Current Date

Search
Close this search box.
Search
Close this search box.

ആ നല്ല മനസിന് മുന്നില്‍ തലകുനിക്കുന്നു

ജുമുഅ നമസ്‌കാരത്തിനായി ബാങ്ക് വിളിച്ചപ്പോള്‍, അടുത്ത് കണ്ട പള്ളിക്ക് മുമ്പില്‍ ഞങ്ങള്‍ കാര്‍ നിര്‍ത്തി. പള്ളിയിലേക്ക് നടന്നു. ആളുകള്‍ വന്ന് തുടങ്ങിയതേ ഉള്ളൂ. ഗെയ്റ്റ്‌ന്റെ അരികില്‍ എത്തിയപ്പോള്‍ ഒരു കദര്‍ വസ്ത്ര ധാരി, ഗേറ്റിനു സമീപം നിലയുറപ്പിച്ച ഒരു സ്ത്രീയോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെടുന്നു. ആ രംഗം കണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയി.

ആരെങ്കിലും നല്‍കുന്ന നാണയ തുണ്ടുകള്‍ കൊണ്ട് ജീവിതം കഴിയുന്നവരാവും അവര്‍… അയാള്‍ ആ സ്ത്രീയെ പുറത്തേക്ക് കൂട്ടി കൊണ്ട് പോയി. അയാളെ ഒന്ന് പൊട്ടിക്കണമെന്നുണ്ടായിരുന്നു എനിക്ക്. തിരികെ വന്ന അയാളോട് എന്റെ സുഹൃത്ത് രോഷത്തോടെ ചോദിച്ചു. ആ പാവം സ്ത്രീ പണം പിരിക്കുന്നതില്‍ നിങ്ങള്‍ക്കെന്ത് ബുദ്ധിമുട്ട്?

അയാളുടെ മറുപടി വളരെ സൗമ്യമായിരുന്നു. സുഹ്യത്തെ ഇത് പള്ളിക്കമ്മിറ്റിയുടെ തീരുമാനമാണ്. ഒരു ജമാഅത്ത് സെക്രട്ടറിയുടെ ഉത്തരവാദിത്വം ഞാന്‍ ചെയ്തു അത്ര തന്നെ! എന്റെ ചിന്ത മുഴുവനും ആ ഉമ്മയിലായിരുന്നു. ഖുതുബ കഴിഞ്ഞത് പോലും അറിഞ്ഞില്ല. നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഞാന്‍ കണ്ട കാഴ്ച്ച എന്നെ അത്ഭുതപ്പെടുത്തി. നേരത്തെ ആ ഉമ്മയെ ഇറക്കി വിട്ട ആ പള്ളി സെക്രട്ടറി ഗേറ്റിനു പുറത്ത് നിസ്‌കാരം കഴിഞ്ഞ് വരുന്നവരില്‍ നിന്ന് പണം പിരിക്കുന്നു. എല്ലവരും നല്ല വലിയ സംഖ്യകള്‍ നല്‍കുന്നുണ്ടായിരുന്നു. എന്റെ മുമ്പിലേക്കും കൈ നീട്ടിയപ്പോള്‍ പെട്രോള്‍ അടിക്കാനുള്ള പൈസയാണെന്ന് പോലും
ചിന്തിക്കാതെ ഞാന്‍ എടുത്ത് കൊടുത്തു. സെക്രട്ടറിക്കൊപ്പം പലരും സഹായത്തിനു കൂടി. പണം ഏറ്റുവാങ്ങുമ്പോള്‍ (ഏകദേശം ഒരു ലക്ഷം രൂപ വരും ഉറപ്പ്) പീടികതിണ്ണയില്‍ നിസ്സഹായായി നിന്ന ആ ഉമ്മയുടെ കൈകള്‍ വിറക്കുകയാണ്. നിറക്കണ്ണുകളോടെ നന്ദി ഭാവേന ആ ഉമ്മ അയാളെ തന്നെ നോക്കി..!!
അവിടെ കൂടി നിന്ന പലരും കണ്ണു തുടക്കുന്നത് ഞാന്‍ കണ്ടു.

ടൗണിലേക്ക് പോകുന്നവര്‍ ആരെങ്കിലും ഉണ്ടോ എന്ന് അയാള്‍ ചോദിച്ചപ്പോള്‍, ഞങ്ങള്‍ ആ ഉമ്മയെ വീട്ടിലെത്തിക്കമെന്ന് ഏറ്റു. കാറില്‍ കയറിയ ശേഷം ആ ഉമ്മയോട് ഞാന്‍ ചോദിച്ചു: അയാള്‍ നിങ്ങളെ ഗേറ്റിന്റെ അപ്പുറം കൊണ്ട് പോയി എന്താ പറഞ്ഞത്?
ഉമ്മ പറഞ്ഞു: ഇവിടെ പള്ളിക്കമ്മിറ്റിയുടെ വിലക്കുണ്ട്. ഉമ്മക്ക് അവിടെ ഇരുന്നാല്‍ കൂടിയാല്‍ ഒരു ആയിരം രൂപ കിട്ടും. അതും ഈ പൊരിവെയിലത്ത്. ഉമ്മാക്ക് ആ പൈസ ഞാന്‍ തരാം ഉമ്മ ആ കടയില്‍ പോയി ഇരിക്ക്. നമസ്‌കാരം കഴിഞ്ഞ് ഞാനൊന്ന് നോക്കട്ടെ, കുറച്ച് തുക കിട്ടുമോയെന്ന്. മകളുടെ കല്ല്യാണമാണെന്നും കൂടി
പറഞ്ഞപ്പോള്‍ അയാള്‍ എന്നെ സമാധനിപ്പിച്ച് തിരിച്ച് പോയി.

ആ ഉമ്മ നിറക്കണ്ണുകളോടെ ദു:ആ ചെയ്തു. അള്ളാഹു ഒരിക്കലും മടക്കില്ല എന്നുറപ്പുള്ള ദുആ ആ നല്ല മനസ്സുള്ള പള്ളി സെക്രട്ടറിക്ക് മുമ്പില്‍ എന്റെ മനസ്സ് അല്‍പ്പ നേരം കുമ്പിട്ടു. വഴിയരികില്‍ കണ്ട തട്ടത്തിന്‍ തുമ്പ് കാണാതെ നടന്നകലുന്ന നമുക്കൊക്കെ ഇതില്‍ ഒരുപാട് പാഠമുണ്ട്.

Related Articles