Current Date

Search
Close this search box.
Search
Close this search box.

ഇതാണ് ഇസ്‌ലാം

മനുഷ്യന്‍ എന്നനിലയ്ക്കും മലയാളി എന്നനിലയ്ക്കും നീറ്റലോടെ നമ്മെ ആത്മാഭിമാനംകൊള്ളിക്കേണ്ട ഒരു സംഭവം ഈയിടെയായി പത്രങ്ങളുടെ ലോക്കല്‍പേജുകളില്‍ മുങ്ങിപ്പോയിട്ടുണ്ട്. ഇതാണ് ആ സംഭവം: കടലുണ്ടി റെയില്‍വേസ്‌റ്റേഷനടുത്തുള്ള വീട്ടില്‍ അല്ലലില്ലാതെ ജീവിക്കുന്ന പുതിയവീട്ടില്‍ അബ്ദുറഹിമാന്‍. 64 വയസ്സുകാരന്‍. സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ റിലീഫ് വിങ് വളണ്ടിയര്‍. ആരോരുമില്ലാതെ വയനാട്ടില്‍നിന്ന് തെണ്ടിത്തിരിഞ്ഞെത്തി കടലുണ്ടിയില്‍ അല്ലറചില്ലറ ജോലികള്‍ചെയ്ത് കാലംകഴിക്കുന്ന രാമന്‍. 62 വയസ്സുകാരന്‍. വെടിപൊട്ടിയാല്‍ എന്താ പുക എന്ന് ചോദിക്കുന്ന ബധിരന്‍.

ഏപ്രില്‍ എട്ടാം തീയതി രാവിലെ പള്ളിയില്‍നിന്ന് സുബ്ഹി നിസ്‌കാരം തീര്‍ത്ത് അബ്ദുറഹിമാന്‍ സ്വന്തക്കാര്‍ക്കൊപ്പം കടലുണ്ടി സ്‌റ്റേഷന്റെ സമീപത്തുകൂടി വരികയായിരുന്നു. കച്ചെഗുഡ മംഗലാപുരം എക്‌സ്പ്രസ്സ് കുതിച്ചെത്തുന്നതിന്റെ ഹോണലര്‍ച്ച ദൂരേനിന്ന് കേള്‍ക്കുന്നുണ്ട്. പെട്ടെന്ന് രാമന്‍ റെയില്‍പ്പാളം മുറിച്ച് അപ്പുറത്തേക്ക് കടക്കാന്‍ പോകുന്നത് അബ്ദുറഹിമാന്റെയും സംഘത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടു. തീവണ്ടി ഓടിയടുക്കുന്നതിന്റെ കൂസലേ ഇല്ലാതെയായിരുന്നു അലസരാമന്റെ സുഖസഞ്ചാരം. ഉടന്‍ അബ്ദുറഹിമാന്റെ സംഘത്തിലുള്ളവര്‍ ”റെയില് കടക്കല്ലേ രാമാ, വണ്ടി വരുന്നൂ, റെയില് കടക്കല്ലേ രാമാ, വണ്ടി വരുന്നൂ” എന്ന് കൂവിവിളിക്കാന്‍ തുടങ്ങി. പക്ഷേ, രാമന് ചെവി ഒട്ടും കേള്‍ക്കുകയില്ലെന്ന് നല്ലപോലെ അറിയുന്ന അബ്ദുറഹിമാന്‍ അയാളെ പിടിച്ചുമാറ്റാനായി പാളത്തിലേക്ക് കുതിക്കുകതന്നെ ചെയ്തു. ”വേണ്ടാ, വേണ്ടാ അപകടമാണെന്ന്” കൂട്ടത്തിലുള്ളവര്‍ ഒച്ചവെച്ചതിന് ”എന്താ നിങ്ങളീ പറയുന്ന്, ഓന്‍ മരിച്ചുപോകില്ലേയെന്ന്” ചോദിച്ചായിരുന്നു റഹിമാന്റെ മുന്നോട്ട് മിന്നല്‍.

