Current Date

Search
Close this search box.
Search
Close this search box.

ഇരട്ട കൊലപാതകവും വിചിത്ര ന്യായങ്ങളും

മഹാരാഷ്ട്രയിലെ താനയില്‍ നിന്നാണ് ഈ വിചിത്രവും നടുക്കുന്നതുമായ വാര്‍ത്ത. നാല്‍പത്തിരണ്ടുകാരനായ ഒരു കോളേജ് പ്രഫസര്‍ കോപത്താല്‍ നിലതെറ്റി തന്റെ മുപ്പത്തിരണ്ടുകാരിയായ ഭാര്യയെ മൂര്‍ച്ചയുള്ള ഒരായുധം കൊണ്ട് കുത്തികൊലപ്പെടുത്തുന്നു. ഭാര്യയും ഒരു പ്രഫസറാണ്. ഇയാള്‍ തന്റെ ഒമ്പത് വയസ്സുകാരിയായ മകളെയും ഇതേ രീതിയില്‍ കൊന്നുകളഞ്ഞു. പിന്നെ അയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഈ കടന്നാക്രമണത്തിന് മുമ്പ് ഇയാള്‍ സ്വന്തം മകനെ അവന്റെ ബെഡ്‌റൂമില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയിരുന്നു, അവന്‍ ചെറുത്തേക്കുമോ എന്ന് ഭയന്ന്. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ കാര്യങ്ങള്‍ ഒട്ടും സുഖകരമായിരുന്നില്ല എന്നാണ് മനസ്സിലാവുന്നത്. അവര്‍ ഇടക്കിടെ ലഹള കൂടുമായിരുന്നു. സംഭവം നടന്ന ജൂലൈ 2-നും അവര്‍ക്കിടയില്‍ കലഹമുണ്ടായി.
ഭാര്യ-ഭര്‍തൃ കലഹങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ സര്‍വ സാധാരണമാണ്. അത്തരം റിപ്പോര്‍ട്ടുകള്‍ പത്രങ്ങളില്‍ ധാരാളമായി കാണാം. അത്തരം സംഭവങ്ങള്‍ അധികവും നടക്കാറുള്ളത് ഏറ്റവും താഴെ കിടയിലുള്ളവര്‍ക്കിടയിലാണ്. ഒരു കള്ളുകുടിയന്‍. കുടിച്ച് അയാള്‍ വീട്ടില്‍ കയറിവന്ന് പ്രശ്‌നമുണ്ടാക്കുന്നു. ഭാര്യ എതിര്‍ക്കുമ്പോള്‍ അയാള്‍ ഇളകി വശായി പല അതിക്രമങ്ങളും കാണിക്കുന്നു. സമൂഹത്തിന്റെ താഴെക്കിടയില്‍ ഒട്ടും അസാധാരണമല്ല ഈ കാഴ്ച. പല കാരണങ്ങളുണ്ടാവാം ഈ കലഹങ്ങള്‍ക്ക്. ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് അവരവരുടെ പിതൃകുടുംബങ്ങളോട് അമിത അടുപ്പം കാണിക്കുന്നു എന്നാവും ചിലപ്പോള്‍ പരാതി. ഭര്‍ത്താവിന്റെ അലസതയോ തൊഴിലില്ലായ്മയോ ദാരിദ്ര്യമോ ഒക്കെയാവാം മറ്റു ചിലപ്പോള്‍. സ്ത്രീധനവും സ്വത്ത് തര്‍ക്കവുമാവും മറ്റു ചിലപ്പോള്‍ കലഹകാരണങ്ങള്‍. പക്ഷേ താനെ സംഭവം ഈയൊരു ഗണത്തിലും വരുന്നില്ലെന്നതാണ് നേര്. കുറച്ച് അസ്വാഭാവികമാണ് ഇവിടത്തെ അവസ്ഥ.
കൊല നടത്തിയ പ്രഫസറുടെ പേര് സഞ്ജയ് ഉംബര്‍ക്കര്‍, ആര്‍ട്ട്‌സ് വിഷയങ്ങളില്‍ അധ്യാപകനാണ്. ഭാര്യ ഒരു കോളേജില്‍ സയന്‍സ് വിഷയങ്ങളില്‍ പ്രഫസര്‍. പേര് സ്വാതി. ഉംബര്‍ക്കര്‍ക്ക് തന്റെ ഭാര്യയോട് തൊഴില്‍പരമായ അസൂയ ഉണ്ടായിരുന്നു. ഒരുതരം അപകര്‍ഷ ബോധം. ഭാര്യക്ക് നല്ല ഉദ്യോഗക്കയറ്റത്തിന് സാധ്യതയുണ്ടെന്നും തനിക്ക് അതില്ലെന്നുമുള്ള ചിന്ത. ഇതാണ് കൊലപാതകത്തിന് നിമിത്തമായതെന്ന് ഹിന്ദു (ജൂലൈ, 4) റിപ്പോര്‍ട്ട് ചെയ്യുന്നു. മനോരോഗവിദഗ്ധരും മനശ്ശാസ്ത്രജ്ഞരും ശ്രദ്ധ പതിപ്പിക്കേണ്ട മേഖലയാണിത്. ഈ വിഷയത്തില്‍ നൂറുകണക്കിന് പുസ്തകങ്ങള്‍ ലഭ്യമാണ് വിവിധ ഭാഷകളില്‍. ഒട്ടേറെ സെമിനാറുകളും ഇത് സംബന്ധമായി നടന്നിരിക്കുന്നു. ബാബമാരും ഗുരുക്കന്മാരും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് ഉപദേശങ്ങളും നല്‍കിക്കൊണ്ടിരിക്കുന്നു. ഇത്രയൊക്കെ പരിപാടികളുണ്ടായിട്ടും സമൂഹത്തില്‍ അവയുടെ സ്വാധീനം വളരെക്കുറച്ചേ കാണുന്നുള്ളൂ. ജീവിതത്തോടുള്ള തനി ഭൗതിക കാഴ്ചപ്പാടാണ് ഇതിന് കാരണമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. താനെ സംഭവം ഒരു പാട് സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വളരെ തരംതാണിരിക്കുന്നു എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. സുഖസമൃദ്ധമായ ജീവിതം നയിക്കുക എന്നതായിരിക്കുന്നു ഇന്ന് ബഹുഭൂരിഭാഗത്തിന്റെയും ജീവിതലക്ഷ്യം. ഇതൊരിക്കലും അവരില്‍ ധാര്‍മികബോധം ഉണ്ടാക്കുന്നില്ല; കുറ്റകൃത്യങ്ങളില്‍ നിന്ന് അവരെ തടഞ്ഞുനിര്‍ത്തുന്നുമില്ല.
താനെയിലെ ഈ കൊലയാളിയായ പ്രഫസര്‍ വിദ്യാസമ്പന്നനാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ലല്ലോ. പക്ഷേ ആ വിദ്യാഭ്യാസം നിസ്സാര കാരണമുണ്ടാക്കി തന്റെ മകളെയും ഭാര്യയെയും നിഷ്ഠുരം വകവരുത്തുന്നതില്‍ നിന്ന് അയാളെ തടഞ്ഞില്ല. ഇനി തന്റെ സയന്‍സ് പരിജ്ഞാനത്തിന്റെയും ഉയര്‍ന്ന ശമ്പളത്തിന്റെയും പേരില്‍ ഭാര്യ അയാളെ കുത്തിനോവിച്ചിരുന്നുവെങ്കില്‍ അതും ഒരു ഗുരുതര വിഷയമാണ്. മനശ്ശാസ്ത്രജ്ഞര്‍ ആ വിഷയവും കാര്യമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ധാര്‍മിക വിദ്യാഭ്യാസം പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസതലം വരെ ഇപ്പോള്‍ നല്‍കിവരുന്നുണ്ട്. പക്ഷേ അത് ഒരു ഫലവും ചെയ്യുന്നില്ലെന്നാണ് ഇപ്പോള്‍ മനസ്സിലാവുന്നത്. തൊഴിലിന് പ്രാപ്തനായ ഒരാളെ ഉണ്ടാക്കിയെടുക്കുക എന്നതില്‍ പരിമിതമായിരിക്കുന്നു വിദ്യാഭ്യാസ പ്രവര്‍ത്തനമത്രയും. ഭൗതികമായ സുഖസൗകര്യങ്ങള്‍ എന്നതിലപ്പുറം മറ്റൊന്നുമില്ല. സ്വാതന്ത്രം ലഭിച്ചത്‌ തൊട്ടേ കാര്യങ്ങള്‍ ഇങ്ങനെത്തന്നെയായിരുന്നെങ്കിലും, ഭൗതികാസക്തി ഇപ്പോള്‍ കണ്ടമാനം വര്‍ധിച്ചിട്ടുണ്ടെന്ന് മാത്രം. നാം വളര്‍ത്തിക്കൊണ്ട് വന്ന സാമ്പത്തിക ഘടനയാണ് അതിന് കാരണം എന്നും കണ്ടെത്താവുന്നതാണ്. ഒരാളും അതില്‍ നിന്ന് മുക്തരല്ലെന്നതാണ് സത്യം. സകല സാമൂഹിക-മത പ്രസ്ഥാനങ്ങളിലും ഇതിന്റെ സ്വാധീനമുണ്ട്. വലിയ തോതില്‍ ധാര്‍മിക ബോധമുണ്ട് എന്ന് നാം കരുതുന്ന പല സമൂഹങ്ങളുടെയും അകം ശൂന്യമാണ്. യഥാര്‍ഥ ദൈവബോധം മനസ്സുകളില്‍ സൃഷ്ടിക്കുകയും അതിന്റെ പിന്‍ബലത്തില്‍ കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാക്കുകയുമാണ് ഒരേയൊരു പരിഹാരം. ഇസ്‌ലാമിക സംഘടനകള്‍ ഇത്തരം സാമൂഹിക പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് ആശിക്കുന്നു. 

(ദഅ്‌വത്ത് ത്രൈദിനം, 25-07-2012)
വിവ: അശ്‌റഫ് കീഴുപറമ്പ്‌

Related Articles