Current Date

Search
Close this search box.
Search
Close this search box.

ഇടയന്മാരെ മോഹിപ്പിക്കുന്ന അജഗണങ്ങള്‍

shepd-sheep.jpg

രാജ കൊട്ടാരത്തിലെ മഹാറാണി പേറ്റു നോവു കൊണ്ട് പുളയുമ്പോള്‍ കൊട്ടാരം സേവകന്‍ ഒപ്പം കേണുകൊണ്ടിരുന്നതും പിടഞ്ഞു വീണതും മഹാരാജാവ് സ്വസ്ഥമായി പള്ളിയുറങ്ങിയതും ഒരു പുരാണ കഥയത്രെ. മഹാ ജന്മങ്ങളുടെ പിറവിയ്ക്ക് വേണ്ടി റാണിമാര്‍ മാത്രം വേദനിക്കുന്നതില്‍ നിന്നും മോചനവും പരിഹാരവും തേടി ദേവന്റെ മുമ്പില്‍ പ്രാര്‍ഥനാ നിരതരായി. ഒടുവില്‍ പരിദേവനം അക്ഷരാര്‍ഥത്തില്‍ സ്വീകരിക്കപ്പെട്ടപ്പോള്‍ ഉണ്ടായ അനര്‍ഥങ്ങള്‍ തിട്ടപ്പെടുത്തനാകുമായിരുന്നില്ലത്രെ. ഐതിഹ്യം എന്തോ ആകട്ടെ. ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍ അധര്‍മ്മകാരികളില്‍ നിന്നുപോലും സ്വീകരിക്കപ്പെട്ടത് പൂര്‍വ സൂരികളുടെ ചരിത്രത്തിലും ഇല്ലാതില്ല. സത്യവും അസത്യവും വേര്‍ത്തിരിക്കപ്പെടണമെന്ന പ്രാര്‍ഥന അബൂജഹലും നടത്തിയിരുന്നു എന്നാണ് ചരിത്രം. ഒടുവില്‍ രണ്ടും രണ്ടായി ബുദ്ധിയുള്ളവര്‍ക്ക് തിരിയും വിധം വേര്‍ത്തിരിക്കപ്പെട്ടപ്പോള്‍ വിനയായത് അഹങ്കാരം ഒന്നു മാത്രമായിരുന്നു.

സാന്ദര്‍ഭികമായി ഇക്കഥ ഉണര്‍ത്തിയത് ചില കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കപ്പെടാന്‍ ഉപകരിക്കും എന്നതു കൊണ്ടാണ്. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന്റെ വേദനാ ജനകമായ അവസ്ഥ കണ്ടും കേട്ടും തപിച്ചുമാണ് ഓരോ ദിവസവും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എങ്ങനെയൊക്കെ വിമര്‍ശന വിധേയമാക്കിയാലും ഇന്ത്യന്‍ ജനാധിപത്യവും മതേതര കാഴ്ചപ്പാടും ഇതര രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ അസൂയാര്‍ഹമായ ഒരു വിഭാവന തന്നെയാണ്. എന്നാല്‍ വര്‍ത്തമാന കാലത്ത് ഈ മനോഹരമായ സങ്കല്‍പത്തെ മുച്ചൂടും അപഹസ്യമാക്കുന്നതില്‍ പുതിയ ഭരണകൂടവും അവരുടെ പ്രഭൃതികളും മത്സര ബുദ്ധ്യാ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങള്‍ പകല്‍ പോലെ പ്രകടമാണ്. സാമാന്യ ബോധവും ബുദ്ധിയും ഉള്ള ജാതി മത വര്‍ഗ വര്‍ണ്ണങ്ങള്‍ക്കതീതമായ സുമനസ്സുക്കള്‍ ഇവ്വിഷയത്തില്‍ ഏറെ ദുഖിതരും എന്നാല്‍ നിസ്സഹായരുമാണ്. ഒരു പ്രത്യേക സമൂഹത്തിന്റെ ഉന്മൂലനം തന്നെയാണ് പുതിയ തേരാളികളുടെ ലക്ഷ്യമെന്ന് ഒരു വക വളച്ചുകെട്ടുമില്ലാതെ പറയാനും പ്രസ്താവിക്കാനും തുടങ്ങിയിരിക്കുന്നു. ഏറെ വിഷലിപ്തമായ ഭാരതത്തിന്റെ വര്‍ത്തമാന കാലാവസ്ഥയിലെ ഈ സ്വരം മാറ്റം അസഹിഷ്ണുതാപരമായ പ്രസ്താവനകളാല്‍ കുപ്രസിദ്ധരായ ചില ഈശ്വരന്മാര്‍ക്കു പോലും ദഹിച്ചിരുന്നില്ല. പട്ടാപകല്‍ പട്ടിയെപ്പോലെ തല്ലിക്കൊല്ലപ്പെടുന്നത് ഒറ്റപ്പെട്ട സംഭവം പോലുമല്ല. അതിനാല്‍ തന്നെ വാര്‍ത്താ പ്രാധാന്യവും ഇല്ലാതായിരിക്കുന്നു.  അധാര്‍മികതയുടേയും അക്രമണങ്ങളുടേയും സകല സീമകളും ലംഘിച്ചവര്‍ക്ക് തൂക്കുകയറൊരുക്കുന്നതിനു പകരം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് കുരുക്കൊരുക്കാന്‍ ഒരു ഭരണ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ദുരവസ്ഥ എത്രമാത്രം ദുരൂഹവും ദുരന്ത പൂര്‍ണ്ണവുമാണ്. എന്നിട്ടും ആനപ്പുറത്ത് കൊതുക് കുത്തിയ പ്രതികരണം പോലും കാണിക്കാനാകാത്ത സാമൂഹികാവസ്ഥയുടെ ജീര്‍ണ്ണത പറഞ്ഞൊപ്പിക്കാനും സാധ്യമല്ല.

കൊട്ടിപ്പാടിക്കൊണ്ടിരിക്കുന്ന ഭുരിപക്ഷത്തിന്റെ വ്യാജന്മാരായ വക്താക്കളെ ഇന്ത്യയിലെ ന്യൂന പക്ഷങ്ങള്‍ കൈകോര്‍ത്താല്‍ കടിഞ്ഞാണിടാന്‍ കഴിയാവുന്നതേയുള്ളൂ . ന്യൂനപക്ഷമെന്ന ഈ കാട്ടു പോത്തുക്കള്‍ ഒരുമിച്ചൊരു വട്ടം പിടിച്ചാല്‍ വിരണ്ടോടാന്‍ പോലും ഈ ഗര്‍ജ്ജന വീരന്മാര്‍ക്ക് ത്രാണിയുണ്ടാകുകയില്ല. പക്ഷെ അങ്ങിനെ ഒരു ശ്രമം നടക്കുന്നില്ലെന്നു മാത്രമല്ല. അത്തരം ശ്രമങ്ങള്‍ ഇല്ലാതിരിക്കാനുള്ള പഴുതടച്ച പ്രയത്‌നങ്ങളിലും ഈ വില്ലാളിവീരന്മാര്‍ അക്ഷീണം തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരിക്കുകയാണ്. അഥവാ പാളയത്തില്‍ പട. ഒരു പരിധിവരെ ആ തന്ത്രങ്ങളും വിജയിക്കുന്നതിന്റെ കൃത്യമായ മണി മുഴങ്ങിയതും തിരിച്ചറിയപ്പെട്ടിരിക്കുന്നു. ഒപ്പം ഒരു സമൂഹത്തെ ആട്ടിന്‍ പറ്റത്തെ പോലെ ആട്ടിത്തെളിച്ച് ഹിംസ്രജന്തുക്കളുടെ താവളങ്ങളിലേയ്ക്ക് തന്ത്ര പൂര്‍വ്വം മേയ്ച്ചു കൊണ്ടിരിക്കുന്ന കപടനായ ഇടയനേയും. ഒന്നു കൂടെ വ്യക്തമാക്കിയാല്‍ ഭാരതീയരുടെ ഒക്കെ യോഗം പോലെ ഒരു യോഗയും അതില്‍ വീര്‍പ്പുമുട്ടിച്ചാകുന്ന മതേതരത്വത്തവും. ഒടുവില്‍ ശവമെടുപ്പിന് മന്ത്രം ജപിക്കുന്ന ശുജാഇയായ സൂഫീ പ്രേമിയേയും ജനം തിരിച്ചറിഞ്ഞിരിക്കുന്നു.

രാജ്യത്തിന്റെ ഭാസുരമായ ഭാവിയും വിശ്വാസി സമുഹത്തിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും സാര്‍ഥകമാകണമെങ്കില്‍ അവിഹിത വേഴ്ചക്കാരും ഇടയ വേഷം കെട്ടിയ വേടന്മാരും ഒറ്റുകാരും ഒറ്റപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഈറനണിഞ്ഞ കണ്ണുകളുമായി ആകാശത്തേയ്ക്കുയര്‍ത്തിയ കൈകളുമായി പ്രാര്‍ഥന നിര്‍ഭാതം നടന്നപ്പോള്‍ സത്യാസത്യങ്ങള്‍ വ്യക്തമാക്കപ്പെട്ടു. എന്നിട്ടും ആട്ടിന്‍ പറ്റങ്ങള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നകലുകയാണ്. അന്ധകാരാവൃതമായ താഴ്‌വരയിലേയ്ക്ക്.

ഐതിഹ്യത്തില്‍: രാജ ഭൃത്യന്മാര്‍ പുനര്‍വിചിന്തനത്തിനു ഒരുങ്ങിയാലും രാജകുമാരിമാരുടെ പ്രണയ പാരവശ്യത്തിനു മുമ്പില്‍ തോറ്റുപോകുകയായിരുന്നുവത്രെ. ഇവിടെയും കഥ മറിച്ചല്ല. ഇടയന്മാര്‍ വീണ്ടു വിചാരത്തിനൊരുങ്ങിയാലും ഈ അജഗണങ്ങള്‍ വഴങ്ങിക്കൊള്ളണമെന്നില്ല. ഇടയന്മാരെ മോഹിപ്പിക്കുന്ന അജഗണങ്ങള്‍. ഇടയന്മാര്‍ തെളിക്കുകയല്ല. തെളിക്കപ്പെടുകയാണ് എന്നു സാരം. ഇതു തന്നെയത്രെ ഈ കാലഘട്ടത്തിലെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിരോധാഭാസവും.

Related Articles