നിര്‍ഭാഗ്യവശാല്‍ പാളത്തില്‍നിന്ന് രാമനെ തള്ളിമാറ്റുന്നതിനിടയില്‍ത്തന്നെ കച്ചെഗുഡ എക്‌സ്പ്രസ്സ് അയാളെ തട്ടിത്തെറിപ്പിച്ചിരുന്നു. ശാരീരികമായ നരകപീഡയിലൂടെയെങ്കിലും ആത്മീയമായ സ്വര്‍ഗാനുഭൂതിയിലേക്ക്. തനിക്കുവേണ്ടി പ്രദേശത്തുകാരന്‍ ജീവന്‍ സമര്‍പ്പിച്ചത് അറിഞ്ഞാകാം, അറിയാതെയാകാം തൊട്ടുപിറകെ രാമനും കാലഗതി പൂകിക്കഴിഞ്ഞു.

മഹത്തരമായ എല്ലാ ബലിദാനങ്ങളെയും പോലെത്തന്നെ അബ്ദുറഹിമാന്റെ ആത്മത്യാഗത്തിനും ഒരുപാട് അര്‍ഥപ്രസക്തികളുണ്ട്. അവയില്‍ ചിലത് പരിശോധിക്കാം. സ്വാര്‍ഥതയും ക്രൂരതയും മൗലികസിദ്ധമായ മൃഗമാണ് മനുഷ്യനെന്ന ‘സെല്‍ഫിഷ് ജീന്‍’ തിയറികള്‍ക്ക് പ്രചുരപ്രചാരം ലഭിച്ച കാലമാണല്ലോ ഇത്. ഈ ഇരുകാലി ജന്തു നന്നാവില്ലെന്നും അതുകൊണ്ട് ഒരു വെല്‍ഫെയര്‍ സ്‌റ്റേറ്റിന് വേണ്ടിയുള്ള പരിശ്രമങ്ങള്‍പോലും വൃഥാവിലാണെന്നും പുതിയ മനോവിജ്ഞാനീയനരവംശശാസ്ത്രങ്ങള്‍ ആണയിടാന്‍ ശ്രമിക്കുന്നു. അതിനിടയില്‍ ഹാ, മനുഷ്യന്‍ എത്ര സുന്ദരമായ പദമെന്ന് വീണ്ടും പറയിപ്പിച്ച് ജീവിതം ജീവിതയോഗ്യമാണെന്ന് സ്ഥാപിക്കാന്‍ അബ്ദുറഹിമാന്റെ കാരുണ്യത്തിനും ധീരതയ്ക്കും സാധിച്ചിട്ടുണ്ട്.

പിന്നെ, മതവിശ്വാസിയെന്ന പരസ്യപ്രഖ്യാപനംപോലും പുരികങ്ങളെ ചുളിപ്പിക്കും തരത്തില്‍ മതങ്ങളുടെ വികൃതവത്കരണവും അധികാരദൂഷണവും ഇന്ന് തകൃതിയായി നടക്കുന്നു. ആ സമയത്താണ് നൂറുശതമാനം പ്രാക്ടീസിങ് മുസ്‌ലിമായ, ഇസ്‌ലാം കൂറിനാല്‍മാത്രം സന്നദ്ധസേവനത്തിന് ഒരുമ്പെട്ടിറങ്ങിയിട്ടുള്ള അബ്ദുറഹിമാന്റെ, സഹജീവി എന്നതില്‍ കവിഞ്ഞ് ബന്ധപാശങ്ങളില്ലാത്ത രാമനുവേണ്ടിയുള്ള ആത്മബലി. മതവിശ്വാസത്തിന്റെ വിമോചനപരമായ, ജനാധിപത്യപരമായ സാധ്യതകളെ സ്വാംശീകരിച്ച്, അപഭ്രംശങ്ങളില്‍നിന്ന് അകന്നുനില്‍ക്കാന്‍ ഒരു സാധാരണ വിശ്വാസിയെ തീര്‍ച്ചയായും ഇത് പ്രേരിപ്പിക്കും. ഒന്നിലും വിശ്വാസമില്ലാത്ത ആനുകാലിക അവസ്ഥയേക്കാള്‍ എന്തിലെങ്കിലുമുള്ള ദൃഢവിശ്വാസമാണ് അഭികാമ്യമെന്ന സന്ദേശവും ഇവിടെ പ്രക്ഷേപിക്കപ്പെടുന്നുണ്ട്. എന്തെന്നാല്‍ അബ്ദുറഹിമാന്റെ ആത്മബലിക്ക് തൊട്ടടുത്ത ദിനത്തിലാണല്ലോ കോട്ടയത്ത് റെയില്‍വേ ട്രാക്കില്‍ കുഴഞ്ഞുവീണ സ്ത്രീയെ ചില ചെറുപ്പക്കാര്‍ രക്ഷിക്കുന്നതിനുപകരം വീഡിയോയില്‍ പകര്‍ത്തി വാട്ട്‌സ് ആപ്പില്‍ വിട്ടത്.

