Current Date

Search
Close this search box.
Search
Close this search box.

ഇണയോട് കളവ് പറയാമോ?

lie.jpg

വളരെ സല്‍സ്വഭാവിയായ ഒരാളാണ് എന്നെ വിവാഹം ചെയ്തിട്ടുള്ളത്. പക്ഷെ, അദ്ദേഹത്തിന് ഭയങ്കര സംശയമാണ്. ഇടക്കിടെ എന്നോട് ചോദിക്കും ; നിനക്ക് വേറെ ആരെയങ്കിലും ഇഷ്ടമുണ്ടോ? നിങ്ങളോട് മാത്രമാണ് എന്റെ ഇഷ്ടം, മറ്റൊരാളിലേക്ക് ഞാന്‍ നോക്കുക പോലും ചെയ്യാറില്ല എന്ന് ഞാന്‍ പറയും. അപ്പോള്‍ അത് സത്യം ചെയ്ത് പറയാന്‍ ആവശ്യപ്പെടും. ഞാന്‍ ആത്മാര്‍ത്ഥമായി സത്യം ചെയ്യുകയും ചെയ്യും. എന്നാല്‍ അതുകൊണ്ട് അദ്ദേഹം തൃപ്തനാകുകയില്ല. വിവാഹത്തിന് മുമ്പ് നിനക്ക് വേറെ ആരെങ്കിലുമായി പ്രണയമുണ്ടായിരുന്നോ എന്ന അടുത്ത ചോദ്യം വരും. അതും എന്നെ കൊണ്ട് സത്യം ചെയ്ത് പറയിപ്പിക്കും. എന്നാല്‍ എന്റെ മനസ്സ് അതില്‍ അസ്വസ്ഥപ്പെടും. കാരണം വിവാഹത്തിന് വളരെ വര്‍ഷങ്ങള്‍ മുമ്പ് അകന്ന ബന്ധുവുമായി എനിക്ക് പ്രണയമുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കാലത്തിന് ശേഷം അത് പൂര്‍ണമായി ഇല്ലാതാകുകയും ചെയ്തു. വിവാഹത്തിന് ശേഷം അതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. ഭര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി സത്യം ചെയ്യുന്നതിന്റെ പേരില്‍ ഞാന്‍ ശിക്ഷിക്കപ്പെടുമോ, എന്നത് എന്നെ അസ്വസ്ഥയാക്കുന്നു. അതിന്റെ പേരില്‍ ഞാന്‍ ശിക്ഷിക്കപ്പെടുമോ? കൃത്യമായ ഒരു മറുപടി തന്ന് എന്നെ സഹായിക്കണം?

മറുപടി : കളവ് അടിസ്ഥാനപരമായി നിഷിദ്ധമാണ്. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും അത് ദ്രോഹം ഉണ്ടാക്കുന്നതിനാലാണത്. എന്നാല്‍ ചില ഇളവുകള്‍ ഇതില്‍ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഉമ്മു കുല്‍ഥൂം(റ) പറയുന്നതായി മുസ്‌ലിം റിപോര്‍ട്ട് ചെയ്യുന്നു: ‘മൂന്നു സന്ദര്‍ഭങ്ങളില്‍ കളവു പറയുന്നതിലല്ലാതെ പ്രവാചകന്‍(സ) ഒരു കാര്യത്തിലും ഇളവ് അനുവദിച്ചതായി ഞാന്‍ കേട്ടിട്ടില്ല.: (ആളുകള്‍ക്കിടയില്‍) രഞ്ജിപ്പുണ്ടാക്കുന്നതിന് പറയുന്ന വാക്ക്, ഒരാള്‍ യുദ്ധത്തില്‍ പറയുന്ന വാക്ക്, ഒരു പുരുഷന്‍ ഭാര്യയോട് സംസാരിക്കുമ്പോഴും സ്ത്രീ ഭര്‍ത്താവിനോട് സംസാരിക്കുമ്പോഴും.’

ശരീഅത്തിന്റെ പ്രായോഗികതയാണ് ഇത് വ്യക്തമാക്കുന്നത്. രണ്ട് ശത്രുക്കള്‍ക്കിടയില്‍ അനുരഞ്ജനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ആള്‍ അവരിരുവരും പരസ്പരം ഉന്നയിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞാല്‍ അവരെ തമ്മില്‍ ഒന്നിപ്പിക്കാന്‍ സാധിക്കില്ലല്ലോ. പലപ്പോഴും അവര്‍ക്കിടയിലെ ശത്രുത വര്‍ധിക്കുന്നതിനാണത് കാരണമാവുക. ശത്രുവിന് രാഷ്ട്രത്തിന്റെയും സൈന്യത്തിന്റെയും രഹസ്യങ്ങള്‍ സത്യസന്ധമായി ചോര്‍ത്തി കൊടുക്കലും യുക്തിക്ക് നിരക്കുന്ന ഒന്നല്ല. രാഷ്ട്രത്തിന്റെ ദുര്‍ബലമായ ഭാഗങ്ങള്‍ ഏതൊക്കെയാണെന്നത് പോലുള്ള കാര്യങ്ങള്‍ മറച്ചു വെക്കുകയാണ് വേണ്ടത്. അവിടെ സത്യം പറയുന്നത് ദോഷഫലമാണ് ഉണ്ടാക്കുക.

അപ്രകാരം തന്നെയാണ് കാലം മറച്ചു കളഞ്ഞ തന്റെ ഭൂതകാലം ചരിത്രം ഭര്‍ത്താവിന്റെ മുമ്പില്‍ തുറന്ന് പറയുന്നതും. സത്യത്തിന്റെ പേരില്‍ അവ തുറഞ്ഞ് പറയുമ്പോള്‍ തകരുന്നത് ദാമ്പത്യമായിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളിലാണ് ദമ്പതികള്‍ക്ക് പരസ്പരം കളവു പറയുന്നതില്‍ ശരീഅത്ത് ഇളവ് അനുവദിക്കുന്നത്. നിങ്ങള്‍ പറഞ്ഞ പ്രകാരം ഭാര്യയെ കൊണ്ട് സത്യം ചെയ്യിക്കുന്നത് ഭര്‍ത്താവിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച്ച തന്നെയാണ്. രണ്ടു വശങ്ങളാണ് ആ തെറ്റിനുള്ളത്:

1) യാതൊരു ബന്ധവുമില്ലാത്ത ഭൂതകാലത്തെ ചികഞ്ഞു പരിശോധിക്കുകയാണയാള്‍ ചെയ്യുന്നത്. പല സ്ത്രീകളും ഇതുകൊണ്ട് പ്രയാസപ്പെടുന്നു. മുമ്പ് അവരുടെ മനസ്സിന് ഏതെങ്കിലും യുവാവില്‍ ആകര്‍ഷകത്വം തോന്നിയിട്ടുണ്ടാവാം. പിന്നീട് അതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ല, പ്രത്യേകിച്ചും വിവാഹത്തിന് ശേഷം. അവനെ സംബന്ധിച്ചിടത്തോളം ഭാര്യ തന്നോട് ആത്മാര്‍ഥത കാണിക്കുന്നു, എല്ലാ കടമകളും നിര്‍വഹിക്കുന്നു വീട് നോക്കുന്നു, തന്റെ കാര്യത്തില്‍ യാതൊരു വീഴ്ച്ചയും വരുത്തുന്നില്ല. അപ്പോള്‍ കാലം മറച്ചിട്ട ആ വികാരങ്ങളെ വീണ്ടും ജീവിപ്പിക്കാതിരിക്കുകയാണ് ഉത്തമം.

2) അവര്‍ക്കിടയിലെ സത്യം ചെയ്യല്‍ പ്രത്യേക ഫലമൊന്നും ഉണ്ടാക്കില്ല. ദീനീ നിഷ്ഠ പുലര്‍ത്താത്ത സ്ത്രീയാണ് അവളെങ്കില്‍ കള്ളസത്യം ചെയ്യാനും മടിക്കില്ല. ദീനീ നിഷ്ഠ പുലര്‍ത്തുന്നവരാണെങ്കില്‍ അല്ലാഹുവെയും അവന്റെ വിചാരണയെയും ഭയക്കുന്നവളായിരിക്കും അവള്‍. അവളുടെ ദീനിലും തഖ്‌വയിലും ആത്മാര്‍ഥതയിലും വിശ്വാസം അര്‍പ്പിക്കുകായാണ് അവന്‍ വേണ്ടത്. കള്ളസത്യം ചെയ്യുന്നതിന് അവളെ നിര്‍ബന്ധിക്കരുത്. അവളായിരിക്കില്ല, അവനായിരിക്കും അതിന്റെ ഉത്തരവാദി.

നിങ്ങള്‍ ചോദ്യത്തില്‍ ഉന്നയിച്ച പോലെ ഭര്‍ത്താവ് സത്യം ചെയ്യുന്നതിന് സമ്മര്‍ദം ചെലുത്തുമ്പോള്‍ കളവു പറയുന്നതില്‍ തെറ്റില്ല. അതില്‍ സത്യം പറഞ്ഞാല്‍ തകരുന്നത് ദാമ്പത്യമായിരിക്കും. അല്ലാഹു അത് ഇഷ്ടപ്പെടുന്നില്ല. ഇവിടത്തെ സത്യം ചെയ്യല്‍ നിര്‍ബന്ധിതാവസ്ഥയുടെ പരിധിയിലാണ് ഉള്‍പ്പെടുക. തന്നെ സ്‌നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് ചോദിക്കുന്നതും അത് സത്യം ചെയ്യിക്കുന്നതും ഇതുപോലെ തന്നെയാണ്. സത്യം ചെയ്താലല്ലാതെ അത്തരക്കാര്‍ തൃപ്തിപ്പെടുകയില്ല. അപ്പോള്‍ നിങ്ങള്‍ സത്യം ചെയ്തു കൊള്ളുക, അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്.

വിവ : അഹ്മദ് നസീഫ്‌

Related Articles