Current Date

Search
Close this search box.
Search
Close this search box.

എഴുത്തുകാരുടെ ശബ്ദം മരവിപ്പിക്കുന്ന ഫാഷിസം

freedom-expres.jpg

‘ഫാഷിസം ഭാഷയില്‍ പോലും എരിയുന്ന തിന്മയായും സൗഹൃദങ്ങളെ പോലും അസാധ്യമാക്കുന്ന അല്‍പ്പത്തമായും പതുങ്ങി നില്‍ക്കുന്ന കലുഷമായ ഒരു കാലത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പൂക്കളങ്ങളെ മുഴുവനും ഫാഷിസം കൊലക്കളങ്ങളാക്കും. ഭൂമിയിലെ ആര്‍ദ്രതകളിലും ആകാശത്തിലെ നീലിമയിലും അത് ചെഞ്ചോരപുരട്ടും. ‘കാറ്റിന്റെ കാലൊച്ച’കള്‍ക്കും ‘കുഞ്ഞുങ്ങളുടെ അരുവിച്ചിരി’കള്‍ക്കുമിടയില്‍ നിന്നും പോലും അത് ത്രിശൂലങ്ങള്‍ ഉയര്‍ത്തും.’ (ഇരകളുടെ മാനിഫെസ്റ്റോ)

ഇന്ത്യയുടെ ഭൂമിക എന്നും വ്യത്യസ്തതയാര്‍ന്നതാണ്. ബഹുമത വീക്ഷണമുള്ളവരെ ഉള്‍കൊള്ളുന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തനത് ശൈലി. എല്ലാ ഇന്ത്യക്കാരനും തന്റെ വീക്ഷണങ്ങളെയും ആദര്‍ശങ്ങളെയും പ്രയോഗവത്ക്കരിക്കാനുള്ള സ്വാതന്ത്രമുണ്ട്. വീക്ഷണങ്ങളും ആദര്‍ശങ്ങളും ആരെയും പുറത്താക്കാനുള്ളതല്ല ഉള്‍പ്പെടുത്താനുള്ളതാണ്. ‘സംസ്‌ക്കാരം മാനവികമാവുന്നത് വ്യത്യസ്ത സമൂഹങ്ങള്‍ സ്വന്തം വാളുകള്‍ക്ക് മൂര്‍ച്ചകൂട്ടുമ്പോഴല്ല.മറിച്ച് അവരുടെ മനസ്സുകള്‍ വിസ്തൃതമാവുമ്പോഴാണ്. ഇന്നിന്ന ജന്തുക്കളെ തിന്നരുത് എന്നല്ല, ഒരു ജന്തുവിന്റെ പേരിലും പരസ്പരം കൊല്ലരുത് എന്ന പ്രമാണത്തിലാണ് സമൂഹം ഒപ്പ് ചാര്‍ത്തേണ്ടത്.’ (കെ.ഇ.എന്‍, സംസ്‌കാരത്തിലെ സംഘര്‍ഷങ്ങള്‍)

ഇന്ത്യയുടെ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ അനിഷേധ്യമായ പങ്ക് വഹിച്ചിട്ടുള്ളവരാണ് സാഹിത്യകാരന്‍മാര്‍. നാടിന്റെ സംസ്‌കാരത്തെയും വൈവിധ്യങ്ങളെയും സംരക്ഷിക്കുന്നതിന് പേന ചലിപ്പിച്ചവരാണവര്‍. രാജ്യത്തിന്റെ മതേതരത്തിനും ജനാധിപത്യത്തിനും മുറിവേല്‍പ്പിച്ച് ഫാഷിസം മറനീക്കി പുറത്തു വന്നിരിക്കുന്ന ഇന്ന് എഴുത്തുകാര്‍ക്കും രക്ഷയില്ലാതായിരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അധികാരത്തിന്റെ കോടാലി കൊണ്ട് വെട്ടിമുറിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഗോവിന്ദ് പന്‍സാരെയും എം.എം. കല്‍ബുര്‍ഗിയും നരേന്ദ്ര ദബോല്‍ക്കറുമെല്ലാം കൊലചെയ്യപ്പെട്ടതും ഹുഛംഗി പ്രസാദും ചേതന തീര്‍ഥാഹള്ളിയും ആക്രമിക്കപ്പെട്ടതും അതിനുദാഹരണങ്ങളാണ്.

