Current Date

Search
Close this search box.
Search
Close this search box.

കുടില്‍ കെട്ടി താമസിച്ച രാജകുമാരന്‍

തീര്‍ത്തും ആശ്ചര്യകരമായ ചരിത്രമാണ് അയാള്‍ക്കുള്ളത്. വളരെ അപൂര്‍വമായി മാത്രം മനുഷ്യന്‍ സ്വീകരിക്കുന്ന നിലപാടുകളിലൊന്നാണ് ഇത്. ചരിത്രത്തില്‍ തന്നെ വളരെ വലിയ ഇടവേളകളില്‍ മാത്രം സംഭവിക്കാറുളള അല്‍ഭുതം.
യുവത്വത്തിന്റെ പ്രസരിപ്പില്‍ ജീവിക്കുന്നതിനിടയില്‍ ഐഹികലോകത്തിന്റെ അലങ്കാരങ്ങളും, ആര്‍ഭാടങ്ങളും വലിച്ചെറിയുക. ഖിലാഫത്തിന്റെ പ്രതാപം അകറ്റി സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിക്കുക.  അന്തസ്സാര്‍ന്ന രാജകീയ ജീവിതം മാറ്റിവെച്ച്, കുടുംബത്തോടുള്ള ബന്ധം അറുത്ത് മാറ്റി അജ്ഞാതവാസം നയിക്കുക. ജനങ്ങള്‍ പരസ്പരം മത്സരിക്കുന്ന, ശണ്ഠകൂടി നശിക്കുന്ന ഭൗതിക പ്രലോഭനങ്ങള്‍ക്ക് നേരെ കണ്ണുചിമ്മുക.

ചക്രവാളത്തോളം ഉയര്‍ന്ന് നില്‍ക്കുന്ന നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് മാത്രമെ ഇത് സാധിക്കൂ. ലോകത്ത് വളരെ അപൂര്‍വും മഹത്തരവുമായ വിഭാഗമാണവര്‍. അല്ലാഹു അവര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു. ഈമാനിന്റെ വിശാലമായ ചക്രവാളങ്ങളില്‍ വട്ടമിട്ട് പറക്കുന്നവര്‍. ദൈവബോധത്തിന്റെ പ്രകാശത്താലാണ് അവര്‍ അവരവിടെ വാഴുന്നത്. ഇഹലോകത്തേക്കുള്ള അവരുടെ വഴിയില്‍ നിന്നും ഒന്നും തടസ്സമാവുകയില്ല. ആര്‍ക്കുമവരെ വഞ്ചിക്കാന്‍ സാധിക്കുകയുമില്ല.

ഖലീഫ ഹാറൂന്‍ റശീദിന്റെ മകന്‍ അഹ്മദ് ബിന്‍ ഹാറൂന്‍ റശീദാണ് കഥാനായകന്‍. ദൈവഭക്തനായാണ് അവന്‍ വളര്‍ന്നത്. സ്വന്തം കൈകൊണ്ട് അധ്വാനിച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. മണ്ണില്‍ പണിയെടുത്ത് ദിവസക്കൂലി സമ്പാദിച്ചു. മണ്ണ്കിളക്കുന്ന കൈക്കോട്ടും അത് ചുമക്കാനുള്ള കൊട്ടയും ആയിരുന്നു അദ്ദേഹത്തിന്റെ മൂലധനം. ശനിയാഴ്ച ദിവസം തൊഴില്‍ ചെയ്ത് ഏതാനും ദിര്‍ഹമോ, അതിനേക്കാള്‍ കുറഞ്ഞ കാശോ അദ്ദേഹം സമ്പാദിക്കും. അവശേഷിക്കുന്ന ദിനങ്ങളില്‍ ആരാധനയില്‍ മുഴുകും.

