Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക വിജയങ്ങളും അധിനിവേശവും

futhihath-islamiya.jpg

ചോദ്യം: ഇസ്‌ലാമിന്റെ പ്രതാപകാലത്തുണ്ടായ വിജയങ്ങള്‍ ധാരാളം പേര്‍ സംശയത്തോടെ കാണുന്ന വിഷയമാണ് . എന്തായിരുന്നു അതിന്റെ കാരണം? ഒരു തരത്തിലുള്ള അധിനിവേശം തന്നെയല്ലെ ഇതും? വാളിന്റെ ശക്തികൊണ്ട് ഇസ്‌ലാം സ്വീകരിക്കാന്‍ ആളുകളെ നിര്‍ബന്ധിക്കുകയായിരുന്നില്ലേ അതെല്ലാം?

മറുപടി: ചരിത്രത്തിന്റെ ശരിയായ വായന നടത്തുന്നവര്‍ക്ക് പ്രസ്തുത വിജയങ്ങളുടെ ലക്ഷ്യങ്ങള്‍ വ്യക്തമാണ്. അവ ചുവടെ പറയുന്നു:-
1. പ്രസ്തുത നാടുകള്‍ ഭരിച്ചിരുന്ന ധിക്കാരികളും അക്രമികളുമായ ഭരണാധികാരികളുടെ ശക്തി ക്ഷയിപ്പിക്കാനായിരുന്നു യുദ്ധങ്ങള്‍ നടത്തിയിരുന്നത്. മുഹമ്മദ് നബി(സ) കൊണ്ടുവന്ന ഖുര്‍ആനികാധ്യാപനങ്ങളും ഇസ്‌ലാമിന്റെ സന്ദേശവും കേള്‍ക്കുന്നതില്‍ നിന്ന് അവരെ തിരിച്ചു വിടുന്നവരായിരുന്നു അവര്‍. കിസ്‌റയേയും കൈസറിനേയും പോലുള്ള ഭരണാധികാരികള്‍ തങ്ങള്‍ വിശ്വസിച്ചിരുന്ന മതത്തില്‍ നിന്ന് മാറി മറ്റൊന്ന് സ്വീകരിക്കുന്നതിന് ജനങ്ങള്‍ക്ക് അനുവാദം നിഷേധിച്ചവരായിരുന്നു. ഖുര്‍ആന്‍ മായജാലക്കാര്‍ മൂസാ നബി(അ)യില്‍ വിശ്വസിച്ചപ്പോഴുള്ള പ്രതികരണം വിവരിക്കുന്നത് കാണുക.
‘ഞാന്‍ അനുമതി തരുംമുമ്പെ നിങ്ങളവനില്‍ വിശ്വസിച്ചുവെന്നോ? തീര്‍ച്ചയായും നിങ്ങളെ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ നേതാവാണവന്‍. നിങ്ങളുടെ കൈകാലുകള്‍ എതിര്‍വശങ്ങളില്‍ നിന്നായി ഞാന്‍ കൊത്തിമുറിക്കും. ഈന്തപ്പനത്തടികളില്‍ നിങ്ങളെ ക്രൂശിക്കും. നമ്മിലാരാണ് ഏറ്റവും കഠിനവും നീണ്ടുനില്‍ക്കുന്നതുമായ ശിക്ഷ നടപ്പാക്കുന്നവരെന്ന് അപ്പോള്‍ നിങ്ങളറിയും; തീര്‍ച്ച.’ ഇസ്‌ലാമിക പ്രബോധനം അവരിലേക്കെത്തുന്നതിന് തടസ്സമായിരുന്നു ആ നാട്ടിലെ ഭരണാധികാരികള്‍. നബി(സ) രാജാക്കന്‍മാരെ ഇസ്‌ലാമിലേക്കു ക്ഷണിച്ച് കത്തുകളയച്ചപ്പോള്‍ അതിനുത്തരം നല്‍കാത്തപക്ഷം അവരുടെ ജനങ്ങളുടെ കുറ്റവും അവര്‍ വഹിക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. കിസ്‌റയോട് പറഞ്ഞു: ‘താങ്കള്‍ വിശ്വസിക്കാത്തപക്ഷം മജൂസികളുടെ പാപവും താങ്കളുടെ മേലാണ്’. കൈസറിനോട് പറഞ്ഞു: ‘താങ്കളുടെ പ്രജകളുടെയും പാപത്തിനുത്തരവാദി താങ്കളാണ്’.

‘ജനങ്ങള്‍ അവരുടെ രാജാക്കന്‍മാരുടെ ദീനിലാണ്’
ആ കാലഘട്ടത്തെ കുറിക്കുന്ന ഒരു ഉപമയാണിത്. ജനങ്ങള്‍ക്ക് ആവശ്യമുള്ളത് തെരഞ്ഞെടുക്കാനുള്ള അവകാശം വീണ്ടെടുക്കാനാണ് ഇസ്‌ലാം ഉദ്ദേശിക്കുന്നത്. ഒരാളുടെ വ്യക്തിത്വവും ലക്ഷ്യവും നിര്‍ണ്ണയിക്കുന്ന പ്രശ്‌നമാണത്. ഇസ്‌ലാമിക പ്രബോധന മാര്‍ഗത്തിലുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കാനാണ് ആ രാജാക്കന്‍മാരോട് യുദ്ധം ചെയ്തത്. ജനങ്ങള്‍ക്ക് സത്യം മനസിലാകുന്നതിനും അത് സ്വീകരിക്കാനോ തള്ളിക്കളയാനോയുള്ള സ്വാതന്ത്ര്യം വകവെച്ചുനല്‍കുന്നതായിരുന്നുവത്. അതിനവര്‍ക്ക് യാതൊരുവിധ അധികാര ശക്തികളെയും ഭയക്കേണ്ടാത്ത അവസ്ഥ സംജാതമാകേണ്ടതുണ്ട്.
2. അതിന്റെ മറ്റൊരു ലക്ഷ്യമായിരുന്നു ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സംരക്ഷണം. മദീനയില്‍ ഇസ്‌ലാം സ്ഥാപിച്ച രാഷ്ട്രം കേവലം അധികാരശക്തി മാത്രമായിരുന്നില്ല. മറിച്ച് വര്‍ത്തമാന കാലത്തിന്റെ ഭാഷയില്‍ ആഗോളതലത്തില്‍ പ്രബോധനം നിര്‍വഹിക്കുന്ന ഒരു ആദര്‍ശരാഷ്ട്രമായിരുന്നു. മുഴുവന്‍ ജനങ്ങള്‍ക്കും കാരുണ്യമായ ഈ പ്രബോധനം മനുഷ്യരിലേക്കെത്തിക്കാന്‍ കല്‍പ്പിക്കപ്പെട്ടവരുമായിരുന്നു. അതുകൊണ്ടു തന്നെ പ്രസ്തുത ആശയത്തിന് വിരുദ്ധമായ ശക്തികളെ പ്രതിരോധിക്കലും അവരോട് പോരാടലും ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണ്. ഇന്നല്ലെങ്കില്‍ നാളെ നാമവരോട് യുദ്ധം ചെയ്യേണ്ടിവരും എന്നത് ചരിത്രം നമുക്ക് പഠിപ്പിച്ച് തരുന്ന യാഥാര്‍ഥ്യമാണ്. സമൂഹത്തിലും പ്രപഞ്ചത്തിലും മുറതെറ്റാതെ പാലിക്കപ്പെടുന്ന അല്ലാഹുവിന്റെ നടപടിക്രമം തേടുന്നതും മറ്റൊന്നല്ല. പ്രതിരോധ യുദ്ധം എന്നു വിളിക്കുന്ന ഇനത്തില്‍ പെടുന്ന പോരാട്ടങ്ങളായിരുന്നു അവ. ആശയപരമായി വിയോജിക്കുന്ന അയല്‍രാജ്യങ്ങളില്‍ നിന്ന് ഉണ്ടായേക്കാവുന്ന അപകടത്തില്‍ നിന്നുള്ള സംരക്ഷണമായിട്ടാണ് അത്തരം യുദ്ധങ്ങള്‍.
3. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ സ്വാതന്ത്ര്യസമരങ്ങള്‍ എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു യുദ്ധങ്ങള്‍ക്ക്. ദീര്‍ഘകാലമായി അവരെ അടിച്ചമര്‍ത്തിയിരുന്ന ഭരണാധികാരികളുടെ അക്രമത്തില്‍ നിന്നും അവരെ മോചിപ്പിക്കലായിരുന്നു അതുകൊണ്ടുദ്ദേശിച്ചിരുന്നുത്. ലോകത്തെ രണ്ടു വന്‍ശക്തികളായിരുന്നു അന്ന് പേര്‍ഷ്യയും റോമും. മറ്റുരാഷ്ട്രങ്ങള്‍ അവരുടെ ആധിപത്യത്തിലായിരുന്നു. ഒരു തരത്തിലുള്ള അധിനിവേശമായിരുന്നു മറ്റു നാടുകളില്‍ അവര്‍ നടത്തിയിരുന്നത്. മനുഷ്യരെ മനുഷ്യരുടെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുക ഇസ്‌ലാമിന്റെ ഉത്തരവാദിത്തമാണ്.
് ഇസ്‌ലാം വാളുകൊണ്ട് പ്രചരിച്ചതാണെന്ന് പറയുന്നവര്‍ വാളിനൊരിക്കലും മനസുകളെ കീഴടക്കാനവില്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്. നാടുകളെ കീഴടക്കാനും ആധിപത്യം സ്ഥാപിക്കാനും വാളിന് കഴിഞ്ഞേക്കാം. എന്നാല്‍ മനസുകളുടെ പൂട്ട് തുറന്ന് അവയെ കീഴ്‌പ്പെടുത്താന്‍ മറ്റു പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. പലപ്പോഴും പ്രബോധനമാര്‍ഗത്തില്‍ വാള്‍ തടസമാവുകയാണ് ചെയ്യാറുള്ളത്. മുസ്‌ലിംങ്ങള്‍ കീഴ്‌പ്പെടുത്തിയ പ്രദേശങ്ങളില്‍ കുറച്ചു കാലത്തിനു ശേഷമാണ് ഇസ്‌ലാം വ്യാപിച്ചതെന്ന് ഇസ്‌ലാമിന്റെ ചരിത്രവും വ്യാപനവും പഠിപ്പിക്കുന്നവര്‍ക്ക് മനസിലാക്കാവുന്നതാണ്. ജനങ്ങള്‍ക്കും പ്രബോധനത്തിനും ഇടയിലുണ്ടായിരുന്ന തടസം നീങ്ങാന്‍ കുറച്ചു കാലം എടുത്തു. വാളുകളുടെയും കുന്തത്തിന്റെയും ശബ്ദം മാറി ഒരു ശാന്തമായ അന്തരീക്ഷം ഉണ്ടായതിനു ശേഷമാണത് സാധ്യമായത്. പിന്നീട് മുസ്‌ലിംകളെ അടുത്തറിയുകയും അവര്‍ക്ക് അവരുടെ നാഥനോടും ജനങ്ങളോടുമുള്ള ഇടപെടുലുകളിലെ ശ്രേഷ്ഠഗുണങ്ങള്‍ കണ്ടതിനു ശേഷമാണ് അവരിലേക്ക് മാനസികമായി ആ പ്രദേശത്തുകാര്‍ പൊരുത്തപ്പെട്ടത്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles