Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക നാഗരികതയിലെ തപാല്‍ സംവിധാനം

ഇസ്‌ലാമിക നാഗരികതയുടെ വികാസ ക്ഷമതയനുസരിച്ച് തപാല്‍ സംവിധാനത്തില്‍ വൈവിധ്യമായ രീതികള്‍ ആവിഷ്‌കരിച്ചതായി കാണാം.
1. കരമാര്‍ഗേണയുള്ള തപാല്‍ സംവിധാനം:
കരമാര്‍ഗേണയുള്ള തപാല്‍ സംവിധാനം സഹനത്തോടെ നടത്തം പതിവാക്കിയ കാല്‍നടക്കാരായ ഒരു വിഭാഗം ആളുകളെ ആശ്രയിച്ചായിരുന്നു. മുസ്‌ലിങ്ങള്‍ വിശാലമായ വൃത്തങ്ങളിലേക്ക് സന്ദേശമെത്തിക്കാന്‍  സഞ്ചാരയോഗ്യമായ മൃഗങ്ങളെ ഉപയോഗിച്ചിരുന്നു. ഇസ്‌ലാമിക നഗരങ്ങള്‍ക്കിടയില്‍ തപാലാപ്പീസുകള്‍ സ്ഥാപിച്ചിരുന്നു. യാത്രക്കുപയോഗിക്കുന്ന മൃഗങ്ങളുടെ സംരക്ഷണാവശ്യാര്‍ഥമുളള കേന്ദ്രങ്ങള്‍, മൃഗങ്ങള്‍ അവശതയനുഭവിക്കുമ്പോള്‍ പകരമായി ഉപയോഗിക്കാനുള്ള ഒട്ടകങ്ങള്‍ കുതിരകള്‍ കോവര്‍ കഴുതകള്‍ തുടങ്ങിയവ ആവശ്യമനുസരിച്ച് സംവിധാനിക്കപ്പെട്ടിരുന്നു. മേത്തരം ഒട്ടകങ്ങളെയും കുതിരകളെയുമാണ് പ്രസ്തുത ആവശ്യത്തിനു വേണ്ടി തെരഞ്ഞെടുത്തിരുന്നത്. ഇവയുടെ സഞ്ചാരത്തിനായി മണലുകള്‍ കുറഞ്ഞ പ്രദേശങ്ങളും, കായലുകളും വിശാലമായ വഴികളാണ് തെരഞ്ഞെടുത്തത്.
2. കടല്‍മാര്‍ഗേണയുള്ള തപാല്‍ സംവിധാനം:
ജലഗതാഗതത്തിനുപയോഗിക്കുന്ന വാഹനങ്ങളാണ് ഇതിന് ആശ്രയിച്ചിരുന്നത്. കപ്പല്‍ സംവിധാനം ഇസ്‌ലാമിക രാഷ്ട്രത്തില്‍ തുടക്കം കുറിച്ചത് ഹജ്ജാജ് ബിന്‍ യൂസുഫായിരുന്നു.
3. വ്യോമ മാര്‍ഗേണയുള്ള തപാല്‍ സംവിധാനം:
വ്യോമ മാര്‍ഗേണയുളള തപാല്‍ സംവിധാനത്തില്‍ പ്രാവുകളെ ഉപയോഗിച്ചാണ് വൃത്താന്തങ്ങള്‍ അറിയിച്ചിരുന്നത്. സന്ദേശം കാര്‍ഡ് രൂപത്തിലാക്കി, പരിശീലിപ്പിച്ച പ്രാവുകളില്‍ ബന്ധിച്ച് ഉദ്ദിഷ്ഠ സ്ഥാനത്ത് എത്തിക്കുന്ന സംവിധാനമായിരുന്നു അത്. കരമാര്‍ഗത്തിലും കടല്‍ മാര്‍ഗത്തിലുമുള്ള തപാല്‍ സംവിധാനത്തിനപ്പുറത്ത് വ്യോമമാര്‍ഗത്തിലുള്ള സംവിധാനത്തിന്റെ സാധ്യതകള്‍ വരെ മുസ്‌ലിങ്ങള്‍ പരീക്ഷിച്ചതായി കാണാം.