സുബൈദ എന്നായിരുന്നു അവന്റെ ഉമ്മയുടെ പേര്. ഖിലാഫത്ത് ഏറ്റെടുക്കുന്നതിന് മുമ്പ് ഹാറൂന്‍ അവരെ ഇഷ്ടപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു. തന്റെ പിതാവിനോട് അഭിപ്രായം ചോദിച്ചല്ല അദ്ദേഹം അപ്രകാരം ചെയ്തത്. സുബൈദ ‘അഹ്മദി’നെ ഗര്‍ഭം ധരിച്ചപ്പോള്‍ അവരെ ബസറയിലേക്ക് അയച്ചു. ഒരു ചുവന്ന വജ്രമോതിരം അവര്‍ക്ക് സമ്മാനമായി നല്‍കി. മറ്റ് ചില വിലപിടിച്ച വസ്തുക്കളും. ഖിലാഫത്ത് ഏറ്റെടുത്താല്‍ മടങ്ങിവരണമെന്ന് നിര്‍ദ്ദേശിച്ചു. അവരുടെ വിശേഷങ്ങള്‍ ഹാറൂന്‍ റശീദ് അന്വേഷിക്കാറുണ്ടായിരുന്നു. ആവശ്യത്തിന് സമ്പത്ത് അവര്‍ക്ക് അയച്ച് കൊടുക്കാറുണ്ടായിരുന്നു. ‘അഹ്മദ്’ എന്ന് പേരായ മകന്‍ പിറന്നതായി ഭാര്യ അദ്ദേഹത്തെ അറിയിച്ചിരുന്നു.
ഖിലാഫത്ത് ഏറ്റെടുത്തിട്ടും അവര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് മടങ്ങിയില്ല. അവരെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് ലഭിച്ചത്. പക്ഷെ, യാഥാര്‍ത്ഥ്യം അപ്രകാരമായിരുന്നില്ല. അദ്ദേഹം അവരെ അന്വേഷിച്ചു. പക്ഷെ ഒരു വിവരവും ലഭിച്ചില്ല. അഹമദ് തന്റെ കൈകൊണ്ട് അധ്വാനിച്ച് ജീവിക്കുകയായിരുന്നു ഇക്കാലത്ത്.

ബഗ്ദാദിലേക്കുള്ള മടക്കം
അഹ്മദ് ബഗ്ദാദിലേക്ക് മടങ്ങി. ലോകത്തിന്റെ തറവാടും കളിത്തൊട്ടിലുമായിരുന്നു ബഗ്ദാദ് അക്കാലത്ത്. അതിന് സമാനമായ പ്രദേശം അക്കാലത്ത് ലോകത്തെവിടെയും ഉണ്ടായിരുന്നില്ല. പണ്ഡിതരും, പ്രതിഭകളും കൊണ്ട് നിബിഢമായിരുന്നു അവിടെ. അവിടത്തെ റോഡുകളും, വീടുകളും, പള്ളികളും ആതുരാലയങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു.

ഇഹലോകത്തിന്റെ സകല ഐശ്വര്യങ്ങളും അവിടത്തുകാര്‍ക്ക് മുന്നില്‍ സാഷ്ടാംഗം നമിച്ചു. ലോകം മുഴുക്കെ ബാഗ്ദാദിലെത്തിയത് പോലെ. എന്നിട്ടും, ബഗ്ദാദിലെത്തിയ ഖലീഫയുടെ മകന്‍ എവിടെയാണ് താമസിച്ചത്. കളിമണ്ണില്‍ പണിയെടുത്ത് കഠിനാധ്വാനം ചെയ്താണ് അയാള്‍ ജീവിച്ചത്. ശനിയാഴ്ച ദിവസങ്ങളില്‍ ജോലി ചെയ്തു തന്റെ ഉമ്മയെ പോറ്റി. താനാരാണെന്ന് മറ്റുള്ളവരെ അറിയിച്ചില്ല. സന്തോഷത്തോടെ സംതൃപ്തിയോടെ ജീവിച്ചു. ദൈവപ്രീതിക്ക് വേണ്ടി മാത്രമാണ് ഇഹലോകത്തെ സമീപിച്ചത്. മാതാവാകട്ടെ, മകന്റെ കൂടെ ജീവിച്ചു. അവന്റെ ആഗ്രഹത്തിനനുസരിച്ച് താനാരാണെന്ന് വെളിപ്പെടുത്താതെ മുന്നോട്ട്‌പോയി.

അതിനിടെ അദ്ദേഹത്തിന്റെ പ്രിയമാതാവ് മരണത്തിന് കീഴടങ്ങി. മരണമാസന്നമായപ്പോള്‍ ഹാറൂന്‍ റശീദ് നല്‍കിയ വജ്രമോതിരം അവര്‍ തന്റെ മകന്ന് നല്‍കി. വളരെ കുടുസ്സായ ആ കൊച്ചുകൂരയില്‍ വെച്ച് അവര്‍ അന്ത്യശ്വാസം വലിച്ചു. ഐഹികലോകത്തിന്റെതായ, കണ്ണില്‍ തടയുന്ന ഒരു വിഭവവും അവിടെ ബാക്കിയായിരുന്നില്ല.
മാതാവിന്റെ വിയോഗത്തിന് ശേഷവും അഹ്മദിന് യാതൊരു മാറ്റവും സംഭവിച്ചില്ല. അവന്‍ ശനിയാഴ്ച ദിവസങ്ങളിലെ ജോലിക്ക് പോയി. അവശേഷിച്ച ദിനങ്ങളില്‍ ആരാധനകളില്‍ മുഴുകി.
മുതലാളിയുടെ വീട്ടില്‍ ജോലിചെയ്ത്‌കൊണ്ടിരിക്കെയായിരുന്നു അദ്ദേഹത്തിന് ആദ്യമായി രോഗം വന്നത്. അയാളൊരു നല്ല മനുഷ്യനായിരുന്നു. അദ്ദേഹം തന്റെ തൊഴിലാളിയായി അഹ്മദിനെ നന്നായി പരിചരിക്കുകയുണ്ടായി.

മരണമാസന്നമായപ്പോള്‍ അദ്ദേഹം തന്റെ മോതിരം കയ്യില്‍ നിന്നൂരി. അത് മുതലാളിയുടെ കയ്യില്‍ വെച്ച് പറഞ്ഞു. ‘താങ്കള്‍ ഖലീഫ ഹാറൂന്‍ റശീദിന്റെ അടുത്ത് ചെന്ന് പറയുക ‘ഈ മോതിരത്തിന്റെ ഉടമ താങ്കളോട് ഇപ്രകാരം പറഞ്ഞിരിക്കുന്നു. ഈ ആഘോഷത്തിന്റെ നിമിഷങ്ങളില്‍ മരണം താങ്കളെ പിടികൂടുന്നത് സൂക്ഷിക്കുക. അപ്രകാരം സംഭവിച്ചാല്‍ ഖേദം ഫലം ചെയ്യാത്ത ആ സമയത്ത് താങ്കള്‍ക്ക് ഖേദിക്കേണ്ടി വരും. അല്ലാഹുവിന്റെ മുന്നില്‍ നിന്നും രണ്ടാലൊരു വീട്ടിലേക്ക് താങ്കള്‍ക്ക് മടങ്ങണമെന്നത് ഓര്‍ക്കുക. മുമ്പെ കഴിഞ്ഞുപോയവരുടെ വാര്‍ത്ത താങ്കള്‍ക്കെത്തിയിട്ടുണ്ടല്ലോ. ‘ ഇത്രയും പറഞ്ഞ് അയാള്‍ ദൈവത്തിലേക്ക് യാത്രയായി. ഹിജ്‌റ 184-ാം വര്‍ഷത്തിലായിരുന്നു അത്.

ആ മനുഷ്യന്‍ അഹ്മദിന്റെ ശേഷക്രിയകള്‍ നിര്‍വഹിച്ചു. കണ്ടതും കേട്ടതുമായ കാര്യങ്ങളെക്കുറിച്ച് സുദീര്‍ഘമായി ചിന്തിച്ചു. ആരായിരുന്നു ഈ മനുഷ്യന്‍? ഈ മോതിരത്തിന്റെ രഹസ്യമെന്താണ്? ഇക്കാര്യം ഖലീഫയെ അറിയിച്ചാല്‍ എന്താണ് സംഭിവിക്കുക?
പരിഭ്രമമുണ്ടാക്കുന്ന ചോദ്യങ്ങള്‍. ഒന്നിനും ഒരു ഉത്തരവും ലഭിക്കുന്നില്ല. ഒടുവില്‍ ഖലീഫയെ ചെന്ന് കാണാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. തന്നെ വിശ്വസിച്ചേല്‍പിച്ച ഉത്തരവാദിത്തം പൂര്‍ത്തീകരിക്കണമല്ലോ.