കല്‍ബുര്‍ഗി എഴുത്തുക്കാരനും ചിന്തകനും ഹംപി സര്‍വ്വകലാശാല വൈസ് ചാന്‍സലറുമായിരുന്നു. ബ്രാഹ്മണാധിപത്യത്തിനെതിരെ തന്റെ ജീവിതം കൊണ്ട് പ്രതിരോധം തീര്‍ത്ത ബസവേശ്വരയുടെ ചിന്തകളെ ആദാരമാക്കിയുള്ള ഗവേഷണ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ കൃതികള്‍ ഏറെയും പുറത്തിറങ്ങിയുട്ടുള്ളത്. മതപരമായ കാപട്യങ്ങളെയും സാമൂഹികമായ ഉച്ചനീചത്വങ്ങളെയും വിമര്‍ശിച്ച അദ്ദേഹം മത-വര്‍ഗ- വംശാടിസ്ഥാനത്തിലുള്ള വിവേചനങ്ങളില്ലാതെ എല്ലാവരെയും മനുഷ്യരായി മാത്രം കാണുന്ന ഒരു ലോകത്തിനു വേണ്ടി ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ യുക്തി ഭദ്രമായ വാക്കുകളെ ഫാഷിസം ഭയന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ ചിലരെ ചൊടിപ്പിച്ചു. അവര്‍ വധ ഭീഷണിയുമായി രംഗത്തുവന്നു. ഫാഷിസത്തിന്റെ ഭീഷണിയെ ഭയന്ന് തന്റെ നാട്ടിലെ ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ മാപ്പു പറഞ്ഞ പെരുമാള്‍ മുരുകനെ പോലെ കല്‍ബുര്‍ഗിയും അന്ന് ശരിയ്ക്കും ഭയന്നിരുന്നു. എന്നാല്‍ പെരുമാള്‍ മുരുകന്‍ എഴുത്തു ജീവിതം നിര്‍ത്തിയപ്പോലെ തന്റെ ആധികാരിക ഗവേഷണങ്ങളില്‍ നിന്നോ ചരിത്രം കുറിച്ച ചില സത്യങ്ങളുടെ കണ്ടെത്തലുകളില്‍ നിന്നോ അദ്ദേഹം പിന്മാറിയില്ല. അദ്ദേഹം തന്റെ മൂല്യവത്തായ ഗവേഷണങ്ങളുടെ പിന്തുണയോടെ രചനകളും പ്രസ്താവനകളും തുടര്‍ന്നുകൊണ്ടിരുന്നു. ലിംഗായത്ത ജാതിയില്‍പെട്ട അദ്ദേഹം ജാതി വ്യവസ്ഥക്കെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന് തന്റെ പ്രതിരോധജീവിതം അധികനാള്‍ തുടരാന്‍ അവര്‍ അനുവദിച്ചില്ല. 2015 ആഗസ്റ്റ് മാസം 30ാം തിയ്യതി അദ്ദേഹം ഫാഷിസ്റ്റ് ഭീകരതയുടെ തോക്കിനു മുന്‍പില്‍ പിടഞ്ഞു വീണു. ഇത് ആദ്യത്തെ സംഭവമായിരുന്നില്ല.
   
നരേന്ദ്ര ദബോല്‍ക്കര്‍ മഹാരാഷ്ട്രയിലെ പൂനെ സ്വദേശിയാണ്. അദ്ദേഹം സമൂഹത്തില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെയും ആള്‍ദൈവ വ്യവസായങ്ങള്‍ക്കെതിരെയും ശക്തമായി പ്രതികരിച്ചു. എന്നാല്‍ ഇദ്ദേഹം പ്രസ്താവിച്ച അനിഷേധ്യങ്ങളായ സത്യങ്ങള്‍ ചിലരുടെ കണ്‍പോളില്‍ നിന്ന് ഉറക്കത്തെ എടുത്തു കളഞ്ഞു. 2013 ആഗസ്റ്റ് 20 ന് പൂനെയില്‍ വച്ച് അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തി. ഗോവിന്ദ് പന്‍സാരെ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനും പുരോഗമന എഴുത്തുക്കാരനുമായിരുന്നു. ഭരണകൂട ഭീകരതകള്‍ക്കെതിരെ നിരന്തരം പ്രതികരിച്ചുകെ#ാണ്ടിരുന്ന അദ്ദേഹം ഈ ഭൂമിയില്‍ പാടില്ലായെന്ന് തീരുമാനിച്ചുറച്ച അധികാര ഫാഷിസം, 2015 ഫെബ്രുവരി 16 ന് അദ്ദേഹത്തെയും കുടുംബത്തെയും തോക്കിനിരയാക്കുകയും തുടര്‍ന്ന് 20 ന് തന്റെ പ്രതിഷേധ ശബ്ദങ്ങള്‍ അന്തരീക്ഷത്തില്‍ അവശേഷിപ്പിച്ച് ലോകത്തോട് വിട പറയുകയും ചെയ്തു.

വ്യക്തി സ്വാതന്ത്ര്യത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിലും നടത്തിയ ഫാഷിസ്റ്റ് കൈകടത്തലുകള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് ചേതന തീര്‍ത്ഥഹള്ളി അക്രമിക്കപ്പെട്ടത്. ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുള്ള ചേതന അധികാര ഫാഷിസത്തെയും ബീഫിനുമേല്‍ ഫാഷിസം ഏര്‍പ്പെടുത്തിയ വിലക്കിനെതിരെയും എതിര്‍ത്ത് പ്രതികരിച്ചു കൊണ്ടിരുന്നു. സമൂഹത്തില്‍ നിലനിന്നിരുന്ന ജാതി വിവേചനത്തിനെതിരെ ഒടലകിച്ചു എന്ന കൃതി രചിച്ചതിനാണ് ഹുഛംകി പ്രസാദ് അക്രമിക്കപെട്ടത്. ഫാഷിസം നടത്തികൊണ്ടിരിക്കന്ന കൊലപാതകങ്ങക്കെതിരെയും അക്രമങ്ങള്‍ക്കെതിരെയും ശബ്ദിക്കാന്‍ ഇന്ന് ചുരുക്കം ചിലര്‍ മാത്രമേ തയ്യാറായിട്ടുള്ളൂ. അതിന്റെ ഭാഗമായി നിരവധി പ്രതിഷേധങ്ങള്‍ എഴുത്തിലൂടെയും പുരസ്‌കാര തിരസ്‌കരണത്തിലൂടെയും നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇതൊക്കെയും ഒറ്റപ്പെട്ട സംഭവങ്ങളാണ്. എന്നാല്‍ പലരും കുറ്റകരമായ മൗനത്തിലാണ്. ഫാഷിസത്തിനെതിരെ ജനകീയ പ്രതിരോധങ്ങള്‍ അനിവാര്യമാണ്. എഴുത്തുകാര്‍ അഭിമുഖീകരിച്ചത് കേവലം ഒരു സ്വകാര്യ പ്രശ്‌നമല്ല. സവര്‍ണ പ്രത്യയശാസ്ത്രം ജനാധിപത്യത്തിന്റെ തലവെട്ടുന്നു എന്ന അര്‍ത്ഥത്തില്‍ വേണം അതിനെ വായിക്കാന്‍. ജാതി പ്രത്യയശാസ്ത്രത്തിന്റെ മൂലഗ്രന്ഥമായ മനുസ്മൃതി കീഴാളരോഷത്തിന്റെ ഇരയായി കത്തിയെരിഞ്ഞത് പ്രതീകാത്മകമായ പ്രതിരോധം എന്ന അര്‍ത്ഥത്തിലാണ്. എന്നാല്‍ അത് പൂര്‍ണമായി കത്തിയെരിഞ്ഞിട്ടില്ല. പലരുടെയും മനസ്സുകളില്‍ അതൊരു തീപ്പൊരിയായി ജ്വലിച്ചു നില്‍ക്കുന്നു. ചെറിയൊരു തീപ്പൊരി മതി അതൊരു അഗ്നികുണ്ഠമാവാന്‍. നമ്മള്‍ പലപ്പോഴും ഒന്നും സംഭവിക്കാത്ത മട്ടിലാണ് ദിനേന പത്രത്താളുകളിലൂടെ കടന്ന് പോവുന്നത്. പതിറ്റാണ്ട് മുമ്പ് പ്രശസ്തനായ ഗുലിസ്ഥാനില്‍ സഅ്ദി എഴുതി: ‘വിപത്ത് ഒരവയവത്തെ ബാധിക്കുമ്പോള്‍ മറ്റവയവങ്ങള്‍ക്ക് വെറുതെയിരിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ ദുരിതത്തില്‍ സഹാനുഭൂതി ഇല്ലെങ്കില്‍ നിങ്ങള്‍ മനുഷ്യനെന്ന പേരിന് അര്‍ഹനല്ല.’

ഇത് നമ്മുടെ മനുഷ്യത്വത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലക്കാണ് കേട് എന്ന ഇലയുടെ വിലാപാവസ്ഥയും കെട്ടിപ്പിടിച്ച് പോരാടാതിരിക്കാതെ സ്വാര്‍ത്ഥതയില്‍ ചാലിച്ച ജീവിതം സ്വന്തത്തിനുപോലും ഹാനികരമാണ്. എന്നും വ്യക്തി സന്തോഷങ്ങളില്‍ ഒതുങ്ങി അതില്‍ അലിഞ്ഞു തീരാതെ സമൂഹത്തിന്റെ സാംസ്‌കാരികതയുടെ അപചയത്തിനു കാരണമാകുന്ന ഫാഷിസത്തിനെതിരെ മുഷ്ടിയുയര്‍ത്താന്‍ തയ്യാറാകുക. ‘രക്ത സാക്ഷിയുടെ രക്തത്തെക്കാള്‍ മഹത്വമുണ്ട് പണ്ഡിതന്റെ തൂലികയിലെ മഷിക്കെന്ന്’എഴുതിവെക്കപ്പെട്ട ഗ്രന്ഥശാലകളില്‍ നിന്നും അക്ഷരത്തെയും എഴുത്തുകാരെയും അറിഞ്ഞവരാണ് നമ്മള്‍. അത്തരത്തില്‍ അവര്‍ക്ക് നമ്മുടെ ജീവിതത്തില്‍ ഒരിടം നല്‍കിയിരിന്നു. എന്നാല്‍ നമ്മുടെ മൗനം ഫാഷിസത്തിനെതിരെ രക്തത്തെക്കാള്‍ മഹത്വമുളള മഷികള്‍ക്കൊണ്ട് അവര്‍ കുറിച്ചുവെച്ച വിയോജന കുറിപ്പുകളെ മരവിപ്പിക്കുന്നതിനു തുല്യമാണ്. കലയെ സ്‌നേഹിക്കുന്നവരും അതിനോട് പ്രതിബദ്ധ ഉള്ളവര്‍ക്കും മൗനം അത്ര സുഖിച്ച ഏര്‍പ്പാടല്ല. അധ്യാപകന്‍, മാധ്യമപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഉദയ് പ്രകാശ് ഫാഷിസത്തിന്റെ വെടിയുണ്ടകളോട് പ്രതികരിച്ചത് തനിക്ക് ലഭിച്ച കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ച് കൊടുത്താണ്. തുടര്‍ന്ന് അതൊരു കൊടുങ്കാറ്റായി ഇന്ത്യയില്‍ ഒട്ടാകെ വീശി. അദ്ദേഹത്തിന്റെ പ്രതിഷേധം സാഹിത്യ അക്കാദമിയോട് മാത്രമുള്ളതല്ല മറിച്ച് കല്‍ബുര്‍ഗിയെയും, ദഭോല്‍ക്കറെയും, പന്‍സാരെയേയും അതുപോലെ ഓരോ ചിന്തകരെയും കൊല്ലാന്‍ ഗൂഢാലോചന ചെയ്തവരോടും അവരുടെ പ്രത്യയശാസ്ത്രത്തോടും അതു നടപ്പാക്കയവരോടും അന്വേഷണത്തെ അട്ടിമറിച്ചവരോടും നിശബ്ദതയാല്‍ ആ രക്തത്തില്‍ പങ്ക് ചേര്‍ന്നവരോടുമുള്ള പ്രതിഷേധമായിരുന്നു. നിശബ്ദതയാല്‍ ആ രക്തത്തില്‍ പങ്ക് ചേര്‍ന്നവരില്‍ ഏതോ അര്‍ത്ഥത്തില്‍ നാമും ഉള്‍പ്പെടുന്നുണ്ടോ? ഫാഷിസം വരച്ച വരയിലൂടെ മാത്രം നീങ്ങിയ സാഹിത്യകാരന്‍മാരും സാംസ്‌കാരിക നായകന്മാരും ഉണ്ടെന്നും വിവാദങ്ങള്‍ തെളിയിച്ചു. ഭൂരിഭാഗം സാഹിത്യകാരന്‍മാരുടെയും മൗനം പ്രതികരണ ശേഷിയുള്ളവരുടെ വാക്കുകളെ മരവിപ്പിക്കുന്നതാണ്. കല്‍ഭുര്‍ഗി, ദഭോല്‍ക്കര്‍, പന്‍സാരെ ഇവരെല്ലാം രക്തസാക്ഷിത്വം വരിക്കേണ്ടി വന്നത് അവര്‍ ജീവിച്ചത് കൊണ്ടാണ്. ചിന്തയെയും മനസാക്ഷിയെയും കൊലക്ക് കൊടുക്കാത്തത് കൊണ്ടാണ്. എഴുത്ത് കേവലം കലയല്ല, മറിച്ച് പ്രതിരോധത്തിന്റെ തീക്കനലും അടയാളവുമാണ്.
(ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ വിദ്യാര്‍ഥിയാണ് ലേഖകന്‍)

Related Articles