Current Date

Search
Close this search box.
Search
Close this search box.

എന്റെ ജീവിതത്തെ സ്വാധീനിച്ച പണ്ഡിതന്‍മാര്‍

പ്രമുഖ മാനേജ്‌മെന്റ് വിദഗ്ദ്ധന്‍, എഴുത്തുകാരന്‍, വാഗ്മി, ഇസ്‌ലാമിക ചിന്തകന്‍, പ്രബോധകന്‍, എന്നീ നിലകളില്‍ അറബ് മുസ്‌ലിം ലോകത്ത് പ്രശസ്തനാണ് ഡോ. ത്വാരിഖ് സുവൈദാന്‍. രിസാല ചാനലില്‍ ‘ജീവിതം എന്നെ പഠിപ്പിച്ചത്’ എന്ന തലകെട്ടില്‍ വിവധ എപ്പിസോഡുകളായി പ്രക്ഷേപണം ചെയ്തതും, പിന്നീട് ‘ജീവിത പാഠശാല’ എന്ന പുസ്തക രൂപത്തില്‍ പ്രസ്ദ്ധീകരിച്ചതുമായ അദ്ദേഹത്തിന്റെ ആത്മകഥയുടെ ചെറിയൊരു ഭാഗമാണ് ഈ വിവര്‍ത്തനം. തന്റെ വിദ്യഭ്യാസ കാലഘട്ടത്തില്‍ തന്നില്‍ സ്വാധീനം ചെലുത്തിയ നിരവധി പണ്ഡിതന്മാരുമായുള്ള സഹാവസത്തിന്റെ സ്മരണകള്‍ അയവിറക്കുകയാണിവിടെ. വ്യത്യസ്തമായ ചിന്തധാരകള്‍ വെച്ച് പുലര്‍ത്തിയിരുന്നവര്‍ പോലും അദ്ദേഹത്തിന്റെ ഗുരുവര്യന്മാരിലുണ്ട്. അവരില്‍ നിന്നും കിട്ടിയ അറിവുകളും അനുഭവങ്ങളും ഇന്നും ഡോ. സുവൈദാന്റെ  നിലപാടുകളിലും, വീക്ഷണങ്ങളിലും പ്രതിഫലിക്കുന്നത് കാണാം. – വിവര്‍ത്തകന്‍

العِلْمُ شَرَفٌ لا قَدْرَ لَهُ والأَدَبُ مالٌ لا خَوْفَ عليه

‘വിജ്ഞാനം വിലമതിക്കാനാവാത്ത ബഹുമതിയാണ്, സല്‍സ്വഭാവം ഭയക്കേണ്ടതില്ലാത്ത സമ്പത്തുമാണ്.’

ഉലമാക്കളുമായുള്ള സഹവാസത്തെക്കാള്‍ ഉദാത്തവും മനോഹരവുമായ ഒരു പാഠശാല വേറെയില്ല
പണ്ഡിതരുമായുള്ള സമ്പര്‍ക്കത്തിന്റെ നേട്ടങ്ങള്‍ കേവല വിജ്ഞാനത്തിലും, അറിവിലും മാത്രം ഒതുങ്ങുന്നില്ല. അറിവ് പുസ്തകങ്ങളിലും ഏടുകളിലും   ചിതറി കിടക്കുന്നുണ്ട്. എന്നാല്‍ പണ്ഡിതര്‍ അറിവും ഒപ്പം സല്‍സ്വഭാവവും പകര്‍ന്നു തരുന്നു. വിജ്ഞാനത്തോടൊപ്പം ശരിയായ ദിശാബോധവും വിവേചന ബുദ്ധിയും അഭ്യസിപ്പിക്കുന്നു. സംവാദത്തിന്റെ രീതിശാസ്ത്രം പഠിപ്പിക്കുന്നു. എതിരാളികളോട് സൗമ്യതയോടും സമചിത്തതയോടും പെരുമാറേണ്ട രീതിയും അവര്‍ നമുക്ക് പകര്‍ന്നു  നല്‍കുന്നു.

