Current Date

Search
Close this search box.
Search
Close this search box.

ഒരു മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലുകള്‍

ഇന്ത്യയുടെ മുന്‍പ്രസിഡന്റ് ഡോ.അബ്ദുല്‍ കലാമിന്റെ ആത്മകഥ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിച്ചിരിക്കുകയാണല്ലോ. ടേണിംഗ് പോയന്റ് എന്ന ആത്മകഥയില്‍ രാഷ്ട്രീയ പ്രാധാന്യമുളള പല കാര്യങ്ങളും വെളിപ്പെടുത്തുന്നതോടൊപ്പം 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചും പറയുന്നുണ്ട്. ആ സന്ദര്‍ഭത്തില്‍ ഗുജറാത്ത് സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും വാജ്‌പേയ് സര്‍ക്കാര്‍ അനുകൂലമായിരുന്നില്ലെന്ന് അദ്ദേഹം പരിതപിക്കുന്നു. 2004-ല്‍ താന്‍ വീണ്ടും സന്ദര്‍ശിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ കുറച്ചു കാലത്തേക്കെങ്കിലും അക്കാര്യം വിട്ടേക്കൂ എന്നായിരുന്നു തനിക്ക് കിട്ടിയ മറുപടി. പ്രധാനമന്ത്രി പ്രസിഡന്റിനോട് ചോദിച്ചത്രെ, ഗുജറാത്തില്‍ പോകേണ്ട അടിയന്തരം എന്താണെന്ന്. ഇതെല്ലാം അവഗണിച്ച് ഗുജറാത്ത് സന്ദര്‍ശിക്കാന്‍ താന്‍ ഉറപ്പിച്ചപ്പോള്‍ രാഷ്ട്രീയ-ബൃൂറോക്രാറ്റിക് വൃത്തങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ തനിക്ക് നേരിടേണ്ടി വന്നുവെന്നും അദ്ദേഹം അനുസ്മരിക്കുന്നു. ഒടുവില്‍ കലാം ഗുജറാത്ത് സന്ദര്‍ശിക്കുക തന്നെ ചെയ്തു. അത് തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. മുന്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ ഈ വെളിപ്പെടുത്തലുകളെക്കുറിച്ച് ഒട്ടു വളരെ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു: ”(വാജ്‌പേയിയുടെ) രാജധര്‍മ പ്രസ്താവനക്ക് എന്തര്‍ഥം എന്നാരും അത്ഭുതപ്പെട്ട് പോകും… ജനങ്ങളെ സുഖിപ്പിക്കാനുള്ള ഒരു വര്‍ത്തമാനം മാത്രമായിരുന്നോ അത്” (ടൈംസ് ഓഫ് ഇന്ത്യ, ജൂലൈ 1) വാജ്‌പേയ് ഈ രാജധര്‍മ പ്രസ്താവന ഇറക്കിയത് 2002 ഏപ്രില്‍ 4-ന് അഹമദാബാദിലെ ഒരു പൊതുയോഗത്തില്‍ വെച്ചായിരുന്നു.

ഗുജറാത്ത് സംഭവം നടക്കുമ്പോള്‍ വാജ്‌പേയ്ക്ക് തന്റേതായ അഭിപ്രായം ഉണ്ടായിരുന്നു. 2002 ഫെബ്രുവരി 27-ന് ഗോധ്രയില്‍ ട്രെയിനിന് തീപിടിച്ചു എന്നു കേട്ടപ്പോള്‍, ക്ഷേത്ര നിര്‍മാണ പ്രസ്ഥാനം നിര്‍ത്തിവെക്കാന്‍ അദ്ദേഹം വിശ്വഹിന്ദു പരിഷത്തിനോട് കടുത്ത ഭാഷയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്തിയുടെ ഈ പ്രസ്താവന ആള്‍ ഇന്ത്യാ റേഡിയോ 2002 ഫെബ്രുവരി 27ന് വൈകുന്നേരത്തെ നാലു മണി വാര്‍ത്താ ബുള്ളറ്റിനില്‍ പ്രക്ഷേപണം ചെയ്തിരുന്നു. പിന്നെ ഒരിക്കലും ആ വാര്‍ത്ത കേള്‍ക്കുകയുണ്ടായില്ല. രാജധര്‍മ പ്രസ്താവനക്കെതിരെ ബി.ജെ.പി വൃത്തങ്ങളും ഗുജറാത്ത് ഗവണ്‍മെന്റും കടുത്ത രീതിയില്‍ പ്രതികരിച്ചതാണ് കാരണം. ഒരാഴ്ച കഴിഞ്ഞതേയുള്ളൂ, ഗോവയില്‍ ഒരു പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യവെ വാജ്‌പേയ് മുസ്‌ലിംകള്‍ക്കെതിരെ വളരെ പ്രകോപനപരമായ ഒരു പ്രസംഗം ചെയ്തു. ഗുജറാത്ത് കലാപം പ്രൊമോട്ട് ചെയ്തവരെ സുഖിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു പ്രസംഗം.
സ്വതന്ത്രമായി ചിന്തിക്കുന്ന ആള്‍ തന്നെയാണ് വാജ്‌പേയ്. തന്റെ പാര്‍ട്ടിയെ ചില രംഗങ്ങളിലെങ്കിലും ലിബറല്‍ ചിന്താഗതിയിലേക്ക് കൊണ്ടുവരണമെന്നുണ്ട് അദ്ദേഹത്തിന്. തന്റെ ഭരണകാലയളവില്‍ പാകിസ്താനുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ അദ്ദേഹം ശ്രമം നടത്തിയിരുന്നു. പക്ഷേ പാര്‍ട്ടിക്ക് മേല്‍ തന്റെ സ്വാധീനം ഉറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പാര്‍ട്ടിയെ തന്റെ ലൈനിലേക്ക് കൊണ്ടുവരാന്‍ സാധിച്ചില്ല എന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയൊരു പരാജയം. ബി.ജെ.പിയിലെ തീവ്ര വിഭാഗത്തിന്റെ താളത്തിനൊത്ത് തുള്ളുക മാത്രമായിരുന്നു അദ്ദേഹം.

അത്ഭുതകരമായ മറ്റൊരു കാര്യം
ഗുജറാത്തുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം ലാല്‍ കൃഷ്ണ അദ്വാനി അപ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്നു എന്നതാണ്. ഗാന്ധിനഗറില്‍ നിന്നുള്ള എം.പി കൂടിയായിരുന്നു അദ്ദേഹം. ട്രെയിന് തീപിടിച്ച വാര്‍ത്ത കേട്ട മാത്രയില്‍ അദ്ദേഹം ഗുജറാത്തിലേക്ക് തിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അദ്ദേഹം പോയില്ല, പകരം ജനതാ ദള്‍ യുവിലെ ബി.ജെ.പി ഏജന്റായ ജോര്‍ജ് ഫെര്‍ണാണ്ടസിനെ വിട്ടു. ആഭ്യന്തരമന്ത്രി വരണമെന്ന് എപ്പോഴെല്ലാം ആവശ്യം ഉയര്‍ന്നുവോ അപ്പോഴെല്ലാം ഫെര്‍ണാണ്ടസിനെ തന്നെ പറഞ്ഞയക്കുകയായിരുന്നു. ഇക്കാര്യത്തിന് വേണ്ടി അദ്വാനി ഒരിക്കല്‍ പോലും ഗുജറാത്ത് സന്ദര്‍ശിക്കുകയുണ്ടായില്ല. പ്രധാനമന്ത്രിക്കാകട്ടെ അദ്വാനിയെ പറഞ്ഞയക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. ഗുജറാത്ത് കലാപം ആസൂത്രിതമാണെന്നും ട്രെയിന്‍ കത്തിക്കല്‍ അതിന്റെ ഭാഗമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അന്നേ പറഞ്ഞിരുന്നു. 30 വര്‍ഷം മുമ്പ് മൊറാദാബാദ് ഈദ്ഗാഹില്‍ നടന്ന പി.എ.സി നരനായാട്ടിനെ ഓര്‍മിപ്പിക്കുന്നു ഇത്. ഈദ്ഗാഹില്‍ പ്രാര്‍ഥനക്കെത്തിയവരെ നിഷ്‌കരുണം വെടിവെച്ചിടുകയായിരുന്നു പി.എ.സിയുടെ തികച്ചും ഏകപക്ഷീയമായ കലാപം. അന്ന് കേന്ദ്രത്തില്‍ ഭരണം കൈയാളുന്നത് ഇന്ദിരാഗാന്ധി. പ്രധാനമന്ത്രി സ്ഥലം സന്ദര്‍ശിക്കണമെന്ന് മുസ്‌ലിം സമൂഹം മുറവിളി കൂട്ടി. യു.പി മുഖ്യമന്ത്രിയായിരുന്ന വി.പി സിംഗും അതേ ആവശ്യം ഉന്നയിച്ചു.
ഇന്ദിരാഗാന്ധി കുലുങ്ങിയില്ല. പിന്നെ ഒരുപാട് കാലം കഴിഞ്ഞാണ്, വേണ്ടത്ര ഒച്ചപ്പാടുകള്‍ ഉണ്ടായ ശേഷം അവര്‍ മൊറാദാബാദ് സന്ദര്‍ശിക്കുന്നത്. ഒരു കലാപബാധിത പ്രദേശം സന്ദര്‍ശിക്കുന്നതില്‍ പോലുമുണ്ട് പക്കാ രാഷ്ട്രീയം.
(ദഅ്‌വത്ത് ത്രൈദിനം, 2012 ജൂലൈ 5)
വിവ: അശ്‌റഫ് കീഴുപറമ്പ്

 

Related Articles