത് കൂടിയാലോചനയിലൂടെയായിരുന്നു. ബദര്‍ ഉഹ്്ദ് യുദ്ധങ്ങളില്‍ തന്ത്രങ്ങള്‍ തീരുമാനിച്ചതും അനുയായികളുടെ അഭിപ്രായം ആരാഞ്ഞശേഷമായിരുന്നു. അഹ്‌സാബ് യുദ്ധത്തില്‍ കിടങ്ങുകുഴിച്ചതും ഹുദൈബിയ സന്ധിയില്‍ ബലിയറുത്തതും നബിയുടെ കാലത്ത് നടന്ന കൂടിയാലോചനകളായിരുന്നു.
സച്ചരിതരായ ഖലീഫമാരുടെ മാതൃക
സച്ചരിതരായ ഖലീഫമാരും കൂടിയാലോചനയില്‍ പ്രവാചക മാതൃക പിന്തുടര്‍ന്നതിന് ചരിത്രത്തില്‍ തെളിവുകളുണ്ട്. ഏകാധിപത്യ പ്രവണതകള്‍ക്ക് പകരമായി ഭക്തിയും സ്‌നേഹവുമുള്ളവരുടെ അഭിപ്രായം ചോദിച്ചിരുന്നു. അബൂബക്കര്‍ (റ) തന്റെ നിലപാടിനെകുറിച്ച് പറഞ്ഞതിപ്രകാരമാണ്: ഒരു കാര്യത്തില്‍ ഞാന്‍ ആദ്യം ഖുര്‍ആനിനെ പരിഗണിക്കും, പിന്നെ പ്രവാചകചര്യനോക്കും, അതിലും കണ്ടില്ലെങ്കില്‍ പ്രമുഖ സ്വഹാബികളെ വിളിച്ച് ഞാന്‍ കൂടിയാലോചിക്കും. ഖുര്‍ആന്‍ ക്രോഡീകരണത്തിലും യുദ്ധകാര്യങ്ങളിലും കോളറ പിടിപെട്ട കാര്യത്തിലും മറ്റ് എല്ലാ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ കാര്യങ്ങളിലും സ്വഹാബികള്‍ കൂടിയാലോചിച്ചിട്ടുണ്ട്.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles