Current Date

Search
Close this search box.
Search
Close this search box.

കുട്ടികളില്‍ തന്റേടം വളര്‍ത്തുന്ന വിധം

ആളുകള്‍ അധികവും അഭിമുഖീകരിക്കുന്ന ഒരു വിഷയമാണ് യൗവ്വനകാലത്തെ കുട്ടികളിലെ പ്രകൃതങ്ങള്‍. കുട്ടികളുടെ വ്യക്തിത്വങ്ങളില്‍ പൊതുവെ സുഖജീവിതത്തോടുള്ള അഭിനിവേശം കാണുന്ന ഘട്ടമാണിത്. പ്രായത്തിനനുസരിച്ച് പക്വതയും  തന്റേടവുമില്ലാത്ത, അപകര്‍ഷതയുമായി കഴിയുന്ന കുട്ടികളുമുണ്ട്. കുട്ടികളുടെ വ്യക്തിത്വത്തില്‍ പൗരുഷവും തന്റേടവും നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍  എങ്ങനെ വളര്‍ത്തിയെടുക്കാനാവും എന്നത് ഗൗരവപ്പെട്ട വിഷയമാണ്.

ഇക്കാര്യത്തില്‍ ഇസ്‌ലാമികമായ അധ്യാപനങ്ങള്‍ വെച്ച് ഒട്ടേറെ പരിഹാരങ്ങളും കാണാവുന്നതാണ്. അതില്‍ ചിലതാണ് താഴെ ചേര്‍ക്കുന്നത്.
ചില ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തങ്ങള്‍ പക്വതയെത്തിയവരാണെന്ന തോന്നല്‍ ഉണ്ടാവുന്നു. സമപ്രായക്കാരില്‍ നിന്നെല്ലാം മേല്‍ക്കൈ ലഭിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ചിലപ്പോള്‍ ഇക്കൂട്ടര്‍ മാതാപിതാക്കളോടും മുതിര്‍ന്നവരോടും ഉപദേശ സ്വരത്തില്‍ സംസാരിക്കുന്നതായും കാണാം.  

നബി(സ) കുട്ടികളെ ഓമനിച്ച് വിളിക്കാറുണ്ടായിരുന്നു. അനസ്(റ) വില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം. നബി(സ) ജനങ്ങളില്‍ ഏറ്റവും ഉത്കൃഷ്ഠമായ സ്വഭാവത്തിനുടമയായിരുന്നു. എനിക്ക് അബൂ ഉമൈര്‍ എന്ന പേരുള്ള മുലകുടിപ്രായത്തിലുള്ള ഒരു സഹോദരനുണ്ടായിരുന്നു. അബൂ ഉമൈര്‍, കളിപ്പാട്ടം കൊണ്ട് നീ എന്താണ് ചെയ്യുന്നത് എന്നെല്ലാം ചോദിച്ച് നബി തിരുമേനി(സ) കുശലാന്വേഷണം നടത്തിയിരുന്നു.

ഉമ്മു ഖാലിദില്‍ നിന്നും നിവേദനം: ഒരിക്കല്‍ നബി(സ)യുടെ മുന്നില്‍ കുറച്ച് വസ്ത്രങ്ങള്‍ കൊണ്ടുവന്നു. ചെറുതും കറുത്ത നിറമുള്ളതുമായിരുന്ന ഒരു പട്ടുകുപ്പായമുണ്ടായിരുന്നു അതില്‍.  മുന്നില്‍ കണ്ട ഒരു കുട്ടിയെ വിളിച്ചു പ്രവാചകന്‍(സ) ആ കുപ്പായം ധരിപ്പിക്കുകയും അനുമോദനമര്‍പ്പിക്കുകയും ചെയ്തു.

മുതിര്‍ന്നവരുടെ പ്രവര്‍ത്തനങ്ങളിലും സംസാരങ്ങളിലും കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ടായിരുന്നു പ്രവാചകന്‍(സ). ഇത് അവരുടെ ബോധവും ബുദ്ധിയും വര്‍ദ്ധിപ്പിക്കുവാനും പക്വത കൈവരാനുമെല്ലാം കാരണമായിരുന്നു. ഇപ്രകാരം സ്വഹാബികള്‍ തങ്ങളുടെ കുട്ടികളെ പ്രവാചകന്‍(സ) ഇരിക്കുന്ന യോഗത്തിലേക്കും കൊണ്ടുവരാറുണ്ടായിരുന്നു. മുആവിയയില്‍ നിന്ന് ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം. പ്രാവാചകന്‍ തന്റെ അനുയായികളോടൊപ്പം ഇരിക്കുകയായിരുന്നു. കൂട്ടത്തില്‍ ഏറ്റവും പിറകിലായി ഓരാള്‍ തന്റെ കൊച്ചു കുട്ടിയുമായി വന്നിരുന്നു. നബി(സ) ആ കുട്ടിയെ തന്റെ മുന്നിലേക്ക് പിടിച്ചിരുത്തുകയുണ്ടായി.

 “ഉം… ഞാനതക്കെ എത്ര പെട്ടെന്ന് സാധിച്ചെടുത്തെന്നോ… ആ കാര്യത്തിലൊന്നും എന്നെ തോല്‍പ്പിക്കാന്‍ ഒരുത്തനുമില്ല”. ഇങ്ങിനെ സ്വയം ഉയര്‍ത്തി പറയുന്നവരെ കാണാം. അവരവരുടെ ധീരതയെ വാഴ്ത്തുകയെന്നത് ചിലരുടെ പ്രകൃതമാണ്. പക്ഷെ, അത് പൗരുഷത്തിന്റെ പ്രകടമായ വിശേഷണങ്ങളിലൊന്നാണ്. വിപരീതമായ പ്രതികരണം ആത്മവിശ്വാസമില്ലായ്മയുടേതാണ്.

സുബൈര്‍ ബിന്‍ അവാമിന് രണ്ട് കുട്ടികളുണ്ടായിരുന്നു. അവരിലൊരാള്‍ ചില യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മക്കളെ നന്നായി പ്രോത്സാഹിപ്പിക്കുകുയും അവര്‍ക്ക് ആത്മധൈര്യം പകരുകയും ചെയ്തിരുന്നു അദ്ദേഹം. ഇബ്‌നു ഹജര്‍ പറയുന്നു: ‘തീര്‍ച്ചയായും സുബൈര്‍ തന്റെ മകനായ അബ്ദുല്ലയോടൊപ്പം കൂട്ടുകൂടിയിരുന്നു. അവന്റെ ധീരതയും സമരോത്സുകതയും കാരണം ചെറുപ്പത്തിലേ കുതിരപ്പുറത്ത് കയറ്റിയിരുന്നു. അദ്ദേഹത്തിന്റെ കുതിരയെ അക്രമിക്കപ്പെടുമോ എന്ന് ഭയപ്പെട്ടപ്പോള്‍ സംരക്ഷണത്തിനായി ഒരാളെ  ചുമതലപ്പെടുത്തിയിരുന്നു.’

അബൂ ഹുറൈറയില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു. ‘ചെറിയവര്‍ വലിയവരോടും നടക്കുന്നവന്‍ ഇരിക്കുന്നവരോടും ചെറിയ സംഘം വലിയ സംഘത്തോടും സലാം പറയുക.’ (ബുഖാരി)
ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു. സഹ്ല്‍ ബിന്‍ സഅ്ദില്‍ നിന്നും നിവേദനം ചെയ്യുന്നു. ‘നബി(സ)ക്ക് വേണ്ടി ഒരു കോപ്പ പാനീയം കൊണ്ടുവരികയും അദ്ദേഹം അതില്‍ നിന്ന് കുടിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹത്തിന് വലതു ഭാഗത്ത് ഒരു ചെറിയ കുട്ടിയെയും ഇടതു ഭാഗത്ത് മുതിര്‍ന്നവരെയും കണ്ടു. ആ സമയത്ത് കുട്ടിയുടെ അഭിപ്രായം കേള്‍ക്കുകയും അത് പരിഗണിക്കുകയും ചെയ്തു.’

അമ്പെയ്ത്ത്, നീന്തല്‍, കുതിരക്കയറ്റം മുതലായ കായികാഭ്യാസങ്ങള്‍ വശമുണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അബൂ ഉമാമത്ത് ബിന്‍ സഹ്‌ലില്‍ നിന്നും നിവേദനം. അദ്ദേഹം പറയുന്നു. “ഖലീഫയായ ഉമര്‍(റ) ഗവര്‍ണറായ അബീ ഉബൈദതുല്‍ ജര്‍റാഹിന് എഴുതിയ കത്തില്‍ അവിടത്തെ കുട്ടികള്‍ക്ക് ജലാഭ്യാസങ്ങള്‍ പരിശീലിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.”

ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ പോലെ ചാഞ്ചാടാനും നൃത്തം ചെയ്യാനും ശ്രമിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്. ഇമാം മാലിക് (റ) പറയുന്നു. ആണ്‍കുട്ടികള്‍ സ്വര്‍ണ്ണം ധരിക്കുന്നത് ഞാന്‍ വെറുക്കുന്നു. പുരഷന്മാര്‍് -അവര്‍ വലിയവരോ ചെറിയവരോ ആവട്ടെ- സ്വര്‍ണം ധരിക്കുന്നത് പ്രവാചകന്‍(സ) വിലക്കിയിരിക്കുന്നു.(മുവത്വാ)

1. സലാം പറയുക. അനസ് ബിന്‍ മാലികില്‍ നിന്നും നിവേദനം ചെയ്യുന്നു. “നിങ്ങള്‍ കുട്ടികളുടെ അടുത്തു കൂടി നടക്കുകയാണെങ്കില്‍ അവരോട് സലാം പറയുക” (മുസ്‌ലിം)
2. അവരോട് കൂടിയാലോചിക്കുക. അഭിപ്രായം സ്വീകരിക്കുക.
3. അവരുടെ കഴിവിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുക

ചരിത്രത്തില്‍ ഇതുമായി ബന്ധപ്പെട്ട ഒരു സംഭവം കാണാം. അനസ്(റ) ല്‍ നിന്ന് നിവേദനം. ‘ഒരിക്കല്‍ ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങളോട് പ്രവാചകന്‍ സലാം പറഞ്ഞു. എന്നെ ഒരു ആവശ്യത്തിനായി നിയോഗിച്ചു. അങ്ങിനെ ഞാന്‍ ഉമ്മയുടെ അടുത്തെത്തി. അപ്പോള്‍ ഉമ്മ ചോദിച്ചു. എന്തേ വന്നത്? ഞാന്‍ പറഞ്ഞു: എന്നെ ഒരു ആവശ്യത്തിനായി അല്ലാഹുവിന്റെ ദൂതര്‍ അയച്ചതായിരുന്നു. അവര്‍ ചോദിച്ചു: എന്താണ് ആ ആവശ്യം? ‘അതൊരു രഹസ്യമാണ്.’ ഞാന്‍ മറുപടി നല്‍കി. അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരുടെ രഹസ്യം എന്നോട് പറയരുത്”

കുട്ടികള്‍ക്കിടയില്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങള്‍ താഴെ പറയുന്നവയാണ്. കുട്ടികള്‍ക്ക്  ധൈര്യം പകരുകയും പ്രസംഗിക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്യുക. മാന്യമായ വസത്രധാരണം ശീലമാക്കകയും കോമാളിവേഷങ്ങള്‍ ധരിപ്പിക്കാതിരിക്കുകയും ചെയ്യുക. കൂടെ  ആഢംബരവും ധൂര്‍ത്തും ശീലമാക്കാതിരിക്കുക. ഇത്തരം രീതിയിലൂടെ കൂട്ടികളില്‍ പൗരുഷവും ധൈര്യവും ഉണ്ടാക്കിയെടുക്കാനാവും. അപകര്‍ഷതയും അന്തര്‍മുഖത്വവും കുട്ടികളെ പിന്നോട്ട് നയിക്കുമ്പോള്‍ തന്റേടവും ആത്മവിശ്വാസവും ധീരതയും കുട്ടികളെ മുന്നോട്ട് നയിക്കുന്നു.

വിവ. സുഹൈറലി തിരുവിഴാംകുന്ന്
   

Related Articles