ഇതിനാല്‍ തന്നെ പ്രാവുകള്‍ക്ക് സമൂഹത്തില്‍ പ്രത്യേക സ്ഥാനം അന്നുണ്ടായിരുന്നു. വലിയ സംഖ്യ കൊടുത്ത് ആളുകള്‍ അതിനെ വാങ്ങിയിരുന്നു. പ്രാവിനെ വളര്‍ത്തലും വില്‍ക്കലും പ്രധാന കച്ചവടമായി മാറി. ഒരു പ്രാവിന് എഴുനൂറ് ദിനാര്‍ വരെ വിലയുണ്ടായിരുന്നു. നൂറുദ്ദീന്‍ സന്‍കിയുടെയും ഫാത്തിമികളില്‍പെട്ട അടിമകളുടെയും കാലത്ത് ഇവയുടെ ഉപയോഗം വ്യാപകമായിരുന്നു. ഇവയുടെ സഞ്ചാര ദൂരം കൈറോ മുതല്‍ ബസറ വരെയും ഡമസ്‌കസ് വരെയും വിശാലമാകുകയുണ്ടായി. വഴികളില്‍ അവക്ക് വേണ്ടി കോട്ടകള്‍ പണിതിരുന്നു. അടുത്ത പ്രദേശത്ത് സ്ഥാപിച്ച കോട്ടകളിലേക്ക് പ്രാവുകള്‍ സന്ദേശം എത്തിക്കും. അവിടെ നിന്നും മററ് പ്രാവുകള്‍ അടുത്തുള്ള കോട്ടകളിലെത്തിക്കും. ഈജിപ്തിലെ കോട്ടകളില്‍ നിന്ന് ഡമസ്‌കസിലെ കോട്ടകളില്‍ ഇപ്രകാരം കത്തുകള്‍ എത്തിച്ചു. ഡമസ്‌കസില്‍ നിന്നുള്ള സന്ദേശം ഈജിപ്തിലേക്കും അവ മുഖേന എത്തിക്കാന്‍ കഴിഞ്ഞു. മഴക്കാലത്ത് ഇവയെ ഉപയോഗിച്ചുള്ള തപാല്‍ സംവിധാനം അസാധ്യമായിരുന്നു.

4. സൂചനാ സന്ദേശങ്ങള്‍
വ്യത്യസ്തങ്ങളായ സൂചനാ സന്ദേശങ്ങളുപയോഗിച്ച് സന്ദേശമെത്തിക്കാനുള്ള സംവിധാനമാണിത്. ഉയര്‍ന്ന മലകള്‍, കെട്ടിടങ്ങള്‍ പോലുള്ള ജനങ്ങള്‍ കാണുന്ന പരിചിതമായ സ്ഥലത്ത് രാത്രി കാലങ്ങളില്‍ തീ കത്തിച്ചും പകല്‍ വേളകളില്‍ പുക ഉയര്‍ത്തിയും സന്ദേശങ്ങള്‍ കൈമാറുന്നു. മുസ്‌ലിങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളായ റഹ്ബ, ബൈറ തുടങ്ങിയ പ്രദേശങ്ങളാണ് ഇതിന് തെരഞ്ഞെടുത്തിരുന്നത്. ശത്രുക്കള്‍ അതിര്‍ത്തി പ്രദേശത്ത് വന്നാല്‍ അല്ലെങ്കില്‍ അവരുടെ ആക്രമണമുണ്ടായാല്‍ വ്യത്യസ്ത തരത്തിലുള്ള പുകപടലങ്ങളും തീ നാളങ്ങളും ഉപയോഗിച്ച് ദൂരദിക്കുകളിലും ഭരണ സിരാകേന്ദ്രങ്ങളിലുമുള്ള ആളുകളെ സന്ദേശമെത്തിക്കാന്‍ നൂതനമായ ഈ ശെലി സ്വീകരിച്ചിരുന്നു. രാത്രി ആയാലും പകല്‍ ആയാലും ഈ സന്ദേശം അഗ്നി നാളങ്ങളായും പുകപടലങ്ങളായും ദൂരദിക്കുകളിലുളളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. ഈ പ്രകാശ സന്ദേശം മൊറോക്കോയിലെ ത്വന്‍ജ മുതല്‍ അലക്‌സാണ്ട്രിയ വരെയുള്ളവര്‍ക്ക് ഒരൊറ്റ രാത്രിയില്‍ ദര്‍ശിക്കാനും തിരിച്ചറിയാനും സാധിച്ചിരുന്നു എന്ന് പറയപ്പെടുന്നു. സൂസ പട്ടണത്തിലെ കേന്ദ്രമായിരുന്നു ഇതില്‍ ഏറ്റവും പ്രശസ്തമായത്. ഇസ്‌ലാമിക നാഗരികതയില്‍ തപാല്‍ സംവിധാനവും വാര്‍ത്താവിനിമയ മേഖലയും അതിന്റെ ഉത്തുംഗത പ്രാപിച്ചതായി കാണാം. രാഷ്ട്രം ഭരണാധികാരികളുടെ നിയന്ത്രണത്തിലായിരുന്നു. അവര്‍ അറിയാതെ ഒരു പ്രവര്‍ത്തനവും നടന്നിരുന്നില്ല. ഈ ഒരവസ്ഥ യൂറോപ്പില്‍ സംജാതമായത് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles