Current Date

Search
Close this search box.
Search
Close this search box.

ഇന്നും മുഴങ്ങുന്നു ആ ബാങ്കൊലി

usthad.jpg

എന്റെ നാടിന്റെ ഒരോ മണ്‍തരികളോടും, നീണ്ടു കിടക്കുന്ന കനോലി കനാലിനോടും ചോദിച്ചാല്‍ പോലും ഉസ്താദിനെ പറ്റി പറയാന്‍ വാക്കുകളുണ്ടാകും. അതെ, തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തിലെ കെട്ടുങ്ങലെന്ന കൊച്ചു ഗ്രാമത്തിലെ ഒരു പച്ചയായ ഉസ്താദ്. നാടിന്റെ കണ്ണിലുണ്ണിയും, നാട്ടിലെ ഏതു വിഷയങ്ങളിലുമുണ്ടായിരുന്നു എന്റെ ഉസ്താദ്. ആ നാടിന്റെ സ്വന്തം  മുക്രി ഉസ്താദ് അഥവാ അബ്ദുല്‍ ഖാദര്‍ ഹാജി. എത്ര പറഞ്ഞാലും അവസാനിക്കാത്ത കുറെ നന്മകള്‍ മാത്രം ചെയ്ത ഒരു പച്ചയായ മനുഷ്യന്‍.

തൃശ്ശൂര്‍ ജില്ലയില്‍ വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്തിലെ കെട്ടുങ്ങല്‍ എന്ന കൊച്ചു ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തില്‍ 1928 ജനുവരി 30ന് മൊയ്തു-തിത്തു ബീവി ദമ്പതികളുടെ മൂത്ത മകനായി ജനനം. പ്രാഥമിക വിദ്യാഭ്യസ്യം കെട്ടുങ്ങല്‍ മാപ്പിള സ്‌കൂളില്‍ ആയരിന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സൗമ്യമായ പെരുമാറ്റവും, ജനങ്ങളുമായുള്ള നല്ല ഇടപഴകലും, ഉയര്‍ന്ന ചിന്തയും, ഏതു വിഷയങ്ങളിലും ഇടപെടാനുള്ള കഴിവും കണ്ട് ആ കൊച്ചു കുട്ടിയെ ആ നാട്ടിലെ ജനങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. പട്ടിണിയുടെയും, പരിവട്ടത്തിന്റെയും കാലമായതിനാല്‍ കാര്യമായ ഭൗതിക വിദ്യാഭ്യാസമൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും കുടുംബത്തിലെ ഒരാളുടെ സഹായത്തോടെ മതവിദ്യാഭ്യാസത്തിനുള്ള അവസരം ഒത്തു. ആ ജീവിതത്തിലെ വലിയ വഴിത്തിരിവായി അത് മാറുകയും ചെയ്തു. ചെറുപ്പം വിട്ടുപോകുമ്പോഴും സാമ്പത്തിക പ്രശ്‌നങ്ങള്‍കൂടി വന്നു.

എന്റെ നാട്ടിലെ തൊണ്ണൂറു ശതമാനമാളുകളും അന്നത്തിനു ആശ്രയിച്ചിരുന്നത് കനോലി പുഴയെയായിരുന്നു. ആ നീണ്ടു കിടക്കുന്ന പുഴയില്‍ മീന്‍ പിടിക്കാത്തവര്‍ വളരെ ചുരുക്കം മാത്രമാകും. തലമുറകള്‍ മാറുന്നതിനസരിച്ചു അതും മാറും. നാട്ടിലെ കെട്ടുങ്ങല്‍ കനോലി കനാലില്‍ അദ്ദേഹം കൂട്ടുക്കാരുമായി മത്സ്യ ബന്ധനത്തില്‍ ഏര്‍പെട്ടു. എന്നാല്‍ അതിനിടയില്‍ അദ്ദേഹത്തെ പിടികൂടിയ മാരക അസുഖം ഈ ലോകത്തോട് വിടപറയേണ്ടി വരുമോ എന്ന ആശങ്കിക്കുവോളം മൂര്‍ച്ഛിച്ചു. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞതും, ബുദ്ധിമുട്ട് നിറഞ്ഞതുമായ നിമിഷങ്ങള്‍ ആയിരു അതെന്ന് ഉസ്താദ് പല സമയങ്ങളിലും പറഞ്ഞിരുന്നു. ആ മാരകമായ അസുഖം മാറിയാല്‍ എന്തു ചെയ്യണമെന്ന് അദ്ദേഹം മനസ്സില്‍ ദൃഢനിശ്ചയം ചെയ്തിരുന്നു. പിന്നീടാണ് ജനങ്ങള്‍ അത് മനസ്സിലാക്കുന്നത്. ശേഷിക്കുന്ന അല്ലാഹുവിന്റെ ഭവനത്തില്‍ കഴിയാനും ബാങ്കുവിളിക്കാനുമായിരുന്നു അത്.

എന്റെ നാട്ടുകാരെ ഉണര്‍ത്തിയ ആ ബാങ്കൊലി 41 വര്‍ഷം നീണ്ടു നിന്നു. ഇന്നും പലരുടെയും കാതുകളില്‍ അത് പ്രതിധ്വനിക്കുന്നു. മദ്രസാ അധ്യാപകനെന്ന നിലയില്‍ ലഭിച്ചിരുന്നത് വളരെ തുച്ചമായ ശമ്പളമായിട്ടും പള്ളിയിലെ ജോലിക്ക് അദ്ദേഹം വേതനം വാങ്ങിയിരുന്നില്ല. ഞാന്‍ മദ്രസയില്‍ പഠിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ക്ലാസില്‍ പഠിച്ചത് ജീവിതത്തിലെ നല്ല നിമിഷമായി ഇന്നും ഓര്‍ക്കുന്നു. കുട്ടികളെ നിസ്‌കാരതിലെക്കു കൊണ്ട് വരാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പഠിച്ചില്ലെങ്കില്‍ നല്ല അടിയും കൊടുത്തിരുന്നു. ആ അടി എനിക്കും കിട്ടിയിട്ടുണ്ട്. രാവിലെ മദ്‌റസയുടെ മുറ്റത്തു ഞങ്ങള്‍ നിസ്‌കരിക്കാതെ കളിക്കുമ്പോള്‍ ഉസ്താദ് അകലെനിന്ന് വരുന്നത് കണ്ടാല്‍ മതി, ഞങ്ങളെല്ലാവരും കൂടി പള്ളിയിലേക്ക് ഓടിപോകുമായിരിന്നു. ആ മഹാന്റെ നിറഞ്ഞ പുഞ്ചിരിയും, മിതമായ ശബ്ദവും, മെല്ലെ പോകുന്ന കാലൊച്ചയും, ദേഷ്യം പിടിക്കുമ്പോഴുള്ള നോട്ടവും ഒരിക്കലും മറക്കാന്‍ സാധിക്കുന്നില്ല. ഞങ്ങളുടെ നാട്ടിലെ മഹത് വ്യക്തികളില്‍ ഉയര്‍ന്നു നില്‍ക്കുന്ന അദ്ദേഹം 2010 ഏപ്രില്‍ 22ന് ഒരു ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ഈ ലോകത്തോട് വിട പറഞ്ഞു.

Related Articles