Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമില്‍ നീയെത്ര സൗഭാഗ്യവതി

ഇസ്‌ലാം സ്ത്രീകളോട് അനീതി കാണിച്ചുവെന്ന് ആരോപിക്കുന്ന ഹൃദയത്തിന് വക്രത ബാധിച്ചവരാണ് യഥാര്‍ത്ഥത്തില്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നത്. ശരീഅത്ത് പ്രകാരം സ്ത്രീക്ക് പുരുഷന്റെ പകുതി ഓഹരി മാത്രമാണ് അനന്തരസ്വത്തിലുള്ളത്. കൈകാര്യകര്‍തൃത്വം പുരുഷന് നല്‍കുന്നതിലൂടെ അവള്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. അവളുടെ സാക്ഷ്യത്തിന് പുരുഷന്റെ സാക്ഷ്യത്തിന് പകുതി വിലമാത്രമേ കല്‍പ്പിക്കുന്നുള്ളൂ. ബുദ്ധിയുടെയും ദീനിന്റെയും കാര്യത്തില്‍ ന്യൂനതയുള്ളവളായാണ് അവളെ എണ്ണുന്നത.് ഇവയെല്ലാം മേല്‍ക്കൂട്ടര്‍ തങ്ങളുടെ വാദത്തിന് ന്യായമായി നിരത്തുന്നവയാണ്. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമില്‍ സ്ത്രീ ഏറ്റവും വലിയ സൗഭാഗ്യവതിയാണ്. ജനനം മുതല്‍ അവളുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവള്‍ക്ക് മുന്തിയ പരിഗണനയാണ് ഇസ്‌ലാം നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് മുസ്‌ലിം സ്ത്രീകളെങ്കിലും ബോധവതികളായിരിക്കേണ്ടതുണ്ട്. തങ്ങളുടെ ദീനിനെ കുറിച്ച് തെറ്റായ ധാരണകള്‍ വെച്ചു പുലര്‍ത്താതിരിക്കാന്‍ അതാവശ്യമാണ്. ഇസ്‌ലാം സ്ത്രീക്ക് നല്‍കിയിരിക്കുന്ന പരിഗണനകളാണ് തുടര്‍ വരികളില്‍ പറയുന്നത്.

കുട്ടിയായിരിക്കുമ്പോള്‍

മാതാപിതാക്കളുടെ മനസില്‍ അവള്‍ക്കായി ഇസ്‌ലാം വാത്സല്യം നിറച്ചിരിക്കുന്നു. അവളോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നത് നരകമോചനത്തിനും സ്വര്‍ഗ്ഗലബ്ദിക്കുമുള്ള മാര്‍ഗ്ഗമായി പരിചയപ്പെടുത്തുന്നു. ആഇശ(റ) പറയുന്നു: ‘എന്റെ അടുക്കല്‍ ഒരു സ്ത്രീ വന്നു. അവളോടൊപ്പം രണ്ട് പെണ്‍കുട്ടികളുമുണ്ടായിരുന്നു. എന്റെയടുക്കല്‍ വല്ലതുമുണ്ടോ എന്നവര്‍ ചോദിച്ചു. ഒരു ഈത്തപ്പഴം മാത്രമേ എന്റെയടുത്ത് ഉണ്ടായിരുന്നുള്ളൂ. ഞാനത് അവള്‍ക്ക് നല്‍കി. അവളത് രണ്ട് കുട്ടികള്‍ക്കുമായി വീതിച്ചു. അവളതില്‍ നിന്ന് ഒന്നും കഴിച്ചില്ല. പിന്നെ അവര്‍ എഴുന്നേറ്റ് പോയതിന് ശേഷം നബി(സ)യുടെ അടുക്കല്‍ ചെന്ന് ഈ സംഭവം വിവരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ആരെങ്കിലും പെണ്‍കുട്ടികളെ കൊണ്ട് പരീക്ഷിക്കപ്പെടുകയും അവരോട് നല്ലനിലയില്‍ പെരുമാറുകയും ചെയ്താല്‍ അവര്‍ അവന് നരകത്തില്‍ നിന്ന് ഒരു മറയായിരിക്കും.’ (മുസ്‌ലിം)