ഹാറൂന്‍ റശീദിന്റെ പ്രഢമായ സദസ്സ്. കാവല്‍ക്കാരന്‍ കടന്ന് വന്നു. ഒരു സാധാരണക്കാരന്‍ കാണാന്‍ വന്നിരിക്കുന്നുവെന്ന് അറിയിച്ചു. ഖലീഫയോട് രഹസ്യം പറയാനുണ്ടത്രെ അയാള്‍ക്ക്. ഹാറൂന്‍ റശീദ് അദ്ദേഹത്തിന് അനുമതി നല്‍കി. അദ്ദേഹത്തോട് വന്ന കാര്യത്തെക്കുറിച്ച് ചോദിച്ചു. അയാള്‍ പറഞ്ഞു ‘അമീറുല്‍ മുഅ്മിനീന്‍, ഈ മോതിരം താങ്കള്‍ക്ക് നല്‍കാന്‍ വേണ്ടി ഒരാളെന്നെ ഏല്‍പിച്ചതാണ്. താങ്കളോട് പറയാന്‍ ചില കാര്യങ്ങള്‍ അദ്ദേഹമെന്നെ അറിയിച്ചിട്ടുണ്ട്.’

മോതിരം പരിശോധിച്ച ഖലീഫ അത് തിരിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞു ‘നിനക്ക് നാശം. എവിടെ ഈ മോതിരത്തിന്റെ ആള്‍? ‘അദ്ദേഹം മരിച്ച് പോയി’ ആഗതന്‍ മറുപടി നല്‍കി. അഹമദ് പറയാന്‍ ഏല്‍പിച്ച കാര്യങ്ങള്‍ അദ്ദേഹം ഖലീഫയോട് പറഞ്ഞു. എല്ലാ ശനിയാഴ്ചയും അദ്ദേഹം എന്റെയടുത്ത് ജോലി ചെയ്യാറുണ്ടായിരുന്നു. ഏതാനും ദിര്‍ഹമായിരുന്നു അദ്ദേഹത്തിന്റെ കൂലി. ബാക്കിയുള്ള ദിവസങ്ങളില്‍ ആരാധനക്ക് വേണ്ടി അദ്ദേഹം നീക്കിവെക്കാറുണ്ടായിരുന്നു. ഇത് കേട്ട ഖലീഫ നിലത്തിരുന്ന് പോയി. അവിടെയിരുന്ന് പൊട്ടിക്കരഞ്ഞു. ‘അല്ലാഹുവാണ, എന്റെ മകന്‍ ഉപദേശിച്ചത് സത്യമാണ്’

പിന്നീടദ്ദേഹം തലയുയര്‍ത്തി. ‘അവന്റെ ഖബ്ര്‍ എവിടെയാണന്നറിയുമോ’ ‘ഞാനാണ് അവനെ മറവ് ചെയ്തത്’ അയാള്‍ മറുപടി പറഞ്ഞു. എങ്കില്‍ താങ്കള്‍ വൈകീട്ട് ഇവിടെ വരിക. വൈകുന്നേരമായപ്പോള്‍ ഖലീഫയും അയാളും അഹ്മദിന്റെ ഖബ്ര്‍ സന്ദര്‍ശിച്ചു. ഖലീഫ മകന്റെ കുഴിമാടത്തിന്റെ തലഭാഗത്ത് ഇരുന്നു. ദീര്‍ഘനേരം കരഞ്ഞു. ശേഷം പിരിഞ്ഞു പോന്നു. സന്ദേശമെത്തിച്ചയാള്‍ക്ക് പതിനായിരം ദിര്‍ഹം നല്‍കാന്‍ കല്‍പിച്ചു.

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles