Current Date

Search
Close this search box.
Search
Close this search box.

ഇകെ മൗലവി സാഹിബിനെ കണ്ടത്

‘നമ്മുടെ അടുത്ത പ്രദേശത്തൊരു മഹാന്‍ ഉണ്ടായിട്ട് കാണാതെ പോയാല്‍ മോശമല്ലേ’ എന്ന് പി.കെ. പാറക്കടവ് നിരന്തരം ഓര്‍മിപ്പിച്ചപ്പോഴാണ് ഞങ്ങള്‍ ഇരുവരും ഫാറൂഖ് കോളേജില്‍ പഠിക്കുന്ന കാലത്ത് ടി.എം. ഹസന്‍, അഹ്മദ് കിഴക്കയില്‍ എന്നീ കൂട്ടുകാരോടൊപ്പം കടവത്തൂരിലേക്കു നടന്നത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും മഹാ പണ്ഡിതനുമായിരുന്ന ഇ.കെ. മൗലവി സാഹിബിന്റെ വീട് എരഞ്ഞിന്‍ കീഴിലുള്ള മുജാഹിദ് പള്ളിക്ക് സമീപമായിരുന്നു. കയറിച്ചെല്ലുമ്പോള്‍ ബടാപ്പുറത്തിരുന്നു പഴയ അല്‍മുര്‍ശിദിന്റെയും മറ്റും ലക്കങ്ങള്‍ അട്ടിയായി വെക്കുന്നു. ഫാറൂഖ് കോളേജ് വിദ്യാര്‍ഥികള്‍ എന്ന നിലക്ക് പരിചയപ്പെടുത്തിയപ്പോള്‍ ആ സ്ഥാപനത്തെയും മൗലാനാ അബുസ്സബാഹിനെയും കുറിച്ച് ഒരുപാട് സംസാരിച്ചു. ‘പിന്നെ, എന്റെ കൂടെയുള്ളവരെല്ലാം പോയി. സീതി സാഹിബ്, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, ശ്രീനാരായണഗുരു, കെ.എം. മൗലവി എല്ലാം പോയി. ഞാന്‍ മാത്രമുണ്ട് പായ പാറിപ്പോകാതിരിക്കാന്‍ മാത്രം ഇവിടെ ബാക്കി.’ പിന്നെ, പഴയകാല കഥകള്‍ ഒരുപാട് പറഞ്ഞു. ഇറങ്ങാന്‍ നേരത്താണ് ഞങ്ങളുടെ സ്ഥലം പാറക്കടവാണെന്ന് മനസ്സിലായത്. പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത പ്രദേശത്ത് നിന്നാണെന്നു കേട്ട അദ്ദേഹത്തിന്റെ മുഖഭാവം മാറി. ആകാശത്തേക്കു നോക്കി ഒറ്റ പ്രാര്‍ഥനയായിരുന്നു. ‘അല്ലാഹുവേ, ഞങ്ങള്‍ ചെന്നാല്‍ എറിഞ്ഞോടിക്കുന്ന പ്രദേശത്തുനിന്ന് ഇതാ നാല് കുട്ടികള്‍ എന്നെ കാണാന്‍ വന്നിരിക്കുന്നു. നീയിതിനു സാക്ഷിയാകണേ!…’ പ്രായവും ക്ഷീണവും വകവെക്കാതെ പിന്നെ ഒരുപാടു നേരം സംസാരിച്ചു. ‘നിങ്ങള്‍ നന്നാകണം. നാട് നന്നാക്കുകയും വേണം…’ ഈ ഉപദേശം തന്നാണ് ഞങ്ങളെ യാത്രയാക്കിയത്.

Related Articles