അവരോട് മോശമായി പെരുമാറുന്നവരെ അല്ലാഹു താക്കീത് നല്‍കിയിട്ടുമുണ്ട്. ‘കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് ചോദിക്കുമ്പോള്‍. ഏതൊരു പാപത്തിന്റെ പേരിലാണ് താന്‍ വധിക്കപ്പെട്ടതെന്ന്.’ (അത്തക്‌വീര്‍: 8-9) ഈ സൂക്തത്തിന്റെ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍ പറയുന്നു: ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് അന്ത്യദിനത്തില്‍ എന്തുതെറ്റിന്റെ പേരിലാണ് കൊല്ലപ്പെട്ടതെന്ന് ചോദിക്കും. അവളെ കൊന്നവരോടുള്ള ഒരു ഭീഷണിയാണിത്. അക്രമത്തിനിരയായവരോട് ഇങ്ങനെ ചോദിക്കുമ്പോള്‍ എന്തായിരിക്കും അക്രമിയുടെ അവസ്ഥ?

പരലോകത്ത് അവളുടെ രക്തത്തിന് പകരം ചോദിക്കുമെന്നാണ് ഇബനു അബ്ബാസ്(റ) ഇതിനെ വിശദീകരിച്ചിട്ടുള്ളത്. ഇമാം ശൗകാനി പറയുന്നു: ചോദ്യം അവളുടെ നേര്‍ക്കുന്നയിച്ചിരിക്കുന്നത് കൊലയാളിയോടുള്ള കോപത്തിന്റെ ശക്തി പ്രകടിപ്പിക്കുന്നതിനാണ്. അയാള്‍ അഭിസംബോധന ചെയ്യാനോ ചോദിക്കാനോ പോലും അര്‍ഹനല്ല. കൊലയാളിയോടുള്ള ആക്ഷേപവും നിന്ദയുമാണ് ഈ പ്രയോഗം കാണിക്കുന്നത്. (ഫത്ഹുല്‍ ഖദീര്‍)

വിവേകമെത്തുന്ന പ്രായം വരെ അവളെ ആദരിക്കണമെന്ന് പ്രത്യേകം അനുശാസിക്കുന്നു. അനസ് ബിന്‍ മാലിക്(റ) നിന്ന് ഉദ്ധരിക്കുന്നു, പ്രവാചകന്‍(സ) പറഞ്ഞു: ‘ആരെങ്കിലും രണ്ട് പെണ്‍കുട്ടികള്‍ക്ക് അവര്‍ വിവേകമെത്തുന്നത് വരെ ആശ്രയം നല്‍കിയാല്‍ അന്ത്യദിനത്തില്‍ ഞാനും അവനും ഇപ്രകാരമായിരിക്കും’ ശേഷം നബി(സ) തന്റെ വിരലുകള്‍ ചേര്‍ത്ത്് വെച്ച് കാണിച്ചു. (മുസ്‌ലിം)

അവള്‍ ആശ്രയിച്ചിരുന്ന വ്യക്തി മരണപ്പെട്ടാല്‍ അവള്‍ക്ക് അനന്തര സ്വത്തില്‍ നിശ്ചിതമായ ഓഹരി ഉണ്ടായിരിക്കും. അല്ലാഹു പറയുന്നു: ‘മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും വിഹിതമുണ്ട്. സ്വത്ത് കുറവായാലും കൂടുതലായാലും ശരി.’ (അന്നിസാഅ് : 7)

അറബികള്‍ക്കിടയില്‍ അനന്തരസ്വത്ത് സ്ത്രീകള്‍ക്ക് വിലക്കപ്പെട്ട ഒന്നായിരുന്നു. ഇസ്‌ലാം ഖണ്ഡിതമായ തെളിവുകളിലൂടെ അത് സ്ഥാപിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ പുരുഷന്‍മാരുടെ ഓഹരിയുടെ കൂട്ടത്തില്‍ ഉള്‍ക്കൊള്ളിക്കാതെ സ്ത്രീകളുടെ ഓഹരി പ്രത്യേകം എടുത്ത് പറഞ്ഞു ഖുര്‍ആന്‍. അല്ലാഹു പറയുന്നു: “സ്ത്രീകള്‍ക്കും ഓഹരിയുണ്ട്” സ്ത്രീകള്‍ക്കുള്ള ഓഹരി ഇസ്‌ലാം പുതുതായി കൊണ്ടുവന്ന ഒന്നായതുകൊണ്ടാണ് ഇപ്രകാരം പ്രത്യേകം എടുത്തുപറഞ്ഞത്. ഇസ്‌ലാം വരുന്നതിന് മുമ്പ് പുരുഷന്‍മാര്‍ അനന്തരമെടുത്തപ്പോഴും സ്ത്രീകള്‍ക്ക് അത് വിലക്കപ്പെട്ടിരുന്നു. പുരുഷ ഓഹരിയുടെ പകുതി അവളുടെ ഓഹരിയായി ഇസ്‌ലാം നിശ്ചയിച്ചു. അവളെത്ര ചെറുതാണെങ്കിലും അത് അവളുടെ നിര്‍ബന്ധ ഓഹരിയാണ്. അവള്‍ വിവാഹിതയായാല്‍ അവളുടെ എല്ലാ ചെലവുകളും വഹിക്കേണ്ടത് ഭര്‍ത്താവാണ്. അതുപോലെ അവളുടെ അവകാശമായി വിവാഹ സമയത്ത് മഹ്‌റും ലഭിക്കുന്നു. ഇതെല്ലാം പരിഗണിക്കുമ്പോള്‍ അവള്‍ക്ക് അനന്തരമായി കിട്ടുന്നത് ഒരു കരുതല്‍ ശേഖരമാണ്. തന്റെ ഇരട്ടി ഓഹരി ലഭിക്കുന്ന സഹോദരനെക്കാള്‍ ഭാഗ്യവതിയാണ് അവള്‍ ഇസ്‌ലാമില്‍. കാരണം അവന് മഹര്‍ നല്‍കുന്നതിനായി പണം ചെലവഴിക്കണം, ഭാര്യയുടെയും മക്കളുടെയും ചെലവിന് കൊടുക്കണം. അവിടെയാണ് യുക്തിജ്ഞനും എല്ലാം അറിയുന്നവനുമായ അല്ലാഹുവിന്റെ യുക്തി പ്രകടമാവുന്നത്. അല്ലാഹു പറയുന്നു: “നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു: പുരുഷന്ന് രണ്ടു സ്ത്രീയുടെ വിഹിതത്തിന് തുല്യമായതുണ്ട്. അഥവാ, രണ്ടിലേറെ പെണ്‍മക്കള്‍ മാത്രമാണുള്ളതെങ്കില്‍ മരിച്ചയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗമാണ് അവര്‍ക്കുണ്ടാവുക. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പാതി ലഭിക്കും. മരിച്ചയാള്‍ക്ക് മക്കളുണ്ടെങ്കില്‍ മാതാപിതാക്കളിലോരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നു വീതമാണുണ്ടാവുക. അഥവാ, അയാള്‍ക്ക് മക്കളില്ലാതെ മാതാപിതാക്കള്‍ അനന്തരാവകാശികളാവുകയാണെങ്കില്‍ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. അയാള്‍ക്ക് സഹോദരങ്ങളുണ്ടെങ്കില്‍ മാതാവിന് ആറിലൊന്നാണുണ്ടാവുക. ഇതെല്ലാം മരണമടഞ്ഞയാളുടെ വസ്വിയ്യത്തും കടവും കഴിച്ചുള്ളവയുടെ കാര്യത്തിലാണ്. മാതാപിതാക്കളാണോ മക്കളാണോ നിങ്ങള്‍ക്ക് കൂടുതലുപകരിക്കുകയെന്ന് നിങ്ങള്‍ക്കറിയില്ല. ഈ ഓഹരി നിര്‍ണയം അല്ലാഹുവില്‍ നിന്നുള്ളതാണ്. അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ യുക്തിമാനുമത്രെ.'(അന്നിസാഅ്്: 11)

അവള്‍ വളര്‍ന്ന് വിവാഹപ്രായമെത്തിയാല്‍ അവളുടെ അഭിപ്രായം പരിഗണിച്ചാണ് വിവാഹം നടത്തേണ്ടത്. ലൈസ് ബിന്‍ സഅദില്‍ നിന്ന് അഹ്മദ് ഉദ്ദരിക്കുകയും ശൈഖ് അല്‍ബാനി സ്വീകാര്യത ശരിവെക്കുകയും ചെയ്ത ഒരു ഹദീസില്‍ പറയുന്നു: “സ്ത്രീകളുടെ വിഷയത്തില്‍ നിങ്ങള്‍ അവരുമായി കൂടിയാലോചന നടത്തുക.” ഇസ്‌ലാമേതരമായ ചില ദര്‍ശനങ്ങളില്‍ സ്ത്രീ ഒരു വില്‍പന ചരക്കുമാത്രമാണ്. അവളുടെ അഭിപ്രായങ്ങള്‍ക്ക് അവ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. അവളുടെ സ്ഥാനം ഉയര്‍ത്തുകയും നിന്ദ്യതയുടെ സ്ഥാനത്ത് പ്രതാപം നല്‍കുകയും ചെയ്ത ഇസ്‌ലാം കൂടിയാലോചനയില്‍ അവളെയും പങ്കാളിയാക്കി.

ഇണയെന്ന നിലയിൽ

ഇണകളില്‍ അവളാണ് പുരുഷനേക്കാള്‍ സൗഭാഗ്യവതി. കുടുംബജീവിതത്തിന്റെ ആയോധനത്തിനുളള ഉപാധികള്‍ക്കായി അവള്‍ പ്രയാസപ്പെടേണ്ടതില്ല. അല്ലാഹു പറയുന്നു: “അപ്പോള്‍ നാം പറഞ്ഞു: ‘ആദമേ, തീര്‍ച്ചയായും അവന്‍ നിന്റെയും നിന്റെ ഇണയുടെയും ശത്രുവാണ്. അതിനാല്‍ അവന്‍ നിങ്ങളിരുവരെയും സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാന്‍ ഇടവരാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാല്‍ നീ ഏറെ നിര്‍ഭാഗ്യവാനായിത്തീരും. ‘തീര്‍ച്ചയായും നിനക്കിവിടെ വിശപ്പറിയാതെയും നഗ്‌നനാകാതെയും കഴിയാനുള്ള സൌകര്യമുണ്ട്.” (ത്വാഹാ: 117-19)

സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത് അവര്‍ രണ്ടുപേരുമായിരുന്നു. എന്നാല്‍ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയ കാര്യം രണ്ട് പേരിലേക്കും ചേര്‍ത്തു പറയുമ്പോഴും ക്ലേശം സഹിക്കേണ്ടി വരുമെന്നുള്ളത് ആദം(അ)യിലേക്ക് മാത്രമാണ് ഖുര്‍ആന്‍ ചേര്‍ത്തത്. ജീവിക്കാനാവശ്യമായത് കൃഷി, കാലിവളര്‍ത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ നേടേണ്ടത് പുരുഷന്റെ ബാധ്യതയാണെന്ന് ഇത് വ്യക്തമാക്കുന്നു. യാതൊരു പ്രയാസവും കൂടാതെ സ്വര്‍ഗത്തില്‍ ആസ്വദിച്ചു കഴിയുകയായിരുന്ന ആദം(അ) അന്നത്തിനായി ക്ലേശം സഹിച്ച് അധ്വാനിക്കേണ്ടി വരുമെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. കാലികളെ മേയ്ക്കുന്നതിനും അതിന്റെ പ്രയാസങ്ങള്‍ സഹിക്കുന്നതിനും ഇറങ്ങി പുറപ്പെട്ട രണ്ട് പെണ്‍കുട്ടികളെ കണ്ടപ്പോള്‍ അത് അസാധാരണമായ ഒന്നായതു കൊണ്ടാണ് മൂസാ(അ) ഇപ്രകാരം ചോദിച്ചത്. “മദ്‌യനിലെ ജലാശയത്തിനടുത്തെത്തിയപ്പോള്‍ അവിടെ ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കുന്നതുകണ്ടു. അവരില്‍ നിന്ന് വിട്ടുമാറി രണ്ടു സ്ത്രീകള്‍ ആടുകളെ തടഞ്ഞു നിര്‍ത്തുന്നതായും. അതിനാല്‍ അദ്ദേഹം ചോദിച്ചു: ‘നിങ്ങളുടെ പ്രശ്‌നമെന്താണ്?’ അവരിരുവരും പറഞ്ഞു: ‘ആ ഇടയന്മാര്‍ അവരുടെ ആടുകളെ തിരിച്ചു കൊണ്ടുപോകും വരെ ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാനാവില്ല. ഞങ്ങളുടെ പിതാവാണെങ്കില്‍ അവശനായ ഒരു വൃദ്ധനാണ്” (അല്‍ ഖസസ്: 23) പിതാവ് വൃദ്ധനായതിനാല്‍ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് അവര്‍ക്ക് അധ്വാനത്തിനായി ഇറങ്ങേണ്ടി വന്നതെന്നും ഇവിടെ വ്യക്തമാണ്.