ശ്രേഷ്ഠരായ അനേകം പണ്ഡിത മഹത്തുക്കളോട് സമ്പര്‍ക്കം പുലര്‍ത്തുവാന്‍ കഴിഞ്ഞുവെന്നത് ദൈവം എനിക്ക് നല്‍കിയ മഹാഔദാര്യമാണ്. എന്റെ ഈ പ്രായത്തില്‍ അവരെ കണ്ടുമുട്ടാന്‍ കഴിഞ്ഞത് മഹാഭാഗ്യവും ബഹുമതിയുമായിട്ടാണ് ഞാന്‍ കാണുന്നത്.

1. ഉസ്താദ് അബുല്‍ അഅ്‌ലാ മൗദൂദി
പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍. 1903-ല്‍ ജനിച്ചു, 1979-ല്‍ ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ നിര്യാതനായി, മയ്യിത്ത് പാകിസ്താനില്‍ മറമാടി.
ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുന്‍നിര സൈദ്ധാന്തികരില്‍ ഒരാളായി അറിയപ്പെടുന്നു. ഇസ്‌ലാമിനും മുസ്‌ലിംസമൂഹത്തിനും നല്കിയയ സേവനങ്ങള്‍ മാനിച്ചു കൊണ്ട് പ്രഥമ കിങ് ഫൈസല്‍ അവാര്‍ഡ്  ജേതാവായി തിരഞ്ഞെടുക്കപ്പെട്ടു. മഹാനായ പണ്ഡിതന്‍ അബുല്‍ ഹസന്‍ അലി നദ്‌വി മൗദൂദിയെ കുറിച്ച് പറയുന്നതിങ്ങനെ: ‘മൗദൂദിയെപോലെ വൈജ്ഞാനികവും ചിന്താപരവുമായി ആധുനിക മുസ്‌ലിം തലമുറയെ സ്വാധീനിച്ച മറ്റൊരു വ്യക്തിത്വത്തെ എനിക്കറിയില്ല.’

മദീന മുനവ്വറയിലെ ‘ഇസ്‌ലാമിക സര്‍വകലാശാല’ എന്ന ആശയത്തിന്റെ ശില്പിയും, സര്‍വകലാശാല സ്ഥാപിതമായതിന് ശേഷം ബോര്‍ഡ് മെമ്പറും ആയിരുന്നു അദ്ദേഹം. അതുപോലെ ‘റാബിത്വത്തുല്‍  ആലമുല്‍ ഇസ്‌ലാമി’യുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. 60 ഗ്രന്ഥങ്ങളുടെ രചയിതാവ്. അദ്ദേഹത്തിന്റെ രചനകള്‍ അധികവും ഇസ്‌ലാമിക ചിന്തയില്‍ അധിഷ്ഠിതമായ ഫിലോസഫിയിലും, നവോത്ഥാനത്തിന്റെ വഴികളെ കുറിച്ചും, സ്വതന്ത്ര ചിന്തയില്‍ അധിഷ്ഠിതമായ സമാധാനപരമായ മാര്‍ഗങ്ങളില്‍ കൂടിയുള്ള പരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളിലും കേന്ദ്രീകരിച്ചു കൊണ്ടുള്ളതായിരുന്നു.

1973-ല്‍ അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് അദ്ധേഹത്തിന്റെ മകന്റെ വീട്ടില്‍ പോയി ഞാന്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ചിന്തകളുടെയും പരിശ്രമങ്ങളുടെയും പ്രതിഫലം തുലാസില്‍ നിറക്കട്ടെ, ആമീന്‍.

2. ഉസ്താദ് ഹസന്‍ അല്‍-ഹുദൈബി
ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ നായകരില്‍ രണ്ടാമന്‍. ജനനം 1909, മരണം 1973. ജഡ്ജിയായും, നിയമോപദേശകനുമായി ജീവിതം നയിച്ചു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ നേതൃത്വം ഏറ്റെടുത്ത ശേഷം ജോലി രാജിവെച്ചു. പ്രായാധിക്യം വകവെക്കാതെ അദ്ദേഹത്തെ നിരവധി തവണ ജയിലില്‍ അടച്ചു. ജീവിതത്തില്‍ ധാരാളം പരീക്ഷണങ്ങളെ അദ്ദേഹം നേരിട്ടു. ശൈഖ് ശഹീദ് ഹസനുല്‍ ബന്നയാണ് അദേഹത്തെ നേതൃത്വത്തിലേക്ക് നിര്‍ദ്ദേശിച്ചത്, ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ എന്ന നാമത്തെ കണ്ടെത്തിയതും.