മലയാളിയുടെ ആലശീലങ്ങള്‍ എല്ലാരംഗത്തും മോശമാകുന്ന പ്രവണതയാണ് അടിക്കടി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. വര്‍ധിച്ചുവരുന്ന മദ്യപാനാസക്തി, സര്‍വപുച്ഛം, എല്ലാറ്റിനോടും അവഗണന, കുത്തനെ ഇടിയുന്ന ഉത്പാദനക്ഷമതയും വിദ്യാഭ്യാസനിലവാരവും ഒരുവശത്ത് രോഗാതുരമായ കാമാവേശം, മറുവശത്ത് കപടസദാചാരബോധം എന്നിങ്ങനെ തമോമയമായ അവസ്ഥാവിശേഷത്തിലും കേരളത്തിന്റെ വിഭാഗീയതാരഹിതമായ മതസംസ്‌കാരം സാധാരണക്കാര്‍ക്കിടയില്‍ പോറലില്ലാതെ ശേഷിക്കുകതന്നെ ചെയ്യുന്നുണ്ട്. ഈ വസ്തുതയാണ് വര്‍ഗീയഗൂഢാലോചകര്‍ക്ക് ഉള്‍ക്കിടിലമുണ്ടാക്കുംവിധം രാമനുവേണ്ടിയുള്ള അബ്ദുറഹിമാന്റെ ജീവത്യാഗത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. നല്ലവനും കാരുണ്യവാനുമായ മാപ്ലസഹോദരന്‍ എന്ന മലയാളി ഭൂരിപക്ഷസമുദായത്തിന്റെ പൊതുസങ്കല്‍പ്പത്തെയും കടലുണ്ടി സംഭവം പ്രോജ്ജ്വലിപ്പിച്ചെടുത്തിരിക്കുന്നു. സി.വി. രാമന്‍പിള്ളയെയും ഇടശ്ശേരിയെയും ഉറൂബിനെയും എം.ടി. വാസുദേവന്‍ നായരെയും സി. രാധാകൃഷ്ണനെയും സച്ചിദാനന്ദനെയും മറ്റും അബ്ദുറഹിമാന്‍ വിജയിപ്പിക്കുകയും രാക്ഷസന്മാരുടെ ഡയലോഗുകള്‍ക്ക് മലപ്പുറം പേച്ചുപയോഗിക്കുന്ന നികൃഷ്ട എഴുത്തുകാരെ അബ്ദുറഹിമാന്‍ തോല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു.