തങ്ങള്‍ക്ക് ആശ്വാസവും സന്തോഷവും പ്രദാനം ചെയ്യുന്നത് ഇസ്‌ലാമാണോ അതോ ഇതര പൈശാചിക സരണികളാണോയെന്നത് മുസ്‌ലിം സ്ത്രീകള്‍ തിരിച്ചറിയേണ്ടതുണ്ട്. വളരെയധികം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച് അവള്‍ക്ക് ചെലവിന് കൊടുക്കുന്നത് പോലും സ്വദഖയാക്കിയിരിക്കുന്നു എന്നത് അവളോട് ഇസ്‌ലാം എത്രത്തോളം കരുണകാണിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. അവള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ പുരുഷനെ പ്രേരിപ്പിക്കുകയാണ് ഇത് മുഖേനെ ഇസ്‌ലാം ചെയ്യുന്നത്. പ്രവാചകന്‍(സ) പറയുന്നു: “നിന്റെ കുടുംബത്തിന് വേണ്ടി നീ ചെയ്യുന്നതെല്ലാം സ്വദഖയാണ്.”

ജാഹിലിയ്യാ കാലത്തേത് പോലെ അവളെ അനന്തരമെടുത്തിരുന്നത് ഇസ്‌ലാം നിര്‍ത്തലാക്കി. മഹ്ര്‍ നല്‍കി അവളുടെ തൃപ്തിപ്രകാരം അവളെ വിവാഹം ചെയ്യണമെന്ന് ഇസ്‌ലാം നിശ്ചയിച്ചു. അല്ലാഹു പറയുന്നു: “സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം തികഞ്ഞ തൃപ്തിയോടെ നല്‍കുക. അതില്‍ നിന്നെന്തെങ്കിലും അവര്‍ നല്ല മനസ്സോടെ വിട്ടുതരികയാണെങ്കില്‍ നിങ്ങള്‍ക്കത് സ്വീകരിച്ചനുഭവിക്കാം.” (അന്നിസാഅ്്: 4) മഹ്‌റിനെ കുറിക്കാന്‍ ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്ന പദം ‘സ്വദുഖ’ എന്നതാണ്. കൊടുത്ത വ്യക്തിക്ക് അതില്‍ പിന്നെ യാതൊരു അവകാശവും അവശേഷിക്കാത്തതാണ് സ്വദഖ, അതുപോലെയാണ് മഹ്‌റും അതിന്റെ അവകാശി സ്ത്രീ മാത്രമാണ്. മറ്റാര്‍ക്കും അതില്‍ യാതൊരു ഓഹരിയുമില്ല. (ആതുനിസ്സാഅ സ്വദുഖാത്തിഹിന്ന) ഉയര്‍ന്ന കൈകൊണ്ട് സ്വീകരിക്കുന്ന സ്വദഖയാണത്. അവളുദ്ദേശിക്കുന്നത് പോലെയത് ചെലവഴിക്കാം. സ്ത്രീക്ക് പുരുഷന്‍ വിവാഹ സമയത്ത് നല്‍കുന്ന നിര്‍ബന്ധ ദാനമാണത്.