1973-ലെ അനുഗ്രഹീതമായ ഹജ്ജ് വേളയില്‍, അയ്യായിരത്തിലധികം സഹോദരന്മാരുടെ കൂട്ടത്തില്‍ വെച്ച് അദേഹത്തെ കണ്ടുമുട്ടുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആ ജനങ്ങളുടെ ഇടയില്‍ വെച്ച് കുറഞ്ഞ നേരം എന്റെ അടുത്ത് നില്‍ക്കുകയും, എന്നെ നോക്കി പുഞ്ചിരിക്കുകയും, പ്രത്യേകമായി സലാം പറയുകയും ചെയ്തു. അത് എനിക്ക് വലിയ ആത്മധൈര്യമാണ് നല്‍കിയത്.

3. ഡോ. ഉമര്‍ സുലൈമാന്‍ അല്‍-അശ്ഖര്‍
കുവൈറ്റിന്റെ  മണ്ണിനെ അനുഗ്രഹീതമാക്കിയ പണ്ഡിതന്മാരില്‍ ഉന്നതന്‍. 1966-ല്‍ കുവൈറ്റിലേക്ക് ചേക്കേറുകയും, തന്റെ പ്രബോധനപരവും, വൈജ്ഞാനികവും, വിദ്യഭ്യാസപരമായും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി 1990-ല്‍ ജോര്‍ദാനിലേക്ക് തിരിച്ചു പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ് കീഴില്‍ വിദ്യ അഭ്യസിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. കുവൈറ്റിലെ ഹവല്ലിയിലെ പള്ളിയിലെ എന്റെ ഗുരുനാഥനായിരുന്നു. അഗാധമായ വിജ്ഞാനത്തിന്റെ ഉടമ, മഹാനായ പണ്ഡിതന്‍, അഖീദയില്‍ വിശേഷിച്ചും. അദ്ദേഹത്തില്‍ നിന്ന് കര്‍മശാസ്ത്രത്തിലും, ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലും ആഴത്തിലുള്ള അറിവ് നേടാന്‍് കഴിഞ്ഞുവെന്നത് വലിയൊരു നേട്ടമായിട്ടാണ് ഞാന്‍ കരുതുന്നത്. 1969-ല്‍ അദ്ദേഹത്തില്‍ നിന്ന് തുടങ്ങിയ പഠനം ഇന്നും തുടരുന്നു. (ഡോ. ഉമര്‍ സുലൈമാന്‍ അല്‍-അശ്ഖര്‍ 2012 ആഗസ്റ്റ് 10-ന് മരണപ്പെട്ടു. അതിന് മുമ്പ് രചിക്കപ്പെട്ട പുസ്തകമാണിത്.)

4. ശൈഖ് മുഹമ്മദ് നാസിറുദ്ദീന്‍ അല്‍ബാനി
1914-ല്‍ അല്‍ബാനിയയുടെ തലസ്ഥാന നഗരിയില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ കുടുംബത്തോടൊപ്പം ദമാസ്‌കസിലേക്ക് ചേക്കേറി. പിതാവിന്റെ മേല്‍നോട്ടത്തില്‍ വിദ്യാഭ്യാസം നേടി. ഹദീസ് വിജ്ഞാനത്തില്‍ അഗ്രഗണ്യനായ പണ്ഡിതനായി അറിയപ്പെട്ടു. 1999 ല്‍ ദമാസ്‌കസില്‍ നിര്യാതനായി. 1970-ല്‍ എന്റെ 17-ാമത്തെ വയസ്സില്‍ ഞാന്‍ ദമാസ്‌കസിലെ വീട് സന്ദര്ശി.ച്ചു. തൊട്ടടുത്ത വര്ഷം രണ്ടാമതൊരിക്കല്‍ കൂടി, ദമാസ്‌കസിലെ ഉമയ്യ പള്ളിയിലെ അദ്ദേഹത്തിന്റെ ലൈബ്രറിയില്‍ വ്യക്തിപരമായ സന്ദര്‍ശ്‌നം നടത്തി.

5. ഡോ. യൂസുഫുല്‍ ഖറദാവി
ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍, യൂറോപ്യന്‍ ഫത്‌വ ഗവേഷണ സഭയുടെ തലവന്‍, ഇസ്‌ലാമിക കര്‍മശാസ്ത്ര അക്കാദമി അംഗം, പ്രശസ്ത കര്‍മശാസ്ത്ര വിശാരദന്‍, യുക്തിമാനായ പ്രബോധകന്‍.
ഒരേസമയം മിതവും തീക്ഷ്ണവുമായ നിലപാടുകളുടെ വക്താവ്. പ്രസിദ്ധനായ മിതവാദി പ്രബോധകന്‍ എന്ന നിലയില്‍ ഗണിക്കപ്പെടുന്നു. ഈ കാലഘട്ടത്തിലെ വ്യതിരിക്തമായ ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ  ഉടമ എന്ന നിലയില്‍ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

എന്റെ പഠന കാലത്ത് അമേരിക്കയില്‍ ഞങ്ങളെ സന്ദര്‍ശിച്ചപ്പോള്‍,  അറിവും, മതത്തിന്റെ സമഗ്രതയെ ഗ്രഹിക്കേണ്ട രീതിയും, അദ്ദേഹം ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കി.  അതിനു ശേഷം ഇന്നുവരെ ഞങ്ങള്‍ക്കികടയില്‍ ധാരാളം കൂടിച്ചേരലുകള്‍ ഉണ്ടായിട്ടുണ്ട്. ‘ഖറദാവി ശിഷ്യന്മാരുടെ സംഗമത്തില്‍’ മുഖ്യ പ്രഭാഷകനായി എന്നെ തിരഞ്ഞെടുത്തതില്‍ ഞാന്‍ വളരെയധികം അഭിമാനം കൊള്ളുന്നു. അതുപോലെ, നിരവധി തവണ വ്യക്തിപരമായി അദ്ദേഹത്തെ കാണാന്‍ സാധിച്ചത് എനിക്ക് വളരെയധികം അഭിമാനവും, ആഹ്ലാദവും പകരുന്നതാണ്.           

6. ഉസ്താദ് മുസ്തഫ മശ്ഹൂര്‍
ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ  നേതൃനിരയിലെ പ്രമുഖരില്‍ ഒരാള്‍. 1996-ല്‍ മുഹമ്മദ് ഹാമിദ് അബുന്നാസിറിന്റെ മരണ ശേഷം ഇഖ്‌വാന്റെ നേതൃത്വം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പ്രബോധന സാമൂഹ്യ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിരവധി തവണ അറസ്റ്റ് ചെയ്യപ്പെടുന്നതിനും ജോലി നഷ്ടപ്പെടുന്നതിനും കാരണമായിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധനത്തെ കുറിച്ചും കര്‍മശാസ്ത്രത്തെ കുറിച്ചും അടിസ്ഥാന പ്രമണങ്ങളെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ അനായസകരവും, ലളിതവുമായ വിശദീകരണങ്ങള്‍ വളരെ പ്രശസ്തമാണ്. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ  അണികളില്‍ അദ്ദേഹത്തിന് ഉന്നതമായ സ്ഥാനമുണ്ട്. 2002-ല്‍ അദ്ദേഹം തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് നിര്യാതനായി.
അമേരിക്കയിലും, കുവൈറ്റിലും വെച്ച് നിരവധി സന്ദര്‍ഭങ്ങളില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച്ചക്ക് അവസരം ലഭിച്ചിട്ടുണ്ട്. പ്രസ്തുത കൂടിക്കാഴ്ച്ചകള്‍ ഞങ്ങള്‍ക്കിടയില്‍ സവിശേഷമായ ഒരു ആത്മബന്ധം സൃഷ്ടിച്ചിരുന്നു.

7. ഡോ. അബ്ദുല്ല അസ്സാം
ശരിയായ അഫ്ഗാന്‍ ജിഹാദിന്റെ മുന്‍നിര പോരാളി. ഫലസ്തീനില്‍ ജനനം. അനേകം അറബ് നാടുകളില്‍ മാറി മാറി താമസിച്ചു. നിരവധി സര്‍വകലാശാലകളിലും, വിദ്യഭ്യാസ സ്ഥാപനങ്ങളിലും അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചു.  1982-ല്‍ അറബ് യുവാക്കള്‍ ജിഹാദില്‍ പങ്കാളികളാകുന്ന ഘട്ടത്തില്‍ അദ്ദേഹവും അതില്‍ പങ്കാളിയായി. ഇതിലൂടെ അഫ്ഗാന്‍ പ്രശ്‌നം ആഗോള ഇസ്‌ലാമിക വിഷയമായി  മാറ്റുന്നതിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണ്ണായകമാണ്. 1989-ല്‍    പെഷവാറില്‍ മക്കളായ മുഹമ്മദിനും, ഇബ്രാഹിമിനും ഒപ്പം ജുമുഅ നമസ്‌ക്കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ ശഹീദായി.
ഞാന്‍ ധാരാളം പ്രാവശ്യം അമേരിക്കയിലും, കുവൈറ്റിലും, മക്കയിലും വെച്ച് കണ്ടുമുട്ടിയിരിക്കുന്നു. അദ്ദേഹത്തോടുള്ള സവിശേഷമായ സ്‌നേഹം എന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നു.