അവസാനമായി പറയാനുള്ളത് ഇസ്‌ലാം മതം ഇന്ന് നേരിടുന്ന ഇരുതല ആക്രമണത്തെക്കുറിച്ചാണ്. വിവേകാനന്ദനും മഹാത്മജിയും അത്യധികം ആദരിച്ചിട്ടുള്ള മുഹമ്മദ് നബിയിലൂടെ പ്രബോധനപ്പെട്ട ഇസ്‌ലാമിനെ സകല ആഗോളപ്രശ്‌നങ്ങളുടെയും കാതലായി ഫാസിസ്റ്റ് ശക്തികള്‍ ഒരു വശത്ത് ചിത്രീകരിക്കുന്നു. എന്താണ് ഇസ്‌ലാം ഇങ്ങനെയെന്നവര്‍ തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെ പുച്ഛിക്കുന്നു. മുസ്‌ലിങ്ങളുടെ വോട്ടവകാശംപോലും നിഷേധിക്കാന്‍ ഘോരഘോരം ആവശ്യപ്പെടുന്നു. മറുവശത്ത് അത്തരക്കാരുമായി രഹസ്യക്കരാറുണ്ടാക്കിയ തരത്തില്‍ ഇസ്‌ലാമിന്റെ സല്‍പ്പേര് നശിപ്പിക്കാന്‍ ചില മുസ്‌ലിങ്ങള്‍തന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. ഇന്ത്യയ്ക്കകത്ത് അവര്‍ തീവ്രവാദവും പിന്തിരിപ്പന്‍ യാഥാസ്ഥിതികതയും വളര്‍ത്തി ഭൂരിപക്ഷവര്‍ഗീയതയുടെ ചാര്‍ജറുകളായി പ്രവര്‍ത്തിക്കുന്നു. ഇന്ത്യയ്ക്കുപുറത്ത് അവര്‍ ദുഷിച്ച അധികാരക്കൊതിയാല്‍ മതത്തിനകത്ത് യുദ്ധചേരികളുണ്ടാക്കി വിശുദ്ധ ഖുറാനെയും നബിവചനങ്ങളെയും അപഹസിക്കുന്നു. മഹാത്മാഗാന്ധിപോലും പ്രശംസിച്ച ഖലീഫാ ഭരണത്തിന്റെ ലേബല്‍ സ്വയമെടുത്തണിഞ്ഞ് കൗമാരക്കാരെയടക്കം ചുട്ടുകൊല്ലുന്നു. മുഹമ്മദ്‌നബിക്ക് അങ്ങേയറ്റം പ്രിയങ്കരനായിരുന്ന ഈസാനബിയുടെ (യേശുക്രിസ്തുവിന്റെ) മതക്കാരെ വധിക്കുന്ന ചിത്രങ്ങള്‍ ചളിപ്പില്ലാതെ പ്രചരിപ്പിക്കുന്നു. ഈയൊരു ലോകാവസ്ഥയില്‍ നീതിമാനും കാരുണ്യമൂര്‍ത്തിയുമായിരുന്ന പ്രവാചകന്റെ ശരിയായ ഇസ്‌ലാം എന്താണെന്ന് നമ്മുടെ കടലുണ്ടിക്കാരനായ അബ്ദുറഹിമാന്‍ ജീവിച്ചുകാണിച്ചു എന്നത് ചെറിയൊരു കാര്യമല്ല തന്നെ. കുടുംബനാഥന്റെ വിയോഗം അത്യന്തം വേദനാജനകമെങ്കിലും അദ്ദേഹത്തിന്റെ സ്വന്തക്കാരിലേക്ക് ദൈവകാരുണ്യം പ്രവഹിക്കുകതന്നെ ചെയ്യും.

കുരുടന്‍ മതേതരബോധം ‘ഇതാണ് മനുഷ്യന്‍’ എന്ന തലക്കെട്ട് ഈ ലേഖനത്തിന് നല്‍കാന്‍ എന്നെ പ്രേരിപ്പിക്കുമ്പോഴും എന്‍.എസ്. മാധവന്റെ കഥാപാത്രം തര്‍ക്കമന്ദിരം എന്ന് തിരുത്തി പള്ളി എന്ന് എഴുതിയപോലെ ‘ഇതാണ് ഇസ്‌ലാം’ എന്ന ശീര്‍ഷകംതന്നെ ഞാന്‍ ലേഖനത്തിന് നല്‍കുകയാണ്.

കടപ്പാട്: മാതൃഭൂമി ദിനപത്രം

Related Articles