അവള്‍ക്ക് വേണ്ടി ചെലവഴിക്കുന്നത് കൊണ്ട് മാത്രം അവളോടുള്ള കടമ അവസാനിക്കുന്നില്ല. മറിച്ച് അവളോട് നന്മയില്‍ വര്‍ത്തിക്കുകയും പെരുമാറുകയും വേണം. ഭാര്യമാരോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നത് മാന്യതയുടെയും സല്‍സ്വഭാവത്തിന്റെയും അടയാളമായിട്ടാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ആഇശ(റ)ല്‍ നിന്നുദ്ധരിക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു: “നിങ്ങളില്‍ ഉത്തമന്‍ ഭാര്യമാരോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവനാണ്, ഞാന്‍ ഭാര്യയോട് നല്ലനിലയില്‍ പെരുമാറുന്നവനാണ്.” അബൂഹൂറൈറയില്‍ നിന്നുദ്ധരിക്കുന്നു: “വിശ്വാസികളില്‍ വിശ്വാസം ഏറ്റം പൂര്‍ണ്ണമായിട്ടുള്ളവര്‍ സല്‍സ്വഭാവമുള്ളവരാണ്, സ്ത്രീകളോട് നന്നായി പെരുമാറുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍.”

വൈവാഹിക ബന്ധം വേര്‍പ്പെടുത്തുമ്പോള്‍ പോലും സ്ത്രീക്ക് ഇസ്‌ലാം പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. തിരിച്ചെടുക്കാവുന്ന ത്വലാഖാണെങ്കില്‍ അവളുടെ ഇദ്ദാ കാലയളവിലെ ചെലവ് വഹിക്കേണ്ടത് ഭര്‍ത്താവാണ്. ഇദ്ദാകാലം പൂര്‍ത്തീയാകുന്നത് വരെ അവള്‍ അവന്റെ ഭാര്യതന്നെയാണ്. അവനുദ്ദേശിക്കുന്നുവെങ്കില്‍ അവളെ തിരിച്ചെടുക്കാവുന്നതാണ്. ഇനി ഇദ്ദാകാലം കഴിഞ്ഞ് അവളെ ഒഴിവാക്കുകയാണെങ്കില്‍ വളരെ മാന്യമായി പിരിച്ചയക്കണമെന്നാണ് ഖുര്‍ആന്‍ കല്‍പ്പിക്കുന്നത്. അല്ലാഹു പറയുന്നു: “നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയും അങ്ങനെ അവരുടെ അവധി എത്തുകയും ചെയ്താല്‍ അവരെ ന്യായമായ നിലയില്‍ കൂടെ നിര്‍ത്തുക. അല്ലെങ്കില്‍ മാന്യമായി പിരിച്ചയക്കുക. അവരെ ദ്രോഹിക്കാനായി അന്യായമായി പിടിച്ചുവെക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കില്‍ അവന്‍ തനിക്കുതന്നെയാണ് ദ്രോഹം വരുത്തുന്നത്. അല്ലാഹുവിന്റെ വചനങ്ങളെ നിങ്ങള്‍ കളിയായിട്ടെടുക്കാതിരിക്കുവിന്‍. അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. അല്ലാഹു നിങ്ങളെ ഉപദേശിക്കാനായി വേദപുസ്തകവും തത്ത്വജ്ഞാനവും ഇറക്കിത്തന്നതും ഓര്‍ക്കുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അറിയുക: നിശ്ചയമായും അല്ലാഹു എല്ലാം അറിയുന്നവനാണ്.” (അല്‍ബഖറ: 231)

വിവ: അഹ്മദ് നസീഫ് തിരുവന്പാടി

Related Articles