8. അല്ലാമ മുഹമ്മദ് അഹ്മദ് റാശിദ്
അദ്ദേഹത്തിന്റെ  യദാര്‍ത്ഥ നാമം അബ്ദുല്‍ മുന്‍ഇം സാലിഹ് അല്‍-അലി അല്‍-ഉസ്സി. ബാഗ്ദാദില്‍ 1938-ല്‍ ജനനം. പ്രമുഖ ഇസ്‌ലാമിക പ്രബോധകനായ അദ്ദേഹം മുഹമ്മദ് അഹ്മദ് റാശിദ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉന്നത നിലവാരം പുലര്ത്തുന്ന സഹിത്യശൈലിയാണ് അദ്ദേഹത്തിന്റൈ സവിശേഷത. രണ്ട് വര്‍ഷക്കാലം അദ്ദേഹത്തിന്റെ കീഴില്‍ വിദ്യാഭ്യാസം നേടാന്‍ എനിക്ക് അവസരം ലഭിച്ചു. അതിനു ശേഷം പലപ്പോഴും അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇസ്‌ലാമിക നിയമസംഹിതയില്‍ അവഗാഹം നേടുന്നതിനും, പ്രബോധന രംഗത്തും, പ്രസ്ഥാന രംഗത്തും അദ്ദേഹവുമായുള്ള സമ്പര്‍ക്കം  വളരെയധികം പ്രയോജനപ്പെട്ടു. ഞങ്ങള്‍ക്കിമടയില്‍ സവിശേഷവും ഊഷ്മളവുമായ  സ്‌നേഹബന്ധം ഇന്നുവരെ നിലനില്‍ക്കുന്നു.

9. ശൈഖ്  അബ്ദുല്‍ അസീസ് ബിന്‍ ബാസ്
പ്രശസ്തനായ പ്രബോധകന്‍, സൂക്ഷ്മത പുലര്‍ത്തുന്ന പണ്ഡിതന്‍, അനേകം മുസ്‌ലിം മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ വ്യക്തി. ചെറുപ്പത്തില്‍ കണ്ണിനെ ബാധിച്ച രോഗത്തെ തുടര്‍ന്ന്  കാഴ്ച്ച ശക്തി കുറയുകയും തുടര്‍ന്ന്  ഹിജ്‌റ 1350-ല്‍ കാഴ്ച്ചശക്തി പൂര്‍ണ്ണമായും നഷ്ട്ടപ്പെടകയും ചെയ്തു. ഹിജ്‌റ 1414-ല്‍ സൗദി അറേബ്യയിലെ ഔദ്യോഗിക മുഫ്തിയായി അദ്ദേഹത്തെ നിയമിച്ചു. കൂടാതെ മരണം വരെ സൗദി അറേബ്യയിലെ ഉന്നത പണ്ഡിതസഭയുടെ തലവനായും അദ്ദേഹം സേവനം അനുഷ്ടിച്ചു. എന്റെ  17 മത്തെ വയസ്സില്‍ തുടങ്ങിയ ബന്ധം നിരന്തരമായി നിലനിറുത്തുകയും ചെയ്തിരുന്നു. മരണത്തിന് രണ്ടുമാസം മുമ്പായിരുന്നു അവസാനമായി അദ്ദേഹത്തെ സന്ദര്‍ശിച്ചത്.

10. ശൈഖ്  മുഹമ്മദ് ബിന്‍ ഉഥൈമീന്‍
അറബ് ലോകത്തെ പ്രമുഖ പണ്ഡിതരില്‍ ഒരാളായി ഗണിക്കപ്പെടുന്നു.   അറിവിന്റെ നിര്‍ത്ധരി, പരിണത പ്രജ്ഞനായ പ്രബോധകന്‍. ശൈഖ് അബ്ദുറഹ്മാന്‍ അല്‍സഅ്ദിയുടെ ശിഷ്യത്വം അദ്ദേഹത്തില്‍ ശക്തമായ സ്വധീനം ചെലുത്തി. ശൈഖ് ഇബ്‌നു ബാസിനോട് സമാനമായി ചേര്ത്ത് പറയുന്ന പണ്ഡിത കേസരി. പഠനങ്ങളിലും ക്ലാസ്സുകളിലും യോഗങ്ങളിലും മറ്റുമായി മറ്റുള്ളവര്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതില്‍ പുലര്‍ത്തിയിരുന്ന സൂക്ഷ്മതയും, ഉദാരമനസ്‌കതയും അദ്ദേഹം ജീവിതകാലം മുഴുവനും കാത്ത് സൂക്ഷിച്ചിരുന്നു. ഹിജറ 1421-ല്‍ മരിച്ചു.

അല്‍-ഖസീമിലെ അദ്ദേഹത്തിന്റെ ഭവനത്തില്‍ സന്ദര്‍ശനം നടത്തുകയുണ്ടായി. എന്റെ സന്ദര്‍ശന വേളയില്‍ ഉണ്ടായിരുന്ന ഡോ. അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഉഥൈമിയെ എനിക്ക് പരിചയപ്പെടുത്തി തന്നു. അമൂല്യമായ നിരവധി ഉപദേശങ്ങള്‍ നല്‍കുയകയും, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ ഒന്ന് എന്റെ പേരെഴുതി സമ്മാനിക്കുകയും ചെയ്തു.
എന്റെഹ 17 ാമത്തെ വയസ്സില്‍ തുടങ്ങിയ ബന്ധം നിരന്തരമായി നിലനിറുത്തുകയും ചെയ്തിരുന്നു. മരണത്തിന് രണ്ടുമാസം മുമ്പായിരുന്നു അവസാനമായി ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്.

11. ശൈഖ്  അബ്ദുല്‍ ഫതാഹ് അബുഗുദ്ദ
സിറിയയിലെ ഹലബില്‍ നിന്നുമുള്ള ഉലമാക്കളുടെ കൂട്ടത്തില്‍ പെടുന്നു. ഹദീസ് ശാസ്ത്രത്തില്‍ ഏറെ നിപുണനായ പണ്ഡിതന്‍. വിജ്ഞാനത്തിന്റെ തേജസ് പൊതുവെ സൗന്ദര്യവാനായ അദ്ദേഹത്തിന്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. സമയത്തിന്റെ കാര്യത്തില്‍ കൃത്യനിഷ്ഠതയും, അറിവില്‍ സൂക്ഷ്മതയും കണിശതയും പുലര്‍ത്തുന്നു അദ്ദേഹം. അമൂല്യങ്ങളായ നിരവധി ഗ്രന്ഥങ്ങളുടെ ഉടമയാണ്. ‘സമയത്തിന്റെ മൂല്യം പണ്ഡിതന്മാര്‍ക്കിടയില്‍’, ‘സാത്വികരായ പണ്ഡിതന്മാമരുടെ പേജുകള്‍’ എന്നിവയാണ് പ്രശസ്തമായ ഗ്രന്ഥങ്ങള്‍. 1996-ല്‍ റിയാദില്‍ വെച്ച് മരണമടഞ്ഞു.

പലതവണ അദ്ദേഹവുമായി കണ്ടുമുട്ടാനുള്ള ഭാഗ്യം സിദ്ധിച്ചു. അമേരിക്കയിലെ എന്റെ പഠനകാലത്തെ അദ്ദേഹത്തിന്റെ സന്ദര്‍ശനമാണ് അതില്‍ ദീര്‍ഘമായത്. അമേരിക്കന്‍ സമൂഹത്തിന്റെ പ്രകൃതം പരിചയപ്പെടുത്തുവാന്‍ എന്റെ  വാഹനത്തില്‍ കൊണ്ട് നടന്നതില്‍ ഞാന്‍ ചാരിതാര്‍ത്ഥ്യം  കൊള്ളുന്നു.

മൊഴിമാറ്റം: അബ്ദുസ്സമദ് പി.എം. കുവൈറ്റ്‌

Related Articles